..ഇന്നുവരെ, എന്റെ പിറന്നാൾ ദിവസം ഒരു കേക്ക് മുറിച്ചതായി ഞാൻ ഓർക്കാറില്ല

Share News

ചില നിമിഷങ്ങൾ

നാളെ എന്റെ പിറന്നാൾ ആണ്, കഴിഞ്ഞ മാസം അരുണിന്റെ പിറന്നാൾ ദിവസം ക്ലാസ് ടീച്ചർ ഞങ്ങളുടെ ക്ലാസ് മുറിയിൽ അവനെ കൊണ്ട് കേക്ക് മുറിപ്പിച്ചത് ഞാൻ ഓർക്കുന്നു .അന്നു കഴിച്ച കേക്കിന്റെ രുചി ഇന്നും നാവിൽ കൊതി മായാതെ കിടപ്പുണ്ട് …

നാളെ എനിക്ക് 10വയസ്സ് ആകും ,ഇന്നുവരെ, എന്റെ പിറന്നാൾ ദിവസം ഒരു കേക്ക് മുറിച്ചതായി ഞാൻ ഓർക്കാറില്ല .അതു പറഞ്ഞ് ഞാൻ എല്ലാവർഷവും അച്ചനോടും അമ്മയോടും പരാതി പറഞ്ഞ് കരയാറുണ്ട് ,കിട്ടില്ല എന്നറിയാം ,കൂലിവേലക്കു പോകുന്ന എന്റെ അച്ചനും ,ബാങ്കിൽ ജോലി ചെയ്യുന്ന അരുണിന്റെ അച്ചനും തമ്മിൽ ആനയും ആടും തമ്മിൽ വ്യത്യാസമുണ്ട് .

പിറ്റേന്ന് നേരം പുലർന്നു ,പതിവു ദിനങ്ങൾ പോലെ തന്നെ അന്നും ഞാൻ സ്കൂളിലേക്ക് യാത്രയായി .കക്ഷം കീറി നൂലുകൊണ്ട് തുന്നിയ യൂണിഫോം ഷർട്ടും,ബട്ടൻസ് പൊട്ടിപ്പോയി പിന്നു കുത്തിയ നിക്കറുമിട്ട് .. എനിക്ക് ഉള്ളതിൽ ഏറ്റവും പുതിയത് , ഇറങ്ങുമ്പോൾ അയലത്തെ വീട്ടിലെ കിട്ടുചേട്ടൻ തന്ന ആ പഴയ ബാഗ് എന്റെ തോളത്ത് ചാർത്തി ,പതിവില്ലാത്ത ഒരു ഉമ്മയും അമ്മ തന്നു .ആ ഉമ്മയിൽ എനിക്ക് അറിയായിരുന്നു ,അമ്മ എന്റെ പിറന്നാൾ ഓർമ്മിച്ചിട്ടും ,എന്നെ സങ്കടപ്പെടുത്താതിരിക്കാൻ പറയാത്തതാണെന്ന്….

ക്ലാസ് മുറിയിലെ മുൻനിര ബഞ്ചിൽ ഇരുന്ന് ഞാൻ കുറെ സ്വപ്നങ്ങൾ കണ്ടു … പിറന്നാൾ കോടിയുടുത്ത് കേക്കുമായി സന്തോഷത്തിൽ ക്ലാസിൽ ചെല്ലുന്ന ഞാൻ ,എന്റെ ചുറ്റും ഓടി കൂടുന്ന കൂട്ടുകാർ ,ടീച്ചറിന്റെ മടിയിൽ ഇരുത്തി, എന്നെ കൊണ്ട് കേക്ക് മുറുപ്പിക്കുന്നത്, കുറെ മിഠായികൾ അങ്ങനെയെല്ലാം …. “അപ്പൂ, നീ എന്തു ചിന്തിച്ചു കൊണ്ടിരിക്കുവാ ,പഠിക്കാനോ ,അതോ സ്വപ്നം കാണാനോ നീയിങ്ങു വരുന്നത്? .

“സന്തോഷത്തിന്റെ ചിരി നിറഞ്ഞിരുന്ന എന്റെ മുഖത്തേക്ക്‌ കൊടുങ്കാറ്റിന്റെ വേഗത്തിൽ വിഷാദത്തിന്റെ കറ പടർന്നു പിടിച്ചു .ഞാൻ ഒന്നുംമിണ്ടിയില്ല.”ഞാനിപ്പോൾ പറഞ്ഞ സൂത്രവാക്യം പറഞ്ഞേ “.

സങ്കടത്തിൽ നിറഞ്ഞു കവിഞ്ഞ എന്റെ ഹൃദയത്തിൽ നിന്നും കവിഞ്ഞൊഴുകുന്ന അക്ഷയപാത്രം പോലെ കണ്ണുനീർ കണ്ണിലൂടെ ഒഴുകാൻ തുടങ്ങി . ” ടീച്ചറേ അത്….. ,എനിക്ക് അറിയില്ല ടീച്ചർ ” .എന്റെ ആ മറുപടിക്ക് കൂർത്ത കൈവിരൽ കൊണ്ട് എന്റെ ചെവിയിൽ ടീച്ചർ മറുപടി തന്നു .” ഒന്നു
മെനക്ക്‌ ക്ലാസിൽ വന്നു കൂടെ ,കീറിപ്പറിഞ്ഞ കുപ്പായവും ധരിച്ച് ,രാവിലെ ഇങ്ങു പോരും ,മറ്റു കുട്ടികളെ കണ്ട് വൃത്തിയെങ്കിലും പഠിക്ക് ചെറുക്കാ …” .
ഞാൻ വേദന കൊണ്ട് പുളയാൻ തുടങ്ങി, നുള്ളിപ്പറിച്ച വേദനയേക്കാൾ വലുതായിരുന്നു ടീച്ചറിന്റെ വാക്കുകൾ ഹൃദയത്തിനുണ്ടാക്കിയ വേദന .

എന്റെ ക്ലാസിലെ മറ്റു കുട്ടികൾ എന്റെ കണ്ണുനീർ ആനന്ദമാക്കി .. ക്ലാസ്സു മുഴുവൻ ചിരിയുടെ മാലപ്പടക്കം പൊട്ടി … ഒരു പക്ഷേ മറ്റൊരു ദിവസം ആയിരുന്നെങ്കിൽ ഇത്ര അധികം സങ്കടം വരില്ലായിരുന്നു ….

അന്നേ ദിവസം വൈകുന്നേരം കരഞ്ഞു നനഞ്ഞ മുഖവും തുടച്ച് ഞാൻ എന്റെ വീട്ടിലേക്ക് നടന്നു..

.പോകും വഴി മുഴുവൻ എന്റെ ക്ലാസിലെ കുട്ടികളുടെ കളിയാക്കലുകൾ എന്നെ വേട്ടയാടിക്കൊണ്ടിരുന്നു …

എന്റെ അച്ചനും ,അമ്മയും, അമ്മയുടെ കയ്യിൽ എന്റെ കുഞ്ഞുവാവയും എന്നെയും കാത്തു നിൽപ്പുണ്ടായിരുന്നു …

. ഞാൻ അകത്തു കയറിയ ഉടൻ അമ്മ ഒരു ഒരു ചെറിയ കേക്ക് എന്റെ മുന്നിൽ വച്ചു ..കഴിഞ്ഞവർഷം മുതൽ അമ്മ എനിക്കായി കുടുക്കയിൽ കൂട്ടി വച്ച നാണയങ്ങൾ കൊടുത്ത് വാങ്ങിയതാണെന്ന് ……

അച്ചൻ എന്നെ മടിയിൽ ഇരുത്തി ,പഴയൊരു കത്തി എന്റെ കയ്യിൽ തന്ന് അമ്മ അത് മുറിക്കാൻ പറഞ്ഞു …

എന്റെ ചുറ്റും നിന്നു സന്തോഷത്താൽ ചിരിച്ച അച്ചനും ,അമ്മയും ,കുഞ്ഞുവാവയും ,അവർക്ക് അറിയാവുന്ന ഭാഷയിൽ ഹാപ്പി ബെർത്ത്ഡേ പാടി … ആ പാട്ടുകേട്ട് എന്റെ കണ്ണു നിറഞ്ഞു .. വിയർത്തൊലിച്ച അച്ചന്റെ മുഖം എന്റെ കവിളിൽ ചുംബിച്ചപ്പോൾ സ്നേഹത്തിന്റെ മധുരം ഞാൻ അറിഞ്ഞു … ആദ്യത്തെ കഷ്ണം അമ്മയെന്റെ നാവിൽ വച്ച് കവിളിൽ ഒരുമ്മ കൂടി തന്നപ്പോൾ മധുരം കുറവായിരുന്ന ആ കേക്കിന്‌ തേൻ ഒഴിച്ചത് പോലെ മധുരം തോന്നി …. അമ്മ എന്നോട് ചോദിച്ചു . ” എങ്ങനെയുണ്ട് കുട്ടാ അമ്മയുടെ കേക്ക് ,അരുണിന്റെ കേക്കിന്റെ രുചിയുണ്ടോ “
ഉത്തരം നൽകാൻ എനിക്ക് തരി താമസം ഉണ്ടായില്ല”അതിനേക്കാൾ ഒത്തിരി രുചിയുണ്ട് അമ്മേ “…..

അതു കേട്ട അമ്മയും അച്ചനും എന്നെ വാരിപ്പുണർന്നു .. ക്ലാസിൽ ഉണ്ടായതൊക്കയും ആ സ്നേഹസ്പർശത്താൽ ഞാൻ മറന്നു കഴിഞ്ഞിരുന്നു …

. പലയിടത്തും നാം അകറ്റപ്പെട്ടാലും നമ്മെ നെഞ്ചോടു ചേർക്കാൻ കൊതിച്ചിരിക്കുന്ന ചില ഇടങ്ങൾ ഉണ്ട്. അവർക്കിടയിൽ

കാലം മറന്നു പോകുന്ന മധുരമുള്ള ഒരു പലഹാരം ഉണ്ട്…. “സ്നേഹം “…..
അതു മാത്രം മതി പല ഒറ്റപ്പെടുത്തലുകളും കണ്ടില്ലെന്ന് നടിക്കാൻ ….

ജോമോൻ ജോസഫ്:

Share News