സഖാവ് പി ബിജുവിൻ്റെ അകാലത്തിലുള്ള വിയോഗ വാർത്ത നടുക്കമുണർത്തുന്നതും തീർത്തും വേദനാജനകവുമാണ്.

Share News

വിദ്യാർത്ഥിയായിരിക്കുന്ന കാലത്ത് തന്നെ ഉയർന്ന രാഷ്ട്രീയ ബോധവും സംഘടനാ മികവും പ്രകടിപ്പിച്ച ഭാവി വാഗ്ദാനമെന്ന നിലയിലാണ് ബിജുവിനെ കണ്ടത്. നിരവധി സമരമുഖങ്ങളിൽ തീക്കനൽ പോലെ ജ്വലിച്ചു നിന്ന ബിജുവിനെ കേരളത്തിന് മറക്കാൻ സാധിക്കില്ല.

യു ഡി എഫ് ഭരണകാലത്ത് ക്രൂരമായ മർദ്ദനങ്ങൾക്ക് സഖാവ് വിധേയനായി. ആ സന്ദർഭങ്ങളിലൊക്കെ ബിജുവിനെ നേരിട്ട് കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. അപ്പോഴൊക്കെ സമരമുഖങ്ങളിലെ വേട്ടയാടലുകളിൽ പതറാത്ത കമ്യൂണിസ്റ്റായാണ് ബിജു അടയാളപ്പെടുത്തിയത്.

ശാരീരികമായ പരിമിതികളെ അതിജീവിച്ച് കുട്ടിക്കാലം മുതൽക്കെ വിദ്യാർത്ഥി സംഘടനാ രാഷ്ട്രീയത്തിലൂടെ വളർന്നു വന്ന നേതാവായിരുന്നു പി ബിജു. ആശയപരമായ ഉൾക്കാഴ്ചയും സർഗാത്മകമായ സംഘാടന പാടവവും സംഘടനാ രംഗത്ത് പുലർത്തിയ മികവുമാണ് പി ബിജുവിനെ പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കുയർത്തിയത്. യുവജനപ്രസ്ഥാനത്തിൻ്റെ ഭാരവാഹിയായും സഖാവ് മികവ് തെളിയിച്ചു.

യുവജനക്ഷേമ ബോർഡിൻ്റെ വൈസ് ചെയർമാനെന്ന ഉത്തരവാദിത്തം ഏൽപ്പിച്ചപ്പോൾ, രാജ്യത്തിന് തന്നെ മാതൃകയാവുന്ന രീതിയിൽ യുവജനക്ഷേമ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ ബിജുവിന് സാധിച്ചു. വൈവിധ്യമാർന്ന പരിപാടികൾ ഏറ്റെടുത്ത് നടപ്പിലാക്കാൻ യുവജനക്ഷേമ ബോർഡിനെ പ്രാപ്തമാക്കി. ബിജുവിൻ്റെ നേതൃപരമായ ഏകോപന മികവാണ് ഇവിടെ കാണാനായത്.

കേരളത്തിലെ വിപ്ലവ പ്രസ്ഥാനത്തിൻ്റെ ഭാവി വാഗ്ദാനത്തെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഇത് അപരിഹാര്യമായ ഒരു വിടവ് തന്നെയാണ്. പി ബിജുവിൻ്റെ വേർപാട് പ്രസ്ഥാനത്തെ ഏറെ ദുഖിപ്പിക്കുന്നതാണ്. അദ്ദേഹത്തിൻ്റെ സഖാക്കളുടെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ദുഖത്തോടൊപ്പം ഞാനും പങ്കാളിയാവുന്നു.സിപിഐ എം സംസ്ഥാന കമ്മറ്റിയുടെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു.-

സ. കോടിയേരി ബാലകൃഷ്ണൻ

CPIM Kerala

Share News