വാര്‍ദ്ധക്യം വിരുന്നെത്തുമ്പോൾ|സമൂഹത്തില്‍ സ്വതന്ത്ര മനുഷ്യരായി കഴിയാനുള്ള ആഗ്രഹം പ്രായമായവരില്‍ തീവ്രമാണ്.

Share News

‘ വീണപൂക്കളുടെ വസന്തമോ വാര്‍ദ്ധക്യം’ എന്നെഴുതി വാര്‍ദ്ധക്യത്തിന്റെ തീക്ഷ്ണതയെ വൈകാരികമായി അടയാളപ്പെടുത്തിയിട്ടുണ്ട് കവി എ. അയ്യപ്പന്‍. കവികളും കാൽപ്പനികരും എക്കാലവും അൽപ്പം വിഷാദത്തിന്റെയും നൊമ്പരത്തിന്റെയും മേമ്പൊടി ചാർത്തിയാണ് വാർധ്യക്യത്തെ ഓർത്തെടുക്കുക. ബാല്യവും യൗവനവും പോലെ വാര്‍ധക്യവും അനിവാര്യമായ ഒരു ശാരീരിക മാറ്റമാണ്.

ഒരേസമയം ഒന്നിലധികം രോഗങ്ങളുടെ അകമ്പടിയോടെയാണ് വാര്‍ധക്യം മിക്കവരിലും കടന്നുപോവുക. ആരോഗ്യപരിരക്ഷയ്ക്കൊപ്പം വൈകാരിക പിന്തുണയും ഏറെ ആവശ്യമുള്ള ഘട്ടമാണ് വാര്‍ധക്യം. കൂട്ടുകുടുംബം നല്‍കിയിരുന്ന കരുതലും സുരക്ഷിതത്വവും ഇന്ന് കുറഞ്ഞുവരികയാണ്. മക്കള്‍ക്ക് മനസ്സുണ്ടെങ്കിലും ജോലിയും ജീവിതസാഹചര്യങ്ങളും മാറിയതോടെ വൃദ്ധര്‍ വീടുകളില്‍ തനിച്ചാവുന്ന സ്ഥിതിവിശേഷമാണ് കൂടുതലും. അതോടെ മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്കൊപ്പം ലോകമെങ്ങും വൃദ്ധര്‍ നേരിടുന്ന മുഖ്യപ്രശ്നം ഏകാന്തതയായി മാറി. ജീവിതത്തിന്റെ സായംസന്ധ്യയിൽ അനിവാര്യമായ മരണത്തെ നോക്കികാത്തിരിക്കുന്ന ഏകാന്ത പഥികർ മാത്രമാണോ സത്യത്തിൽ വയോജനങ്ങൾ.

വെല്ലുവിളികളെ അതിജീവിച്ച് വാര്‍ധക്യത്തെ ആഹ്ലാദകരമാക്കുന്നവരും നമ്മുടെ ഇടയിലുണ്ട്. ജീവിക്കുന്ന പരിതസ്ഥിതി, ശാരീരികവും മാനസികവുമായ ആരോഗ്യം, സമൂഹവുമായി കൂടെക്കൂടെയുള്ള ഇടപെടലുകള്‍, പോഷകാഹാരം, വ്യായാമം, പുകവലിയുംമദ്യപാനവും ഒഴിവാക്കല്‍ തുടങ്ങിയവ വാര്‍ധക്യം വിജയകരമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഘടകങ്ങളാണ്.

മുതിർന്ന പൗരന്മാർക്കായി ഒരു ദിനം

എഴുപത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ്, യുഎൻ പൊതുസഭ മനുഷ്യാവകാശങ്ങളുടെ ചരിത്രത്തിലെ ഐതിഹാസിക രേഖയായ സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനം അംഗീകരിച്ചു. നിയമപരവും സാംസ്കാരികവും ഭാഷാപരവുമായ വ്യത്യസ്ത പശ്ചാത്തലങ്ങളിൽനിന്നു സംഗമിച്ച ലോക രാഷ്ട്രങ്ങളുടെ പ്രതിനിധികൾ ചേർന്ന് സാർവത്രികമായി സംരക്ഷിക്കപ്പെടേണ്ടതും അടിസ്ഥാന മനുഷ്യാവകാശങ്ങൾ വ്യക്തമാക്കുന്നതുമായ ഒരു സമഗ്ര രേഖയാണ് മാനവ രാശിക്ക് സമ്മാനിച്ചത്. മുതിർന്ന പൗരന്മാർ ഉൾപ്പെടെയുള്ളവരുടെ അവകാശാധികാരങ്ങൾ ഉറപ്പുവരുത്തുന്നതിൽ നിർണായക സ്വാധീനം ചെലുത്തിയ ഈ അന്തർദേശിയ മുന്നേറ്റത്തെ അനുസ്മരിച്ചുകൊണ്ടാണ് മുപ്പത്തിമൂന്നാം ലോക വയോജന ദിനാചരണം ലോകമെമ്പാടും സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത്. സാർവ്വദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിലെ മുതിർന്ന പൗരന്മാർക്കായുള്ള വാഗ്ദാനങ്ങൾ നിറവേറ്റുക എന്നതാണ് ഈ വർഷത്തെ വയോജന ദിനത്തിന്റെ പ്രമേയമമായി സ്വീകരിച്ചിരിക്കുന്നത്. ലോകമെമ്പാടും തലമുറകൾ തമ്മിലുള്ള പാരസ്പര്യം ഊട്ടി ഉറപ്പിക്കുക വഴി മുതിര്ന്ന പൗരന്മാരെ ആദരിക്കാനും അവരുടെ അവകാശങ്ങൾ ഉറപ്പാക്കാനും ഈ ദിനാചരണം ലക്‌ഷ്യം വെക്കുന്നു

വാർദ്ധക്യം ബാധിച്ച ജനങ്ങൾ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പരിവർത്തനങ്ങളിലൊന്നായി മാറിക്കഴിഞ്ഞു. ,തൊഴിൽ, വിപണി, ഭവനം, ഗതാഗതം, സാമൂഹിക സംരക്ഷണം തുടങ്ങി സമൂഹത്തിലെ മിക്കവാറും എല്ലാ മേഖലകളിലും അതിന്റെ അനുരണങ്ങൾ നമുക്ക് കാണാം. ജീവിത ശൈലീ രോഗങ്ങളുടെ കടന്നു വരവും മതിയായ സാമ്പത്തിക ഭദ്രത ഇല്ലായ്മയുമെല്ലാം സാധാരക്കാരായ വയോജനങ്ങളെ പ്രതിസന്ധിയിൽ ആക്കുന്നുണ്ട്.

ചില കണക്കുകൾ

65 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരുടെ എണ്ണം 1980-ലെ 260 ദശലക്ഷത്തിൽ നിന്ന് 2021-ൽ മൂന്നിരട്ടിയിലധികം വർധിച്ചു 761 ദശലക്ഷമായി മാറി. നിലവിൽ ലോകജനസംഖ്യയുടെ പത്തു ശതമാനത്തിൽ അതികം അറുപത്തഞ്ചു വയസ്സിൽ അതികം പ്രായമുള്ളവരാണ്. രണ്ടായിരത്തി അമ്പതു ആകുമ്പോഴേക്കും അത് പതിനേഴു ശതമാനത്തിലേക്ക് ഉയരുമെന്ന് ഐക്യ രാഷ്ട്ര സംഘടന കണക്കു കൂട്ടുന്നു.
രാജ്യത്ത് കേരളത്തിലാണ് വയോജനങ്ങളുടെ ശതമാനം കൂടുതൽ (13.1 %.)കേരളത്തിലെ വയോജനങ്ങളിൽ 55 ശതമാനത്തിനു മേൽ സ്തീകളാണ്. പുരുഷ സ്തീ അനുപാതം ആയിരം പുരുഷന്മാർക്ക് 1084 സ്തീകൾ. സ്തീകളുടെ ആയുർദൈർഘ്യം 74.9 വയസ്സ് പുരുഷന്മാരുടേത് 72 വയസ്സ്. ആയ്യുർദൈർഘ്യം കൂടുതലായത് കൊണ്ടും വിവാഹപ്രായത്തിലുള്ള അന്തരം കൊണ്ടും കേരളത്തിൽ വിധവകളുടെ എണ്ണം കൂടുതലാണ്. വയോജനങ്ങളായ സ്തീകളിൽ 57 ശതമാനം വിധവകളാണ് എന്നാൽ പുരുഷ വയോജനങ്ങളിൽ 12 ശതമാനം മാത്രമാണ് വിഭാര്യർ. വിധവകളായ പത്ത് ലക്ഷത്തിലറെ വയോജനങ്ങൾ സംസ്ഥാനത്തുണ്ട്.2050 ഓടെ കേരളത്തിലെ ജനസംഖ്യയുടെ 35 ശതമാനവും വൃദ്ധര്‍ ആയിത്തീരുമെന്നാണ് സാമൂഹിക സാമ്പത്തിക സര്‍വേ പ്രകാരമുള്ള കണക്ക്.

മനോഭാവങ്ങൾ മാറട്ടെ

വൈകാരിക പിന്തുണയ്ക്ക് മറ്റ് ആവശ്യങ്ങളെക്കാള്‍ ഏറെ പ്രാധാന്യമുള്ള ഘട്ടമാണ് വാര്‍ധക്യം. അത് കിട്ടാതെവരുമ്പോള്‍ ഒറ്റപ്പെടലും ഏകാന്തതയും തുടര്‍ന്ന് വിഷാദവും പിടിപെടുന്നു. കൂട്ടുകുടുംബം അണുകുടുംബത്തിന് വഴിമാറിയതോടെ തുണയില്ലാതാകുന്നതും വാര്‍ധക്യത്തില്‍ വിഷാദത്തിന് കാരണമാകാറുണ്ട്. വയോജനങ്ങളില്‍ 25-50 ശതമാനംവരെയും വിഷാദത്തിന് അടിമപ്പെടുന്നുണ്ട്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് വിഷാദം കൂടുതലായി കാണുക.

പ്രിയപ്പെട്ടവരുടെ വേര്‍പാട്, സാമൂഹികമായ ഒറ്റപ്പെടലും ഏകാന്തതയും, വേദനയുള്ള രോഗങ്ങള്‍, ആരോഗ്യം നഷ്ടപ്പെടുന്നുവെന്ന തോന്നല്‍ ഇവയൊക്കെ വിഷാദത്തിലേക്കു നയിക്കുന്ന പ്രധാന ഘടകങ്ങളാണ്. വാർദ്ധക്യത്തിലെത്തിയ ആളുകളുടെ എണ്ണത്തിലെ ദ്രുതഗതിയിലുള്ള വളർച്ച, ജീവിതകാലം മുഴുവൻ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും രോഗങ്ങളെ തടയുന്നതിനും ചികിത്സിക്കുന്നതിനും ഉള്ള പ്രാധാന്യം അടിവരയിടുന്നു. അതിനാൽ തന്നെ ഈ വിഭാഗത്തിന്റെ ശാരീരികവും മാനസികവും സാമൂഹികവുമായ സുസ്ഥതി ഉറപ്പുവരുത്തേണ്ടത് ഒരു പരിഷ്‌കൃത സമൂഹത്തിന്റെ അടിസ്ഥാനപരമായ കടമയാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. സമൂഹത്തില്‍ സ്വതന്ത്ര മനുഷ്യരായി കഴിയാനുള്ള ആഗ്രഹം പ്രായമായവരില്‍ തീവ്രമാണ്. അതിനാൽ തന്നെ മുതിർന്ന പൗരന്മാരുടെ സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുവാൻ ഭരണകൂടങ്ങൾക്കു കഴിയണം. സ്വന്തം വാർദ്ധക്യത്തെ മുന്നിൽ കണ്ടു സാമ്പത്തികവും സാമൂഹികവുമായ മുന്നൊരുക്കങ്ങൾ നടത്താൻ നാം മറന്നു പോകരുത്.

ശവപുഷ്പങ്ങൾ
എനിക്കവ വേണ്ട
മരിച്ചവർക്കു പൂക്കൾ
വേണ്ട
ജീവിച്ചിരിക്കുമ്പോൾ
ഇത്തിരി
സ്നേഹം തരിക
അതുമാത്രം മതി (സുഗതകുമാരി)


ഡോ. സെമിച്ചൻ ജോസഫ്

(സാമൂഹ്യ പ്രവർത്തകനും സ്മാർട്ട് ഇന്ത്യ ഫൌണ്ടേഷൻ എന്ന സന്നദ്ധ സന്നദ്ധ സംഘടനയുടെ സഹ സഥാപകനുമാണ് ലേഖകൻ )

nammude-naadu-logo
Share News