എം എം ലോറൻസിന്റെ അസാന്നിധ്യത്തിൽ ചേരുന്ന സിപിഐ എമ്മിന്റെ ആദ്യ സംസ്ഥാന സമ്മേളനമായിരിക്കും ഇത്‌.

Share News

എം എം ലോറൻസിന്റെ അസാന്നിധ്യത്തിൽ ചേരുന്ന സിപിഐ എമ്മിന്റെ ആദ്യ സംസ്ഥാന സമ്മേളനമായിരിക്കും ഇത്‌. കമ്യൂണിസ്‌റ്റ്‌ പാർടിയിലുണ്ടായ പിളർപ്പിനുശേഷം സിപിഐ എം രൂപീകരണത്തിലേക്ക്‌ നയിച്ചത്‌ ഉൾപ്പെടെ മൂന്ന്‌ സുപ്രധാന സമ്മേളനങ്ങൾക്ക്‌ കൊച്ചി വേദിയായപ്പോൾ മുഖ്യസംഘാടകൻ എം എം ലോറൻസായിരുന്നു.

1985ൽ കൊച്ചി ആദ്യമായി സംസ്ഥാന സമ്മേളനത്തിന്‌ വേദിയായപ്പോൾ സംഘാടകസമിതിയുടെ ചെയർമാനായിരുന്നു. 23–-ാം പാർടി കോൺഗ്രസിന്‌ മുന്നോടിയായി ചേരുന്ന സംസ്ഥാന സമ്മേളനത്തിന്‌ കൊച്ചി വേദിയാകുമ്പോൾ എഴുപത്തഞ്ചാണ്ടിലേറെ നീണ്ട പൊതുപ്രവർത്തനാനുഭവങ്ങളുടെ പാരാവാരം നെഞ്ചേറ്റി ലോറൻസ്‌ രോഗക്കിടക്കയിലാണ്‌.

ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നെങ്കിലും ഏതാനും മാസങ്ങൾമുമ്പുവരെ എഴുത്തും വായനയുമൊക്കെ സജീവമായിരുന്നു. കഴിഞ്ഞ ഡിസംബറിൽ എറണാകുളം ജില്ലാ സമ്മേളനം നടക്കുന്ന സമയത്തും ആശുപത്രിക്കിടക്കയിലാണ്‌.

അന്ന്‌ ആദ്യകാല സമ്മേളനനാളുകൾ ഓർത്തെടുക്കാൻ ശ്രമിക്കുന്നതിനിടെ, പരസഹായത്തോടെ എഴുതി പൂർത്തിയാക്കിയ ജീവിതകഥ പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ച്‌ പറഞ്ഞു. കൃത്യവും വ്യക്തവുമായി ഓർമകൾ കൈയകലത്തിൽ കൈമോശം വരുന്നതിനെക്കുറിച്ച്‌ ആശങ്കപ്പെട്ടു.പതിനെട്ടാം വയസ്സിൽ കമ്യൂണിസ്‌റ്റ്‌ പാർടി അംഗമായ ലോറൻസിന്‌ ഇപ്പോൾ വയസ്സ്‌ 93. പിളർപ്പിനുശേഷം അതേവർഷം ജൂണിൽ കൊച്ചിയിൽ ചേർന്ന കേരളത്തിലെ ഇടതുപക്ഷ നേതാക്കളുടെ പ്രത്യേക കൺവൻഷന്റെ സംഘാടകനായിരുന്നു. കൺവൻഷനിൽ സി എച്ച്‌ കണാരൻ സെക്രട്ടറിയായി രൂപീകരിച്ച 66 അംഗ സംഘടനാ കമ്മിറ്റിയിൽ ലോറൻസും അംഗമായി.

1968ൽ എറണാകുളം ജില്ലാ സെക്രട്ടറിയായിരിക്കെയാണ്‌ സിപിഐ എമ്മിന്റെ പ്രത്യേക സംസ്ഥാന പ്ലീനവും എട്ടാം പാർടി കോൺഗ്രസും കൊച്ചിയിൽ ചേർന്നത്‌. രണ്ടിന്റെയും മുഖ്യസംഘാടകനായിരുന്നു. പാർടി കോൺഗ്രസിന്റെ സംഘാടകസമിതി ചെയർമാനും. 1985ൽ കൊച്ചി ആദ്യമായി സംസ്ഥാന സമ്മേളനത്തിന്‌ വേദിയായപ്പോൾ സംഘാടകസമിതി ജനറൽ കൺവീനറുടെ ചുമതല വഹിച്ചു.

നഗരത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ റാലിയാണ്‌ സമ്മേളനസമാപനത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ചത്‌. മൂന്നുവർഷംമുമ്പ്‌ ലോറൻസിന്റെ 90–-ാം പിറന്നാൾ ആഘോഷം എറണാകുളം ടൗൺഹാളിൽ ഉദ്ഘാടനം ചെയ്തത്‌ മുഖ്യമന്ത്രി പിണറായി വിജയനാണ്‌. സംഭവബഹുലവും ഇതിഹാസതുല്യവുമായ ആ ജീവിതത്തെ പിണറായി വിജയൻ കുറഞ്ഞ വാക്കുകളിൽ വിശേഷിപ്പിച്ചത്‌ ഇങ്ങനെ: ‘‘സ്വാതന്ത്ര്യസമരകാലത്തെ ഇന്നത്തെ രാഷ്ട്രീയവുമായി ബന്ധിപ്പിക്കുന്ന ഈടുറ്റ കണ്ണിയാണ് അദ്ദേഹം. സമരരംഗത്തും സഭാവേദിയിലും പ്രവർത്തിച്ചു.

ഒളിവിലും ജയിലിലും കഴിഞ്ഞു. പാർടിയുടെ താഴേത്തട്ടിലും ഉയർന്ന തലത്തിലും തിളങ്ങി. ദീർഘകാലം എൽഡിഎഫ് കൺവീനറായി. പത്രപ്രവർത്തനം നടത്തി. തോട്ടിത്തൊഴിലാളികൾമുതൽ തുറമുഖത്തൊഴിലാളികളെവരെ സംഘടിപ്പിച്ചു. രണ്ടുവട്ടം സിഐടിയു അഖിലേന്ത്യാ സെക്രട്ടറിയായി.സഹനസമരാനുഭവങ്ങളിൽനിന്നെല്ലാം മാറി സഞ്ചരിക്കാമായിരുന്നിട്ടും മനുഷ്യസ്‌നേഹത്തിലൂന്നിയ ജീവിതമൂല്യങ്ങൾക്ക് വിലകൽപ്പിച്ച് നഷ്ടങ്ങൾമാത്രം കാത്തിരിക്കുന്ന രാഷ്ട്രീയവഴി സ്വയംവരിച്ചു. ഇടപ്പള്ളി സ്റ്റേഷൻ ആക്രമണത്തിനുശേഷവും അടിയന്തരാവസ്ഥയിൽ കൊടിയ മർദനവും ജയിൽവാസവും അനുഭവിച്ചു. പാർടിയിൽ അച്ചടക്കനടപടിക്ക് വിധേയനായപ്പോൾ അതിന്റെ ആവശ്യകതയ്ക്ക് സ്വന്തം ജീവിതംകൊണ്ട് അടിവരയിട്ടു. ഇതെല്ലാം ഏതു പാർടി അംഗവും മാതൃകയാക്കേണ്ടതുണ്ട്’’.

CPIM Ernakulam DC

Share News