ഇതെഴുതുമ്പോൾ കണ്ണിലൊരു നനവുണ്ട്. അങ്ങനെ പറഞ്ഞാൽ അതു പാതി കളവാണ്, ശരിക്കും ഒന്നു പൊട്ടിക്കരയാൻ തന്നെ തോന്നുന്നുണ്ട്. ‘Home’ എന്ന വാക്കിന് ഇത്ര മധുരമുണ്ടായിരുന്നോ!

Share News

‘ഒലിവർ ട്വിസ്റ്റ്’ എന്നൊരപ്പൻ സ്ക്രീനിൽ നിന്നു ദേ, ഇപ്പോൾ ഹൃദയത്തിലേക്കു കയറി വന്നിട്ടുണ്ട്. സ്നേഹത്തിന്റെ നനുത്ത ഒരു നൂലിഴ കൊണ്ട് അയാൾ ചങ്കിനെ വരിഞ്ഞു മുറുക്കുന്നു. വല്ലാതെ വീർപ്പു മുട്ടിക്കുന്നു. തീരെ ദുർബലനെന്നു കരുതിയ അയാളുടെ നിശ്വാസങ്ങൾക്കു പോലും ഇപ്പോൾ എന്തൊരു കരുത്താണ്. കഥയുടെ അതിർവരമ്പുകൾ ഭേദിച്ച് ജീവിതത്തിലേക്കു കയറി വന്നിട്ട് മെല്ലിച്ച മുഖത്തെ ഒട്ടിയ കവിൾത്തടങ്ങൾ കൊണ്ട് അയാൾ ഒരു ചിരി ചിരിക്കുന്നുണ്ട്. ഈ ഭൂമിയിലെ എല്ലാ അപ്പൻമാരും മുഖത്തണിയേണ്ട ഒരു പുഞ്ചിരി.

എപ്പോഴെങ്കിലും ഓർത്തിട്ടുണ്ടോ, ജീവിതത്തിലെ എല്ലാ അലച്ചിലുകൾക്കുമൊടുവിൽ നിങ്ങളെന്തിനാണ് വീടു പറ്റാനോടുന്നത് എന്ന്? എന്നും കണ്ടു മടുത്ത മുഷിഞ്ഞ ചുമരുകളും പരാധീനതകൾ മണക്കുന്ന പഴമയും കെട്ടിക്കിടക്കുന്ന ഒരു വീട്ടിലേക്ക് പോയിട്ട് നിങ്ങൾക്ക് എന്തു കിട്ടാനാണ്. ഒരേ മുഖങ്ങളും ഒരേ നോട്ടങ്ങളും ഒരേ ശബ്ദങ്ങളും മുഖരിതമാക്കുന്ന അന്തരീക്ഷത്തിലേക്കു തന്നെ നിങ്ങൾ തിരികെ നടക്കുന്നത് നിങ്ങൾക്ക് മറ്റെവിടെയും പോകാനിടമില്ലാത്തതു കൊണ്ടാണോ? എന്നും അന്തി ചായുമ്പോൾ വീട്ടിൽ പോയിട്ടെന്തിനാണ്? ഈ ചോദ്യങ്ങളുടെയെല്ലാം ഉത്തരം ഈ ‘വീട്ടി’ലുണ്ട്.

ഈ കാലത്തെ ഞാൻ മനസ്സിൽ അടയാളപ്പെടുത്തുന്നത് ഈ സിനിമ കൊണ്ടാണ്. അപ്പനും അമ്മയുമുള്ള വീട് എത്ര വലിയ നന്മയാണെന്ന് ബോധ്യപ്പെടുത്താൻ ഈ ചലച്ചിത്രാനുഭവത്തിനു കഴിയുന്നുവെന്നാണ് എന്റെ വിശ്വാസം! കൊല്ലും കൊലയും അശ്ളീലവും വ്രണപ്പെടുത്തലുമില്ലാതെ നല്ല സിനിമയെടുക്കാമെന്ന ആത്മവിശ്വാസത്തിന്റെയും ധീരതയുടെയും അടയാളം. ഊതി വീർപ്പിക്കാത്ത നന്മ നിറഞ്ഞ ജീവിതക്കാഴ്ചകൾ കൊണ്ട് ഹൃദയത്തിൽ സ്നേഹം നിറയ്ക്കുന്ന നനവുള്ള സിനിമ.

ഒരു പാട്ടില്ലേ,”ഏതു കരിരാവിലും ഒരു ചെറു കസവിഴ തുന്നും കിരണമേ…!” ഈ കുറ്റാക്കൂരിരുട്ടിലേക്ക് ഒരു ചെറു കിരണം വച്ചു നീട്ടിയ റോജിൻ തോമസിന് നന്ദി!

Sheen Palakkuzhy

Catholic Priest

Share News