മരിച്ചവർ ചിരിക്കുന്ന ഈ ഫോട്ടോ മനുഷ്യജീവിതം എത്ര ക്ഷണി കമാണെന്ന് വ്യക്തമാക്കുന്നു.ഈ ഫോട്ടോയിലെ മൂന്നിലൊന്ന് ആളുകൾ ഇന്ന് ഭൂമിയിൽ ഇല്ല.

Share News

.1986 കാലഘട്ടത്തിൽ തൃശൂർ ദീപിക യൂണിറ്റിൽ ജോലി ചെയ്‌തിരുന്നവരും മാനേജ്മെന്റ് അംഗങ്ങളുമാണ് ഇവർ. മാനേജിoഗ് എഡിറ്റർ വിക്ടറച്ചൻ, അസോസിയേറ്റ് എഡിറ്റർ ഫാ. ഡോ മീഷ്യൻ മാണിക്കത്താൻ, പരസ്യ മാനേജർ ഫാ. പോൾ കോഴിപ്പാട്ട്, ജനറൽ മാനേജർ ഐപ്പ് ആലപ്പാട്ട്, റിപ്പോർട്ടർ കെ. വി. തോമസ്, ചീഫ് സബ് എഡിറ്റർ ആർ.ഗോപീകൃഷ്ണൻ,സർക്കുലേഷൻ സ്റ്റാഫ് സി. ജെ. പാപ്പുക്കുട്ടി, അക്കൗണ്ട് സ് തലവൻ, ചെറുപ്പക്കാരനായ ഡ്രൈവർ എന്നിവരാണ് പല കാലത്തായി കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്.

ചിരി മായാത്ത മുഖമുണ്ടായിരുന്ന ചെറുപ്പക്കാരനാണ് ആദ്യം മരിച്ചത്.ജോലിയിൽ കയറി വൈകാതെ. അക്കൗണ്ടസ് ഓഫിസറുടെ പേരും മറന്നു. പല്ലുകൾ നഷ്ടപ്പെട്ടതുപോലുള്ള മുഖമായിരുന്നു അദ്ദേഹത്തിന്റേത്.ചിരി കാണാൻ പ്രത്യേക രസമായിരുന്നു.26 കൊല്ലം പിന്നിട്ടു.എങ്കിലും പേരുകൾ മറന്നതിൽ ഖേദിക്കുന്നു. കോഴിപ്പാട്ടച്ചൻ രസികനും സരസനുമായിരുന്നു. ഓഫീസിൽ രാത്രി തങ്ങുന്ന ചില ദിവസങ്ങളിൽ ഹൗസിലെ വീഡിയോ പ്ലെയറിൽ സിനിമ കാണാൻ സമ്മതം തന്നിരുന്നു. കെ. വി. തോമസ് തന്റേതായ രീതിയിൽ തമാശ പറയും.അദ്ദേഹവുമായി കുറച്ചുകൂടി അ ടുക്കേണ്ടതായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നുണ്ട്. സി. ജെ. പാപ്പുക്കുട്ടിക്ക് ആരോ ലോഹ്യാഭക്തിയുടെ കൈവിഷം കൊടുത്തിരുന്നു. എപ്പോഴും പരാതിയായിരുന്നെങ്കിലും പാവമായിരുന്നു.വർഷങ്ങൾ കഴിഞ്ഞ് ഒരിക്കൽ കാണണമെന്നു പറഞ്ഞപ്പോൾ കോതമംഗലത്തുപോയി കണ്ടു. ഡോമീഷ്യൻ അച്ചനെ തേവര ആശ്രമത്തിൽ വച്ച് പിന്നീട് പലതവണ കണ്ടു സംസാരിച്ചിട്ടുണ്ട്.

ഒരു പരിധിയിൽ കൂടുതൽ അടുക്കുന്ന പ്രകൃതമല്ല അച്ചന്റെ. ഗോപീകൃഷ്ണന്റെ മരണം അപ്രതീക്ഷിതമായിരുന്നു. സംഭാഷണചതുരനായ ഗോപീകൃഷ്ണന്റെചിരി മനോഹരവും ശത്രുക്കളെ നിരായുധരാക്കുന്നതുമായിരുന്നു. അന്ന് തൃശ്ശൂരിലാണ് ജോലി ചെയ്യു ന്നതെങ്കിലും ഈ ഫോട്ടോയിൽ ഞാനില്ല.ഞാൻ എവിടെയായിരുന്നു? അറിയില്ല. എനിക്കു തോന്നുന്നു ഈ ഫോട്ടോയ്ക്ക് ആകെയുള്ള കുറവ് അതിൽ ഞാനില്ല എന്നതു മാത്രമാണെന്ന്.

ഫോട്ടോയിൽ കാണുന്ന പലരും മാധ്യമ രംഗത്ത് ഇന്നും നിറഞ്ഞു നില്കുന്നവരാണ്.പി. പി. ജെയിംസ്, ഫ്രാങ്കോ ലൂയിസ്, ജോണി അന്തിക്കാട്, ഇ. രുദ്രൻ തുടങ്ങിയവർ. മികച്ച സേവനത്തിനു ശേഷം വിശ്രമജീവിതം നയിക്കുന്നവരാണ്എക്സിക്യൂട്ടീവ് എഡിറ്റർമാർ ആയിരുന്ന എൻ. എസ്‌. ജോർജ്, അലക്സാണ്ടർ സാം എന്നിവർ.

മുതിർന്ന പത്രപ്രവർത്തക സംഘടനയുടെ ജില്ലാ പ്രസിഡന്റാണ് അലക്സാണ്ടർ സാം. ടി. എ. സാബു, പി. ജെ. കുര്യാച്ചൻ, സാബു കുര്യൻ, സജി സിറിയക് എന്നിവരും ശ്രദ്ധേയരാണ്.

മറ്റുള്ളവർ ദീപികയിൽ വിവിധ ജോലികൾ മനോഹരമായി നിർവഹിച്ചിരുന്നവരാണ്. കാലത്തിന്റെ താളുകൾ മറിയുന്നു. ആളുകൾ മറയുന്നു. കാലത്തിന്റെ അതിനായകാ നിനക്കു വന്ദനം, വന്ദനം.

Mani Pius

Share News