കോവിഡിനെതിരെ പോരാട്ടത്തിന്റെ ഇരുന്നൂറ്റിയൻപത് ദിനം തികച്ച് ട്രാക്ക്

Share News

കൊല്ലം :കോവിഡ് 19നെതിരെയുള്ള പ്രവർത്തനത്തിൽ ജില്ലാ ഭരണകൂടത്തോടൊപ്പം ഇരുന്നൂറ്റിയൻപത് ദിവസം തികച്ച് മറ്റു സംഘടനകൾക്ക് മാതൃകയായിരിക്കുകയാണ് കൊല്ലത്തെ ട്രാക്ക് (ട്രോമ കെയർ &റോഡ് ആക്‌സിഡന്റ് എയ്ഡ് സെന്റർ ഇൻ കൊല്ലം ).


കോവിഡിനെതിരെ ട്രാക്ക് പ്രവർത്തനം ആരംഭിച്ചിട്ട് ഇരുന്നൂറ്റിഅമ്പത്തിനാല് ദിവസം ആയെങ്കിലും ജില്ലാ ഭരണകൂടത്തോടൊപ്പം പ്രവർത്തനം തുടങ്ങിയത് രണ്ടായിരത്തിയിരുപത് മാർച്ച്‌ പതിനഞ്ചിനാണ്. ഇതിനകം ആരോഗ്യം, പോലീസ്, മോട്ടോർ വാഹനവകുപ്പ്, തൊഴിൽ , റവന്യു തുടങ്ങിയ ഡിപ്പാർട്ട്മെന്റുകളോടൊപ്പം ട്രാക്ക് പ്രവർത്തിച്ചുകഴിഞ്ഞു .


റെയിൽവേ സ്റ്റേഷനിൽ കേക്ക് മുറിച്ചുകൊണ്ടാണ് ട്രാക്ക് ഇരുന്നൂറ്റിയൻപത് ദിവസത്തെ പോരാട്ടവീര്യം പങ്കു വെച്ചത്. ട്രാക്ക് പ്രസിഡന്റ് റിട്ടയേർഡ് ആർ ടി ഒ സത്യൻ പി എ കേക്ക് മുറിച്ചു.ആഘോഷമല്ല, കോവിഡിനെതിരെ ഒരുമിച്ചു നിരന്തരമായി പോരാടേണ്ടതിന്റെ ആവശ്യകതയാണ് കേക്ക് മുറിക്കൽ സമൂഹത്തിനു മുന്നിൽ തുറന്നുവെക്കുന്നതെന്ന് സത്യൻ പി എ പറഞ്ഞു. റെയിൽവേ സ്റ്റേഷൻ മാസ്റ്റർ ജഗദീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ട്രാക്ക് സെക്രട്ടറി ജോർജ് എഫ് സേവ്യർ വലിയവീട്, ജോയിന്റ് സെക്രട്ടറിമാരായ സാബു ഓലയിൽ, ഷഫീക് കമറുദീൻ, റെഡ്ക്രോസ്സ് സെക്രട്ടറി അജയകുമാർ,ട്രഷറർ നേതാജി, എസ് ഐ മാരായ ജോസ് പ്രകാശ് , ആന്റണി രാജു, സിവിൽ പോലീസ് ഓഫീസർ മുകേഷ്,ഗാർഡ് സൂപ്പർ വൈസർ അനിൽകുമാർ,ട്രാക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രഞ്ജിത്, അബ്ദുൽ സലിം, ലൈഫ് മെമ്പർ ടൈറ്റസ് ഡേവിഡ്, ഹാർബർ ടീം കോർഡിനേറ്റർ മുഹമ്മദ്‌ അമീൻ ഹെൽത്ത്‌ ഹെല്പ് ഡെസ്കിൽ നിന്ന് ബിന്ദു, ലക്ഷ്മി, ആതിര എന്നിവർ സംസാരിച്ചു.


കോവിഡ് സംശയിക്കുന്നവരുടെ പോസ്റ്റുമോർട്ടം, ശവസംസ്കാരം എന്നിവക്ക് സഹായിക്കുക, ആത്മഹത്യാശ്രമം നടത്തിയവരെ രക്ഷിക്കുക, റോഡപകടത്തിൽപ്പെട്ട വിദേശികളെയുൾപ്പെടെ രക്ഷിക്കുക, റിഹാബിലിട്ടേഷൻ സെന്ററുകളിലും, കൊറോണകെയർ കെയർ സെന്ററുകളിലും, പബ്ലിക് ഹെൽത്ത്‌ ലാബിലും, ആശുപത്രികളിലും, ഹാർബറിലും, ബസ് സ്റ്റാണ്ടുകളിലും, റെയിൽവേ സ്റ്റേഷനിലും സേവനം ചെയ്യുക,അവിടെ ആവശ്യമുള്ളവ എത്തിക്കുക, സാമ്പത്തികമായി അവശതയുള്ളവരെ സഹായിക്കുക,രോഗികൾക്ക് മരുന്നെത്തിക്കുക,നൂറുകണക്കിന്പേരുടെ രക്തം ബ്ലഡ് ബാങ്കുകളിൽ ദാനം ചെയ്യുക, ലോക്ഡൗണിൽ വിവിധ സ്ഥലങ്ങളിൽ അകപ്പെട്ടുപോയവരെ ഭവനങ്ങളിൽ തിരിച്ചെത്തിക്കുക,ബോധനം പദ്ധതിയിലൂടെ കോവിഡ് 19 നെതിരെ ബോധവൽക്കരണങ്ങളും തൂവാല, മാസ്ക്, സാനിട്ടയ്‌സർ എന്നിവയുടെ വിതരണവും നടത്തുക,അതിജീവനം 2020 പദ്ധതിയിലൂടെ അണുവിമുക്ത ജില്ലക്കായി എ ജി എസ് ഫെസിലിറ്റി മാനേജ്മെന്റിന്റെ സഹായത്തോടെ അണുനശീകരണ പ്രവർത്തനങ്ങൾ നടത്തുക തുടങ്ങി സ്തുത്യർഹമായ സേവനമാണ് ട്രാക്ക് ഇത്രയുംകാലം നടത്തിവന്നത്.


ആറ് കൊല്ലം മുൻപ് ഗതാഗത കമ്മീഷണറായിരുന്ന ഋഷിരാജ്സിംഗ് ഐ പി എസിന്റെ നിർദ്ദേശമനുസരിച്ചു ആർ ടി ഓ മാരുടെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ രൂപീകരിച്ച എൻ.ജി.ഓ കളിൽ കൊല്ലത്തു രൂപീകരിച്ച എൻ ജി ഓ ആണ് ട്രാക്ക്.


കേരളത്തിലെ ആദ്യ സിവിലിയൻ ദുരന്തനിവാരണ സേന, കൊല്ലത്തെ ആദ്യ വിദ്യാർത്ഥി ദുരന്തനിവാരണ സേന, കേരളത്തിലെ ആദ്യ തീരദേശ ദുരന്ത നിവാരണ സേന തുടങ്ങി നിരവധി നേട്ടങ്ങൾ ട്രാക്കിനുണ്ട്. പതിനായിരത്തിലധികം സിവിലിയൻസിന് പരിശീലനം, നാലായിരത്തിനടുത്ത് ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് ഫസ്റ്റ് റെസ്പോണ്ടർ പരിശീലനം, റോഡപകടങ്ങളിൽ സൗജന്യ ആംബുലൻസ് സേവനം, റോഡപകടങ്ങളിൽ ആയിരക്കണക്കിന് രക്ഷാപ്രവർത്തനം, ഓഖിയിലും, പ്രളയത്തിലും മികച്ച സേവനം ഇങ്ങനെ ട്രാക്കിന്റെ പ്രവർത്തനങ്ങൾ തങ്ക ലിപികളിൽ രേഖപ്പെടുത്തേണ്ടതാണ്.
ആംബുലൻസ് ടീമുൾപ്പെടെ നൂറ്റിയൻപതോളം വോളന്റിയേഴ്‌സ് ട്രാക്കിന് വേണ്ടി കോവിഡ് കാലത്ത് സൗജന്യ സേവനം നടത്തിക്കഴിഞ്ഞു. ഗവേർണിങ് ബോഡി കോർഡിനേറ്റേഴ്സായി ആർ ടി ഓ മാരായ രാജീവ്‌ ആർ. , മഹേഷ്‌ ഡി., പ്രസിഡന്റ്‌ ആയി റിട്ടയേർഡ് ആർ ടി ഓ സത്യൻ പി എ, സെക്രട്ടറി ആയി മാധ്യമ പ്രവർത്തകൻ ജോർജ് എഫ് സേവ്യർ വലിയവീട്, ട്രഷറർ ആയി ഇൻഷുറൻസ് സർവേയർ ബിനുമോൻ ബി.ആർ. ,ചീഫ് അഡ്വൈസർ ആയി റിട്ടയേർഡ് ആർ ടി ഓ ആർ. തുളസീധരൻ പിള്ള, വൈസ് പ്രസിഡന്റുമാരായി ഡെപ്യൂട്ടി ഡി എം ഓ ഡോ.സി ആർ ജയശങ്കർ, ഹോളിക്രോസ് ഹോസ്പിറ്റൽ എമർജൻസി വിഭാഗം മേധാവി ഡോ. ആതുരദാസ്, ബിസിനസ്കാരനായ ജോർജ് തോമസ്, ജോയിന്റ് സെക്രട്ടറിമാരായി സാമൂഹ്യ പ്രവർത്തകൻ സാബു ഓലയിൽ, റിട്ടയേർഡ് ഡി വൈ എസ് പി അഡ്വ. രഘുനാഥൻ നായർ ടി. , എം വി ഐ ദിലീപ് കുമാർ കെ., ബിസിനസ്കാരായ ഷഫീക് കമറുദീൻ, പ്രിൻസ് ജി ഫിലിപ്പ് പ്രത്യേക ക്ഷണിതാക്കളായി റിട്ടയേർഡ് ആർ ടി ഓ സജിത്ത് വി, എം വി ഐ ആർ ശരത്ചന്ദ്രൻ, ബ്രാൻഡ് അമ്പാസഡർമാരായി നാടകസിനിമാ നടന്മാരായ കെ പി എ സി ലീലകൃഷ്ണൻ, രാജേഷ് ശർമ എന്നിവർ ട്രാക്കിന് നേതൃത്വം നൽകി പ്രവർത്തന നിരതരാണ്.

അനേകർ പ്രവർത്തനങ്ങൾ നിർത്തി പിന്മാറുമ്പോഴും പോരാട്ടാവീര്യവുമായി ട്രാക്ക് മുന്നോട്ട് തന്നെ

ഫോട്ടോ അടിക്കുറിപ്പ് :കോവിഡ് 19നെതിരെ ഇരുന്നൂറ്റിയൻപത് തികച്ചതിനു കേക്ക് മുറിച്ചു ട്രാക്ക് പ്രസിഡന്റ് സത്യൻ പി എ വോളന്റിയേഴ്‌സിനോട്‌ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.

Share News