പണ്ട് കൊച്ചിയില്‍ ഒരു സിനിമാശാല യുണ്ടായിരുന്നു. ആ സിനിമാശാലയ്ക്ക്‌ വളരെയേറെ പ്രത്യേകതയുണ്ടായിരുന്നു.

Share News

പണ്ട് കൊച്ചിയില്‍ ഒരു സിനിമാശാല യുണ്ടായിരുന്നു. ആ സിനിമാശാലയ്ക്ക്‌ വളരെയേറെ പ്രത്യേകതയുണ്ടായിരുന്നു.

ഓലകൊണ്ടോ മറ്റോ മറച്ച ഒരു സിനിമാ കൊട്ടക ആയിരുന്നില്ല അത്.

അക്കാലത്ത്‌ ഡാമുകള്‍ നിർമ്മിക്കുവാന്‍ ഉപയോഗിച്ചിരുന്ന സുർക്ക മിക്‌സ്‌ ചെയ്ത് കല്ലുകൾ കൊണ്ട്‌ ഉണ്ടാക്കിയ കൊട്ടാരസദൃശമായ വലിയൊരു മണിമാളിക ആയിരുന്നു ആ കെട്ടിടം.

കേരളത്തില്‍ ആദ്യമായി ട്യൂബ്‌ലൈറ്റ്‌ കത്തിക്കുന്നത്‌ ഈ തിയേറ്ററില്‍ ആയി രുന്നു. വാഴപ്പിണ്ടി വിളക്ക്‌ എന്നാണ്‌

ഇതിനെ നാട്ടുകാർ വിളിച്ചിരുന്നത്‌.

കേരളത്തിലെ തന്നെ മികച്ച ഒരു കലാസൃ ഷ്ടിയായിരുന്ന ഈ കെട്ടിടത്തിന്റെ, ശില്‍പ്പഭംഗി കാണുവാൻ മാത്രം കേരള ത്തിന്റെ പലഭാഗത്ത്‌ നിന്നും ആളുകള്‍ വന്നിരുന്നു.

അത്‌ പണിയാന്‍ നേതൃത്വം നല്‍കിയത്‌,

കൊച്ചിയെ കൊച്ചിയാക്കിയ

പ്രഗല്‍ഭനായ എന്‍ജിനിയർ

റോബർട്ട്‌ ബ്രിസ്‌റ്റോ ആയിരുന്നു.

ആ തിയേറ്ററിന്റെ

പേരാണ്‌ പട്ടേല്‍ തിയേറ്റർ.

ഈ തിയേറ്ററിന്റെ മുതലാളി

ഇബ്രാഹിം പട്ടേല്‍ സേട്ട്‌

എന്ന ഒരു കലാസ്നേഹി

ആയിരുന്നു.

പട്ടേല്‍ സേട്ടിന്‌ കണ്ണെത്താത്ത

ദൂരത്ത്‌ തെങ്ങിന്‍ തോപ്പ്‌ ഉണ്ടായിരുന്നു.

പട്ടേലിന്റെ തെങ്ങിന്‍ തോപ്പിലേയ്ക്ക്‌ പോകുന്ന പടിയാണ്‌ പില്‍ക്കാലത്ത്‌ തോപ്പുംപടി ആയത്‌.

തന്റെ തോപ്പ്‌ വിറ്റ്‌കിട്ടിയ പണംകൊണ്ടാണ്‌

പട്ടേല്‍ സേട്ട്‌, തിയേറ്റർ പണിതത്‌.

അദ്ദേഹം ഒരു മതേതരവാദിയും

കലാസ്നേഹിയും

ആയിരുന്നു.

അദ്ദേഹം തന്നെ പലരോടും തന്റെ തിയേറ്ററിനെക്കുറിച്ച്‌ പറഞ്ഞത്‌,

എല്ലാ മതസ്ഥരും ഒന്നിച്ചിരുന്ന്‌

ആസ്വദിക്കുന്ന ഒരു ദേവാലയം പോലെ ആകണം സിനിമാശാല എന്നാണ്‌.

മദിരാശിയിലെ കാസിനോവിലെ

സ്ഥിരം സന്ദർശകനായ

പട്ടേല്‍ സേട്ട്‌

തന്റെ തിയേറ്റർ, അക്കാലത്തെ

മദ്രാസ്‌ കാസിനോവിന്റെ മാതൃകയിൽ തന്നെയാണ് നിർമ്മിച്ചത്‌.

റോബർട്ട്‌ ബ്രിസ്റ്റോ ആ വെല്ലുവിളി ഏറ്റെടുത്തു.

ഈ വിശാലവും അതിമനോഹരവുമായ

തിയേറ്ററില്‍ ഒരു തൂണ്‌പോലും

ഇല്ല എന്നത്‌, അക്കാലത്തെ

എന്‍ജിനിയറിങ്ങ്‌ സാമർത്ഥ്യത്തിന്റെ നല്ലൊരു ഉദാഹരണം കൂടിയാണ്‌.

തൂണുകള്‍ ഇല്ലാത്ത രണ്ടുനിലകെട്ടിടം.

ഇതിന്റെ ഉല്‍ഘാടനത്തിന്‌,

പട്ടേല്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങിയെന്നും

ആകാശത്ത്‌ നിന്ന്‌ പൂക്കള്‍ വിതറിയെന്നും അന്നത്തെ കാഴ്ചക്കാർ പറയുന്നു.

ഫിലിം പെട്ടി വന്നിറങ്ങിയതും

ഹെലികോപറ്ററില്‍ ആയിരുന്നു.

പിന്നീട്‌, പ്രസിദ്ധമായ

ഹിന്ദി ചലച്ചിത്രങ്ങള്‍ കൊച്ചിയില്‍ (എറണാകുളത്ത്‌) വന്നത്‌ പട്ടേല്‍ തിയേറ്ററിലായിരുന്നു.

‘ടെന്‍ കമാന്റ്‌മെന്റസ്‌’

എന്ന വിശ്വവിഖ്യാതമായ ചിത്രം

കണ്ടത്‌ ഈ തിയേറ്ററില്‍ നിന്നാണെന്ന്‌,

പല പഴയ ആളുകളും അഭിമാനത്തോടെ പറയുന്നത്‌ കേട്ടിട്ടുണ്ട്‌.

കേരളത്തില്‍ ആദ്യമായി മോണിങ്ങ്‌ ഷോ നടത്തിയതും

പട്ടേല്‍ തിയേറ്ററില്‍ ആയിരുന്നു.

ഗയിറ്റ്‌ ഓഫ്‌ കൊച്ചി

എന്നറിയപ്പെടുന്ന മേഖലയിലാണ്‌ പട്ടേല്‍ തിയേറ്റർ തലയുയർത്തി നില്‍ക്കുന്നത്‌.

കേരളത്തിലെ ആദ്യകാലത്തെ

‘എ ക്ലാസ്സ്‌’ തിയേറ്ററില്‍ ഒന്നാണിത്.

അന്നത്തെ പ്രധാന ഹിന്ദി സിനിമകള്‍ പട്ടേല്‍ തിയേറ്ററില്‍ ആണ്‌ റിലീസ്‌ ചെയ്തിരുന്നത്‌.

അന്ന്, മലബാറില്‍ നിന്ന്‌ പോലും സിനിമാപ്രേമികള്‍

ഈ തീയേറ്ററിൽ വന്നിരുന്നു.

പട്ടേല്‍ തിയേറ്ററിന്‌ മറ്റൊരു ചരിത്രം കൂടി പറയാനുണ്ട്‌.

അത്‌ രണ്ട്‌ മഹാഗായകരുടെ സംഗമത്തിനെ കുറിച്ചാണ്‌.

അതെ, ലോകം ആദരിക്കുന്ന

മുഹമ്മദ്‌ റാഫിയുടെയും

കൊച്ചിയുടെ മഹാനായ ഗായകന്‍

മെഹബൂബ്‌ ഭായിയുടെയും

സംഗമമായിരുന്നു അത്‌.

റാഫിയെ കൊച്ചിയില്‍ കൊണ്ടുവന്നത്‌

കൊച്ചിയിലെ സിനിമാ നിർമ്മാതാവും

തൊഴില്‍ ദാതാവുമായ

ടി.കെ.പരീക്കുട്ടിയാണ്‌.

അന്ന്‌ അദ്ദേഹം, മുസ്ലിം അനാഥസംരക്ഷണ സംഘത്തിന്റെ പ്രസിഡന്റായിരുന്നു.

1958- ല്‍ അനാഥസംരക്ഷണത്തിന്റെ ധനശേഖരാർത്ഥമാണ്‌ മുഹമ്മദ്‌ റാഫി കൊച്ചിയില്‍ വന്നത്‌.

അന്ന്‌ ഏറ്റവും മനോഹരമായ

പട്ടേല്‍ തിയേറ്ററില്‍ വച്ചാണ്‌ റാഫിയുടെ

പ്രോഗ്രാം നടന്നത്‌.

നിറഞ്ഞ സദസ്സ്‌ കൈയ്യടിയോടെ

റാഫിയെ സ്വീകരിച്ചു.

റാഫി പാടി

“ഗംഗാ കീ മേവൂദ്‌…”

ജനം ആർത്തിരമ്പി…

അടുത്ത പാട്ടുപാടാന്‍ റാഫി മൈക് എടുത്തപ്പോള്‍ കൊച്ചിയിലെ ജനം ആർത്തുവിളിക്കാന്‍ തുടങ്ങി…

മെഹബൂബ്‌ പാടണം….

മെഹബൂബ്‌ കാണികള്‍ക്കിടയില്‍

ഇരിക്കുന്നുണ്ടായിരുന്നു.

ആളുകള്‍ വിളിച്ച്‌ പറഞ്ഞ്‌കൊണ്ടിരുന്നു,

മെഹബൂബ്‌ പാടണം….

സദസ്സിൻ്റെ ആവശ്യത്തിന്‌ വഴങ്ങി,

റാഫി മെഹബൂബിനെ

വേദിയിലേയക്ക്‌ ക്ഷണിച്ചു.

ജനം കൈയ്യടിയോടെ

പാട്ടിന്റെ തമ്പുരാനെ ആനയിച്ചു.

റാഫിയുടെ കടുത്ത ആരാധകനായ മെഹബൂബ്‌ പാടി…

“സുഹാനി രാത്‌…”

നിശ്ശബ്ദമായ സദസ്സ്‌…

തന്റെതന്നെ പാട്ട്‌ ഭാവതാളലയങ്ങളോടെ അതിമനോഹരമായി പാടുന്ന ഭായ്‌.

പാട്ട്‌ തീരുമ്പോള്‍ സദസ്സ്‌ കൈയ്യടിക്കാന്‍ പോലും മറന്ന നിമിഷങ്ങൾ…

റാഫി കെട്ടിപിടിച്ച്‌ ആ വേദിയില്‍ നിന്ന്‌ പറഞ്ഞത്‌ ഇതാണ്.

“മെഹബൂബ്‌ നിങ്ങള്‍ ഇവിടെ നില്‍ക്കേണ്ട ആളല്ല,

ബോംബെയിലേയ്ക്ക്‌ വരൂ,

നിങ്ങൾ ലോകം അറിയുന്ന ഒരു പാട്ടുകാരനാകും.”

ഭായിയെ അറിയാവുന്ന

എല്ലാവർക്കും കാര്യം അറിയാം.

ഭായിക്ക്‌ ഏറ്റവും വലുത്‌ കൊച്ചിയും കൊച്ചിയിലെ സൗഹൃദവും അവർക്കായുള്ള മെഹ്ഫിലും, കൊട്ടിപ്പാട്ടും ആയിരുന്നു.

ഇവിടെ, മെഹബൂബ്‌ പാടുമ്പോള്‍

“സുഹാനി രാത്‌ ഡല്‍ ചുക്കി…”

എന്ന റാഫിയുടെ തന്നെ പാട്ടിന്റെ

ഈണത്തില്‍

1951 ല്‍ മെഹബൂബ്‌,

തന്റെ ആദ്യസിനിമയായ ജീവിതനൗകയില്‍ പാടി ഹിറ്റാക്കിയിട്ടുള്ള ഗാനം ഇതാണ്.

“അകാലെ ആര്‌ കൈവിടും

നീ താനേ നിന്‍ സഹായം…”

പട്ടേല്‍ വലിയൊരു ദാനധർമ്മജ്ഞനും,

അതോടൊപ്പം

ചീട്ട്‌കളിഭ്രമം ഉള്ള ആളും ആയിരുന്നു.

വന്‍ സമ്പത്ത്‌ ഉണ്ടായിരുന്ന

പട്ടേല്‍ സേട്ട്‌ അക്കാലത്ത്‌ രാമവർമ്മ ക്ലബ്ലില്‍ ചീട്ട്‌ കളിക്കാന്‍ പോകുമായിരുന്നു.

പലപ്പോഴും തോല്‍വി ആയിരുന്നു ഫലം.

ലക്ഷങ്ങള്‍ ചൂത്‌കളിയിലൂടെ നഷ്ടപ്പെട്ടു.

പിന്നീട്‌, കടംപറഞ്ഞ്‌

കളിക്കാന്‍

തുടങ്ങി.

എറണാകുളത്തുള്ള ഒരു കച്ചവടക്കാരനാണ്‌ പലപ്പോഴും

പട്ടേലിന്റെ കടങ്ങള്‍ ക്ലബ്ബുകളില്‍ വീട്ടിയിരുന്നത്‌.

മറ്റൊരിക്കല്‍, ചീട്ട്‌കളിയില്‍ പണം നഷ്ടപ്പെട്ട പട്ടേല്‍ സേട്ടിന്‌

നാലരലക്ഷം രൂപ കൈയ്യില്‍ കൊടുത്ത്‌,

പട്ടേല്‍ തിയേറ്റർ എഴുതിവാങ്ങുകയായിരുന്നു ആ കച്ചവടക്കാരനായ

ജേക്കബ്‌.

അതോടെ,

സിനിമതന്നെ ഇല്ലാതെ

തിയേറ്റർ വർഷങ്ങളോളം പൂട്ടിയിട്ടു.

പിന്നീട്‌ ‘മംഗളം’ എന്നപേരില്‍ ഒരു കല്ല്യാണമണ്ഡപം നിർമ്മിച്ചു.അതും

കുറച്ചുനാള്‍ കഴിഞ്ഞ്‌ പൂട്ടേണ്ടതായി വന്നു.

വീണ്ടും ഈ കെട്ടിടം തോപ്പുംപടിയില്‍ അനാഥപ്രേതം കണക്കെ കാലം സാക്ഷിയായി നിലകൊണ്ടു.

ഈ കെട്ടിടത്തിന്‌ മുമ്പില്‍ ഒരു കൂറ്റന്‍ പ്രതിമയുണ്ടായിരുന്നു.

മണ്‍കുടവും ഒക്കത്ത്‌ വച്ചിരിക്കുന്ന സുന്ദരിയായ യുവതിയുടെ പ്രതിമ.

ആരാലും ശ്രദ്ധിക്കപ്പെടാതെ ആ പ്രതിമയും ചരിത്രത്തിൻ്റെ ഭാഗമായി.

പിന്നീട്‌ ഈ പ്രതിമ നീക്കിയപ്പോള്‍ അത്, പഞ്ചലോഹമായിരുന്നു എന്ന്‌ പറയപ്പെടുന്നു.

ഇതിനിടയില്‍ ഇബ്രാഹിം പട്ടേല്‍ സേട്ട്‌ എന്ന ധനാഢ്യന്‍ വന്‍ ദാരിദ്ര്യത്തിലൂടെ, ദുരന്തപൂർണ്ണമായ ജീവിതത്തിലേയ്ക്ക്‌ നയിക്കപ്പെട്ടു.

ജീവിതവഴിയില്‍ മറ്റൊരു വിധിവൈ പരീത്യമാണ്‌ തന്റെതന്നെ പേരിട്ട താന്‍ ദാനം നല്‍കിയ തോപ്പുംപടിയിലുള്ള പട്ടേല്‍ മാർക്കറ്റില്‍ ഇരിക്കുമ്പോള്‍

യാചകനാണെന്ന് തെറ്റിദ്ധരിച്ച്‌ ആരോ

പുവർഹൗസില്‍ (ദരിദ്രർക്കുള്ള താമസ സ്ഥലം) കൊണ്ട്‌ ചെന്നാക്കി.

പിന്നീട് ബന്ധുക്കള്‍ ഇറക്കി കൊണ്ടുവ ന്നു.താമസിയാതെ, അദ്ദേഹം ദുരിതപൂർണ്ണമായ ജീവിതത്തില്‍ നിന്ന്‌, ഈ ലോകത്ത്‌ നിന്ന്‌ തന്നെ യാത്രയായി.

പലസ്ഥലങ്ങളിലായി ഏക്കർ കണക്കിന് തോട്ടങ്ങള്‍, എത്രയെത്ര വീടുകള്‍…

പക്ഷെ മരിക്കുമ്പോള്‍ തന്റെ കോട്ടിന്റെ പോക്കറ്റില്‍ മുഷിഞ്ഞ ഏതാനും കടലാ സുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.

വളരെ അധികം പാവങ്ങള്‍ക്ക്‌

വീടുകള്‍ വച്ച്‌കൊടുത്ത ആ ധനാഢ്യന്‌ അവസാനം തലചായ്‌ക്കുവാന്‍ ഒരു പാട്അലഞ്ഞുതിരിയേണ്ടി വന്നു.

വിയറ്റ്‌നാം കോളനി എന്ന സിനിമയില്‍ ഇത്തരത്തിലുള്ള മൂസാസേട്ടിന്റെ

കഥ സിദ്ധീക്‌ ലാല്‍ പറയുകയുണ്ടാ യിട്ടുണ്ട്‌.

നല്ലവനായ ഇബ്രാഹിം പട്ടേല്‍സേട്ടിനെ

ഒരു നിമിഷം സ്‌മരിക്കുന്നു.

വളരെ പരിശ്രമിച്ചിട്ടാണ്‌ അദ്ദേഹത്തിന്റെ ഫോട്ടോകിട്ടിയത്‌. പലരും കണ്ടിട്ടില്ലാത്ത, കാണാന്‍ കൊതിക്കുന്ന പട്ടേല്‍ സേട്ടിന്റെ ഫോട്ടോയും കൊച്ചിക്കായ്‌ സമർപ്പിക്കുന്നു.

Anuraj Anukuttan

Share News