നിർമ്മിത ബുദ്ധി – ദുബായിൽ നിന്നും പഠിക്കാവുന്ന കാര്യങ്ങൾ|മുരളി തുമ്മാരുകുടി

Share News

2019 ഡിസംബറിൽ യു.എ.ഇ. യിലെ നിർമ്മിതബുദ്ധി വകുപ്പ് മന്ത്രിയായ ഡോക്ടർ ഒമർ അൽ ഒലാമയെ പരിചയപ്പെട്ട വിശേഷം അന്ന് തന്നെ എഴുതിയിരുന്നു. നിർമ്മിതബുദ്ധിയുടെ രംഗത്ത് വന്നുകൊണ്ടിരുന്ന മാറ്റങ്ങൾ അതിന് മുൻപേ ശ്രദ്ധിച്ചിരുന്നെങ്കിലും നിർമ്മിതബുദ്ധി എന്ന സാങ്കേതികവിദ്യയെ യു.എ.ഇ. യുടെ ഭാവിയുടെ നെടുംതൂൺ ആയി കരുതി അതിനനുസരിച്ച് നയങ്ങൾ, നിയമങ്ങൾ, സ്ഥാപനങ്ങൾ, മാനവശേഷി വികസനം ഒക്കെ നടത്താനുള്ള അവരുടെ വിഷൻ എന്നെ ഏറെ ചിന്തിപ്പിച്ചു. 2020 മുതൽ നാട്ടിൽ സംസാരിക്കുന്പോൾ നിർമ്മിതബുദ്ധി ആയിരിക്കും പ്രധാന വിഷയം എന്ന് അന്നേ കണക്ക് കൂട്ടി, സുഹൃത്തുക്കളോട് പറയുകയും ചെയ്തു.

പക്ഷെ നിർഭാഗ്യവശാൽ 2020 ന്റെ തുടക്കത്തിൽ കോവിഡ് നമ്മുടെ ജീവിതത്തെയും പ്ലാനിങ്ങിനെയും മാറ്റി മറിച്ചു. ജീവൻ നിലനിർത്തുന്നത് മുതൽ തൊഴിലുകൾ മുന്നോട്ട് കൊണ്ടുപോകുന്നത് വരെ ഉള്ള കാര്യങ്ങൾ ആയി നമ്മുടെ മുൻഗണന.

നിർമ്മിതബുദ്ധിക്ക് വേണ്ടി മാനവശേഷി വികസിപ്പിക്കാൻ സർവ്വകലാശാല അബുദാബിയിൽ 2021 ഫെബ്രുവരിയിൽ തുടങ്ങും എന്ന് അദ്ദേഹം പറഞ്ഞിരുന്നു. കോവിഡ് ആയതിനാൽ യൂണിവേഴ്സിറ്റി തുടങ്ങിക്കാണുമോ എന്നെനിക്ക് സംശയം ഉണ്ടായിരുന്നു. യൂണിവേഴ്സിറ്റി തുടങ്ങിയിട്ടുണ്ടെങ്കിൽ അതൊന്ന് കാണണമെന്ന് ആഗ്രഹവും ഉണ്ടായിരുന്നു.

2021 നവംബറിൽ ആണ് പിന്നെ ദുബായിൽ പോകാൻ അവസരം കിട്ടിയത്. ഞാൻ വീണ്ടും അദ്ദേഹത്തിന് എഴുതിയപ്പോൾ “കോവിഡ് കാരണം യൂണിവേഴ്സിറ്റി തുടങ്ങാൻ അല്പം വൈകിയെങ്കിലും 2021 ആഗസ്റ്റ് മാസത്തിൽ തന്നെ യൂണിവേഴ്സിറ്റി തുടങ്ങി” എന്നദ്ദേഹം അറിയിച്ചു. അബുധാബിയിൽ ഉള്ള സുഹൃത്തുക്കളുടെ സഹായത്തോടെ യൂണിവേഴ്സിറ്റി കാണാൻ സമയം ലഭിക്കുകയും ചെയ്തു.

കോവിഡ് കാലമായതിനാൽ ദുബായിൽ നിന്നും അബുദാബിയിലെക്ക് പോവുന്നതിന് അനവധി നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു, എന്നാലും പോയി കണ്ടു. ലോകോത്തരമായിട്ടാണ് എല്ലാം ചെയ്തു വച്ചിരിക്കുന്നത്, ലോകത്തെവിടെനിന്നും ഉള്ള അധ്യാപകരും വിദ്യാർത്ഥികളും. എല്ലാവരും സ്കോളര്ഷിപ്പോടെ പഠിക്കുന്നു, പഠിക്കുന്ന എല്ലാവർക്കും ദുബായിൽ തൊഴിൽ ചെയ്യാനുള്ള വിസ ലഭിക്കുന്നു. എൻ്റെ ഏറെ സുഹൃത്തുക്കളുടെ കുട്ടികളോട് ഈ സ്ഥാപനത്തിൽ അപേക്ഷിക്കാൻ ഞാൻ പറയാറുണ്ട്.

പിന്നീട് യു എ യിൽ പോകുമ്പോൾ ഒക്കെ നിർമ്മിത ബുദ്ധിയുടെ സർവ്വകലാശാല കാണാൻ പോകുന്നത് പതിവായി. ഔദ്യോഗികമായി അവരുമായി പ്രോജക്ടുകൾ ചെയ്യാനുള്ള ശ്രമമാണ്,

മീനവയിൽ കൊവിടാനന്തരം ഡോക്ടർ ഒമർ നിർമ്മിതബുദ്ധി വകുപ്പിന് പുറമെ ഡിജിറ്റൽ എക്കൊണോമി, റിമോട്ട് വർക്ക് ആപ്പ്ളിക്കേഷൻ ഇവയുടെ ഒക്കെ മന്ത്രിയായി.

നിർമ്മിതബുദ്ധിയുടെ സാധ്യതയും വെല്ലുവിളിയും ഒന്നും കേരളത്തിന്റെ അതിരിന് പുറത്ത് നിൽക്കുന്നതല്ല. കേരളത്തിന്റെ മൊത്തം സമ്പദ്‌വ്യവസ്ഥയിൽ ഒരു ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ നടത്തേണ്ട സമയം കഴിഞ്ഞു. കേരളത്തിന് പുറത്തു ജോലി ചെയ്യുന്നവരിൽ സാധ്യത ഉള്ളവരെ ഒക്കെ വർഷത്തിൽ ഒരു മാസം എങ്കിലും കേരളത്തിൽ നിന്നും തൊഴിൽ എടുപ്പിക്കാനുള്ള ഒരു ശ്രമം നടത്തിയാൽ കേരളത്തെ ഒരു റിമോട്ട് വർക്കിങ്ങ് ഡെസ്റ്റിനേഷൻ ആക്കി പ്രൊമോട്ട് ചെയ്യാനുള്ള എത്ര സാദ്ധ്യതകൾ ആണ്.

എന്നാണ് നമുക്ക് ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഇക്കോണോമി ആൻഡ് റിമോട്ട് വർക്ക് ആപ്പ്ളിക്കേഷൻ മന്ത്രി ഉണ്ടാകുന്നത്?

ഇതൊക്കെ ഇന്ന് ചിന്തയിൽ വരാൻ ഒരു കാരണം ഉണ്ട്.

ഇന്നലെ ഞാൻ എൻ്റെ സുഹൃത്ത് Sree Kiran നെ കണ്ടിരുന്നു.

ബാംഗ്ളൂരിലും ദുബായിലും കരിയർ മെന്ററിങ് നടത്തുന്ന ആളാണ്, നിർമ്മിത ബുദ്ധി ആപ്റ്റിട്യൂട് അസസ്സ്മെന്റിലും കരിയർ മെന്ററിങ്ങിലും ഒക്കെ ഉപയോഗിക്കുന്ന ആളാണ്.

ദുബായിൽ കഴിഞ്ഞ ദിവസം തുടങ്ങിയ “One Million Prompters” എന്ന പദ്ധതിയെ പറ്റി അദ്ദേഹം പറഞ്ഞപ്പോഴാണ് അറിഞ്ഞത്. ഒരാഴ്ചയായി കൃത്യമായി വാർത്തകൾ വായിക്കാത്തത് കൊണ്ടാണ്.

മൂന്നു ദിവസം മുൻപാണ് ദുബായ് അടുത്ത മൂന്നു വർഷത്തിനകം പത്തുലക്ഷം പ്രോംപ്റ്റ് എൻജിനീയർമാരെ പരിശീലിപ്പിക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ടത്.

നിർമ്മിതബുദ്ധി കൊണ്ട് പ്രവർത്തിക്കുന്ന അപ്പ്ലികേഷനെക്കൊണ്ട് ഓരോ കാര്യങ്ങൾ ചെയ്യാൻ നമ്മൾ കൊടുക്കുന്ന നിർദ്ദേശമാണ് പ്രോംപ്റ്റുകൾ. നിർമ്മിതബുദ്ധി കൊണ്ട് പ്രവർത്തിക്കുന്ന ജെമിനിയും ചാറ്റ് ജി പിടിയും മറ്റു ആയിരക്കണക്കിന് അപ്പ്ലിക്കേഷനുകളും ലോകത്ത് എല്ലാവർക്കും ലഭ്യമാണ്. പക്ഷെ അതുപയോഗിച്ച് നമുക്ക് എന്ത് ചെയ്യാൻ സാധിക്കും എന്നത് നമ്മൾ അതിന് എന്ത് നിർദ്ദേശങ്ങൾ കൊടുക്കുന്നു എന്നനുസരിച്ചിരിക്കും.

ഇത്തരത്തിൽ നിർമ്മിതബുദ്ധിക്ക് കൃത്യമായി നിർദ്ദേശങ്ങൾ കൊടുക്കാൻ പത്തുലക്ഷം പേർക്ക് പരിശീലനം നൽകുന്ന പരിപാടിയാണ് “One Million Prompters”

ലോകത്തെവിടെയും അനവധി തൊഴിലുകൾ നിർമ്മിത ബുദ്ധി മാറ്റിമറിക്കുമെന്നും നിർമ്മിത ബുദ്ധി തൊഴിലുകൾ പുതിയതായി ഉണ്ടാക്കുമെന്നും ഞാൻ പറയാറുണ്ടല്ലോ. ഇപ്പോൾ കേരളത്തിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികളും (സ്‌കൂളിലും കോളേജിലും, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉളളവർ ഒക്കെ പ്രോപ്ട് എൻജിനീയറിങ് പഠിക്കേണ്ട സമയമാണ്.

കേരളത്തിലെ ജനസംഖ്യ അനുസരിച്ച് നമുക്ക് “ഒരു കോടി പ്രോംപ്റ്റർസ്” ആണ് വേണ്ടത്.

ദുബായിലെ നിർമ്മിതബുദ്ധിയെപ്പറ്റിയുള്ള ഈ വാർത്തയിൽ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം കൂടിയുണ്ട്.

One Million Prompters എന്ന പ്രോഗ്രാം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി അവർ Global Prompt Engineering Championship നടത്തിയിരുന്നു. ഒരു മില്യൺ ദിർഹം ആണ് അതിൻ്റെ സമ്മാനം. അതിൽ വിജയികളായ മൂന്നിൽ രണ്ടുപേരും കേരള കണക്ഷൻ ഉള്ളവരാണ്, അജയ് സിറിളും ആദിത്യ നായരും. Congratulations. I am so proud !

ലോകത്തോട് മത്സരിച്ചു ജയിക്കാൻ നമ്മുടെ കുട്ടികൾ തയ്യാറാണ്. അതിനുള്ള അവസരങ്ങൾ നല്കാൻ നമുക്ക് സാധിക്കണം. നിർമ്മിതബുദ്ധിയും പ്രോംപ്റ്റ് എഞ്ചിനീയറിങ്ങും നടത്തി നാടിനെ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ നടത്തേണ്ട തലമുറയെ നാട്ടിൽ പി എസ് സി പരീക്ഷയെഴുതിയും മറുനാട്ടിൽ കെയർഹോമിൽ എത്തിയും അവരുടെ കഴിവിനും പരിശീലനത്തിനും ഏറെ താഴെയുള്ള ജോലികളിൽ എത്തിപ്പറ്റുന്നതാണ് ജീവിതവിജയം എന്ന ചിന്തയിൽ എത്തിച്ചു എന്നുള്ളതാണ് നമ്മുടെ നാടിൻറെ പരാജയം.

ഇത് മാറണം.

മാറും

മുരളി തുമ്മാരുകുടി

Share News