യുദ്ധം നേരിൽ കണ്ടിട്ടില്ല. അനുഭവിച്ചിട്ടുമില്ല. യുദ്ധം കണ്ടവരുടെ കഥകൾ ഒരു പ്രാർത്ഥന മാത്രമാണ് എന്നിൽ അവശേഷിപ്പിച്ചിട്ടുളത്. ഇനി ഒരു യുദ്ധം ഒരിടത്തും ഉണ്ടാകാതിരിക്കട്ടെ.

Share News

അഭയാർഥികൾ

ദിവസവും രാവിലെ പള്ളിയിൽ വന്നു കുർബാനയിൽ സംബന്ധിക്കുന്ന ആ എഴുപതുകാരനെ ഞാൻ ശ്രദ്ധിച്ചിരുന്നു. അധികം ആരോടും മിണ്ടാട്ടമില്ലാതെ കുർബാനക്ക് ശേഷം പള്ളിയിൽ നിന്ന് പിരിയും. സംഭവം മെല്ബണിലാണ്.

എല്ലാ ഭൂഖണ്ഡങ്ങലിലെയും ഏതാനും രാജ്യങ്ങൾ സന്ദർശിക്കാൻ ഭാഗ്യം കിട്ടിയിട്ടുണ്ടെങ്കിലും യുകെയും സ്‌കോട്ടലന്റും ഒഴികെ യൂറോപ്പ്യൻ ഭൂഖണ്ഡത്തിൽ കാൽ കുത്താൻ ഇതു വരെ ഭാഗ്യം ഉണ്ടായില്ല. പത്താം ക്ലാസ് പരീക്ഷക്ക് ശേഷമുള്ള രണ്ടുമാസം കൊണ്ട് വായിച്ചു തള്ളിയ പുസ്തകങ്ങളിൽ ഒന്ന് ഒരു യാത്രാവിവരണം ആയിരുന്നു. പുസ്തകത്തിന്റെയോ രചയിതാവിന്റെയോ പേരു ഓർക്കുന്നില്ല. റഷ, ചെക്കോസ്ലോവാക്യ എന്നീ നാടുകളിലൂടെ നടത്തിയ ആ യാത്രാവിവരണം എൻ ബി എസ് ആയിരുന്നു പ്രസിദ്ധീകരിച്ചത്. രണ്ടാം ലോകമഹായുധങ്ങളുടെ സ്മാരകങ്ങളെ കുറിച്ചുള്ള വർണ്ണനകൾ, നാത്സികളുടെ പീഡനമുറകൾ ഒക്കെ വഗ്മയമായി അതിൽ കോറിയിട്ടിരുന്നു. ടോൾസ്റ്റോയിയുടെയും ദസ്റ്റോവ്സ്കിയുടെയും റഷ കാണണം എന്ന് ആഗ്രഹമുണ്ടായിരുന്നു. ബൈസന്റയിൻ സംഗീതം കേൾക്കണം എന്നും താഴികക്കുടങ്ങളുള്ള ദേവാലയങ്ങൾ കാണണം എന്ന് ആഗ്രഹിച്ചിരുന്നു. അവിടെ പോയി സ്വാൻ ലേയ്ക്ക് എന്ന ഓപ്പറയും, ഐസൻസ്റ്റൈൻ സിനിമ ഇതിവൃതമാക്കിയ ഒഡേസാ പടവുകളും (ബാറ്റിൽഷിപ് പൊട്ടെംകിൻ) (അത് ഉക്രെയിനിലാണ്) കാണണം എന്നു ആഗ്രഹിച്ചിരുന്നു. കൂടെ കമ്യൂണിസ്റ്റ് ഇരുമ്പു മറക്ക് അപ്പുറത്തേക്ക് ഒന്ന് ഒളിഞ്ഞു നോക്കണം എന്നും.

ഓസ്‌ട്രേലിയ സന്ദർശിച്ചാൽ പിന്നെ സത്യത്തിൽ യൂറോപ്പും, ആഫ്രിക്കയും, പൂർവേഷ്യയും പോയില്ലേലും കുഴപ്പമില്ല. ലോകത്തിന്റെ ഒരു ചെറു പതിപ്പാണ് ഓസ്‌ട്രേലിയ. ആ ഭാഗ്യം എനിക്കുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികൾ നേരിട്ട് അനുഭവിച്ച നിരവധി പേർ അഭയാർഥികളായി വന്നു ഉണ്ടായതാണ് ഇന്നത്തെ ഒസ്‌ട്രേലിയ എന്ന് വേണമെങ്കിൽ പറയാംഏകാകിയായ അപ്പാപ്പനോട് സൗഹൃദം പങ്കിടാൻ ഞാൻ ശ്രമിച്ചു. എന്റെ ഇംഗ്ലീഷ് അദ്ദേഹത്തിനോ, പൊളിഷ് ആക്സന്റുള്ള അങ്ങേരുടെ ഇംഗ്ലീഷ് എനിക്കോ മനസിലാക്കാൻ ദുർഗ്രഹം ആയിരുന്നു. പതിയെ പതിയെ അദ്ദേഹത്തെ കുറിച്ചു അറിഞ്ഞു. രണ്ടു പ്രാവശ്യം കോണ്സെൻട്രേഷൻ ക്യാമ്പ് ചാടി സാഹസികമായി ഓസ്‌ട്രേലിയയിൽ എത്തിപ്പെട്ട ആളാണ്. ഒറ്റക്കാണ് താമസം. ഞാൻ അവിടെ ഉള്ളപ്പോൾ തന്നെ അദ്ദേഹം ഇഹലോക വാസം വെടിഞ്ഞു. സംസ്കാര കർമ്മത്തിൽ എന്റെയും അദ്ദേഹത്തിന്റെയും സുഹൃത് ആയ ജൂണും ബോബും വെളുത്തതും ചുവന്നതുമായ റോസാപ്പൂക്കൾ കൊണ്ടാണ് പെട്ടിയും അൽത്താരയും അലങ്കരിച്ചിരുന്നത്. എന്നിട്ട് എന്നോട് പറഞ്ഞു, പോളണ്ടിന്റെ പതാകയുടെ നിറമാണ് അത് എന്നു. ജന്മ നാട്ടിൽ കിടന്ന് മരിക്കാതെ പ്രദേശിയായി, മറ്റാരൊക്കെയോ ആളുകളുടെ സഹായത്താൽ സ്വർഗ്ഗയാത്ര നടത്തേണ്ടി വരുന്ന ആളുകൾ. അന്ന് ഞാൻ ചിന്തകളുടെ കാട്ടിൽ അലഞ്ഞു മടുത്തു. ചോദ്യങ്ങൾ എന്റെ മുന്നിൽ കെട്ടിയാട്ടം നടത്തി.

ഉക്രയിനിൽ നിന്നുള്ള മരിയയും കാതറിനുമായിരുന്നു മറ്റു രണ്ടു സുഹൃത്തുക്കൾ. സാമ്പത്തികമായി ഒന്നും ഇല്ലെങ്കിലും അവരുടെ ജന്മ നാട്ടിലെ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾക്ക് പണം അയച്ചു കൊടുക്കുമായിരുന്നു. (ചിലപ്പോൾ എനിക്കും). അമ്മച്ചിയെ ഓസ്‌ട്രേലിയയ്ക്ക് കൊണ്ടുപോയപ്പോൾ എത്ര സ്നേഹത്തോടെയാണ് അവർ അമ്മച്ചിയ സ്വഭവനത്തിലെ ആളെന്ന മട്ടിൽ സ്വീകരിച്ചത്. (അതുപോലെ ഫിലിപ്പിനോകളും, ശ്രീലങ്കക്കാരും).

ഒരു യുദ്ധം നാമറിയാത്ത രീതിയിൽ ആളുകളെ ചിതറിക്കുന്നുണ്ട്. അത്തരം ആളുകളുടെ ജീവിതകഥകൾ നേരിട്ട് കേൾക്കാനായത് എന്റെ പുണ്യമാണ്. യുദ്ധത്തിന്റെയും ദാരിദ്ര്യത്തിന്റെയും കരിപുരണ്ട കഥകൾ.യുദ്ധം ഏതാനും ദിവസങ്ങളോ, മസങ്ങളോ കൊണ്ടു തീരും. രാഷ്ട്ര നേതാക്കൾ കൈ കൊടുത്തു പിരിയും. പിന്നെയവർ സമാധാനത്തെ കുറിച്ചു പറയും. ചിലർ ചരിത്ര നായകന്മാരായി വാഴ്ത്തപ്പെടും.മനുഷ്യരോ, കരിപുരണ്ട ജീവിതത്തെ നേരെ നിർത്താൻ പെടാപ്പാട് പെടും. സ്വന്തങ്ങളും ബന്ധങ്ങളുമായി വേർപെടുത്തപ്പെടും. സർവകാലത്തേക്കും അഭയാർഥികളായി ജീവൻ വെടിയും.

ലോകത്തിലെ ചെറുതും വലുതുമായ യുദ്ധങ്ങളും കലഹങ്ങളും അഭയർത്ഥികളാക്കിയ ആളുകളുടെ എണ്ണം എടുത്താൽ അഞ്ചാം സ്ഥാനം ഉണ്ട്. അഭയാർത്ഥി രാഷ്ട്രത്തിലെ പൗരന്മാർ.യുദ്ധം നേരിൽ കണ്ടിട്ടില്ല.

അനുഭവിച്ചിട്ടുമില്ല. യുദ്ധം കണ്ടവരുടെ കഥകൾ ഒരു പ്രാർത്ഥന മാത്രമാണ് എന്നിൽ അവശേഷിപ്പിച്ചിട്ടുളത്. ഇനി ഒരു യുദ്ധം ഒരിടത്തും ഉണ്ടാകാതിരിക്കട്ടെ.

Jose Vallikatt

Share News