നിയമനം ഫ്രാൻസിസ് മാർപാപ്പയുടെ വ്യക്തിപരമായ ഒരു തീരുമാനമായിരുന്നു.|ആർച്ച്ബിഷപ് മാർ സിറിൽ വാസിൽ ദീപികയ്ക്കു നൽകിയ അഭിമുഖത്തിൽനിന്ന്.
എറണാകുളം - അങ്കമാലി അതിരൂപതയിൽ രൂപപ്പെട്ട ആരാധനക്രമസംബന്ധമായ വിവാദം കൈകാര്യം ചെയ്യുന്നതിനായി ഫ്രാൻസിസ് മാർപാപ്പ സ്ലൊവാക്യയിലെ ആർച്ച്ബിഷപ് മാർ സിറിൽ വാസിലിനെ നിയമിച്ചിരിക്കുകയാണ്. ആർച്ച്ബിഷപ് മാർ സിറിൽ വാസിൽ ദീപികയ്ക്കു നൽകിയ അഭിമുഖത്തിൽനിന്ന്.
പിതാവേ, അങ്ങയെ ഒന്നു സ്വയം പരിചയപ്പെടുത്താമോ?
എന്റെ പേര് സിറിൽ വാസിൽ. ഞാൻ സ്ലൊവാക്യൻ പൗരസ്ത്യ കത്തോലിക്കാസഭയിൽപ്പെട്ടയാളും ഈശോസഭാംഗവും ഈശോസഭയുടെ സ്ലൊവാക്യൻ പ്രോവിൻസ് അംഗവുമാണ്. റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നാണു ഞാൻ കാനൻ നിയമം പഠിച്ചത്. തുടർന്ന് അവിടെ അധ്യാപകനുമായി. അവിടെ റെക്ടറായും വൈസ് റെക്ടറായും കാനൻ നിയമം ഫാക്കൽറ്റിയുടെ ഡീനായും പ്രവർത്തിച്ചു. 2009ൽ എന്നെ പൗരസ്ത്യ സഭാ കാര്യാലയം സെക്രട്ടറിയായി നിയമിച്ചു. നിലവിൽ ഞാൻ സ്ലൊവാക്യയിലെ കോസിഷെ രൂപത ആർച്ച്ബിഷപ്പാണ്. റോമിലായിരിക്കെ എന്റെ നിരവധിയായ വിദ്യാർഥികൾ വഴി എനിക്ക് സീറോമലബാർസഭയെക്കുറിച്ച് അറിയാം. കൂടാതെ പൗരസ്ത്യ സഭാ കാര്യാലയം സെക്രട്ടറിയെന്ന നിലയിലും സഭയെ അടുത്തറിയാൻ എനിക്കു സാധിച്ചു. പലതവണ ഞാൻ കേരളത്തിൽ, പ്രത്യേകിച്ച് എറണാകുളത്ത്, വന്നിട്ടുണ്ട്.
ഭരമേൽപ്പിക്കപ്പെട്ട ദൗത്യത്തെ എങ്ങനെ കാണുന്നു?
അനുരഞ്ജനത്തിനുള്ള ശ്രമമായിട്ടാണ് ഈ ദൗത്യത്തെ ഞാൻ കാണുന്നത്. അതുവഴി എറണാകുളം-അങ്കമാലി അതിരൂപതയിലെ വിശ്വാസികൾക്കും സീറോമലബാർസഭയ്ക്ക് ആകെയും ദൈവിക ഇടപെടൽ കൂടുതൽ അനുഭവവേദ്യമാകുമെന്ന് വിശ്വസിക്കുന്നു.
അതിരൂപതയിലെ വിഷയത്തെക്കുറിച്ച് അങ്ങ് പഠിച്ചിട്ടുണ്ടോ?
പൗരസ്ത്യ സഭാ കാര്യാലയം സെക്രട്ടറിയെന്ന നിലയിൽ വിഷയം അടുത്തുനിന്ന് പഠിക്കാനുള്ള അവസരം എനിക്കുണ്ടായിട്ടുണ്ട്. പൊന്തിഫിക്കൽ ഡെലഗേറ്റായി നിയമിച്ചശേഷം വിവിധ കത്തുകളും റിപ്പോർട്ടുകളും വായിച്ചും വിഷയം പഠിച്ചിട്ടുണ്ട്.
പ്രശ്നമെന്തെന്ന് ചെറിയ വാക്കുകളിൽ വിശദീകരിക്കാമോ?
എല്ലാവരുടെയും സൗകര്യാർത്ഥം വിശുദ്ധ കുർബാന അർപ്പണ രീതി സംബന്ധിച്ച് ഏകീകൃത രൂപമുണ്ടാക്കാൻ സീറോമലബാർസഭാ സിനഡ് തീരുമാനിച്ചു. ഈ തീരുമാനം സഭയിലെ എല്ലാ രൂപതകളിലും നടപ്പാക്കുകയും ചെയ്തു. എന്നാൽ, എറണാകുളം-അങ്കമാലി അതിരൂപതയിലെ ചില വൈദികർ ഇനിയും ഈ തീരുമാനം അംഗീകരിച്ചിട്ടില്ല. നിയമാനുസൃതമായ കുർബാനരീതി അംഗീകരിക്കാത്ത അവരുടെ നിലപാട് വിശ്വാസികളിൽ ആശയക്കുഴപ്പത്തിനിടയാക്കിയിട്ടുണ്ട്. പുതിയ കുർബാനയർപ്പണ രീതിയെ എതിർക്കാൻ വിശ്വാസികളെ അവർ പ്രേരിപ്പിക്കുകയും ചെയ്യുന്നു. പുരോഹിതരെന്ന നിലയിൽ അവർ ലക്ഷ്യംവയ്ക്കേണ്ടതു മറിച്ചായിരുന്നു. അതായത് സീറോമലബാർസഭയുമായി ആരാധനക്രമ ഐക്യത്തിൽ നിലകൊണ്ട് നേരായ മതബോധനം നടത്തി അതിരൂപതയിലെ വിശ്വാസികൾക്കാകെ മാതൃകയാകുന്ന ജീവിതം നയിക്കുകയെന്നത്. എന്നാൽ, ഖേദകരമെന്നു പറയട്ടെ, സാർവത്രിക സഭയുടെയും പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെയും അംഗീകാരത്തോടെ സീറോമലബാർസഭയുടെ പരമോന്നത സമിതിയായ സിനഡ് അംഗീകരിച്ച നിയമപരവും സഭാംഗങ്ങൾക്കു ബാധകവുമായ തീരുമാനത്തെ അവർ ബോധപൂർവം എതിർക്കുന്നു.
തീരുമാനം വൈദികരിൽ അടിച്ചേൽപ്പിക്കുന്നതല്ലേ ഇത്?
അക്കാര്യത്തിലേക്ക് വരുന്നതിനുമുന്പ് മറ്റൊരു കാര്യം പറയട്ടെ. കത്തോലിക്കാ സഭയിൽ ഒരാൾ വൈദികനാകുന്നത് തിരുപ്പട്ട ശുശ്രൂഷയിലൂടെയാണെന്നതു നമുക്കെല്ലാം അറിയാവുന്ന കാര്യമാണല്ലോ. ഈ ശുശ്രൂഷയിൽ പ്രധാനമാണ് കാർമികനായ മെത്രാനു മുന്നിൽ നവവൈദികൻ മുട്ടുകുത്തി നിൽക്കുന്നതും നവവൈദികന്റെ ശിരസിന്മേൽ കൈകൾവച്ചു കാർമികൻ പ്രാർഥിക്കുന്നതും. കൈവയ്പ്ശുശ്രൂഷ എന്നാണ് ഇത് അറിയപ്പെടുന്നത്.
സ്വതന്ത്രമായുള്ള അഭ്യർഥനപ്രകാരം നൽകുന്ന കൈവയ്പുശുശ്രൂഷയിലൂടെയാണ് പൗരോഹിത്യ ജീവിതം ആരംഭിക്കുന്നത്. ഓരോ വൈദികാർഥിയും കൈവയ്പ്പ്രാർഥനയ്ക്കായി അഭ്യർഥിക്കുന്നു. കൈവയ്പ് സ്വീകരിക്കാതെ ഒരാൾ ഒരിക്കലും വൈദികനാകില്ല. സഭാ പ്രബോധനങ്ങളെയും മാർപാപ്പയുടെ കല്പനകളെയും ബിഷപ്പിന്റെ നിയമപരമായ തീരുമാനങ്ങളെയും അംഗീകരിച്ചുകൊള്ളാമെന്ന് തിരുപ്പട്ട ശുശ്രൂഷയിൽ നവവൈദികൻ വിശുദ്ധ ഗ്രന്ഥത്തിനു മുകളിൽ കൈകൾ വച്ച്, സ്വതന്ത്രമനസോടും തെരഞ്ഞെടുപ്പോടുംകൂടെ ദൈവത്തിനു മുന്നിലും സാർവത്രിക സഭയ്ക്കു മുന്നിലും പ്രതിജ്ഞ ചെയ്യുന്നുമുണ്ട്.
സിനഡിന്റെ തീരുമാനം തിരസ്കരിക്കുകവഴി ചില വൈദികർ, അവരുടെ മനഃസാക്ഷിക്കും അന്തസിനും നേർക്കുള്ള ഒരാക്രമണമെന്നതിലുപരി തങ്ങളിലെ കൈവയ്പുശുശ്രൂഷയെ തള്ളിപ്പറയുകയാണെന്നാണ് എനിക്കു മനസിലാകുന്നത്. ബന്ധപ്പെട്ട അധികൃതർ നിശ്ചയിക്കുന്ന നൈയാമിക കാര്യങ്ങൾ അനുസരിക്കുന്നതിനെ സംബന്ധിച്ചതാണ് ഇവിടത്തെ വിഷയം. കത്തോലിക്കാസഭ പ്രവർത്തിക്കുന്നത് ഇപ്രകാരമാണ്. ബന്ധപ്പെട്ട അധികാരികൾ ഒരു നിയമമുണ്ടാക്കുന്പോൾ അത് ആർക്കുവേണ്ടിയാണോ നിർമിക്കപ്പെട്ടിരുന്നത്, അവരെല്ലാം ഇത് അനുസരിക്കാൻ ബാധ്യസ്ഥരാണ്. നിയമങ്ങൾ, അതു കാനൻ നിയമമോ സിവിൽ നിയമമോ ആകട്ടെ, ഒരാളുടെ ഇഷ്ടവും അനിഷ്ടവും നോക്കിയല്ല നിർമിക്കപ്പെടുന്നത്. യോജിപ്പുണ്ടെങ്കിലും വിയോജിപ്പുണ്ടെങ്കിലും എല്ലാവരും അനുസരിക്കാൻ ബാധ്യസ്ഥരാണ്.
സിനഡ് രീതിയിലുള്ള വിശുദ്ധ കുർബാനയർപ്പണ രീതി ദൈവശാസ്ത്രപരമായി കാലഹരണപ്പെട്ടതാണെന്നാണല്ലോ ചിലർ പറയുന്നത്. പഴഞ്ചൻ രീതിയിൽ എങ്ങനെ വിശുദ്ധ കുർബാന അർപ്പിക്കാനാകും?
ഈ എതിർപ്പ് ഒരു വൈദികന്റെ വായിൽനിന്നുതന്നെ ഞാൻ കേട്ടു. അതേസമയംതന്നെ, എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു പുറത്ത് സിനഡ് കുർബാന അർപ്പിക്കുന്നതിന് തനിക്കു പ്രശ്നമൊന്നുമില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. എന്നാൽ, തന്റെ അതിരൂപതയ്ക്കുള്ളിൽ സിനഡൽ രീതിയിലുള്ള വിശുദ്ധ കുർബാന അർപ്പിക്കാൻ അദ്ദേഹം തയാറല്ല. ഈ വാദത്തിന്റെ അബദ്ധം വിലയിരുത്താൻ ഞാൻ നിങ്ങൾക്കു വിടുന്നു. സിനഡൽ ഫോർമുല ദൈവശാസ്ത്രപരമായി സ്വാഭാവികമാകുന്നതും ലോകമാകെ അംഗീകരിക്കപ്പെടുന്നതും എന്തു കാരണത്താലാണ്? അതുപോലെ എറണാകുളം - അങ്കമാലി അതിരൂപതയിൽ മാത്രം എന്തു കാരണത്താലാണ് ഇതു ദൈവശാസ്ത്രപരമായി അസ്വീകാര്യവും പഴഞ്ചനുമായി കാണുന്നത്? അപ്പോൾ ദൈവശാസ്ത്രമല്ല വിഷയം. നിയമപരമായി സാധുതയുള്ള ഒരു അഥോറിറ്റിയാണോ നിയമമുണ്ടാക്കിയതെന്നതും അത് സഭയുടെ അടിസ്ഥാന പ്രബോധനങ്ങൾക്കു സമരസപ്പെട്ടു നിൽക്കുന്നതുമാണോയെന്നതുമാണ് വിഷയം. ഞാൻ മനസിലാക്കുന്നിടത്തോളം സിനഡിന്റെ തീരുമാനം സന്പൂർണമായി സഭയുടെ പ്രബോധനങ്ങൾക്കനുസൃതമാണ്. സഭയിൽ ദൈവശാസ്ത്രപരമായ പല നിലപാടുകളുണ്ടെങ്കിലും സാധുവായ ഒരു നിയമമുണ്ടാക്കുന്പോൾ, ആർക്കുവേണ്ടിയാണോ അത് ഉണ്ടാക്കപ്പെട്ടിരിക്കുന്നത്, തങ്ങളുടെ സ്വതന്ത്ര ദൈവശാസ്ത്ര ചിന്തകളെല്ലാം മാറ്റിവച്ച് അത് അനുസരിക്കാൻ അവർ ബാധ്യസ്ഥരാണ്.
ഈശോമിശിഹാ ശിഷ്യന്മാർക്ക് അഭിമുഖമായി അപ്പം മുറിച്ചു നൽകി നടത്തിയ അന്ത്യത്താഴത്തിന്റെ ഓർമയാണ് വിശുദ്ധ കുർബാനയെന്നാണ് മിക്കവരും പറയുന്നത്. അതിനാൽത്തന്നെ വിശ്വാസികളെ പിന്നിലാക്കി അൾത്താരാഭിമുഖമായി വൈദികൻ വിശുദ്ധ കുർബാന അർപ്പിക്കുന്നത് യഥാർഥ കുർബാനയോടു (അന്ത്യത്താഴം) ചേർന്നതല്ലെന്ന് ഇക്കൂട്ടർ പറയുന്നു. എന്താണ് അങ്ങയുടെ അഭിപ്രായം?
അന്ത്യത്താഴത്തിൽ ഈശോ ചെയ്തതിനെ അനുസ്മരിച്ച് അപ്പം മുറിച്ചു പങ്കുവയ്ക്കാനായി ആദിമസഭയിൽ വിശ്വാസികൾ ഒരുമിച്ചുകൂടിയിരുന്നുവെന്നത് പ്രധാനമാണ്. എന്നാൽ, ഈശോ എന്താണു പഠിപ്പിച്ചത് എന്നതിനെക്കുറിച്ചുള്ള ഒരു വിശദീകരണംകൂടി അപ്പംമുറിക്കൽ ശുശ്രൂഷയ്ക്കൊപ്പം വേണമെന്ന് കാലക്രമേണ വിശ്വാസികൾ തിരിച്ചറിഞ്ഞു. ഈശോയുടെ പ്രബോധനം കൂടാതെയുള്ള അപ്പം മുറിക്കൽ വിശ്വാസികൾക്കു മനസിലാകണമെന്നില്ല.
വാസ്തവത്തിൽ നമ്മൾ സംസാരിക്കുന്നത് സ്മരണയെക്കുറിച്ചാണ്, അതല്ലാതെ അന്ത്യത്താഴത്തിന്റെ ഒരു ഫോട്ടോകോപ്പിയെക്കുറിച്ചല്ല. ലിയോണാർഡോ ഡാവിഞ്ചിപോലുള്ള കലാകാരന്മാർ ഭാവനാപൂർവം വരച്ച അന്ത്യത്താഴത്തിന്റെ ചിത്രങ്ങളെക്കുറിച്ചല്ല.
നൂറ്റാണ്ടുകൾക്കിടയിൽ രൂപപ്പെട്ട എല്ലാ ആരാധനക്രമ പാരന്പര്യങ്ങളും അടിസ്ഥാനമാക്കിയത് ആദിമസഭയെയാണ്. കാലക്രമേണ ആരാധനക്രമത്തിൽ സഭ ചില പ്രബോധനങ്ങളും വായനകളും ആരാധനക്രമ വിശദീകരണങ്ങളും വിവിധ അടയാളങ്ങളും ചലനങ്ങളും ഉൾപ്പെടുത്തി. വീണ്ടും ഈ ശുശ്രൂഷകളിൽ മാറ്റങ്ങൾ വന്നുകൊണ്ടിരുന്നു. ക്രമേണ സഭയുടെ നിയമാനുസൃത അധികാരികൾവഴി രൂപപ്പെട്ട ആരാധനക്രമത്തിന്റെ അടിസ്ഥാനത്തിൽ വ്യക്തിഗത സഭകൾ രൂപം കൊണ്ടു.
തങ്ങൾ അനുസരിക്കുക ആരാധനക്രമ നിയമങ്ങളെയല്ല, ദൈവത്തെയാണ് എന്നു ചിലർ പറയാറുണ്ട്. ഇക്കാര്യത്തിൽ അങ്ങേയ്ക്ക് എന്താണു പറയാനുള്ളത്?
മനുഷ്യരെ അനുസരിക്കുന്നതിനെക്കാൾ നല്ലത് ദൈവത്തെ അനുസരിക്കുന്നതാണെന്ന് അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽ പത്രോസ് പറയുന്നുണ്ട് (അപ്പ 5:29). പഴയനിയമകാലത്തെ പ്രവാചകന്മാർ ദൈവത്തെ അനുസരിക്കുന്നതിനായി മാനുഷിക നിയമങ്ങൾ ധിക്കരിച്ചിരുന്നു. ചിലപ്പോഴൊക്കെ ഈശോയും അതു ചെയ്തു. ദൈവിക താത്പര്യങ്ങളിലും മാനുഷിക താത്പര്യങ്ങളിലും വ്യക്തമായ അന്തരം പ്രകടമാകുന്പോൾ അവർ ദൈവത്തോടൊപ്പം നിന്നു. ഉദാഹരണമായി മാനുഷിക നിയമങ്ങൾ പാവപ്പെട്ടവനെ മറന്ന് ധനവാനെ അനുകൂലിക്കുകയോ പാവപ്പെട്ടവനെ അടിച്ചമർത്തുകയോ ചെയ്യുന്പോഴും ദേവാലയാചാരം മനുഷ്യരെ പ്രത്യേകിച്ച് പാവങ്ങളെ അവഗണിച്ചപ്പോഴും ഇത്തരം നിയമങ്ങൾക്കെതിരേ പ്രവാചകശബ്ദങ്ങൾ ശക്തമായി ഉയർന്നു. എന്നിരുന്നാലും സിനഡൽ ഫോർമുലയുടെ കാര്യത്തിലുള്ള അനുസരണക്കേട് ഈശോയുടെയോ പ്രവാചകന്മാരുടെയോ അനുസരണക്കേടുമായി താരതമ്യം ചെയ്യാനാകില്ല. സിനഡൽ ഫോർമുല നടപ്പാക്കുന്നതിൽ ധനവാനെ അനുകൂലിച്ചെന്നോ പാവപ്പെട്ടവനെ അവഗണിച്ചെന്നോ ചോദ്യമുദിക്കുന്നില്ല.
ഈ കാര്യത്തിൽ ദൈവികതാത്പര്യങ്ങളിൽനിന്നുള്ള ഒരു വ്യതിചലനവും ഞാൻ കാണുന്നില്ല. വസ്തുനിഷ്ഠമായ പ്രവാചകശബ്ദങ്ങൾ നിയമാനുസൃതമായ പ്രതിഷേധങ്ങൾക്ക് കാരണമാകുന്നു. എന്നാൽ, പ്രതിഷേധത്തെ മറ്റുചില താത്പര്യങ്ങൾ ഇടകലർത്തി തെറ്റിദ്ധരിപ്പിക്കാതെ ശ്രദ്ധിക്കുന്നത് നല്ലതാണ്. അതുവഴി സമ്മർദഗ്രൂപ്പുകൾക്ക് അടിപ്പെടാതിരിക്കാൻ നമുക്കു സാധിക്കും.
മാർപാപ്പ വിശുദ്ധ കുർബാന അർപ്പിക്കുന്നത് ജനാഭിമുഖമായാണെന്നും മാർപാപ്പ അർപ്പിക്കുന്നതുപോലെ വിശുദ്ധ കുർബാന അർപ്പിക്കുവാനാണ് എറണാകുളം വൈദികർ ആവശ്യപ്പെടുന്നതെന്നും മിക്കപ്പോഴും പറയാറുണ്ട്. അങ്ങ് ഇതിനെ എങ്ങനെ കാണുന്നു?
മാർപാപ്പ ലത്തീൻ റീത്തിൽ വിശുദ്ധ കുർബാന അർപ്പിക്കുന്പോൾ ജനാഭിമുഖമായാണു നിൽക്കുന്നത്. കാരണം, അതാണു സാധാരണ രീതിയിൽ, നിയമപരമായുള്ള അർപ്പണ രീതി. എന്നാൽ, പൗരസ്ത്യ സഭയുടെ വിശുദ്ധ കുർബാന അർപ്പിക്കുന്പോൾ ആ സഭയുടെ നിയമം അദ്ദേഹം പാലിക്കും. ഉദാഹരണമായി മാർപാപ്പ സീറോ മലബാർ റീത്ത് പ്രകാരമുള്ള വിശുദ്ധ കുർബാനയാണ് അർപ്പിക്കുന്നതെങ്കിൽ ഈ സഭയുടെ സിനഡ് നിഷ്കർഷിച്ചിട്ടുള്ള രീതി മാത്രമേ അദ്ദേഹം സ്വീകരിക്കൂ. ഉദാഹരണമായി 1986ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ കോട്ടയത്ത് അൽഫോൻസാമ്മയെയും ചാവറയച്ചനെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചപ്പോൾ സിനഡ് നിഷ്കർഷിച്ചിട്ടുള്ള രീതിയിലാണ് അദ്ദേഹം കുർബാനയർപ്പിച്ചത്. ഓരോ സഭയ്ക്കും സ്വന്തമായ നിയമപരമായ ആരാധനക്രമ രീതികളുണ്ട്. ഒരു സഭയുടെ ആരാധനക്രമ രീതി ഇതര സഭയുടേതുപോലായിരിക്കണമെന്നു നമുക്കു പറയാനാകില്ല.
എല്ലാ വൈദികരും നിയമം അനുസരിക്കുന്നത് സാധ്യമാണെന്ന് അങ്ങ് വിചാരിക്കുന്നുണ്ടോ?
തീർച്ചയായും അതു സാധ്യമാണ്. അനുസരിക്കാതിരിക്കാനുള്ള കാരണമെന്തെങ്കിലും എനിക്കു കാണാനാകുന്നില്ല. കാരണം എറണാകുളം - അങ്കമാലി അതിരൂപതയിലെ വൈദികരുടെ എണ്ണം 450 ആണ്. സീറോമലബാർ സഭയിലെ 5200 വൈദികരിൽ ഇവരൊഴിച്ച് ബാക്കിയുള്ളവരെല്ലാം സിനഡൽ ഫോർമുലപ്രകാരമുള്ള വിശുദ്ധ കുർബാനയാണ് അർപ്പിക്കുന്നത്. ബഹുഭൂരിപക്ഷം വൈദികർക്കും സിനഡ് വിശുദ്ധ കുർബാന അർപ്പിക്കാമെങ്കിൽ എന്തുകൊണ്ട് എറണാകുളത്തെ വൈദികർക്കു മാത്രം പാടില്ലെന്നതാണ് എന്റെ ചോദ്യം.
എല്ലാ രൂപതകളിലും വിശുദ്ധ കുർബാന അർപ്പണത്തിൽ ഏകീകൃത സ്വഭാവം വേണമെന്നു നിഷ്കർഷിക്കുന്നത് എന്തുകൊണ്ടാണ്?
സഭയുടെ ആരാധനക്രമ നിയമം എല്ലായിടത്തും ഒരേപോലായിരിക്കണമെന്നു പറയുന്ന ഒരു കാനൻ നിയമമുണ്ട്. ആരാധനക്രമ രീതിയാണ് സഭയുടെ മുഖമെന്നതാണു കാരണം. അതിനാൽത്തന്നെ ആരാധനക്രമം സഭയുടെ അടിസ്ഥാന ഘടകമാണ്. ഒരേ സഭയിൽ ആരാധനക്രമം വ്യത്യസ്തമായിരിക്കണമെന്ന് പ്രസ്തുത നിയമം നടപ്പാക്കിയ മാർപാപ്പ ആഗ്രഹിച്ചിട്ടുണ്ടാകില്ല. കൂടാതെ, താനോ തന്റെ മുൻഗാമിയോ നടപ്പിലാക്കിയ ഒരു നിയമം ഒരു മാർപാപ്പ അനുസരിക്കുന്നതും കാണാനാകും, അതു മാറ്റുന്നതിനു ഗുരുതരമായ കാരണമില്ലെങ്കിൽ.
ചില വിട്ടുവീഴ്ചകൾക്കു സാധ്യതയുണ്ടോ?
ഇപ്പോഴത്തെ രീതി നേരത്തേതന്നെ അനുനയ ഫോർമുലയുടെ അടിസ്ഥാനത്തിൽ രൂപപ്പെട്ടതാണ്. ആരംഭകാലം മുതലേയുള്ള ആരാധനക്രമ നിയമപ്രകാരം കുർബാനയിൽ മുഴുവൻ സമയവും കാർമികൻ അൾത്താരാഭിമുഖമായാണു നിൽക്കുന്നത്. ഇതിനെതിരേ ചില വൈദികരിൽനിന്നു പ്രതിഷേധമുണ്ടായതോടെയാണ് എല്ലാവർക്കും സ്വീകാര്യമായ, ഇപ്പോൾ നടപ്പാക്കിയിരിക്കുന്ന ഫോർമുല നടപ്പാക്കാൻ 1999ൽ സിനഡ് തീരുമാനിച്ചത്.
നിരവധി വൈദികരുടെയും അല്മായരുടെയും പ്രതിഷേധങ്ങൾ അവഗണിച്ചുകൊണ്ട് എങ്ങനെ സിനഡാത്മകത പാലിക്കാനാകും?
സഭയിലാകെ നാം സിനഡാത്മകതയെക്കുറിച്ച് സംസാരിക്കുന്നു. എന്നാൽ, രണ്ടാം വത്തിക്കാൻ സൂനഹദോസ് പറയുന്നതുപോലെ സഭയെന്ന ആശയത്തിൽ ഇതു നേരത്തേതന്നെ ഉള്ളതാണ്. എല്ലാ വിശ്വാസികളും ഒരുമിച്ചു നടക്കുന്നു എന്ന കാഴ്ചപ്പാടുള്ള സഭയെ അത് അവതരിപ്പിക്കുന്നു. അതായത് എല്ലാ വിശ്വാസികളും ചേർന്നതാണു സഭ.
ഈ സാഹചര്യത്തിൽ സഭയിലെ എല്ലാ അംഗങ്ങളെയും ബഹുമാനിക്കേണ്ടതുണ്ട്, പ്രത്യേകിച്ച് തീരുമാനമെടുക്കുന്ന പ്രക്രിയകളെ. എല്ലാവരുടെയും ആവശ്യങ്ങൾ അംഗീകരിക്കുമെന്നോ എല്ലാവരുടെയും അംഗീകാരത്തോടെ മാത്രമേ നിയമം നടപ്പാക്കുകയുള്ളൂവെന്നോ ഇതിന് അർഥമില്ല. ഒരു സമൂഹത്തിലും ഇതു പ്രായോഗികമല്ല. വിഷയത്തിൽ എന്തെങ്കിലും പറയാനുള്ളവരെ ഇതിനോടകം ബന്ധപ്പെട്ട അധികൃതർ കേട്ടിട്ടുണ്ടെന്ന കാര്യത്തിൽ എനിക്ക് ഉറപ്പുണ്ട്.
സിനഡ് അംഗീകരിച്ച വിശുദ്ധ കുർബാന അർപ്പിക്കണമെന്ന് ആഗ്രഹമുള്ളവരും ചോദിക്കുന്നവരുമായ നിരവധി പേർ എറണാകുളം-അങ്കമാലി അതിരൂപതയിലുണ്ട്. അവരെ ബഹുമാനിക്കാൻ അധികൃതർ ശ്രദ്ധിക്കണം. സിനഡൽ ഫോർമുല അംഗീകരിക്കുന്നുവെന്നത് സിനഡാത്മകത നടപ്പാക്കലാണ്. കാരണം, ഇരു ഗ്രൂപ്പുകളെയും(അൾത്താരാഭിമുഖ കുർബാന വേണമെന്നു വാദിക്കുന്നവരെയും ജനാഭിമുഖ കുർബാന വേണമെന്നു വാദിക്കുന്നവരെയും) കേട്ടതിന്റെ ഫലമാണിത്.
ആരാധനക്രമം അനുസരിക്കാൻ ചില വൈദികർ കൂട്ടാക്കിയില്ലെങ്കിൽ എന്തായിരിക്കും
അങ്ങ് ചെയ്യുക?
ഏതെങ്കിലും വൈദികൻ സിനഡൽ ഫോർമുലപ്രകാരമുള്ള വിശുദ്ധ കുർബാന അർപ്പിക്കുന്നതിൽനിന്ന് വിട്ടുനിൽക്കുമെന്ന് എനിക്കു തോന്നുന്നില്ല. കാരണം അതു മാർപാപ്പയെ ധിക്കരിക്കുന്ന ഗുരുതരമായ തെറ്റാണെന്നതുതന്നെ. ഒരു വൈദികൻ തന്റെ തിരുപ്പട്ടവേളയിൽ മെത്രാന്റെയും വിശ്വാസികളുടെയും മുന്പാകെ എടുത്ത വാഗ്ദാനത്തിന്റെ സാക്ഷാത്കാരംകൂടിയാണ് ആരാധനക്രമ നിയമത്തെ അനുസരിക്കുകയെന്നത്.
സിനഡ് ഫോർമുല പ്രകാരമുള്ള വിശുദ്ധ കുർബാന അർപ്പണ രീതി നടപ്പാക്കാൻ മാർപാപ്പയാണ് എന്നെ അധികാരപ്പെടുത്തിയത്. സീറോമലബാർസഭാ വിശ്വാസികളുടെ അചഞ്ചലമായ വിശ്വാസ പൈതൃകത്തിലും മാർപാപ്പയോടുള്ള വിധേയത്വത്തിലും ഞാൻ പ്രത്യാശയർപ്പിക്കുന്നു. വൈദികരുടെ അനുസരണക്കേടിന് കാനോനികമായ നടപടികൾ ഉണ്ടാകുന്നതിനുമുന്പ് അവരെ തിരുത്തേണ്ട ബാധ്യത വിശ്വാസികൾക്കുണ്ട്. “”ഞങ്ങളുടെ ബഹുമാനവും ആദരവും നിങ്ങൾക്കു വേണമെങ്കിൽ നിങ്ങൾ മാതൃകാ വ്യക്തിത്വങ്ങളാകുക, സഭാ കൂട്ടായ്മയ്ക്കൊപ്പം ചരിക്കുക, മാർപാപ്പയെ അനുസരിക്കുക’’ എന്നിങ്ങനെ വിശ്വാസികൾ വൈദികരോടു പറയണം. അപ്പോൾ അവർ സ്വയം തിരുത്തും.
എന്തു ചെയ്യാനാണ് മാർപാപ്പ അങ്ങയോട് ആവശ്യപ്പെട്ടിട്ടുള്ളത്?
ഈ ചോദ്യത്തിന് പേപ്പൽ ഡെലഗേറ്റ് എന്ന നിലയിലുള്ള എന്റെ നിയമന ഉത്തരവിലെ വാക്കുകൾ ഉദ്ധരിക്കുകയല്ലാതെ മറ്റൊരു രീതിയിൽ ഉത്തരം നൽകാൻ എനിക്കാകില്ല. “”വിമതരായി നിലകൊള്ളുന്ന ബിഷപ്പുമാരെയും വൈദികരെയും അനുസരണത്തിലേക്ക് എത്തിക്കുന്നതിനുള്ള വഴികൾ കണ്ടെത്തുന്നതിനായി സാഹചര്യം പഠിക്കുകയെന്നതാണ് പൊന്തിഫിക്കൽ ഡെലഗേറ്റിന്റെ പ്രധാന ദൗത്യം.’’ലളിതമായി പറഞ്ഞാൽ എന്റെ നിയമനം ഫ്രാൻസിസ് മാർപാപ്പയുടെ വ്യക്തിപരമായ ഒരു തീരുമാനമായിരുന്നു.
സിനഡൽ ഫോർമുല പ്രകാരമുള്ള വിശുദ്ധ കുർബാന അർപ്പണരീതി സംബന്ധിച്ച സീറോമലബാർസഭാ സിനഡിന്റെ തീരുമാനം ഫലത്തിൽ വരുത്തുന്നതിന് പ്രത്യേക ചുമതല മാർപാപ്പ എനിക്കു തന്നിട്ടുണ്ട്. അതായത് സിനഡിന്റെ തീരുമാനം നടപ്പാക്കാനുള്ള ചുമതല.
കൊച്ചിപോലുള്ള ഒരു കോസ്മോപോളിറ്റൻ നഗരത്തിൽ സിനഡ് കുർബാന സാധ്യമാണോ?
കോസ്മോപോളിറ്റൻ നഗരത്തെയും വിശുദ്ധ കുർബാന അർപ്പണത്തെയും ഞാൻ പരസ്പരം ബന്ധപ്പെടുത്തില്ല. എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു പുറമേ കൊച്ചിയിൽ സീറോമലങ്കര, ഓർത്തഡോക്സ്, മാർത്തോമ്മ സഭകളുടെ ദേവാലയങ്ങളും കോട്ടയം ക്നാനായ അതിരൂപതയുടെ ദേവാലയവുമുണ്ട്.
ഈ ദേവാലയങ്ങളിലെല്ലാം കാർമികൻ അൾത്താരാഭിമുഖ കുർബാനയാണ് അർപ്പിക്കുന്നത്. തിരുവനന്തപുരം കോസ്മോപോളിറ്റൻ നഗരം മാത്രമല്ല, ജനസംഖ്യയിൽ കൊച്ചിയേക്കാൾ വലുതുമാണ്. മുന്പു പറഞ്ഞ സഭകളുടെ ദേവാലയങ്ങളെല്ലാം ആ നഗരത്തിലുമുണ്ട്. അവിടത്തെ സീറോമലബാർ സഭയുടെ ദേവാലയങ്ങളിൽ സിനഡ് അംഗീകരിച്ച വിശുദ്ധ കുർബാനയാണ് അർപ്പിക്കുന്നത്.
കൊച്ചിയിലെ മറ്റു മതവിശ്വാസികൾ അവരുടേതായ രീതിയിലാണ് ആരാധന നടത്തുന്നത്. അവരുടെ പുരോഹിതരാരും വിശ്വാസികളെ അഭിമുഖം നിൽക്കുന്നില്ലതാനും. അതിനാൽ കൊച്ചിയെ കോസ്മോപോളിറ്റൻ നഗരമായി കാണണമെന്നത് നിയമം നടപ്പാക്കുന്നതിനു തടസമാകുന്നില്ല. ഞാൻ അംഗമായിരിക്കുന്ന പൗരസ്ത്യ കത്തോലിക്കാ സഭയിൽ കിഴക്കോട്ടു തിരിഞ്ഞാണ് വി. കുർബാനയർപ്പണം. പൗരസ്ത്യ കത്തോലിക്കാ, അകത്തോലിക്കാ സഭകളിലെല്ലാം പൊതുവേ ഇതേ രീതിയാണുള്ളത്.