സജി ചെറിയാനെ മന്ത്രിയാക്കാനുള്ള നീക്കം ഭരണഘടനാവിരുദ്ധം: കെ.സുരേന്ദ്രൻ
സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള നീക്കം ഭരണഘടനാവിരുദ്ധമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.
സർക്കാരിന് ഭരണഘടനയോട് ബഹുമാനമില്ലെന്ന് വ്യക്തമായതായും തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഭരണഘടനയെ അവഹേളിച്ചാൽ ശിക്ഷ ആറുമാസത്തേക്ക് മാത്രമാണോയെന്ന് മുഖ്യമന്ത്രി പറയണം. ഭരണഘടനയെ തള്ളി പറഞ്ഞതിനും ഭരണഘടനാ ശിൽപ്പികളെ അധിക്ഷേപിച്ചതിനാലുമാണ് സജി ചെറിയാന് മന്ത്രി സ്ഥാനം നഷ്ടമായത്.
സത്യപ്രതിഞ്ജാലംഘനമാണ് സജി ചെറിയാൻ നടത്തിയത്.പുതുവർഷ പുലരിയിൽ സർക്കാർ എടുത്ത മ്ലേച്ഛമായ തീരുമാനത്തെ ജനങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ല. പ്രകോപനകരമായ നടപടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
ഇതിന് സർക്കാർ ദൂരവ്യാപകമായ പ്രത്യാഘാതം നേരിടും. നിയമപരമായും രാഷ്ട്രീയമായും ഭരണഘടനാ വിരുദ്ധ നീക്കത്തിനെതിരെ ബിജെപിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.