മനസ്സ് മടുപ്പിക്കുന്ന ഈ കോവിഡ് കാലത്തു രസകരമായ പഴയ ഓർമകളിലൂടെ സഞ്ചരിക്കുന്നത് ആത്മാവിൽ നിർവൃതിയുടെ ഊഷ്മളത പടർത്തുന്നു.
ഗ്ലോബൽ മലയാളി കൗൺസിൽ സംഘടിപ്പിച്ച അവാർഡ് ദാനച്ചടങ്ങിൽ പങ്കെടുക്കുവാനായിട്ടാണ് 2007 -ൽ ഞാൻ സിംഗപ്പൂരിൽ പോയത്. ഗ്ലോബൽ മലയാളി കൗണ്സിലിന്റെ 2007 -ലെ മികച്ച ഡോക്ടർക്കുള്ള “ഗ്ലോബൽ എക്സിലെൻസി മെഡിക്കൽ അവാർഡ്” എളിയവനായ എനിക്കായിരുന്നു. കേരളത്തിലും മലയാളികൾ കൂടുതലായി വസിക്കുന്ന വിദേശരാജ്യങ്ങളിലും ഓരോവർഷവും അവാർഡ് ദാനച്ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നു. അന്ന് എന്നോടൊപ്പം അവാർഡ് സ്വീകരിക്കാൻ, കലാസാംസ്കാരികരംഗങ്ങളിൽ മികവ് തെളിയിച്ച കേരളത്തിലെ പല മഹാരഥന്മാരുമുണ്ടായിരുന്നു. മികച്ച നടിക്കുള്ള അവാർഡ് നേടിയ സീമ, പ്രമുഖ നടനും സംവിധായകനുമായ എം എ നിഷാദ്, മികച്ച ടി വി അവതാരകനുള്ള അവാർഡ് ലഭിച്ച ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ പി ജി സുരേഷ് കുമാർ തുടങ്ങിയവർ. മികച്ച ടി വി അവതാരകനുള്ള അവാർഡ് നേടിയ എം വി നികേഷ്‌കുമാറിന് ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചില്ല. എന്റെ പ്രിയ സുഹൃത്തായ നികേഷിനു ഞാൻ തിരിച്ചുവന്നപ്പോൾ അദ്ദേഹത്തിനായുള്ള അവാർഡ് നേരിട്ടു ഇന്ത്യാവിഷൻ ചാനലിന്റെ സ്റ്റുഡിയോയിൽ കൊണ്ടെക്കൊടുത്തു.
സിംഗപ്പൂരുള്ള ഒരു ഹോട്ടലിലാണ് ഞങ്ങൾ താമസിച്ചത്. അന്ന് എന്നോടൊപ്പം മുറി പങ്കിട്ടത് സുരേഷ് കുമാർ. അടുത്തുള്ള മുറിയിൽ നിഷാദ്. രസകരമായ ഒന്നുരണ്ടു ദിവസങ്ങൾ ഗ്ലോബൽ മലയാളി കൗണ്സിലിന്റെ സിംഗപ്പൂർ ഘടകമായ മലയാളി അസോസിയേഷനിലെ അംഗങ്ങളോടൊപ്പം ചെലവഴിച്ചു. അന്ന് ഏറെ സുഹൃത്തുക്കളായി മാറിയ ഞങ്ങൾ പിന്നീട് വളരെ അപൂർവമായേ കണ്ടുമുട്ടിയുളളൂ. എല്ലാവരും അവരവരുടെ തട്ടകങ്ങളിൽ ഏറെ തിരക്കുള്ളവർ. നിഷാദിനെ മലയാള മനോരമ സംഘടിപ്പിച്ച ഒരു ചടങ്ങിൽവച്ചു പിന്നീട് കാണുകയുണ്ടായി. ഇപ്പോൾ അദ്ദേഹം നടനും സംവിധായകനുമായി കേരളത്തിന്റെ മുൻനിരയിൽ. സുരേഷ്‌കുമാറിനെ പിന്നെ നേരിട്ടു കണ്ടതായി ഓർമയില്ല. എന്നാൽ അദ്ദേഹം ഇന്ന് “പി ജി” എന്ന പേരിൽ ഏഷ്യാനെറ്റ് ചാനലിലെ നിറസാന്നിധ്യം. കേരളത്തിലെ ഏറ്റവും മികച്ച ടി വി മോഡറേറ്ററായി അദ്ദേഹം മാറി.
മനസ്സ് മടുപ്പിക്കുന്ന ഈ കോവിഡ് കാലത്തു രസകരമായ പഴയ ഓർമകളിലൂടെ സഞ്ചരിക്കുന്നത് ആത്മാവിൽ നിർവൃതിയുടെ ഊഷ്മളത പടർത്തുന്നു. ഓർമ്മകൾ, അതെ, അതല്ലേ എല്ലാം. ഓർമ്മകൾ എന്നൊന്നില്ലായിരുന്നെങ്കിൽ, ദൈവമേ ജീവിതം എത്രമാത്രം നിർജീവമാകുമായിരുന്നു. ആരും ചോദിക്കാത്ത ചോദ്യങ്ങളും പേറി, മനസ്സിനെ നിരന്തരം വേട്ടയാടുന്ന ഒരു കാലഘട്ടത്തിന്റെ സന്ദിഗ്ധതകളിലൂടെ വേച്ചുവേച്ചു നടന്നുപോകുമ്പോൾ, ഒരു കുളിർ തെന്നൽ പോലെയാണ് പഴയ ഓർമ്മകൾ മനസ്സിനെ ആവാഹിക്കുന്നത്. പരിഭവമില്ലത്ത നിസ്സംഗതയോടെ ഓർമകളുടെ ഉൾപ്പൊരുളിനെ നിതാന്ത തോഴനാക്കാൻ വെമ്പുന്ന എന്റെ ലളിതഹൃദയം. ദയാലേശമില്ലാതെ ജീവിതത്തിന്റെ മുഖംമൂടികൾ പറിച്ചുമാറ്റി സുഖങ്ങളുടെ സങ്കീർണ മുഹൂർത്തങ്ങളെ സ്വപ്നം കണ്ടു നടക്കാൻ എനിക്ക് ഏറെ മോഹം. പൊയകാലത്തു എത്രയെത്ര നല്ല അനുഭവങ്ങൾ ഉണ്ടായിരുന്നു. ഇന്ന്, ശാന്തമായ ആശുപത്രി ജോലിയെയും ഉള്ളുകുളിർപ്പിക്കുന്ന എഴുത്തിനെയും കൊറോണയെന്ന ബാധ കശക്കിയെറിയാൻ ഒരുമ്പെടുമ്പോൾ രക്ഷപെടാൻ ഒറ്റ മാർഗ്ഗമേ ഉള്ളൂ, പഴയ ഓർമകളിലേക്ക് മന്ദം നടന്നുപോകുക.
നിങ്ങളുടെ എളിയ ഡോ ജോർജ് തയ്യിൽ
Cardiologist (MD,FACC,FRCP), Author, Columnist