
ഓഗസ്റ്റ് മൂന്നിന് ആരംഭിച്ച ഗ്രോട്ടോയുടെ നിർമ്മാണം മാതാവിന്റെ ജനനത്തിരുനാൾ ദിനത്തിലാണ് പൂർത്തിയായത്.
അദിലാബാദ്: അഗ്‌നിബാധയിൽ കിടപ്പാടം നഷ്ടമായ നാട്ടുകാരന് പുതിയ വീട് നിർമിക്കാൻ പൊരിവെയിലൊന്നും വകവെക്കാതെ മണ്ണിലിറങ്ങി പണിയെടുത്ത മലയാളി ബിഷപ്പിനെ അറിയില്ലേ- തെലുങ്കാനയിലെ ആദിലാബാദ് രൂപതയുടെ ഇടയൻ മാർ പ്രിൻസ് പാണേങ്ങാടൻ. ഇക്കഴിഞ്ഞ ദിവസം അദ്ദേഹം വീണ്ടും ‘നിർമാണത്തൊഴിൽ ഏറ്റടുത്തു. പരിശുദ്ധ ദൈവമാതാവിന് പിറന്നാൾ സമ്മാനം ഒരുക്കുകയായിരുന്നു ലക്ഷ്യം.
ഒറ്റയാൾ അധ്വാനത്തിലൂടെ ഏതാണ്ട് ഒരു മാസംകൊണ്ട് അദ്ദേഹം ആഗ്രഹം സഫലമാക്കി- മമ്മ മേരിക്ക് ഒരുഗ്രൻ ഗ്രോട്ടോ. നാളുകൾക്കുമുമ്പ് മനസിൽ നാമ്പിട്ടതായിരുന്നു ആഗ്രഹം. കൈക്കോട്ടും കൊലശേരിയുമായി രംഗത്തിറങ്ങാൻ പിന്നെ താമസിച്ചില്ല.ഉരുളൻ കല്ലുകൾ ചുമക്കുന്നതുമുതൽ കുമ്മായം കൂട്ടുന്നതും കല്ലുറപ്പിക്കുന്നതുമെല്ലാം ഒറ്റയ്ക്കുതന്നെ ചെയ്തു. ഓഗസ്റ്റ് മൂന്നിന് ആരംഭിച്ച ഗ്രോട്ടോയുടെ നിർമ്മാണം മാതാവിന്റെ ജനനത്തിരുനാൾ ദിനത്തിലാണ് പൂർത്തിയായത്.
വിശുദ്ധ ചാവറ കുരിയാക്കോസ് ഏലിയാസച്ചന്റെ നാമധേയത്തിൽ സ്ഥാപിതമായ, അദിലാബാദ് രൂപതാ പാസ്റ്ററൽ സെന്ററിന്റെ മുന്നിലാണ് ഗ്രോട്ടോ നിർമിച്ചിരിക്കുന്നത്. വിദഗ്ദ്ധനായ ഒരു നിർമാണ തൊഴിലാളിയുടെ കരവേലയെ അനുസ്മരിപ്പിക്കുന്ന മനോഹരമായ ഗ്രോട്ടോയുടെ ഭാഗമായി ചെറിയ ഒരു ജലാശയവും തയാറാക്കിയിട്ടുണ്ട്. ആദിലാബാദ് രൂപതയുടെ പ്രഥമ അധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് കുന്നോത്തിന്റെ കാർമികത്വത്തിലായിരുന്നു കൂദാശാകർമം.
ബ്രദർ എഫ്രേം കുന്നപ്പള്ളിൽ