
മുന്നണികൾ നിലപാടുകൾ വിശദീകരിക്കുമ്പോൾ…
കേരളം ഒരു ജനവിധിയിലേക്കു വീണ്ടും ചുവടുവയ്ക്കുന്നു. രാഷ്ട്രീയ നിലപാടുകളും വികസന കാഴ്ചപ്പാടുകളും ജനക്ഷേമ പരിപാടികളും വിശദീകരിക്കുന്ന പ്രകടന പത്രികകൾ തയ്യാറാക്കുന്ന തിരക്കിലാണ് രാഷ്ട്രീയ പാർട്ടികളും മുന്നണികളും. ഏറിയും കുറഞ്ഞും ഒരേകാര്യം പലരീതിയിൽ പറഞ്ഞുവയ്ക്കുന്നതിനപ്പുറം ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ, തങ്ങൾ അധികാരത്തിലെത്തിയാൽ എന്ത് നിലപാടും നടപടികളും സ്വീകരിക്കും എന്നു വിശദീകരിക്കാൻ മത്സരത്തിനിറങ്ങുന്നവർ ബാധ്യസ്ഥരാണ്.
ആഗോളീകരണത്തിന്റെയും കോർപറേറ്റ് കുത്തകവൽക്കരണത്തിന്റെയും, ചങ്ങാത്ത മുതലാളിത്തത്തിന്റെയും, കമ്പോള ആധിപത്യത്തിന്റെയും ഇക്കാലത്ത്, ഒഴുക്കിനൊപ്പം നീന്തുന്നവരാണോ ഒഴുക്കിനെ പ്രതിരോധിക്കും എന്നു പ്രഖ്യാപിച്ചു കളത്തിലിറങ്ങുന്നവരാണോ അധിക നേട്ടമുണ്ടാക്കുക എന്നതാണ് വിഷയം. അതിനാൽ, ഉള്ളതിൽ ഭേദം ആര് എന്നത് മാത്രമാണ് പ്രസക്തമായ ചോദ്യം.
ഒഴുക്കിനു വിരുദ്ധമായി അടുത്തിടെ എൽ. ഡി. എഫ്. സർക്കാർ കേരളത്തിൽ നടപ്പിലാക്കിയ ചില കാര്യങ്ങൾ ശ്രദ്ധാർഹമായിരുന്നു:
@. സർക്കാർ, പൊതുമേഖലാ നിയമനങ്ങളിലും, വിദ്യാഭാസ രംഗത്തെ പ്രവേശനത്തിലും, പൊതുവിഭാഗത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് 10% സംവരണം ഏർപ്പെടുത്തിയത് കേന്ദ്രത്തിലെ ബി. ജെ. പി. സർക്കാരാണെങ്കിലും, അത് കേരളത്തിൽ നടപ്പാക്കുന്നതിന് എൽ. ഡി. എഫ്. സർക്കാർ നടപടി സ്വീകരിച്ചു.
@. കേരളത്തിലെ നാടാർ സമുദായത്തിനു ലഭ്യമായിരുന്ന ഓ.ബി. സി സംവരണത്തിൽനിന്ന് അതേ വിഭാഗത്തിൽപ്പെട്ട ക്രൈസ്തവരെ ഒഴിവാക്കി നിർത്തിയിരുന്ന മുൻസർക്കാരുകളുടെ നിലപാടിൽനിന്നു വ്യത്യസ്തമായി, നാടാർ സമുദായത്തിൽപ്പെട്ട ക്രിസ്ത്യാനികൾക്ക് ഉൾപ്പെടെ ഓ. ബി. സി സംവരണ ആനുകൂല്യങ്ങൾ നൽകുന്നതിനു എൽ. ഡി. എഫ് സർക്കാർ തീരുമാനമെടുത്തു.
@. കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ വികസനത്തിനും ക്ഷേമത്തിനുമായുള്ള പദ്ധതികൾ, നാമമാത്രമായ ചില ആനുകൂല്യങ്ങളൊഴിച്ചാൽ, ന്യൂനപക്ഷ സമുദായങ്ങളിൽ രാഷ്ട്രീയ സ്വാധീനവും കയ്യൂക്കുമുള്ള ഒരു വിഭാഗത്തിനു മാത്രമായി മാറ്റിവയ്ക്കപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തിൽ, കേരളത്തിലെ ക്രൈസ്തവ സമുദായങ്ങളുടെ പിന്നോക്കാവസ്ഥ പഠിച്ചു റിപ്പോർട് സമർപ്പിക്കുന്നതിനായി, ജസ്റ്റീസ് ജെ. ബി. കോശി അധ്യക്ഷനായി എൽ. ഡി. എഫ് സർക്കാർ ഒരു കമ്മീഷണനെ നിയമിചിരിക്കുന്നു!
ഓരോ സമൂഹത്തിന്റെയും പ്രത്യേകതകളും പിന്നോക്കാവസ്ഥകളും ഭരണകൂടത്തിന്റെയും ഭരണാധികാരികളുടെയും ശ്രദ്ധയിൽപ്പെടുന്നുണ്ട് എന്നുറപ്പുവരുത്തേണ്ടത്, സമൂഹത്തിന്റെ സമാധാനപൂർണമായ സഹവർത്തിത്വത്തിനും പരസ്പര സഹകരണത്തിനും അനിവാര്യമാണ്.
ക്രിസ്ത്യാനികൾക്ക് മാത്രമായി എന്തെങ്കിലും പ്രത്യേക ആനുകൂല്യം വേണമെന്നല്ല, ക്രൈസ്തവർ കേരളത്തിൽ അന്യംനിന്നുപോകുന്ന അവസ്ഥ ഉണ്ടാകാതിരിക്കാൻ ഇപ്രകാരമുള്ള ചില നടപടികൾ അത്യന്താപേക്ഷിതമാണുതാനും.
ഒരു യു. ഡി. എഫ് സർക്കാരിൽനിന്നു ഇപ്രകാരമുള്ള നടപടികൾ പ്രതീക്ഷിക്കാമോ എന്ന സംശയം ന്യായമായും ഉയരുന്നുണ്ട്. എന്തുകൊണ്ട് ഉണ്ടാവുകയില്ല എന്നോ ഉണ്ടാവുമെന്നോ പറയേണ്ടത് ബന്ധപ്പെട്ട കക്ഷികളും അവരുടെ നേതൃത്വവുമാണ്.
ചിലരോടുമാത്രം സഹാനുഭൂതിയും മറ്റുള്ളവരോടെല്ലാം അഹിതേച്ഛയും ഒരു രാഷ്ട്രീയ പാർട്ടിക്കും മുന്നണിക്കും ഭൂഷണമല്ല. എല്ലാവരേയും പരിഗണിക്കുന്നതാണ് ശരിയും മര്യാദയും. അത്തരം നടപടികളെ ‘വർഗീയത’ എന്നുവിളിച്ചു പ്രതിരോധിക്കാൻ ശ്രമിക്കുന്നത്, ലളിതമായ ഭാഷയിൽ, മര്യാദകേടാണ്.
രാഷ്ട്രീയ ധാർഷ്ട്യമാണ്. ഭരണകൂടത്തിന്റെ ആനുകൂല്യങ്ങൾ മതത്തിന്റെ പേരിൽ നൽകുന്നതും നിഷേധിക്കുന്നതും ഒരു മതേതര ജനാധിപത്യ രാഷ്ട്രത്തിനു ചേർന്നതല്ല. എന്നാൽ, മാതാടിസ്ഥാനത്തിൽ ചിലർക്ക് മാത്രം മുന്തിയ പരിഗണന നൽകി മറ്റുള്ളവരെ പരിഗണിക്കാതിരിക്കുക എന്നത് മതേതര നിലപാടുള്ള രാഷ്ട്രീയ പാർട്ടികൾക്കും മുന്നണികൾക്കും ഭരണ സംവിധാനത്തിനും അല്പംപോലും യോജിച്ചതല്ല.
ജനാധിപത്യത്തിൽ വളർച്ചനേടിയ ഒരു സമൂഹവും അത്തരം നിലപാടുകൾ ഉയർത്തിപ്പിടിക്കുകയുമില്ല.എല്ലാ മത, സാംസ്‌കാരിക ധാരകളെയും സംരക്ഷിക്കുന്നതും അവയുടെ നന്മകൾ വളർത്താൻ ഉപകരിക്കുന്ന നടപടികൾ സ്വീകരിക്കുന്നതുമാണ് നല്ല ഭരണകൂടത്തിന്റെയും, ഭരണാധികാരികളുടെയും ലക്ഷണവും കർത്തവ്യവും.ഇക്കാര്യത്തിൽ, ശ്രീ. പിണറായി വിജയൻറെ നേതൃത്വത്തിലുള്ള എൽ. ഡി. എഫ് സർക്കാരിനെ വ്യത്യസ്തവും ധീരവുമായ നടപടികളുടെ പേരിൽ, അഭിനന്ദിക്കുക മാത്രമല്ല, അദ്ദേഹത്തിന്റെ സർക്കാരിന് നന്ദിയർപ്പിക്കുകയും ചെയ്യുന്നു…!
വൽകഷ്ണം: മേല്പറഞ്ഞ വിഷയങ്ങളിൽ, യു. ഡി. എഫ്, എൻ. ഡി. എ. മുന്നണികളുടെ നിലപാടുകളും, അവർ അധികാരത്തിൽ വന്നാൽ എടുക്കാനുദ്ദേശിക്കുന്ന തുടർ നടപടികളും അറിയാൻ ജനങ്ങൾക്ക് ആഗ്രഹവും താല്പര്യവുമുണ്ട്.-

ഫാ. വർഗീസ് വള്ളിക്കാട്ട്