ഭാരതത്തിന്റെ ചന്ദനപരിമളം ഇനി മാർപാപ്പായുടെ കരങ്ങളിൽ.

Share News

കോട്ടയം : ആഗോള കത്തോലിക്കാസഭയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട പോപ്പ് ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ‌വിശിഷ്ടമായ സമ്മാനവുമായി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ. ഉ‍ഡുപ്പി കൃഷ്ണമഠത്തിലെ കരകൗശലവിദഗ്ദർ ചന്ദനത്തടിയിൽ തീർത്ത സ്ലീബായാണ് ഉപഹാരമായി സമർപ്പിച്ചത്. പൂർണമായും കൈകൾക്കൊണ്ട് നിർമ്മിച്ച സ്ലീബായിൽ അമൂല്യമായ കല്ലുകളും പതിപ്പിച്ചിട്ടുണ്ട്.

മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായെ പ്രതിനിധീകരിച്ച് സഭയുടെ ഇന്റർ ചർച്ച് എക്യുമെനിക്കൽ വിഭാഗമാണ് ഉപഹാരം കൈമാറിയത്. മലങ്കര ഓർത്തഡോക്സ് സഭയെ മാർപാപ്പായുടെ സ്ഥാനാരോഹണച്ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. മെത്രാപ്പോലീത്താമാരായ സഖറിയാ മാർ നിക്കോളവോസ്, ഏബ്രഹാം മാർ സ്തേഫാനോസ്, ഫാ. അശ്വിൻ ഫെർണാണ്ടസ് എന്നിവർ സ്ഥാനാരോഹണച്ചടങ്ങിൽ പങ്കെടുത്തശേഷം മാർപാപ്പായുമായി കൂടിക്കാഴ്ച്ച നടത്തി.

പരിശുദ്ധ കാതോലിക്കാബാവായുടെ സന്ദേശം പ്രതിനിധി സംഘം മാർപാപ്പായ്ക്ക് കൈമാറി. ലോകസമാധാനത്തിനും, ക്രൈസ്തവസഭകളുടെ ഏകീകരണത്തിനും നിർണായക പങ്കുവഹിക്കാൻ പാപ്പായ്ക്ക് കഴിയട്ടെയെന്ന് പരിശുദ്ധ കാതോലിക്കാബാവാ ആശംസിച്ചു. മലങ്കര ഓർത്തഡോക്സ് സഭയും കത്തോലിക്കാസഭയും തുടർന്നുവരുന്ന വേദശാസ്ത്രസംവാദങ്ങളും, പരസ്പര സഹകരണവും പുതിയ തലത്തിലേക്ക് വളരട്ടെയെന്നും പരിശുദ്ധ ബാവാ ആശംസിച്ചു.

Catholicate News 

Share News