പോലീസിനുപോലും പുറത്തുപറയാൻ കഴിയാത്ത വിധത്തിൽ ജസ്‌നയെ ഒളിപ്പിച്ചു വച്ചിരിക്കുന്നതാര്? അവരുടെ ലക്ഷ്യമെന്ത്?

Share News

ജസ്‌ന നീ ഏതു രാവണൻ കോട്ടയിലാണ്?

“നല്ല വർത്തമാനമുണ്ട്, പറയാറായിട്ടില്ല” എന്നു പറയാതെ പറഞ്ഞു ജസ്‌ന കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ പടിയിറങ്ങി…

പോലീസിനുപോലും പുറത്തുപറയാൻ കഴിയാത്ത വിധത്തിൽ ജസ്‌നയെ ഒളിപ്പിച്ചു വച്ചിരിക്കുന്നതാര്? അവരുടെ ലക്ഷ്യമെന്ത്? പോലീസ് ആരെയാണ് ഭയക്കുന്നത്? ജസ്‌ന എവിടെ എന്നു പൊലീസിന് കൃത്യമായി അറിയാമെങ്കിൽ, അവർ അതു പുറത്തു പറയാൻ കോവിഡിനെ ഭയക്കുന്നതെന്തിന്?

മാധ്യമ പ്രവർത്തകരോട് പലരോടും അന്വേഷിച്ചു. അവർക്കും കൂടുതലൊന്നും പറയാൻ കഴിയില്ല എന്ന നിലപാടാണ്! ഇതെന്താണ് ഇങ്ങനെ!ചില കാര്യങ്ങൾ വരുമ്പോൾ അതിന്റെ പിന്നിൽ വാസ്തവമോ സത്യമോ ഉണ്ടോ എന്ന് രണ്ടാമതൊന്നു ചിന്തിക്കാതെ ലൈവ് വിവരണങ്ങളും പ്രതികളെന്നു കരുതുന്നവരുടെ ശരീരത്തിന്റെ കാണപ്പുറവിവരണങ്ങളും അതിന്റെ അടിസ്ഥാനത്തിലുള്ള അനുമാനങ്ങളും അന്തി ചർച്ചകളുമൊക്കെ നടത്തി റേറ്റിംഗുയർത്തി പുതുവർഷം ആഘോഷമാക്കുന്നവർക്ക്, ഇക്കാര്യത്തിൽ ഒന്നും പറയാനില്ലാതെ വരുന്നത് അത്ഭുതകരമായിരിക്കുന്നു!

അത്ഭുതപ്പെടാൻ എന്തിരിക്കുന്നു, ഇതൊക്കെയിപ്പോൾ നാട്ടുനടപ്പായി അംഗീകരിക്കപ്പെട്ട കാര്യമല്ലേ എന്നാണെങ്കിൽ, അങ്ങനെയും ചില കാര്യങ്ങൾ ഇവിടെയുണ്ട് എന്ന് അംഗീകരിക്കാനുള്ള ആത്മാർത്ഥതയെങ്കിലും ഉണ്ടാവണം!

കേരളത്തിൽ പെൺകുട്ടികളെ ഇടയ്ക്കിടെ കാണാതാകുന്നതു ചർച്ചചെയ്യാനുള്ള കൃത്യമായ വാക്കുകൾ ഇന്ത്യൻ ഭരണഘടനയിലോ, ഐ പി സി യിലോ മലയാള നിഘണ്ടുകളിലോ ഇല്ലാത്തതാണ് പ്രശ്നമെങ്കിൽ, വ്യക്തമായി നിർവചിക്കപ്പെടാത്ത ചില കാര്യങ്ങൾ ഇവിടെ നടന്നുകൊണ്ടിരിക്കുന്നു എന്നും, അതിനു പോലീസിന്റെയും രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണയും പ്രോത്സാഹനവും ലഭിക്കുന്നുണ്ടെന്നും സമൂഹം മനസ്സിലാക്കണം.

ഒരു പെൺകുട്ടിയുടെ ദുരൂഹമായ തിരോധനത്തെ നല്ലവർത്തയാക്കി തിരികെ തരാം എന്നു പറയുന്ന പോലീസ് സേനയും ഭരണാധികാരികളും കുറഞ്ഞപക്ഷം അവളെ രാവണൻ തട്ടിക്കൊണ്ടുപോയതാണോ എന്നെങ്കിലും വെളിപ്പെടുത്തേണ്ടതല്ലേ?

ഫാ .വർഗീസ് വള്ളിക്കാട്ട്

Share News