
സിപ്പി പളളിപ്പുറത്തിന് ഇന്ന് 78 പൂർത്തിയാകുന്നു
സിപ്പി സാറിനെ വിളിച്ചു വിഷ് ചെയ്തു.ഇന്ന് 78 പൂർത്തിയാകുന്നു. സംസാരത്തിനിടെ കുറെ നാളായി ചോദിക്കണമെന്നു വിചാരിച്ചിരുന്ന സംഗതി ചോദിച്ചു. ഈ സ്പെഷൽ ജുബ്ബകൾ എവിടന്നു കിട്ടുന്നു?
ജുബ്ബ മാത്രമേ ഇടൂ എന്ന പിടിവാശിയുള്ളയാളാണു മാഷ്. സാധാരണ മട്ടിലുള്ള ജുബ്ബയല്ല. കഴുത്തിന് ഇരുപുറങ്ങളിലുമായി ചിത്രപ്പണികളുള്ള ജുബ്ബ തന്നെ വേണം.
തുന്നിയെടുക്കുന്നതാണ്. എറണാകുളത്ത് അത്തരത്തിൽ ജുബ്ബ തുന്നിയിരുന്ന ജോസ് ബ്രദേഴ്സ് ഗാർമെന്റ്സും എംബ്രോയിഡറി വർക്കിൽ പ്രശസ്തരായ സേവ്യർ, ഫ്രാൻസിസ് എന്നീ തുന്നൽക്കാരുമാണ് മാഷിന്റെ ജുബ്ബാസ്വപ്നങ്ങൾ സാക്ഷാത്കരിച്ചിരുന്നത്. സേവ്യറും ഫ്രാൻസിസും ഈ ലോകം വിട്ടുപോയെങ്കിലും അവരുടെ പിൻതലമുറക്കാർ തന്നെയാണ് ഇപ്പോഴും സിപ്പിസാറിനായി ജുബ്ബാ തുന്നുന്നത്.
നല്ല ബാലസാഹിത്യകാരനാകണമെങ്കിൽ കുട്ടിത്തം കളയരുതെന്നു മാഷു പറയുന്നു. കുട്ടിയെഴുത്തുകാരന്റെ മേശപ്പുറത്ത് ഇപ്പോൾ അദ്ദേഹത്തിന്റെ പ്രായത്തിന്റെ ഇരട്ടിയോളം വരുന്ന പുസ്തകങ്ങൾ അദ്ദേഹത്തിന്റെ പേരു പതിഞ്ഞ് ഇരിക്കുന്നു.
കയർ തൊഴിലാളിയായിരുന്നു പിതാവ് അന്തപ്പൻ. മകന് സിപ്പി എന്ന സൊയമ്പൻ പേര് ഇട്ടതിലും ചെറിയൊരു കഥയുണ്ട്. സുപ്രിയാൻ എന്നൊരു പുണ്യവാളനുണ്ട്. പുണ്യാളനെ വിളിച്ചു പ്രാർഥിക്കുമായിരുന്നു. ആ സ്മരണയിലാണ് മകനു സിപ്പിയെന്നു പേരിട്ടത്.
‘ഒരു പിറന്നാളും അങ്ങനെ ആഘോഷിക്കാറില്ല ലാ..ലാ.. ’എന്റെ പേരു ലാലെന്നാണെങ്കിലും സിപ്പിസാറു ‘ലാ…ലാ’ എന്നാണു വിളിക്കുക. കേള്‍ക്കുമ്പോൾ ഒരു കുട്ടിക്കവിതയുടെ ഈരടിയീണം പോലെ തോന്നും.
ബാലസാഹിത്യത്തിനുള്ള രാജ്യത്തെ എല്ലാ പുരസ്കാരങ്ങളും തേടിയെത്തിയ ഈ എഴുത്തുകാരനെ കൊച്ചെഴുത്തുകാരൻ എന്നു വിളിക്കരുതെന്നപേക്ഷ.
സിപ്പി പളളിപ്പുറം വര– ഓറിയോൺ

ടി.ബി. ലാൽ
Author & Journalist
Journalist @ Malayala Manorama