കൊത്തുപണിക്കാരനാകാനുള്ള ഏകവഴി ഏതെങ്കിലുമൊരു സ്റ്റോളിൽ ജോലിക്കാരനാവുക എന്നതാണ്.
കുന്നംകുളം കുറുക്കൻപാറയിൽ പാതയോരത്ത് നിരനിരയായി കരിങ്കൽ കൊത്തുപണിക്കാരുടെ കടകളുടെയും വർക്ക്ഷെഡ്ഡുകളുടെയും നിര കാണാം. 36 സ്റ്റോളുകൾ ഇങ്ങനെ നിരന്നുകിടക്കുന്നത് കണ്ടാൽ ഒന്നു നോക്കാതെ പോകാൻ തോന്നില്ല. വീശാൻകല്ല്, ബഹുനില അമ്പലവിളക്ക്, സോപാനം, കട്ടിള പിന്നെ ഓർഡർ അനുസരിച്ച് ഏതു വിഗ്രഹവും.ഓരോ സ്റ്റോളിലും 3 മുതൽ 5 വരെ ജോലിക്കാരുണ്ട്. പട്ടാമ്പിയിൽ നിന്നുള്ള ഏതാനും പേരൊഴിച്ചാൽ ബാക്കിയുള്ളവരെല്ലാം അവിടെ ചുറ്റുവട്ടത്തുന്ന തന്നെ താമസിക്കുന്നവരാണ്. കുന്നംകുളത്തുകാരുടെ ഓർമ്മയുള്ള കാലം മുതൽ കുറുക്കാൻപാറയിൽ ഈ കൊത്തുപണി സംഘമുണ്ട്. ഇവിടെനിന്നും അധികം ദൂരമല്ലാതെ വലിയൊരു ക്വാറി ഉണ്ടായിരുന്നു. അവിടെനിന്നുള്ള കല്ല് കൊത്തുപണികൾക്കു ബഹുവിശേഷമായിരുന്നു. അങ്ങനെയാണത്രേ ഈ തൊഴിൽ ഇവിടെ ആവിർഭവിച്ചത്.
റ്റി.എസ്. ഷാബു കരിങ്കൽ വർക്സിന്റെ ഉടമസ്ഥൻ ഷാബുവിനോടു ചോദിച്ചപ്പോൾ മുത്തച്ഛന്റെ കാലം മുതൽ ഇവിടെത്തന്നെയായിരുന്നു പണി. പലരും ഇങ്ങനെ തലമുറയായി ജോലി ചെയ്യുന്നവരാണ്. ഇപ്പോൾ കുന്നംകുളത്തു ക്വാറിയില്ല. അതൊരു ജലസംഭരണിയാണ്. ദൂരെനിന്നും കല്ല് കൊണ്ടുവരണം. എല്ലാ കല്ലും പറ്റില്ല. കല്ല് മുറിക്കുന്നവർക്ക് അറിയാം. മണ്ണിനടിയിലെ കല്ലാണ് ഉത്തമം. അങ്ങനെ കല്ലുമായിട്ടു വരുന്ന ചിലർ കൊത്തുപണിക്കാരായിട്ടുണ്ട്.
കൊത്തുപണിക്കാരനാകാനുള്ള ഏകവഴി ഏതെങ്കിലുമൊരു സ്റ്റോളിൽ ജോലിക്കാരനാവുക എന്നതാണ്. ഒന്നോ രണ്ടോ വർഷം നീളുന്ന അപ്രന്റിഷിപ്പ്. പണ്ടെല്ലാം ഉളിയും കൊട്ടുവടിയും കൊണ്ടായിരുന്നു. ഇപ്പോൾ ആധുനിക ഡ്രില്ലിംഗ് മെഷീനൊക്കെ വന്നിട്ടുണ്ട്. പക്ഷെ, വിഗ്രഹങ്ങൾക്ക് ഉളി കൂടിയേതീരൂ. വിഗ്രഹങ്ങളുടെ വില എത്ര നാൾ കൊത്തിയാലാണ് ഉണ്ടാവുക എന്നതിനെ ആശ്രയിച്ചിരിക്കും. 1000 രൂപയാണ് ഒരു ശിൽപ്പിക്കു ദിവസക്കൂലി. ചില വിഗ്രഹങ്ങൾ ഒന്നും രണ്ടും മാസങ്ങളെടുക്കും. അതനുസരിച്ചു വിലയും കൂടും. സ്ത്രീകൾക്കു കൊത്തുപണിക്കു വിലക്കൊന്നുമില്ല. ഭർത്താക്കൻമാരെ സഹായിക്കാൻ വരുന്ന സ്ത്രീകൾ വിദഗ്ദതൊഴിലാളികളായി മാറിയിട്ടുണ്ട്.
കോവിഡ് ഇവരുടെ തൊഴിലിനെ ഗൗരവമായി ബാധിച്ചിട്ടുണ്ട്. വീശാൻകല്ലിനൊന്നും ഡിമാന്റ് കുറഞ്ഞിട്ടില്ല. പക്ഷെ വിഗ്രഹങ്ങൾക്കും വിളക്കുകൾക്കുമൊക്കെ ആവശ്യക്കാർ നന്നേ കുറവ്. അതുകൊണ്ട് ഞാൻ പോയപ്പോൾ മിക്കവാറും സ്റ്റോളുകളിലും ഒരാളൊക്കെ മാത്രമേ പണി ചെയ്തിരുന്നുള്ളൂ. പക്ഷെ, അതു ഞായറാഴ്ചയായതുകൊണ്ടാണ് എന്നായിരുന്നു വിശദീകരണം. എങ്കിലും ഓർഡർ ഗണ്യമായി കുറഞ്ഞൂവെന്നതിൽ ആർക്കും അഭിപ്രായവ്യത്യാസമില്ല. 36 സ്റ്റോളുകൾ ഉണ്ടെന്നു പറഞ്ഞൂവല്ലോ. ഏതാനും സ്റ്റോൾ ഉടമസ്ഥരുടെ ഫോൺ നമ്പറുകൾ താഴെ കൊടുക്കുന്നു
റ്റി.എസ്. ഷാബു (9349748430), കെ.ബി. സുനിൽ (9744701909), എൻ.ഐ. മണി (8921484548), ജോൺസൺ പി ജോൺ (9847019895), നാരായണ വർക്സ് (9961536875)
Dr.T.M Thomas Isaac