ഉരുൾപൊട്ടലിൽ കുത്തിയൊലിച്ച ഭൂമിയായിരുന്നു ആ ഫ്രെയിമുകളിൽ|വിക്ടറെടുത്ത അവസാന ചിത്രം.
അന്ന്, വെണ്ണിയാനിയിൽ ഉരുൾപൊട്ടലിന്റെ പടമെടുക്കാൻ പോകുമ്പോൾ രണ്ടു ക്യാമറകളുണ്ടായിരുന്നു വിക്ടർ ജോർജിന്റെ പക്കൽ.
നിക്കോൺ എഫ്എം 2, നിക്കോൺ എഫ് 5 എന്നിവ. അതിൽ നിക്കോൺ എഫ്എം2 രക്ഷാപ്രവർത്തനത്തിനിടയിൽ വീണ്ടെടുത്തു. അതിലെ ചില ഫ്രെയിമുകൾ റിട്രീവ് ചെയ്തെടുക്കാൻ കഴിഞ്ഞു.
മുൻപേയുണ്ടായ ഉരുൾപൊട്ടലിൽ കുത്തിയൊലിച്ച ഭൂമിയായിരുന്നു ആ ഫ്രെയിമുകളിൽ. ആ ചിത്രമാണ് ഇത്. വിക്ടറെടുത്ത അവസാന ചിത്രം.
ഇൗ ചിത്രമെടുത്ത ശേഷമുണ്ടായ രണ്ടാമത്തെ ഉരുൾപൊട്ടലിലാണ് വിക്ടറിനെ നഷ്ടമായത്. അതിന്റെ ചിത്രങ്ങൾ ഒരുപക്ഷേ വിക്ടറെടുത്തിരിക്കുക വേഗത കൂടിയ എഫ് 5 യിൽ ആയിരുന്നിരിക്കണം.
K Tony Jose
Social Media Editor @Manorama Print Daily.
tweets @ktonyjoseMM
വിക്ടർ ജോർജിന്റെ ഇരുപതാം ഓർമദിനമാണ് ഇന്ന്.
വിക്ടറിന്റെ ജീവിതത്തിന്റെ അവസാനവർഷമാണ് കോട്ടയത്തു മലയാള മനോരമയിൽ ഞാൻ ജോലിക്കു ചേരുന്നത്. 2000 ഓഗസ്റ്റിൽ. 2001 ജൂലെ ഒൻപതിന് വിക്ടർ ഓർമയായി.
ഒരു വർഷത്തോളമുള്ള ആ കാലത്ത്, വിക്ടറിനൊപ്പം ഒട്ടേറെ യാത്രകൾ പോയി. റിപ്പോർട്ടിങ് യാത്രകൾ. കോട്ടയത്തിനു സമീപം ഒരിടത്ത് ഭീമാകാരമായ ഒരു മീനിനെ തോട്ടിൽനിന്നു പിടിച്ചതിന്റെ പടമെടുക്കാൻ ഞങ്ങൾ പോയത് ഓർക്കുന്നു. മീൻപിടിച്ച ചേട്ടൻ അതിനെ കയ്യിൽ തൂക്കിയെടുത്തപ്പോൾ അയാളുടെ അത്രയും തന്നെ ഉയരുമുണ്ടായിരുന്നു മീനിനും. അത്തരം ആളുകളോടു പ്രത്യേക സ്നേഹമായിരുന്നു വിക്ടറിന്, വളരെ സാധാരണക്കാരായ ആളുകളോട്. എന്റെ ഏറ്റവും ഉജ്വലമായ വിക്ടർ ഓർമ അദ്ദേഹത്തിന്റെ മരണശേഷമാണ്.
വിക്ടർ എടുത്ത വളരെ പ്രശസ്തമായ ഒരു ചിത്രമായിരുന്നു 1984 ൽ മനോരമയിൽ പ്രസിദ്ധീകരിച്ച ഒരു ക്യാംപസ് ചിത്രം.
കോളജ് യൂണിയൻ തിരഞ്ഞെടുപ്പു കാലം. കോളജിലേക്കു നടന്നു വരുന്ന ഒരു പെൺകുട്ടിയുടെ ചുറ്റും കൂടി വോട്ടുചോദിക്കുന്ന സ്ഥാനാർഥികൾ. പെൺകുട്ടിയുടെ മുഖത്തെ നാണം. രസകരമായ ഒരു ചിത്രം. അന്നു മനോരമയുടെ എല്ലാ എഡിഷനുകളുടെയും ഒന്നാം പേജിലാണ് ആ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ അച്ചടിച്ചു വന്നത്. ക്യാംപസ് ചിത്രങ്ങൾ ഒന്നാം പേജിലേക്കു പരിഗണിക്കപ്പെടാൻ കാരണമായതു പോലും ഈ ഫോട്ടോയുടെ മികവായിരുന്നു.
വിക്ടർ മരിച്ച ശേഷം, ആ ചിത്രത്തിലെ കഥാപാത്രങ്ങളെ കണ്ടുപിടിക്കാൻ കഴിയുമോ എന്നു നോക്കൂ എന്ന് അന്നത്തെ ന്യൂസ് എഡിറ്റർ ക്രിസ് തോമസ് സാർ, കുട്ടി റിപ്പോർട്ടറായ എന്നോട് ആവശ്യപ്പെടുന്നു. 17 വർഷങ്ങൾക്കു ശേഷമാണ്! ഒരുപാട് അന്വേഷണങ്ങൾക്കും ഫോൺ വിളികൾക്കുമൊടുവിൽ കോട്ടയത്തെ സിഎംഎസ് കോളജിൽനിന്നെടുത്ത ആ ചിത്രത്തിലെ അഞ്ചുപേരെയും ഒന്നൊന്നായി ഞാൻ കണ്ടെത്തുന്നു. ലോകത്തിന്റെ പലഭാഗങ്ങളിലായിരുന്നു അവരൊക്കെയും. അന്ന് മനോരമയുടെ ക്യാംപസ് കോളമായ ക്യാംപസ് ലൈനിൽ ആ കണ്ടെത്തലിന്റെ ഫീച്ചർ പ്രസിദ്ധീകരിച്ചു. ഏറ്റവും ആസ്വദിച്ച് എഴുതിയ വാർത്താകഥകളിലൊന്നായിരുന്നു അത്.
കേരളത്തിലെ ഏറ്റവും പ്രശസ്തമായ ക്യാംപസ് ചിത്രമായിരുന്നു ഇതെങ്കിൽ, വിക്ടറിന്റെ അവസാന ക്യാംപസ് ചിത്രവും സിഎംഎസ് കോളജിൽനിന്നു തന്നെയായിരുന്നു. 2000 ത്തിൽ അവസാന ബാച്ച് പ്രീഡിഗ്രിക്കാർ പടിയിറങ്ങുന്ന പടം. സിഎംഎസിന്റെ ചരിത്രാതീത ഭാവമുള്ള ഇടനാഴിയിലൂടെ കുട്ടികൾ നടന്നു പോകുന്നത് ഒരു ജനാല ഫ്രെയിമിനുള്ളിലൂടെ വിക്ടർ പകർത്തുമ്പോൾ തൊട്ടടുത്ത് ഞാനുമുണ്ടായിരുന്നു.അതൊരു ഭാഗ്യമായിരുന്നു.