കേരളത്തിൽ ആകെ രണ്ടു തരം ആളുകളാണുള്ളത്. തട്ടിപ്പുകാരും, തട്ടിപ്പിക്കപ്പെടുന്നവരും.

Share News

കേരളത്തിൽ ആകെ രണ്ടു തരം ആളുകളാണുള്ളത്. തട്ടിപ്പുകാരും, തട്ടിപ്പിക്കപ്പെടുന്നവരും.

മോട്ടിവേഷണൽ സ്‌പീക്കറുടെ ബയോ പേജ് ഒന്നോടിച്ച് നോക്കിയപ്പോൾ തന്നെ ഇയാളുടെ വിദ്യാഭ്യാസ, തൊഴിൽ പശ്ചാത്തലം വെറും ഉടായിപ്പാണെന്ന് മനസ്സിലായി. ഇത് പോലും വെറ്റ് ചെയ്യാൻ സാധിക്കാത്ത പ്രബുദ്ധ അസോസിയേഷൻ ഭാരവാഹികളെയും, അംഗങ്ങളെയുമാണ് മടൽ വെട്ടി ആദ്യം അടിക്കേണ്ടത്, മോട്ടിവേറ്ററെ അല്ല. ഒരു കാര്യത്തിൽ മോട്ടിവേറ്റർ അഭിനന്ദനം അർഹിക്കുന്നു, മുന്നിൽ ഇരിക്കുന്നവരെ പറ്റിച്ചാണ് കാശുണ്ടാക്കുന്നതെന്ന് അവരോട് തന്നെ ഉറക്കെ വിളിച്ചു പറയാനുള്ള ആ ധൈര്യം.

കേരളത്തിൽ സർക്കാർ സംവിധാനത്തെ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ചൂഷണം ചെയ്തു ജീവിക്കുന്ന ഒരു പറ്റം ആളുകൾക്ക് നേരായ രീതിയിൽ തൊഴിൽ ചെയ്ത്, നേരായ രീതിയിൽ കാശ് ഉണ്ടാക്കാമെന്നും, തട്ടിപ്പു നടത്താതെ ജീവിക്കാമെന്നും മറന്നു പോയി കഴിഞ്ഞിരിക്കുന്നു. കേരളത്തിലെ സംവിധാനത്തിൽ കുറുക്കുവഴികളിൽ കൂടി മാത്രമേ ധനികൻ ആവാൻ സാധിക്കുള്ളൂ എന്ന് ചിന്തിച്ച്, മറ്റുള്ളവരെ പറ്റിക്കാനുള്ള വ്യഗ്രതയിൽ, സ്വന്തമായി ഒരു കുറുക്കുവഴി തേടിയുള്ള നടപ്പിൽ, സ്വയം തട്ടിപ്പിൽ പെട്ടു പോകുകയാണ് പൊതുവെയുള്ള മലയാളി ജീവിതം. അഭിമാനം കൂടുതൽ ഉള്ള മലയാളി പൊതുവെ ഇത് വെളിയിൽ പറയില്ല എന്നു മാത്രം. അതുകൊണ്ട് കേരളത്തിലെ തട്ടിപ്പുകാർക്ക് ധൈര്യം പൊതുവെ കൂടുതലാണ്, ഇവർ കടുവയെ പിടിക്കുന്ന കിടുവകൾ ആയി മാറുന്നു.

കേരളത്തിൽ വിദഗ്ധർ ചമയുന്ന പല നീലകുറുക്കന്മാരും അബദ്ധത്തിൽ ചായത്തിൽ വീണ മണ്ടൻ കുറുക്കന്മാരാണ്. ചിലർ അനവസരത്തിൽ അനാവശ്യമായി കൂവുമ്പോൾ പിടിക്കപ്പെടുന്നു എന്നു മാത്രം. മറ്റുള്ളവർ നമ്മുടെയിടയിൽ രാജാവ് ചമഞ്ഞ് സധൈര്യം വിലസുന്നു. ഇവരുടെ കെണിയിൽ പെടാൻ മലയാളി ജീവിതങ്ങൾ ഇനിയും ബാക്കി.

Tony Thomas 

Share News