സംസ്ഥാന വികസനത്തിന്റെ നാഴികക്കല്ലായി ഗെയിൽ പദ്ധതി മാറണം. അതിനുള്ള നടപടികൾക്കാണ് ഇനി മുൻഗണന

Share News

കേരളത്തിന്റെ വികസനത്തിൽ എൽഡിഎഫിനുള്ള പ്രതിബദ്ധതയുടെ ഏറ്റവും തിളക്കമുള്ള അടയാളപ്പെടുത്തലാണ് ഗെയിൽ പദ്ധതി. അക്ഷരാർത്ഥത്തിൽ ഉപേക്ഷിക്കപ്പെട്ട ഈ ബൃഹദ് പദ്ധതിയെ പുനരുജ്ജീവിപ്പിച്ച്, എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് യാഥാർത്ഥ്യമാക്കി ഇന്ന് നാടിനു സമർപ്പിക്കുമ്പോൾ, ഈ സർക്കാരിന്റെ ഇച്ഛാശക്തിയെ കേരളം ഒറ്റമനസോടെ അംഗീകരിക്കുകയാണ്. എന്തു സംഭവിച്ചാലും ഈ പദ്ധതി നടപ്പാക്കിയിരിക്കുമെന്ന് മുഖ്യമന്ത്രി തന്നെ നാടിന് ഉറപ്പു നൽകി. തുടർന്ന് രചിച്ചത് ചരിത്രം. കൊച്ചി- മംഗലാപുരം പാതയിൽ 510 കിലോമീറ്ററിലാണ് കേരളത്തിൽ പൈപ്പ് ലൈൻ ഇടേണ്ടത്. ഇതില്‍ 470 കി മീ പൈപ്പ് ലൈനും ഈ സര്‍ക്കാർ പൂർത്തീകരിച്ചു. 22 സ്റ്റേഷനുകളും.

എന്തുകൊണ്ടാണ് യുഡിഎഫിന്റെ കാലത്ത് പദ്ധതി മുടങ്ങിയത്? എന്തു മാജിക്കാണ് ഈ സർക്കാർ കാണിച്ചത്?

രണ്ടു ചോദ്യത്തിനും കൂടി ഒറ്റ ഉത്തരമേയുള്ളൂ. വികസന പദ്ധതികളോടുള്ള ജനപക്ഷ സമീപനം. യുഡിഎഫ് സർക്കാരിന്റേത് ജനപക്ഷ സമീപനമായിരുന്നില്ല. എൽഡിഎഫിന് അങ്ങനെയല്ലാതെ പദ്ധതികളേറ്റെടുക്കാനും കഴിയില്ല. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കു പരിഹാരം കാണാനുള്ള പ്രാപ്തിയും സാമർത്ഥ്യവും കമ്മിയായിരുന്നതുകൊണ്ടാണ് യുഡിഎഫ് സർക്കാരിന് ഈ പദ്ധതിയെ ഒരിഞ്ചു ചലിപ്പിക്കാൻ കഴിയാതിരുന്നത്. എല്ലാ പ്രതീക്ഷയും നശിച്ചപ്പോൾ 2014 ആഗസ്റ്റിൽ എല്ലാ കരാറുകളും ഗെയിൽ അവസാനിപ്പിച്ചു. പദ്ധതിയ്ക്ക് ഏതാണ്ട് ഫുൾസ്റ്റോപ്പു വീണു.

തുടർന്നു വന്ന എൽഡിഎഫ് സർക്കാർ ജനവിശ്വാസമാർജിക്കാനുള്ള നടപടികൾക്കാണ് തുടക്കമിട്ടത്. 2017 നവംബർ 11ന്റെ മനോരമ വാർത്തയുടെ ലീഡ് വാചകങ്ങൾ ഉദ്ധരിക്കട്ടെ. “ഗെയില്‍ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ ഇടാനുള്ള അവകാശം കമ്പനിക്കു നൽകുന്ന ഭൂവുടമകൾക്കുള്ള നഷ്‌ടപരിഹാരം ഇരട്ടിയാക്കി വർധിപ്പിക്കാൻ തീരുമാനം. പുതുക്കിയ ന്യായവിലയുടെ പത്തു മടങ്ങായി വിപണി വില നിജപ്പെടുത്തി നഷ്ടപരിഹാരം നൽകാനാണ് ധാരണ. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്തു ചേർന്ന യോഗത്തിലാണ് തീരുമാനമായത്”. ഇതാണ് എൽഡിഎഫ് കാണിച്ച മാജിക്.

വിളകൾക്കും സ്ഥലത്തിനും നൽകുന്ന നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ ഭൂവുടമകളുമായി ചർച്ചകൾ നടത്തി അവർക്കു കൂടി സ്വീകാര്യമായ തീരുമാനത്തിലെത്തി. ജനവാസമേഖലയെ പരമാവധി ഒഴിവാക്കി, ഏറ്റവും പ്രായോഗികമായതും സാധ്യമായതുമായ അലൈൻമെന്റിന് രൂപം നൽകി, പൈപ്പു ലൈൻ കടന്നുപോകുന്ന പാതയിൽ ഒരു വീടുപോലും പൊളിച്ചു മാറ്റേണ്ടി വരില്ലെന്ന് ഉറപ്പുവരുത്തി, ജനങ്ങൾക്കുണ്ടാകുന്ന ആശങ്കകളും തെറ്റിദ്ധാരണകളും മാറ്റുന്നതിന് പഞ്ചായത്തുതോറും ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തി. ഇങ്ങനെ ഒരു വശത്ത് ജനങ്ങളെ വിശ്വാസത്തിലെടുത്തും അവരെ ചേർത്തു നിർത്തിക്കൊണ്ടും, മറുവശത്ത് പദ്ധതി തടയുക എന്ന ഒറ്റലക്ഷ്യത്തോടെ സമരമുഖം തുറന്ന ഗൂഢശക്തികളെ നിശ്ചയദാർഢ്യം കൊണ്ട് ചെറുത്തു തോൽപ്പിച്ചുമാണ് കേരള വികസനത്തിന്റെ അതിപ്രധാനമായ ഈ അധ്യായം എൽഡിഎഫ് സർക്കാർ പൂർത്തീകരിക്കുന്നത്.

അതിബൃഹത്തായ ഒരു വികസനപദ്ധതി ജനപക്ഷത്തു നിന്ന് യാഥാർത്ഥ്യമാക്കുന്നതിന് അനുകരണീയമായ ഒരു മാതൃക സൃഷ്ടിക്കുകയാണ് ഈ സർക്കാർ ചെയ്തത്. നശിപ്പിക്കപ്പെടുന്ന വിളകൾക്കും വിട്ടുകൊടുക്കേണ്ടി വരുന്ന ഭൂമിയ്ക്കും ഏകപക്ഷീയമായി നഷ്ടപരിഹാരം നിശ്ചയിക്കുകയും അധികാരം പ്രയോഗിച്ച് അടിച്ചേൽപ്പിക്കുകയും ചെയ്യുന്ന പതിവിനാണ് ഇവിടെ വിരാമമിട്ടത്.

ആരാണ് ഈ പദ്ധതിയെ എതിർത്തത്?

അവരെ ചൂണ്ടിക്കാണിക്കാതിരിക്കാനാവില്ലല്ലോ. പദ്ധതിയുമായി മുന്നോട്ട്‌ പോയാൽ സർക്കാർ നിന്നുകത്തുമെന്ന് ഭീഷണിപ്പെടുത്തിയവരുണ്ട്. പിണറായി വിജയനെ സെക്രട്ടറിയറ്റിലേക്ക്‌ കയറാൻ അനുവദിക്കില്ലെന്ന് വെല്ലുവിളിച്ചവരുണ്ട്. അവരുടെയൊന്നും ഒച്ചയിപ്പോൾ കേൾക്കാനേയില്ല. ജമായത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും വിസ്ഫോടനശേഷിയിൽ വിശ്വാസമർപ്പിച്ച് പദ്ധതി അട്ടിമറിക്കാമെന്ന വ്യാമോഹവുമായി ഇറങ്ങിത്തിരിച്ച മുസ്ലിംലീഗിനും പിന്തുണയുമായി രംഗത്തിറങ്ങിയ പ്രതിപക്ഷ നേതാവ് അടക്കമുള്ളവർക്കും ഇത് വീണ്ടുവിചാരത്തിന്റെ കാലമാണ്.

പദ്ധതിയുടെ നേട്ടങ്ങൾ ഏറെക്കുറെ പ്രതിപാദിപ്പിക്കപ്പെട്ടു കഴിഞ്ഞു. പൈപ്പ്ലൈനിനും ടെർമിനൽ നിർമ്മാണത്തിനുമായി ഏതാണ്ട് 7200 കോടി മുതൽമുടക്കിയ ഈ പദ്ധതിയുടെ പരമാവധി നേട്ടം സംസ്ഥാനത്തിനും ജനങ്ങൾക്കും ലഭിക്കണം. സംസ്ഥാന വികസനത്തിന്റെ നാഴികക്കല്ലായി ഗെയിൽ പദ്ധതി മാറണം. അതിനുള്ള നടപടികൾക്കാണ് ഇനി മുൻഗണന

മന്ത്രി ഡോ .ടി എം തോമസ് ഐസക്ക്

Share News