വിദേശപഠനം: വിലപ്പെട്ട വിവരകോശം

Share News

മലയാളികളുടെ വിദേശപഠനം സംബന്ധിച്ച് കോട്ടയത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗൈഡൻസ് വിശദമായി ക്രോസ് ചെക്ക് ചെയ്ത വിലപ്പെട്ട വിവരങ്ങൾ ഉൾപ്പെടുത്തി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും സീനിയർ കരിയർ ജേണലിസ്റ്റുമായ റെജി ടി. തോമസ് തയ്യാറാക്കിയ ഏറ്റവും പുതിയ പുസ്തകം ആണ് “വിദേശപഠനം: അറിഞ്ഞിരിക്കേണ്ട സുപ്രധാന വിവരങ്ങൾ”. വീടു പോലും പണയം വച്ച് ദശലക്ഷങ്ങൾ മുടക്കി മക്കളെ വിദേശപഠനത്തിന് അയക്കാൻ ആലോചിക്കുമ്പോൾ 168 പേജുള്ള ഈ 250 രൂപയുടെ പുസ്തകത്തിനു സ്വർണമൂല്യമാണുള്ളത്.

ഗ്ലോബൽ വില്ലേജ് എന്ന ആശയത്തിന് പ്രാധാന്യമേറുന്ന കാലത്ത് വിദേശപഠനത്തിന് സാധ്യതകൾ ഒട്ടനവധിയാണ്. വിദേശത്ത് പഠിക്കാൻ ആഗ്രഹമില്ലാത്തവർതന്നെ ഇന്ന് കുറവ്. വിദേശ കോഴ്‌സുകളിൽ പ്രവേശനം നേടാൻ മാർക്കിലുപരി അഭിരുചിയും താൽപര്യവുമാണ് പ്രധാനം എന്ന് അവരും രക്ഷിതാക്കളും ഓർക്കണം. സ്വന്തം കഴിവും കഴിവുകേടും മനസ്സിൽ വേണം.

ഏതാനും വർഷം മുൻപുവരെ ജോലി തേടിയാണ് മലയാളികൾ പറന്നിരുന്നതെങ്കിൽ ഇന്ന് പഠനത്തിനായി പോകുന്നവരുടെ എണ്ണവും ശതമാനവും കുതിച്ചുയരുകയാണ്. ജോലി സാധ്യത, ഉയർന്ന വേതനം, മികച്ച ജീവിത സൗകര്യങ്ങൾ, മേന്മയേറിയ വിദ്യാഭ്യാസ സമ്പ്രദായം എന്നിവയാണ് വിദേശപഠനത്തിന് കുട്ടികളുടെ പ്രീതി നേടിക്കൊടുത്തത്.

അടുത്തകാലത്തായി വിദ്യാർത്ഥികൾ പ്ലസ്ടുവിനുശേഷം വിദേശരാജ്യങ്ങളിൽ കൂടുതലായി അണ്ടർ ഗ്രാഡുവേറ്റിന് വിദേശ സർവകലാശാലകളിൽ എത്തിവരുന്നു. പതിനായിരക്കണക്കിന് കുട്ടികളാണ് ഓരോവർഷവും കേരളത്തിൽനിന്നു വിദേശവിദ്യാഭ്യാസത്തിനായി പോകുന്നത്. മൊത്തം ഇന്ത്യയിലെ കണക്കനുസരിച്ച് 40 ശതമാനം വർധനയാണ് പ്രതിവർഷം വിദേശത്തേക്ക് പോകുന്ന വിദ്യാർത്ഥികളിൽ ഉണ്ടാകുന്നതെന്നു വിദഗ്ധർ പറയുന്നു.

വിദേശവിദ്യാഭ്യാസത്തിന് പല മികവുകളുമുണ്ട്. വിദേശപഠനം തൊഴിൽ വൈദഗ്ധ്യം നേടിയെടുക്കാനും അതുവഴി തനിക്കനുയോജ്യമായ തൊഴിൽ മേഖല തിരഞ്ഞെടുക്കാനും വ്യക്തിയെ സഹായിക്കുന്നു. വിദേശപഠനം നേടിയവർക്ക് തൊഴിൽ മേഖലയിൽ കമ്പനികൾ നൽകുന്ന പ്രാമുഖ്യം വളരെ ഏറെയാണ്. വിദേശത്ത് പഠിക്കുന്നതോടെ ആ രാജ്യത്തെ സമ്പദ് വ്യവസ്ഥ, സംസ്‌കാരം, രാഷ്ട്രീയം എന്നിവ എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നു. വിദേശത്തായാലും സ്വദേശത്തായാലും പെട്ടെന്നു തന്നെ തൊഴിൽ നേടാനും ജീവിതാവസ്ഥ മെച്ചപ്പെടുത്താനും കഴിയുന്നു. വിദേശഭാഷയിൽ പ്രാവീണ്യം നേടിയെടുക്കാനാകുന്നു. വിവിധ സംസ്‌കാരങ്ങൾ അറിയാൻ സാധിക്കുന്നതിലൂടെ മത്സരാധിഷ്ഠിത കമ്പോളത്തിൽ മേൽകൈ നേടിയെടുക്കാനാകുന്നു. ഇവയൊക്കെയാണ് വിദേശപഠനത്തിലൂടെയുള്ള തൊഴിൽപരമായ നേട്ടങ്ങൾ.

ആത്മവിശ്വാസം വർധിപ്പിക്കുന്നു; അതിലൂടെ സ്വയം പര്യാപ്തയിലേക്കും പക്വതയിലേക്കും നയിക്കുന്നു. അടിക്കടി മാറ്റങ്ങൾക്കിടയാകുന്ന ലോകവുമായി ഇണങ്ങിപ്പോകാൻ സഹായിക്കുന്നു. പുതിയ രാജ്യവും അവിടത്തെ പരിസരവും ഒരാളെ പുതിയ വ്യക്തിയാക്കി തീർക്കുന്നു. ഇതാണ് വ്യക്തിപരമായ നേട്ടങ്ങൾ.

ഇന്ത്യയിൽ മാർക്ക് അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസമാണെങ്കിൽ പല വിദേശരാജ്യങ്ങളിലും വൈദഗ്ധ്യം അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസത്തിനാണ് പ്രാധാന്യം. അതുകൊണ്ടുതന്നെ അവിടെ പഠിച്ചിറങ്ങുന്നവർക്ക് ജോലി, ഗവേഷണ സാധ്യതകൾ വളരെ കൂടുതലാണ്. ജനിച്ച ചുറ്റുപാടിൽനിന്നു മാറി ജീവിക്കുന്നു, മറ്റുരാജ്യങ്ങിൽ നിന്നുള്ളവരുമായി ഇടപഴകി ജീവിക്കുന്നു എന്നതാണ് വിദേശവിദ്യാഭ്യാസത്തിന്റെ മറ്റൊരു ഗുണം.

വളരെ വ്യത്യസ്തമായ സംസ്‌കാരത്തിന്റെ ഭാഗമാകാനും സ്വന്തം ജീവിതത്തിൽ ഉപയോഗപ്രദമാകുന്നവ സ്വീകരിക്കാനുമുള്ള അവസരം കൂടിയാണിത്.
ഭാഷയും സമൂഹവും ഗവൺമെന്റും വിദ്യാഭ്യാസ സമ്പ്രദായവും എന്തിന് ആളുകളുടെ പെരുമാറ്റം പോലും തികച്ചും വ്യത്യസ്തമായ പരിതസ്ഥിതിയിൽ നിന്നുകൊണ്ടു നമ്മുടെ വ്യക്തിത്വം പരമാവധി വികസിപ്പിക്കുമ്പോൾ കിട്ടുന്ന നേട്ടം വലുതാണ്.

നാട്ടിൽ പഠിച്ച് ഒരു ഡിഗ്രി വാങ്ങുന്നതിനേക്കാൾ നമ്മുടെ എല്ലാത്തരത്തിലുമുള്ള വളർച്ചയെ വിദേശ ഉപരിപഠനം സഹായിക്കും. കൂടാതെ ഉത്തരവാദിത്തബോധം വർദ്ധിക്കും. ജീവിക്കാൻ പഠിക്കും. കേരളത്തിനുപ്പുറവും വലിയൊരു ലോകമുണ്ടെന്നുള്ള അറിവ് ഒരു വിദ്യാർത്ഥിയെ സംബന്ധിച്ച് വളരെ പ്രയോജനകരമാണ്. പഠനത്തിനായി വിദേശത്ത് പോകുമ്പോൾ ലഭിക്കുന്ന മാനസിക വികാസം ഒന്നു വേറെ തന്നെയാണ്.

ആഗോളതലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഗ്രേഡിങ് ഉണ്ട്. ഏത് വിഷയവും ഇത്തരത്തിൽ ഉയർന്ന ഗ്രേഡിങ്ങുള്ള സ്ഥലത്ത് പഠിച്ചവർക്ക് കിട്ടുന്ന അവസരങ്ങൾ മറ്റുള്ളവരേക്കാൾ കൂടുതലായിരിക്കും. ആധുനികമായ പഠനവിഷയങ്ങളും പഠനരീതികളും പരിചയപ്പെടാം. പുറത്തുപോകുന്ന കുട്ടികൾ ഇവ പഠിച്ചു വളരുന്നതിനാൽ നാളത്തെ ലോകത്തിനായി തയ്യാറെടുക്കുന്നു.

വിദേശത്ത് കുട്ടികളാണ് വിദ്യാഭ്യാസത്തിന്റെ കേന്ദ്രം. ചെറുപ്പത്തിലേ പാർട്ട്‌ടൈം ആയി പണിയെടുത്ത് പണം സമ്പാദിക്കാൻ തുടങ്ങുന്നതും നല്ല കാര്യമാണ്.
ഇന്ന് ബഹുരാഷ്ട്ര കമ്പനികൾ വളരെയധികം പ്രാധാന്യം കൊടുക്കുന്ന Diversity &Inclusion in Workspace’ എന്ന ലക്ഷ്യത്തിൽ എത്താനുള്ള അവസരമാണ് വിദേശപഠനം. അതിലൂടെ ആർജ്ജിക്കുന്ന വ്യക്തിത്വം ഒരു ആഗോളവീക്ഷണം ഉണ്ടാക്കിക്കൊടുക്കും.

അന്താരാഷ്ട്ര നിലവാരമുള്ള കോഴ്‌സുകൾ, പ്രായോഗിക പരിശീലനത്തിന് ഊന്നൽ നൽകുന്ന പഠനരീതി, മികച്ച പ്രൊഫസർമാരുടെ സേവനം, സ്‌കോളർഷിപ്പ്, സ്റ്റുഡന്റ് ഗ്രാന്റ്, സ്റ്റൈപ്പന്റ്, വ്യത്യസ്ത രാജ്യങ്ങളിൽനിന്നുള്ള വിദ്യാർത്ഥികളുമായി ഇടപെടാനുള്ള അവസരം, സ്വതന്ത്രമായി നൂതനാശയങ്ങൾ ആവിഷ്‌ക്കരിക്കാനുള്ള കഴിവ്, ഇംഗ്ലീഷ് ഭാഷയിൽ എളുപ്പം പ്രാവീണ്യം നേടാനുള്ള അവസരം, പഠനച്ചെലവിനുള്ള പണം കണ്ടെത്താൻ സഹായകമാകുന്ന പാർട്ട്‌ടൈം ജോലി ഇങ്ങനെ വിദേശപഠനം കൊണ്ടുമാത്രം സാധ്യമാകുന്ന നേട്ടങ്ങൾ നിരവധിയാണ്.

കൂടാതെ കാനഡ, ആസ്‌ട്രേലിയ, ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങൾ പഠനശേഷം ജോലി കണ്ടെത്തുന്നതിനും ജോലി ചെയ്ത് പണം സമ്പാദിക്കുന്നതിനും അനുവദിക്കുന്നു. പഠനത്തിനുവേണ്ടി ചെവലഴിച്ച പണം തിരിച്ചുപിടിക്കാനുള്ള അവസരമായിട്ടാണ് ഇന്റർനാഷണൽ സ്റ്റുഡന്റ്‌സ് പലരും ഈ സ്റ്റേബാക്ക് ഓപ്ഷനെ കാണുന്നത്. കാനഡ, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ നിശ്ചിത കോഴ്‌സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് അവരവരുടെ രാജ്യത്തുതന്നെ തുടരുന്നതിന് പിആർ റസിഡൻസി കൊടുക്കുന്ന രീതിയും ആശാവഹമാണ്.

യുകെയിലും ജോലി ചെയ്യാൻ അനുവദിക്കുന്ന നടപടിക്രമങ്ങൾ ലളിതവത്കരിച്ചിട്ടുണ്ട്.
പഠനശേഷം തൊഴിലിന് സാധ്യത നൽകുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളോടാണ് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഏറെ പ്രിയം. ഇവർക്ക് ജോലി കണ്ടെത്താനും സ്ഥിരവാസത്തിനും സഹായിക്കുന്ന പ്രത്യേക കരിയർഗൈഡൻസ് സെല്ലുകളും മിക്ക യൂണിവേഴ്‌സിറ്റികളിലുമുണ്ട്.

ഇപ്പോൾ കണ്ടുവരുന്ന പുത്തൻ പ്രവണത വിദേശപഠനത്തിൽ കൂടുതൽ പ്രൊഫഷണലുകൾ താല്പര്യപ്പെടുന്നു എന്നതാണ്. എഞ്ചിനിയറിംഗ് പൂർത്തിയാക്കിയവർ എം.ബി.എക്ക് പഠിക്കാൻ താൽപര്യപ്പെടുന്നു. എം.എസ്. (മാസ്റ്റർ ഓഫ് സയൻസ്) പ്രോഗ്രാമിന് നിരവധി സയൻസ് ബിരുദധാരികളും കാർഷിക, വെറ്ററിനറി സയൻസ്, ഫോറസ്ട്രി, മെഡിക്കൽ സയൻസ്, എഞ്ചിനിയറിംഗ് ബിരുദധാരികളും ചേർന്നു വരുന്നു.

നിരവധി ന്യൂജനറേഷൻ കോഴ്‌സുകൾ വിദേശത്തുണ്ട്. മെക്കാട്രോണിക്‌സ്, ബയോ ഇൻഫർമാറ്റിക്‌സ്, നാനോ സയൻസ്, ബയോ ടെക്‌നോളജി, കോസ്റ്റൽ ആർക്കിടെക്ചർ, അനിമേഷൻ, ഫാഷൻടെക്‌നോളജി, ബ്യൂട്ടി തെറാപ്പി, സോഷ്യൽ സയൻസ് എന്നിവ വിദേശ ഉപരിപഠനത്തിന് തിരഞ്ഞെടുക്കാവുന്ന തൊഴിൽ സാധ്യതയുള്ള കോഴ്‌സുകളാണ്. നമ്മുടെ നാട്ടിൽ തൊഴിൽ സാധ്യത കുറവെന്ന് കരുതുന്ന കോഴ്‌സുകൾക്ക് വിദേശത്ത് മികച്ച സാധ്യതകളായിരിക്കുമുള്ളത്.

അന്തർദേശീയ മാർക്കറ്റിൽ മികച്ച തൊഴിലവസരങ്ങളാണ് വിദേശ യൂണിവേഴ്‌സിറ്റി കോഴ്‌സുകൾ ഉറപ്പുനൽകുന്നത്. നഴ്‌സിംഗ്, ഹെൽത്ത് കെയർ, ഐടി, ടൂറിസം, ഹോസ്പിറ്റാലിറ്റി, എഞ്ചിനീയറിംഗ്, ഏവിയേഷൻ, ബിസിനസ് സ്റ്റഡീസ് എന്നിവയിൽ തൊഴിൽ സാധ്യതകളേറെ. ഇന്റേൺഷിപ്പോടുകൂടിയ പ്രോഗ്രാമുകളും നിരവധി.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, നാനോ ടെക്‌നോളജി, മെക്കാട്രോണിക്‌സ്, ബയോ എഞ്ചിനീയറിംഗ് തുടങ്ങി എഞ്ചിനീയറിംഗ് രംഗത്തെ മികച്ച അഡ്വാൻസ്ഡ് കോഴ്‌സുകൾ വിദേശ യൂണിവേഴ്‌സിറ്റികൾ നൽകുന്നു. ഡോക്ടേഴ്‌സിന് വേണ്ടിവരുന്ന കാർഡിയോ റീഹാബിലിറ്റേഷൻ തെറാപ്പി, ഫിസിഷ്യൻ അസിസ്റ്റന്റ്, അപ്‌ളൈഡ് എപ്പിഡമോളജി, ഇമ്മ്യൂണോളജി, ഓങ്കോളജി, മോളിക്യൂലാർ ജനിറ്റിക്‌സ്, മെഡിക്കൽ ഡയനോസിസ്, സ്റ്റംസെൽ ടെക്‌നോളജി തുടങ്ങിയ സ്‌പെഷ്യലൈസ്ഡ് പ്രോഗ്രാമുകളും എടുത്തുപറയേണ്ടതാണ്.

ഫിസിയോതെറാപ്പി, ഫാർമക്കോളജി, പി.ജി. ഡിപ്ലോമ ഇൻ പബ്ലിക് ഹെൽത്ത്. പി.ജി. ഡിപ്ലോമ ഇൻ സോഷ്യൽ പ്രാക്ടീസ്, ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജി, ബി.എസ്‌സി. നേഴ്‌സിംഗ്, എംഎസ്‌സി. നേഴ്‌സിംഗ്, ഇൻഫക്ഷൻ പ്രിവൻഷൻ ആന്റ് കൺട്രോൾ, കോഗ്‌നെറ്റീവ് ബിഹേവിയറൽ തെറാപ്പി തുടങ്ങി ഇരുന്നൂറിലേറെ ആകർഷകമായ കോഴ്‌സുകൾ വിദേശ യൂണിവേഴ്‌സിറ്റികൾ ഹെൽത്ത് കെയർ രംഗത്ത് ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഹോട്ടൽ മാനേജ്‌മെന്റ്, ഫാഷൻ, ആർട്‌സ് ആന്റ് കമ്യൂണിക്കേഷൻ തുടങ്ങിയ രംഗങ്ങളിലും നവീനവും ആകർഷകവുമായ നൂറിലേറെ കോഴ്‌സുകൾ നിലവിലുണ്ട്.ഹ

വിദേശ സർവകലാശാലകൾ, കോഴ്സുകൾ, പ്രധാന പ്രവേശന പരീക്ഷകൾ, പഠന ചെലവ്, സ്കോളർഷിപ്പുകൾ, ഫെലോഷിപ്പുകൾ, വിദേശഭാഷാ പഠനം, വിദ്യാഭ്യാസ ലോൺ എന്നിവയെക്കുറിച്ചെല്ലാം പ്രസക്ത വിവരങ്ങൾ അടങ്ങിയ വിദ്യാഭ്യാസ വിവരകോശംതന്നയാണ് റെജി ടി. തോമസിന്റെ ഈ കൃതി. എൻ.ബി.എസ്, പൂർണ, എച്ച് &സി, ജീവൻ തുടങ്ങിയ പ്രമുഖ പ്രസാധകർക്കായി ബെസ്റ്റ് സെല്ലർ കരിയർ ഗ്രന്ഥങ്ങളും ജനറൽ നോളജ് ഗ്രന്ഥങ്ങളും പ്രമുഖ ആനുകാലികങ്ങൾക്കു കരിയർ കോളങ്ങളും തയ്യാറാക്കിയ റെജിയുടെ അനുഭവസമ്പത്തിന്റെ ബലം ഈ പുസ്തകത്തിലും കാണാം. സമീപകാലത്ത് ഐഎഎസ് വിജയമന്ത്രങ്ങൾ, സ്മാർട്ട് കോഴ്സുകൾ, മെഡിക്കൽ അനുബന്ധ കോഴ്സുകൾ എന്നീ മൂന്നു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച എഡിറ്റിന്ത്യയുടെ (ഫോൺ/വാട്സ്ആപ് 94969 91475) പുതിയ കരിയർ പുസ്തകപരമ്പരയിൽ നാലാമത്തേത് ആണിത്.

കോപ്പികൾ എറണാകുളത്ത് ഗുഡ് ന്യൂസ് കമ്യൂണിക്കേഷൻ ഓഫീസിലും

(8304818199/9446329343)കോട്ടയത്ത് ഇന്ത്യൻ കോഫി ഹൗസ് ശാഖകളിലും തിരുവനന്തപുരത്ത് കേരള ബുക്ക് സ്റ്റോറിലും ലഭിക്കും.

— ആർ. ജയനാരായണൻ

Share News