ആട് സിനിമ കണ്ട് സമ്മർദ്ദം അനുഭവിച്ചത് കൊണ്ട് ലേശം ഡീഗ്രേഡ് ചെയ്തേക്കാം എന്ന് കരുതിയ “നിഷ്കളങ്ക” മനുഷ്യർ നമുക്ക് ചുറ്റുമുള്ള നജീബ്‌ മാർ അനുഭവിച്ച സമ്മർദ്ദം കാണാതെ പോകരുത്.

Share News

ആകാശദൂദും,കിരീടവും ചെങ്കോലുമൊക്കെ നെഞ്ചിലേറ്റിയ മനുഷ്യരുള്ള നാട്ടിൽ ആട് ജീവിതവും അതിന്റെതായ ഇടം നേടി കഴിഞ്ഞു.കഴിഞ്ഞ തിങ്കളാഴ്ച്ച ഞാനും കുടുംബ സമേതം സിനിമ കണ്ടു.അയർലണ്ടിലും നിറഞ്ഞ സദസ്സിൽ തന്നെയാണ് പ്രദർശനം.ഒറ്റ വാക്കിൽ പറഞ്ഞാൽ ഹൃദയ സ്പർശിയായ സിനിമ.

‘Aadujeevitham’ is slated to be a Pooja release. Photo: Movie poster

ഗൾഫ് പ്രവാസികളുടെ പ്രത്യക്ഷമല്ലാത്ത ആട് ജീവിതം ഒരു യാഥാർഥ്യമാണ് അതിനെ വളരെ അടുത്ത് കാണുകയും ആദ്യകാലത്ത് ചുരുങ്ങിയ മാസങ്ങൾ ആണെങ്കിൽ കൂടി അനുഭവിക്കുകയും ചെയ്ത വ്യക്തിയാണ് ഞാൻ.ഒമാനിൽ ജോലി കിട്ടുന്നതിന് മുൻപ് 2002 ൽ കേവലം 21 വയസ്സുള്ളപ്പോൾ വിസിറ്റിംഗ് വിസയിൽ ഷാർജയിലേയ്ക്ക് ജോലി അന്വേഷിച്ചു പുറപ്പെട്ട ഒരു ഭൂതകാലം എനിക്കുണ്ട്.അടുത്ത ബന്ധുവിന്റെ സുഹൃത്ത് തെറ്റായ വാഗ്ദാനങ്ങൾ നൽകി ചതിച്ചതാണെന്ന് മനസ്സിലാക്കിയത് വളരെ വൈകിയാണ് ഒരു പുസ്തകമാക്കാനുള്ള ജീവിതാനുഭവം നാല് മാസം കൊണ്ട് നേടിത്തന്ന ഷാർജയിലെ റോളയും,ദുബായിയും,അന്ന് പരിചയപ്പെട്ട സുഹൃത്തുക്കളെയും ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കില്ല.നജീബിന്റെ നിസ്സഹായാവസ്ഥയും പറ്റിക്കപ്പെടുന്നവന്റെ വേദനയും സമ്മർദ്ദവും എനിക്ക് relate ചെയ്യാൻ പറ്റും.identity നഷ്ടപ്പെട്ട് ഒന്നുമല്ലാതാകുന്ന മനുഷ്യരുടെ നിസ്സഹായാവസ്ഥ പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ്.ആലപ്പുഴ പോലെയുള്ള ചെറു പട്ടണത്തിൽ നിന്ന് ദുബായിയിലെ അംബര ചുംബികളായ നിർമ്മിതികളുള്ള ആധുനിക നഗരത്തിലേയ്ക്ക് ചേക്കേറിയപ്പോൾ ആൾക്കൂട്ടത്തിന്റെ നടുവിൽ തനിച്ചായ എന്നെ ഞാൻ തിരിച്ചറിഞ്ഞു.ലേബർ ക്യാമ്പിന് സമാനമായ കെട്ടിടത്തിൽ ലേബർ സപ്ലൈ കമ്പിനിയിലെ തൊഴിലാളികളോടൊപ്പം നിലത്ത് പായ വിരിച്ചുറങ്ങി,ജീവിത ചിലവിനായ് കരുതിയിരുന്ന പണം കൂടി അടിച്ചു മാറ്റിയ ആളാണ് താമസവും ഭക്ഷണവും ഏർപ്പാടാക്കിയത് ഒരു ചെറിയ റെസ്റ്റോറന്റിൽ മെസ് ഏർപ്പാടാക്കിയിരുന്നു.സഹമുറിയനായ സുഹൃത്തിന് ജോലി ഇല്ലാതിരുന്നത് കൊണ്ട് എന്റെ ഭക്ഷണം പലപ്പോഴും സുഹൃത്തുമായ് പങ്ക് വെച്ചിരുന്നു.കയ്യിലുണ്ടായിരുന്ന ഇന്ത്യൻ രൂപ ദിർഹംസ് ആക്കി തരാമെന്ന് പറഞ്ഞു വാങ്ങിയ ഇടനിലക്കാരൻ പലതവണ ആവശ്യപ്പെട്ടിട്ടും ഉപ്പും തവിടുമായ് കുറച്ചു പണം മാത്രമേ തിരികെ നൽകിയുള്ളൂ പാതി നിറഞ്ഞ വയറുമായ് കിടന്നുറങ്ങുകയും ഫോൺ വിളിക്കാൻ പോലും കാശില്ലാത്ത അവസ്ഥയും ഉണ്ടായിട്ടുണ്ട്. എല്ലാവരും തിരക്ക് പിടിച്ചോടുമ്പോൾ ആരോരും ആശ്രയമില്ലാതെ ഇനിയെന്ത് എന്നാലോചിച്ചു നിസ്സംഗനായ് തിരക്കിട്ട് പായുന്ന വാഹനങ്ങളെയും

മനുഷ്യരെയും നോക്കി പൊതുഇടങ്ങളിൽ ഇരുന്നിട്ടുണ്ട് .ബൈബിൾ ആദ്യമായ് ഏറിയ പങ്കും വായിച്ചത് തീർത്തത് ആ ദിനങ്ങളിലാണ്.തിരിച്ചു പോകാൻ ഒരുമാസം ബാക്കിയുള്ളപ്പോൾ ഒരു കമ്പ്യൂട്ടർ hardware സർവീസ് ചെയ്യുന്ന സ്ഥാപനത്തിൽ ജോലി ലഭിച്ചു വിസ നൽകാമെന്ന വാഗ്ദാനം വിശ്വസിച്ചു ജോലി ആരംഭിച്ചു പക്ഷേ അവസാനം നിമിഷം ബോംബെക്കാരനായ കമ്പനി ഉടമ വിസയുടെ കാര്യം ചോദിച്ചപ്പോൾ കൈമലർത്തി കാണിച്ചു.പിന്നെ പിടിച്ചു നിൽക്കാനായില്ല തിരികെ നാടിന്റെയും വീടിന്റെയും സ്വസ്ഥതയിലേയ്ക്ക് വിമാനം കയറി.

പിന്നീട് രണ്ടാം പ്രവാസം ആരംഭിക്കുന്നത് 2005 ലാണ്.അറിയപ്പെടുന്ന retail കമ്പനിയിൽ IT system administrator വിസയുമായാണ് muscat ൽ എത്തിച്ചേർന്നത്.അവിടെ ദൈവം ജീവിതം കരുപ്പിടിപ്പിക്കാനുള്ള പലതും കരുതി വെച്ചിട്ടുണ്ടായിരുന്നു പടിപടിയായ് ഉദ്യോഗ കയറ്റം ലഭിച്ചു 2009 ൽ വിവാഹം കഴിച്ചു 2010 ഫാമിലി വിസ ലഭിച്ചു,വാഹനമുണ്ടായ്,മക്കളുണ്ടായ് ജീവിതം കളറായ്.നിരവധി ജീവിതങ്ങൾ കണ്ടു അവരുടെ പ്രയാസങ്ങൾ കണ്ടു എന്റെ ഒപ്പം ഒമാനിൽ എത്തിയ നിരവധി സഹപ്രവർത്തകർ 16 വർഷങ്ങൾക്ക് ശേഷം ഞാൻ ജോലി നിർത്തി പോരുമ്പോളും ഫാമിലിയെ കൂടെ കൂട്ടിയിട്ടില്ല എന്നതാണ് സത്യം കാര്യമായ സാമ്പത്തിക മെച്ചമുണ്ടാക്കിയിട്ടില്ല.മൊത്തം തൊഴിലാളികളുടെ എണ്ണമെടുത്താൽ അതിൽ 5% ൽ താഴെയേ ഗൾഫിൽ കുടുംബ ജീവിതം നയിക്കുന്നുന്നുള്ളൂ.ആടിന് പോറ്റാനെന്ന പോലെ എന്നും എഴുന്നേൽക്കുന്നു ആറ് ദിവസം 10 മണിക്കൂർ ജോലി ചെയ്യുന്നു ഭക്ഷണം കഴിക്കുന്നു നാലോ അഞ്ചോ അതിൽക്കൂടുതലോ ആളുകളുടെ കൂടെ റൂം ഷെയർ ചെയ്ത് ഉറങ്ങുന്നു.പുതിയതായി ഒന്നും ജീവിതത്തിൽ സംഭവിക്കാതെ ആർക്കോ വേണ്ടി യാന്ത്രികമായ് ജീവിക്കുന്ന ഒരു ആട് ജീവിതം തന്നെയാണ് ഭൂരിഭാഗം പ്രവാസികളും നയിക്കുന്നത്.

നജീബിന്റെ മരുഭൂമി ജീവിതം പ്രവാസത്തിന്റെ extreme വറുതിയും പീഡനവുമാണെങ്കിലും കോൺക്രീറ്റ് കെട്ടിടത്തിൽ ac യിൽ കഴിയുന്നവനും മനസ്സ് കൊണ്ട് മരുഭൂമിയിലാണ്.അങ്ങനെ ഉള്ളവർക്ക് നജീബിന്റെ ആട് ജീവിതവും ഗദ്ദാമകളും കെട്ട് കഥകളല്ല യാഥാർഥ്യമാണ്.

ഒമാൻ മലകളാൽ ചുറ്റപ്പെട്ട നാടാണ്.മരുഭൂമിയേക്കാൾ കൂടുതൽ മലകളാണ് കാണാൻ കഴിയുക.മലമുകളിലെ ഉൾഗ്രാമങ്ങളിൽ കൃഷിയും(അത്ഭുതപ്പെടേണ്ട ഒമാനിൽ കൃഷിയുണ്ട്)ആടും ഒട്ടകവുമായ് ജീവിക്കുന്ന ഒമാനികളെ ബദുക്കൾ എന്നാണ് വിളിക്കുന്നത്.പൊതുവെ ഒമാനികൾ സൗമ്യരും സൗഹൃദം പുലർത്തുന്നവരുമാണെങ്കിലും ബദുക്കൾ അങ്ങനെ അല്ല.നജീബിന്റെ അറബാബിനെപ്പോലെ കാടന്മാരാണ് ബദുക്കളും.അവർ സ്വയമോ അല്ലെങ്കിൽ വിദേശികളെ ജോലിക്ക് വെച്ചുമാണ് ആടുമാടുകളുടെ മേയിക്കുന്നതും കൃഷി ചെയ്യുന്നതും ബദുക്കളുടെ കൂടെ ജോലി ചെയ്യുന്നവർ എന്തൊക്കെ യാതനകൾ നേരിടുണ്ടെന്നത് തമ്പുരാന് മാത്രം അറിയാം.അതുപോലെ കൊടും ചൂടിൽ construction site ൽ ജോലി ചെയ്യുന്നവർ,house maid ജോലി ചെയ്യുന്നവരൊക്കെ വിദേശികളാണ്.കൺസ്ട്രക്ഷൻ സൈറ്റിൽ മലയാളികളുടെ സാന്നിധ്യം ഗണ്യമായ് കുറഞ്ഞിട്ടുണ്ട് ഇല്ലെന്ന് തന്നെ പറയാം.അഥവാ ഉണ്ടെങ്കിൽ തന്നെ supervisor സെക്യൂരിറ്റി ജോലികളൊക്കെയാവും ചെയ്യുന്നത്.പക്ഷേ നിരവധി തമിഴ്,തെലുങ്ക്,ഫിലിപ്പീൻസ്,ഇന്തോനേഷ്യൻ സ്ത്രീകൾ വീട് പണിക്കെന്ന് പറഞ്ഞു ചതിക്കപ്പെട്ട് വന്നിറങ്ങാറുണ്ട്.80-90 കളിൽ സൗദിയിൽ ആട് ജീവിതം നയിച്ച നിരവധി മലയാളികളുണ്ട് അഭിമാനക്ഷതം ഭയന്ന് ആരും പുറത്ത് പറയാത്തതാണ്.പലർക്കും തിരിച്ചു പോരാൻ പറ്റി.പറ്റാത്തവരുമുണ്ട് അവരിലൊരാളാണ് നജീബ്.രേഖകളൊന്നുമില്ലാത്തവരെ പിടികൂടി ജയിൽ അടച്ച ശേഷം ഔട്ട്പാസ് അടിക്കുന്നതിന് മുൻപ് സ്പോൺസർ വന്ന് ഐഡന്റിഫിക്കേഷൻ പരേഡ് നടത്തി തിരിച്ചു കൊണ്ട് പോകുന്നത് സൗദിയിൽ നിലനിന്നിരുന്ന നിയമം തന്നെയാണ്.മെച്ചപ്പെട്ട ജോലി ചെയ്യുന്ന മലയാളികളൊന്നും ഇത് അറിയണമെന്നില്ല പക്ഷേ ഒരു ജോലി വിട്ട് വേറെ ഒരു ജോലിക്ക് ശ്രമിക്കുമ്പോൾ സ്‌പോൺസറുടെ NOC വേണമെന്നത് അറബ് രാജ്യങ്ങളിലെ പൊതു നിയമമാണ്.NOC കിട്ടിയില്ലെങ്കിൽ രണ്ടോ അതിലധികമോ വർഷം കഴിഞ്ഞു മാത്രമേ ആ രാജ്യത്തേയ്ക്ക് തിരികെ ജോലിക്ക് വരാൻ സാധിക്കുകയുള്ളൂ.മരുഭൂമിയിൽ ആരോരുമറിയാതെ ഭാഷ അറിയാതെ അടിമ ജീവിതം നയിക്കുന്നവർക്കൊക്കെ എന്ത് NOC.

ആട് സിനിമ കണ്ട് സമ്മർദ്ദം അനുഭവിച്ചത് കൊണ്ട് ലേശം ഡീഗ്രേഡ് ചെയ്തേക്കാം എന്ന് കരുതിയ “നിഷ്കളങ്ക” മനുഷ്യർ നമുക്ക് ചുറ്റുമുള്ള നജീബ്‌ മാർ അനുഭവിച്ച സമ്മർദ്ദം കാണാതെ പോകരുത്.

ബെന്യാമിൻ പറഞ്ഞത് എത്രയോ ശരി

”നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്”

Cicil Mathew 

Benyamin, ആടുജീവിതം | Aatujeevitham

Share News