അന്വേഷിച്ച്‌ തെറ്റുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുകയും, ഈ പറയുന്നത് അടിസ്ഥാന രഹിതമാണെങ്കില്‍ അത് പൊതുസമൂഹത്തെ അറിയിക്കാനുമുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്.| വി.ഡി. സതീശന്‍

Share News

ഇരുസമുദായങ്ങളും തമ്മില്‍ അടിച്ചോ​ട്ടെ എന്ന മട്ടില്‍ സര്‍ക്കാര്‍ നോക്കുകുത്തിയാകുന്നു: വിമർശനവുമായി വി.ഡി. സതീശന്‍

മലപ്പുറം : നര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ സര്‍ക്കാര്‍ സമീപനത്തെ വിമര്‍ശിച്ച്‌ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഈ വിഷയത്തില്‍ സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുകയാണ്. ഇരുസമുദായങ്ങളും തമ്മിലടിച്ചോട്ടെ എന്നു കരുതി നില്‍ക്കുകയാണ്. ഇതുശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം സംശയകരമാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

അന്വേഷിച്ച്‌ തെറ്റുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുകയും, ഈ പറയുന്നത് അടിസ്ഥാന രഹിതമാണെങ്കില്‍ അത് പൊതുസമൂഹത്തെ അറിയിക്കാനുമുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. സിപിഎമ്മിന് ഇക്കാര്യത്തില്‍ ഒരു നയവുമില്ല. സിപിഎമ്മിന് ഈ വിഷയത്തില്‍ നിഗൂഢമായ അജണ്ടയുണ്ടോ എന്ന് സംശയിക്കുന്ന തരത്തിലാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണമെന്നും സതീശന്‍ പറഞ്ഞു.

പ്രതിപക്ഷം ഈ വിഷയത്തില്‍ കക്ഷി ചേരില്ലെന്ന് പ്രസ്താവിച്ചിട്ടുണ്ട്. രണ്ടു സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാകുമ്ബോള്‍, ആ സംഘര്‍ഷം വലുതാകാതിരിക്കാനുള്ള ശ്രമങ്ങളാണ് പ്രതിപക്ഷം നടത്തുന്നതെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി. ഇരുകൂട്ടരോടും സംയമനം പാലിക്കാനാണ് ആവശ്യപ്പെടുന്നത്.

കേരളത്തിലെ പരിണിതപ്രജ്ഞരായ ആളുകള്‍, സാംസ്‌കാരിക നായകര്‍, എഴുത്തുകാര്‍, മതേതരത്വത്തോടെ കേരളം മുന്നോട്ടു പോകണമെന്ന് ആഗ്രഹിക്കുന്ന മുഴുവന്‍ ആളുകളും ഈ സംഘര്‍ഷം ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ട് മുന്നിട്ടിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. മനപ്പൂര്‍വം പ്രശ്‌നം ഉണ്ടാക്കുന്നതാണ്. സമുദായങ്ങള്‍ തമ്മില്‍ ഒരു പ്രശ്‌നവും നിലവിലില്ല. മനപ്പൂര്‍വം സംഘര്‍ഷമാക്കി ശത്രുത വര്‍ധിപ്പിക്കുന്നതിനും, വിരോധവും വിദ്വേഷവും വളര്‍ത്തുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സംയമനത്തോടെ ഇതിനെ ചെറുത്തു തോല്‍പ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ഇരുവിഭാഗങ്ങളുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തണം. ഒരു കൂട്ടര്‍ക്ക് പരാതി ഉണ്ടെങ്കില്‍ അന്വേഷിക്കേണ്ടത് സര്‍ക്കാരാണ്. ഇല്ലെങ്കില്‍ ഈ സംശയങ്ങള്‍ അന്തരീക്ഷത്തില്‍ നിന്ന് തമ്മിലുള്ള വിഭാഗീയത വളരെയധികം വര്‍ധിക്കുന്ന സാഹചര്യത്തിലേക്ക് പോകും. പ്രശ്‌നം അവസാനിപ്പിക്കുന്നതിന് പ്രതിപക്ഷത്തിന്റെ പൂര്‍ണ സഹകരണം സര്‍ക്കാരിന് ഉണ്ടാകുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

Share News