വാളയാര്‍ കേസ്: തുടരന്വേഷണത്തിന് പോക്‌സോ കോടതിയുടെ അനുമതി

Share News

പാലക്കാട്: വാളയാര്‍ കേസില്‍ തുടരന്വേഷണത്തിന് കോടതി അനുമതി. തുടരന്വേഷണം നടത്താനുള്ള അനുമതി തേടി പ്രത്യേക അന്വേഷണ സംഘം നല്‍കിയ അപേക്ഷ പോക്‌സോ കോടതി അംഗീകരിച്ചു.

കേസില്‍ തുടര്‍ അന്വേഷണത്തിനായി എസ് പി നിശാന്തിനിയുടെ നേതൃത്വത്തിലുളള അന്വേഷണ സംഘത്തിന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നു. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുണ്ടെന്നും തുടരന്വേഷണത്തിനായി സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് കോടതി അനുമതി നല്‍കിയത്.

പ്രതികളായ വി മധു, ഷിബു എന്നിവരുടെ റിമാന്‍ഡ് കാലാവധി അടുത്തമാസം അഞ്ചുവരെ നീട്ടിയിട്ടുണ്ട്. പുനര്‍വിചാരണ നടപടിക്ക് തുടക്കമിട്ടതോടെയാണ് ബുധനാഴ്ച ഇരുവരെയും കോടതി റിമാന്‍ഡിലയച്ചത്. മറ്റൊരു പ്രതി എം മധുവിന് നേരത്തെ തന്നെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

കേസില്‍ പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി നടപടി റദ്ദാക്കിയ ഹൈക്കോടതി പുനര്‍വിചാരണയ്ക്ക് ഉത്തരവിട്ടിരുന്നു. തുടര്‍ അന്വേഷണത്തിനായി പൊലീസിനു കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വിധിയില്‍ വ്യക്തമാക്കി.

Share News