ഇത് മാധ്യമ പ്രവർത്തനമല്ല, അങ്ങേയറ്റം അപലപനീയമായ മാധ്യമ പോലീസിങ് ആണ്.

Share News

അന്വേഷണാത്മക മാധ്യമ പ്രവർത്തനത്തിന്റെ അതിനൂതന മുഖമാണ് നിങ്ങൾ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്

സുഹൃത്തുക്കളെ. ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ് നിങ്ങളുടെ പ്രിയപ്പെട്ട മാധ്യമ പ്രവർത്തകർ ലൈവായി അന്വേഷിക്കുകയാണ്. ഓടി വരൂ, തട്ടിക്കൊണ്ട് പോയവർ കുട്ടിയുടെ അമ്മയെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെടുന്നതൊക്കെ പ്രേക്ഷകർക്ക് ഒരു സിനിമയിൽ എന്നപോലെ കാണാം. പോലീസ് രംഗത്ത് ഇല്ലേയില്ല, അന്വേഷണം മുഴുവൻ മാധ്യമങ്ങൾ നേരിട്ടാണ് നടത്തുന്നത്. കുട്ടിയുടെ സഹോദരനോട് (അതും ഒരു കൊച്ചു കുട്ടിയാണ്) മാധ്യമ പ്രവർത്തകൻ ഉന്നയിക്കുന്ന തന്ത്രപരമായ ചോദ്യങ്ങളൊക്കെ കേട്ടാൽ, കേരള പൊലീസ് എന്നല്ല സാക്ഷാൽ സ്കോട്ട്ലൻഡ് യാർഡ് പോലീസ് വരെ നാണിച്ച് തല താഴ്ത്തും. ഇവരെയൊക്കെ ആ വീട്ടിൽ നിന്ന് പുറത്താക്കാൻ അവിടെയെങ്ങും ആരുമില്ല സുഹൃത്തുക്കളെ, ആരുമില്ല.

കുട്ടിയെ തട്ടിക്കൊണ്ട് പോയവർ ഇപ്പോൾ ടിവി ഓൺ ചെയ്താൽ അവർക്ക് അന്വേഷണ പുരോഗതി കൃത്യമായി മനസ്സിലാക്കാം. ഒരുപക്ഷേ അവർക്ക് അറിയാവുന്നതിനേക്കാൾ വ്യക്തമായി തട്ടിക്കൊണ്ട് പോയത് എങ്ങനെ എന്ന കാര്യം വരെ മാധ്യമങ്ങൾ വിശദമാക്കും. അതിനിടെ സ്റ്റുഡിയോയിൽ ഇരിക്കുന്ന മൂത്ത മാപ്രകൾ തട്ടിക്കൊണ്ട് പോയവർക്കായി പ്രത്യേക ഉപദേശങ്ങളും നൽകുന്നുണ്ട്…

പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കളെ അല്പം കൂടി മര്യാദ നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. കുട്ടിയെ കിട്ടി, എന്നൊക്കെയുള്ള അഭ്യൂഹങ്ങൾ മാധ്യമങ്ങൾ തന്നെ പരത്തുന്നത് എത്ര ഗുരുതരമായ തെറ്റാണ്. കുഞ്ഞിനെ നഷ്ടപ്പെട്ട വേദനയിൽ ഇരിക്കുന്നവരോട് ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് കുറച്ചു കൂടി മാന്യതയാകാം. അവരുടെ സ്വകാര്യതയെ അല്പം കൂടി ബഹുമാനിക്കാം. മാത്രമല്ല മീഡിയയുടെ അതിര് കടക്കുന്ന ആവേശം പോലീസിന്റെ അന്വേഷണത്തെ ദോഷകരമായി ബാധിക്കാനും സാധ്യതയുണ്ട്. ഇത് മാധ്യമ പ്രവർത്തനമല്ല, അങ്ങേയറ്റം അപലപനീയമായ മാധ്യമ പോലീസിങ് ആണ്.

ആ കൊച്ചു കുട്ടി സുരക്ഷിതയായി വീട്ടിൽ തിരിച്ചെത്തട്ടെ എന്ന പ്രാർത്ഥന മാത്രം🙏

Sudeep Sebastian

Share News