
തികച്ചും അസാധാരണമായ കാലാവസ്ഥയാണ് പഞ്ചാബിൽ ഇപ്പോൾ
തികച്ചും അസാധാരണമായ കാലാവസ്ഥയാണ് പഞ്ചാബിൽ ഇപ്പോൾ. ഏതാണ്ട് 12 മണിവരെ നല്ല മൂടൽ മഞ്ഞു. തണുപ്പിന് കാഠിന്യം കുറവാണ്, പക്ഷെ മൂടൽ മഞ്ഞിൽ ദൃശ്യ ശേഷി (വിസിബിലിറ്റി) തുലോം പരിമിതം ആണ്. ഒൻപത് മണിവരെ 10 അടി പോലും കാണാൻ കഴിയില്ല. 11 മണിയോടെ 50 അടി ദൃശ്യശേഷി ലഭിക്കും.
ഈ മൂടൽമഞ്ഞിലൂടെയാണ് രാവിലെ മുതൽ വിദ്യാർത്ഥികളും ജോലിക്കാരും സഞ്ചരിക്കുന്നത്. വാഹന ചലന വേഗം 20 കിലോമീറ്റർ ആണ് അധികവും. ആശ്രദ്ധയോടെ വാഹനം ഓടിക്കുന്നവർ അപകടം ഉണ്ടാക്കും. മൂടൽ മഞ്ഞിലൂടെ കുറച്ചു നേരം വാഹനം ഓടിച്ചാൽ ചിലപ്പോൾ മനോവിഭ്രാന്തിയും ഉണ്ടായേക്കാം. ജനജീവിതം ദുഷ്കരം എന്നു ചുരുക്കം.
ഈ ഫെബ്രുവരിയിൽ ഇത് അസാധാരണമാണ്. ഞാൻ ഇവിടത്തെ ആൾക്കാരോട് കാരണം ചോദിച്ചു. ചിലർ പറഞ്ഞത് ഉത്തരാഖണ്ഡിലെ മഞ്ഞുമല ഇടിഞ്ഞതിന്റെ പ്രഭാവം ആണ് എന്നാണ്. ഞാൻ അത് മുഖവിലക്കെടുക്കുന്നില്ല. കാരണം ഇതേ കാലയളവിൽ ലോകത്തിന്റെ മറ്റിടങ്ങളിൽ വലിയ കാലാവസ്ഥാ വ്യതിയാനങ്ങൾ കാണുന്നു. അമേരിക്കയിൽ അതിശൈത്യം ആണ്. ഗൾഫ് മേഖലയിൽ മഞ്ഞ് പെയ്യുന്നു എന്നു കേൾക്കുന്നു. ഇന്ത്യസമുദ്രം തിളക്കുന്നു എന്നാണ് മറ്റൊരു റിപ്പോർട്ട്.
ഇൻഡ്യയിൽ പലയിടത്തും തിരഞ്ഞെടുപ്പുണ്ടെങ്കിലും കാലവസ്ഥാവ്യതിയാനത്തെയും, അതു മനുഷ്യരിൽ ചെലുത്തുന്ന പ്രഭാവത്തെയും ചർച്ചകളിൽ കൊണ്ടുവരുന്നില്ല. കാലാവസ്ഥാ വ്യതിയാനം ഏറ്റവും അധികം ബാധിക്കുന്ന ഒരു വിഭാഗമാണ് കർഷകർ. അവർക്ക് അനുകൂലമായ ഒരു കാലാവസ്ഥാ നിയമം പോലും നാം രൂപപ്പെടുത്തുന്നില്ല.
കിറ്റ് മാഹാത്മ്യം പോലെ കണ്ണിൽ പൊടിയിടുന്ന പി ആർ പ്രചാരണവും, ശബരിമലയും, ലൗ ജിഹാദും പോലെയുള്ള മതവിഷയങ്ങളുമാണ് നമുക്ക് പഥ്യം. കൂടാതെ, ക്രൈസ്തവർ ദേശവിരുദ്ധർ ആണ് എന്നും, രാജ്യത്തിന് വെല്ലുവിളി ആണ് എന്നുമുള്ള ഒരു നറേറ്റിവ് ഇപ്പോൾ സൃഷ്ടിക്കപ്പെടുന്നുണ്ട്.
തിരഞ്ഞെടുപ്പ് എന്നത് കേവലം ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്ന പ്രക്രിയ ആണ് എന്ന സങ്കുചിതബോധത്തിൽ നിന്ന് പൗരബോധം കരകയറേണ്ടതുണ്ട്. അടുത്ത അഞ്ചു വർഷത്തേക്ക് നമ്മുടെ ഭാഗധേയം നിർണ്ണയിക്കുന്ന നയരൂപീകരണ പ്രക്രിയ ആണ് അത്. അതിന് പാർട്ടി പ്രതിനിധികളെ അകൗണ്ടബിളും, ആൻസറബിളും ആക്കുക എന്നതാവണം ജനം പ്രയോഗിക്കേണ്ട ബലം.

Jose Vallikatt