
മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നവർക്ക് വോട്ടില്ല: മാർ ജോസഫ് പാംപ്ലാനി
തലശ്ശേരി: മദ്യത്തേയും മദ്യക്കച്ചവടത്തേയും പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയപ്പാർട്ടിക്കോ മുന്നണികൾക്കോ വോട്ട് നൽകില്ല.മദ്യവിരുദ്ധ ഏകോപന സമിതിയുടെ പേരാവൂർ നിയോജക മണ്ഡലം പ്രഖ്യാപനത്തോടനുബന്ധിച്ചു ചേർന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മദ്യവിരുദ്ധ ഏകോപന സമിതി രക്ഷാധികാരികൂടിയായ ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി.
മദ്യവരുമാനം കൊണ്ട് രാജ്യം ഭരിക്കാമെന്ന് കരുതുന്നവർ യഥാർത്ഥത്തിൽ രാജ്യത്തെ ബഹുഭൂരിപക്ഷം കുടുംബങ്ങളെയും അരക്ഷിതകുടുംബങ്ങളാക്കി മാറ്റുകയാണ് ചെയ്യുന്നത്.മനുഷ്യരെ നശിപ്പിച്ചിട്ട് ആർക്കാണ് വികസനം വേണ്ടത്? അമ്മമാരുടേയും കുഞ്ഞുങ്ങളുടേയും ഹൃദയരക്തം വീണ ഈ പണം കൊണ്ട് ഉയർത്തുന്ന ഒരു വികസന പദ്ധതിയും കരകയറില്ല.ഞങ്ങൾക്ക് കക്ഷി രാഷ്ട്രീയമില്ല.ഒരേ ഒരു നിലപാട് മാത്രം.മദ്യം ഈ നാട്ടിൽ ഒഴുകുന്നത് നിലയ്ക്കണം.അതുവഴി അമ്മമാരുടെയും കുഞ്ഞുങ്ങളുടേയും കണ്ണീർ നിലക്കണം.നാട്ടിലും വീട്ടിലും
സമാധാനം ഉണ്ടാവണം.സമാധാന കാംക്ഷികളായ ഭരണകർത്താക്കൾ ഉണ്ടാവണം.
അതുപോലെ തന്നെ കർഷകവിരുദ്ധ നിലപാട് ഭരണകൂടങ്ങൾക്ക് ഉണ്ടാവരുത്.ആറളം ഫാമിൽ തന്നെ എട്ട് ആദിവാസികളെ ആന ചവിട്ടിക്കൊന്നു.300-ൽലധികം കർഷകർ ബഫർ സോണിന്റെ ഭീതിയിൽ കഴിയുന്നു. സമാധാനം നൽകേണ്ട സമാധാനം പറയേണ്ട ഭരണകർത്താക്കൾ മൗനം വെടിയണമെന്ന്
മാർ ജോസഫ് പാംപ്ലാനി ആവശ്യപ്പെട്ടു.
കർഷക സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പേരാവൂർ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ലൈസ ജോൺ അവതരിപ്പിച്ച പ്രമേയം സമ്മേളനം പാസ്സാക്കി. പേരാവൂർ നിയോജകമണ്ഡലം ഏകോപന സമിതി പ്രസിഡന്റ് മനോജ് എം കണ്ടത്തിൽ അധ്യക്ഷത വഹിച്ചു.മദ്യവിരുദ്ധ ഏകോപന സമിതി ചെയർമാൻ ഫാ. ചാക്കോ കുടിപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. ടി. പി. ആർ. നാഥ്, ഡോ. ജോസ് ലെറ്റ് മാത്യു, പ്രൊഫ.വാസുദേവൻ നായർ, ആന്റണി മേൽവെട്ടം, തങ്കമ്മ പാലമറ്റം, റമീസ് ശിവപുരം,റഹീസ് കണിയാറക്കൽ, രവീന്ദ്രൻ വള്ളിത്തോട്, ഷിനോ പാറക്കൽ, സുഹൈൽ ചെമ്പന്തൊട്ടി എന്നിവർ പ്രസംഗിച്ചു.