പങ്കാളിയെ കൈമാറ്റം നടത്തിയത് വിരുന്നുകളുടെ മറവിൽ
കോട്ടയം: ജീവിത പങ്കാളിയെ കൈമാറ്റം ചെയ്യുന്ന സംഘം കോട്ടയം കറുകച്ചാലിൽ അറസ്റ്റിലായതോടെ പുറത്തുവരുന്നത് അന്പരപ്പിക്കുന്ന വിവരങ്ങൾ. ആയിരക്കണക്കിനു ദന്പതിമാരും അംഗങ്ങളും സമൂഹ മാധ്യമങ്ങളിൽ രൂപം നൽകിയിരുന്ന ഇവരുടെ ഗ്രൂപ്പുകളിൽ ഉണ്ടായിരുന്നതായാണ് സൂചന. ഇതുപോലെയുള്ള 15 സാമൂഹിക ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് പോലീസ് കണ്ടെത്തൽ. ഈ ഗ്രൂപ്പുകൾ പോലീസ് നിരീക്ഷണത്തിലാണ്.
മെസഞ്ചർ, ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയായിരുന്നു ആശയ വിനിമയവും കൂട്ടാമയ്മയും. വീടുകളിൽ ഒരുക്കുന്ന വിരുന്നുകളുടെ മറവിലായിരുന്നു പങ്കാളികളെ കൈമാറ്റം പ്രധാനമായും അരങ്ങേറിയിരുന്നത്. സമൂഹമാധ്യമങ്ങളുടെ ഗ്രൂപ്പുകളിലൂടെ പരസ്പരം സൗഹൃദത്തിലാവുകയാണ് ആദ്യ പടിയെന്നു പോലീസ് പറയുന്നു.
പിന്നീട് ഈ ബന്ധം കൂടുതൽ ശക്തമാകും. രഹസ്യങ്ങൾ പങ്കുവയ്ക്കുന്ന തലത്തിലേക്കു ബന്ധം ഊഷ്മളമാക്കും. ഇഷ്ടങ്ങളും താത്പര്യങ്ങളുമൊക്കെ സംസാരങ്ങളുടെ ഭാഗമാകും. തുടർന്നു വിഡിയോ കോളിലൂടെ പരിചയം കൂടുതൽ ശക്തമാക്കും.
തുടർന്നാണ് പങ്കാളിയെ പങ്കുവയ്ക്കാൻ താത്പര്യമുണ്ടോയെന്ന സൂചന നൽകുന്നത്. ഇതിനു മറുവശത്തുനിന്നു അനുകൂല മറുപടി ലഭിച്ചാൽ പിന്നെ അതിനുള്ള സാഹചര്യങ്ങൾ ഒരുക്കുകയാണ് ഇരുകൂട്ടരും ചെയ്യുന്നത്.
അതിനായി ഇവരിൽ ആരുടെയെങ്കിലും വീട്ടിൽ വിരുന്നു സംഘടിപ്പിച്ചിട്ട് മറ്റേ കുടുംബത്തെ ക്ഷണിക്കും. കുട്ടികൾ ഉൾപ്പെടെയുള്ളവരുമായിട്ടാവും എത്തുക. കുടുംബങ്ങൾ തമ്മിൽ മാസങ്ങളായി അടുപ്പമുള്ളതിനാൽ കുട്ടികളും പരസ്പരം സൗഹൃദത്തിലാകും. കുടുംബസുഹൃത്തുക്കൾ എന്ന പേരിലാകും അയൽപക്കത്ത് ഉള്ളവരെയും പരിചയപ്പെടുത്തുക.
രാത്രിയിൽ കുട്ടികളെയെല്ലാം ഒരിടത്ത് ആക്കി ഉറക്കിയിട്ടായിരിക്കും പങ്കാളിയെ കൈമാറ്റം പോലെയുള്ള വൈകൃതങ്ങൾ അരങ്ങേറുന്നത്. ഭർത്താക്കന്മാരുടെ നിർബന്ധത്തിനും ഭീഷണിക്കും വഴങ്ങിയാണ് മിക്ക സ്ത്രീകളും ഇതിനു മനസില്ലാ മനസോടെ വഴങ്ങുന്നത്. താത്പര്യത്തോടെ തന്നെ ഇത്തരം പരിപാടികൾക്ക് ഇറങ്ങിത്തിരിക്കുന്ന ദന്പതികളും ഉണ്ടെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്.
പങ്കാളിയെ അങ്ങോട്ടു നൽകിയെങ്കിൽ മാത്രമേ ഇങ്ങോട്ടും കൈമാറുകയുള്ളൂ. അല്ലെങ്കിൽ പങ്കാളിയെ കൈമാറിക്കിട്ടുന്നതിനു ചോദിക്കുന്ന പണം കൊടുക്കേണ്ടി വരും. അതേസമയം, ഒന്നിൽ കൂടുതൽ പുരുഷന്മാരുമായി ഒരേ സമയം കിടക്ക പങ്കിടേണ്ടി വരാറുണ്ടെന്നാണ് ഇരയാകുന്നവരുടെ വെളിപ്പെടുത്തൽ. ഇതു പലപ്പോഴും ക്രൂരപീഡനങ്ങൾക്കും കാരണമായി മാറുന്നുണ്ട്.
മനോവൈകൃതമുള്ളവരും മറ്റും ഇത്തരം ഗ്രൂപ്പുകളിൽ സജീവമാണെന്നും അവരുടെ കൈകളിൽ ചെന്നുപെട്ടാൽ ക്രൂരപീഡനമാവും ഏറ്റുവാങ്ങേണ്ടി വരുന്നതെന്നും ഇവർ പറയുന്നു. എന്തായാലും പോലീസിന്റെ അന്വേഷണം ഞെട്ടിക്കുന്ന ഒരു റാക്കറ്റിന്റെ പ്രവർത്തനങ്ങളാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്.
ഇതിനിടെ, പിടികൂടാനുള്ള മൂന്നു പ്രതികളിലൊരാൾ വിദേശത്തേക്കു കടന്നതായിട്ടാണ് അറിയുന്നത്. കൊല്ലം സ്വദേശിയാണ് വിദേശത്തേക്കു കടന്നതെന്നു പറയുന്നു. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇത്തരമൊരു സംഘത്തെ അറസ്റ്റ് ചെയ്യുന്നതെന്നാണ് പോലീസ് പറയുന്നത്.
അതുകൊണ്ട് ഗൗരവത്തോടെ കേസ് അന്വേഷിക്കുകയാണ് പോലീസ്. കൂടുതൽ സ്ത്രീകൾ പരാതികളുമായി രംഗത്തുവരുമെന്ന പ്രതീക്ഷയിലാണ് പോലീസ്. സ്ത്രീകൾ അതിനു തയാറായാൽ ഈ റാക്കറ്റുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന കൂടുതൽ പേരെ നിയമത്തിനു മുന്നിലെത്തിക്കാൻ കഴിയുമെന്നാണ് കരുതുന്നത്.