
രാജ്യത്തെ ആദ്യത്തെ കാർബൺ ന്യൂട്രൽ കൃഷിത്തോട്ടമായി മാറിയിരിക്കുകയാണ് ആലുവ തുരുത്തിൽ കൃഷി വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് സീഡ് ഫാം. ഇന്നു രാവിലെ ബഹു മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഫാം സന്ദർശിച്ചു. കാർബൺ ന്യൂട്രൽ പ്രഖ്യാപനം നടത്തി.
ആലുവയിലെ മാതൃക പിൻപറ്റി സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും കാര്‍ബണ്‍ ന്യൂട്രല്‍ മാതൃക പിന്‍പറ്റുന്ന കൃഷി ത്തോട്ടങ്ങളും ഹരിത പോഷക ഗ്രാമങ്ങളും സൃഷ്ടിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കാർബൺ വികിരണത്തിലുണ്ടായ ഗണ്യമായ കുറവാണ് ആലുവയിലെ സംസ്ഥാന വിത്തുൽപ്പാദന കേന്ദ്രത്തെ ന്യൂട്രൽ പദവിയിലെത്തിച്ചത്. ഇതിനായി പരിശ്രമിച്ച കൃഷി വകുപ്പ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി അഭിനന്ദിച്ചു.
കാര്‍ബണ്‍ ന്യൂട്രല്‍ എന്ന ആശയം കൃഷി മേഖലയില്‍ മാത്രം ഒതുങ്ങാതെ മറ്റു മേഖലകളിലേക്കും വ്യാപിപ്പിക്കണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഫോസില്‍ ഫ്യൂവല്‍ വാഹനങ്ങള്‍ പ്രകൃതിയില്‍ ഉണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്. ഈ സാഹചര്യത്തിലാണ് 2018ല്‍ സര്‍ക്കാര്‍ ഇ-വാഹന നയം രൂപീകരിച്ചത്. ഇതിന്‍റെ ഭാഗമായി ഇ-ഓട്ടോകള്‍ വിലയുടെ 25 ശതമാനം തുക സബ്‌സിഡി നിരക്കില്‍ നല്‍കിവരുന്നു.
പരിസ്ഥിതി സംരക്ഷണത്തിനായി ട്രീ ബാങ്കിംഗ് പദ്ധതിയും സർക്കാരിന്റെ പരിഗണനയിലുണ്ട്. അമ്പതില്‍ കുറയാതെ വൃക്ഷത്തൈകള്‍ നട്ടു പിടിപ്പിച്ച് രണ്ടുവര്‍ഷം പരിപാലിക്കുന്നവര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കും. 2050 ഓടെ സംസ്ഥാനം നെറ്റ് സീറോ കാര്‍ബണ്‍ എമിഷനില്‍ എത്തുക എന്നതാണ് മറ്റൊരു ലക്ഷ്യം.
രാജ്യത്തെ തന്നെ ആദ്യത്തെ സൗരോർജ ബോട്ടായ ആദിത്യ നീറ്റിലിറക്കിയത് കേരളത്തിലാണ്. ആദിത്യ അരലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചത് വഴി 500 ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ സാധിച്ചു. 2026നകം 50 ശതമാനം ബോട്ടുകളും സൗരോർജത്തിൽ പ്രവര്‍ത്തിക്കുന്നവയാക്കി മാറ്റും. വീടുകളില്‍ സോളാര്‍ പാനലുകള്‍ വയ്ക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് നല്‍കുന്ന വായ്പ പലിശയില്‍ ഇളവു നല്‍കുന്നുണ്ട്. ആദ്യഘട്ടത്തില്‍ ഈ പദ്ധതിക്കായി 15 കോടി രൂപ അനുവദിച്ചു.
ഊര്‍ജ്ജസ്രോതസ്സുകള്‍ പുനരുപയോഗത്തിന് സാധ്യമാക്കാന്‍ നവീന ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനെ കുറിച്ചുള്ള ഗവേഷണങ്ങള്‍ നടക്കുന്നു. ഇതിനായി കഴിഞ്ഞ ബജറ്റില്‍ 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
2025 ആകുമ്പോഴേക്കും കേരളത്തിലെ വൈദ്യുതി ഉപയോഗത്തിന്റെ 40 ശതമാനം പുനരുപയോഗ സാധ്യതയുള്ള ഊര്‍ജ്ജസ്രോതസുകളില്‍ നിന്ന് ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.