അറുപത്തിഅയ്യായിരം കോടിയുടെ കെ റെയില്‍ പദ്ധതി കൊണ്ട് ആര്‍ക്കൊക്കെ പ്രയോജനം കിട്ടുമെന്ന് ചോദിക്കുന്ന മൂന്നര കോടി കേരളീയരുടെ കൂടെ നിൽക്കാം ?ഡോ .സി .ജെ .ജോൺ

Share News

അറുപത്തിഅയ്യായിരം കോടിയുടെ കെ റെയില്‍ പദ്ധതി കൊണ്ട് ആര്‍ക്കൊക്കെ പ്രയോജനം കിട്ടുമെന്ന് ചോദിക്കുന്ന മൂന്നര കോടി കേരളീയരുടെ കൂടെ നിൽക്കാം ?

ഭൂരിപക്ഷം പേർ വിശ്വസിച്ചു ഭരണത്തിലേറ്റിയവർ മറ്റൊരു വെള്ളാനയെ സൃഷ്ടിക്കില്ലെന്ന ചിന്തയിൽ നിൽക്കാനാണ് ഇഷ്ടം .എന്നാലും ചില ചോദ്യങ്ങൾ ചോദിച്ചു പോകും .

ഇത്രയും കാശ് എറിഞ്ഞ് ഈ റെയിൽ വരുമ്പോൾ എത്ര ചക്രം ലാഭം കിട്ടും?

വർഷാ വർഷം ഭീമമായ നഷ്ട കണക്ക് നിരത്തുന്ന ഒരു പൊതു സ്ഥാപനം ഇനി ഈ കൊച്ചു കേരളത്തിന് താങ്ങാനാകുമോ ?

ഇതിനൊക്കെ വേണ്ട പാറയും മണ്ണും എവിടെ നിന്ന് വരും?

ഈ റെയിലിന് പോകാനായി തണ്ണീർത്തടങ്ങളും നീരൊഴുക്കും എവിടെയൊക്കെ നികന്നു പോകും?

കുന്നുകൾ ഇടിക്കേണ്ടി വരുമോ ?

എല്ലാം കൃത്യമായി പറഞ്ഞാൽ കീ ജയ് വിളിക്കാമായിരുന്നു .പദ്ധതിയെ ന്യായീകരിക്കുന്നവര്‍ഈ ചോദ്യങ്ങള്‍ക്ക് യുക്തമായ ഉത്തരം നൽകിയാൽ ബോധം കൈവരിക്കാന്‍ തയ്യാറാണ്.

IIT പോലെയുള്ള സ്ഥാപനങ്ങളിലെ വിദഗ്ധര്‍ പഠിച്ച് വൈറ്റ് പേപ്പർ കൊണ്ട് വരട്ടെ. വികസന വിരോധിയല്ല. എന്നാൽ വികസന ആക്രാന്തവും ഇല്ല. അത് കൊണ്ട് ഇങ്ങനെയൊക്കെ ചിന്തിച്ചു പോകുന്നു .ഇത്തരം ആശങ്കകൾ പേറുന്നവർ ധാരാളമുണ്ടെന്ന് തോന്നുന്നു .

കൊടിയേറ്റത്തിൽ ഗോപി ചെയ്ത ശങ്കരൻകുട്ടിയെന്ന കഥാപാത്രത്തിന്റെ മേൽ ചെളി തെറിപ്പിച്ചു ചീറി പാഞ്ഞു പോയ വാഹനത്തെ നോക്കി, ആ കഥാപാത്രം എന്തൊരു സ്പീഡെന്ന് അത്ഭുതത്തോടെ പറയുന്നുണ്ട് .

സാമ്പത്തിക ബാധ്യതയുടെയും പാരിസ്ഥിതിയുടെ ആഘാതത്തിന്റെയും ചെളി തെറിക്കുമ്പോഴും കെ റെയിൽ സ്ഫീഡിൽ അന്തിച്ചു നിൽക്കുന്ന കേരളീയരാവരുത് നമ്മുടെ വികസന സ്വപനങ്ങളിലെ കഥാ പാത്രങ്ങൾ .

(സി .ജെ .ജോൺ )

Dr cj john Chennakkattu

Share News