‘കേരളത്തിന്റെ പൊതുബോധം’ ആരുടെ നിർമ്മിതിയാണ്?|ഫാ. വർഗീസ് വള്ളിക്കാട്ട്

Share News

‘കേരളത്തിന്റെ പൊതുബോധം’ എന്നത് പൊതുരംഗത്തു പ്രവർത്തിക്കുന്നവർ സാധാരണ പരാമർശിക്കാറുള്ള ഒന്നാണ്. എന്താണീ പൊതുബോധം? ഞാൻ മനസ്സിലാക്കുന്നിടത്തോളം, അത് വിശാലമായ സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക, നയ്യാമിക യഥാർഥ്യങ്ങളുമായി ബന്ധപ്പെട്ടതും, പ്രദേശിക സാംസ്‌കാരിക സാമൂഹിക യഥാർഥ്യങ്ങളിൽനിന്ന് ഉരുത്തിരിയുന്നതുമായ ഒരു പരികല്പനയാണ്. ഇതിന്റെ അടിസ്ഥാനമായി നിലകൊള്ളുന്നത്, ദേശീയവും അന്തർദേശീയവുമായ മൂല്യങ്ങളും നിയമങ്ങളും രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളും, ഒപ്പം സമൂഹവുമായി സംവദിക്കുന്ന വ്യക്തികളുടെ ബോധമണ്ഡലവുമാണ്. സമൂഹത്തിലെ അംഗങ്ങൾ എന്നനിലയിൽ ഇതര വ്യക്തികളെയും സമുദായങ്ങളെയും പ്രസ്ഥാനങ്ങളെയും സ്ഥാപനങ്ങളെയും കുറിച്ച് വ്യത്യസ്ത വ്യക്തികളുടെ ബോധമണ്ഡലത്തിൽ രൂപപ്പെടുന്ന ചിത്രമാണ് അവയെ സംബന്ധിച്ച പൊതു ബോധം എന്ന് പറയാം.

കഴിഞ്ഞ രണ്ടുപതിറ്റാണ്ടിലേറെയായി, ‘കേരള സമൂഹത്തിന്റെ പൊതുബോധം’ ഇവിടത്തെ ക്രൈസ്തവ സഭകൾക്കും സമുദായത്തിനും എതിരാണ് എന്ന് സമർഥിക്കാൻ ബോധപൂർവമായ ചില ശ്രമങ്ങൾ ഈയിടെ സമൂഹ മാധ്യമങ്ങളിലും ചില മുഖ്യധാരാ മാധ്യമങ്ങളിലും നടക്കുന്നത് ശ്രദ്ധയിൽ പെട്ടു. ഇപ്രകാരം ഒരു ‘ക്രൈസ്തവ വിരുദ്ധത’ (അങ്ങിനെയൊന്നുണ്ടെങ്കിൽ) എങ്ങിനെ കേരള സമൂഹത്തിന്റെ പൊതു ബോധത്തിന്റെ ഭാഗമായി എന്ന ആലോചനയാണ് ഇപ്പോൾ ഈ കുറിപ്പെഴുതാൻ പ്രേരണ നൽകിയത്.

“ക്രൈസ്തവവിരുദ്ധ പൊതുബോധ”ത്തിന്റെ പശ്ചാത്തലം

തൊണ്ണൂറുകളുടെ ആരംഭം മുതൽ കേരള സമൂഹത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ധൃതഗതിയിലുള്ള മാറ്റങ്ങൾ സമൂഹത്തിന്റെ എല്ലാ തലങ്ങളെയും ആഴമായിത്തന്നെ സ്വാധീനിച്ചിട്ടുണ്ട്. ദൃശ്യമാധ്യമങ്ങളുടെ കടന്നുവരവ് കാഴ്ചയുടെ ലോകത്തെ എല്ലാ അർത്ഥത്തിലും പ്രശ്നവൽക്കരിച്ചു. വാർത്തകൾ വായിച്ചറിയുന്നതല്ല, കണ്ടു ബോധ്യപ്പെടുന്നതാണ് എന്ന ഒരു ധാരണ സർവഥാ സംജാതമായി. കാണുന്നതാണ് സത്യം എന്ന് വന്നപ്പോൾ, ആരു കാണുന്നതാണ് സത്യം എന്ന ചോദ്യം പ്രസക്തമായി. ഓരോരുത്തരും അവരവരുടെ പരിപ്രേക്ഷ്യത്തിലുള്ള കാഴ്ചയെ സത്യമെന്നു വിളിച്ചു.

സത്യം സ്ഥാപിച്ചെടുക്കാൻ പരസ്പരം മത്സരിക്കുന്ന കാഴ്ചകളും കാഴ്ചപ്പാടുകളും ജനങ്ങൾക്കുമുൻപിൽ വിശദീകരിക്കാനും വിശകലനം ചെയ്യാനും വ്യാഖ്യാനിക്കാനുമായി സാമൂഹ്യ, രാഷ്ട്രീയ നിരീകഷകരുടെയും വിശകലന വിശാരദരുടെയും ഒരു നിരതന്നെ രൂപപ്പെട്ടുവന്നു. മുടങ്ങാതെ നടക്കുന്ന മാധ്യമ വിശകലനങ്ങൾ കാഴ്ചയുടെ അരങ്ങിലെ മുഖ്യ ഇനമായി മാറി. അവതാരകരിൽ ചിലർ ക്രമേണ ചാനൽ ജഡ്ജിമാരും, നിരീക്ഷകരിൽ നല്ലൊരുഭാഗം പ്രത്യേക അജണ്ടകൾക്കൊത്തു കരുക്കൾനീക്കുന്ന പ്രോസിക്യൂട്ടർമാരുമായി മാറി. അവരിൽ പലരും, ചാനൽ ചർച്ചകൾക്ക് പുറമേ സ്വന്തം ഓൺലൈൻ ചാനലും, യു ട്യൂബ് ചാനലും ഒക്കെയായി ‘കേരളത്തിന്റെ പൊതുബോധം’ നിർമ്മിച്ചെടുക്കാൻ മത്സരിച്ചുകൊണ്ടിരിക്കുന്നു. ആരെയും തുണിയും തൊലിയുമുരിഞ്ഞു സമൂഹത്തിനുമുന്പിൽ നിർത്താനും കെട്ടിത്തൂക്കിയിടാനും അധികാരമുള്ള നിയമ ബാഹ്യമായ കോടതികളായി ദൃശ്യ മാധ്യമങ്ങൾ സ്വയം അവരോധിക്കുന്ന കാഴ്ചയുടെ ആഘോഷത്തിലൂടെയാണ് ഇന്നു നമ്മൾ കടന്നുപോകുന്നത്.

പൊതുബോധത്തിലെ ക്രൈസ്തവ വിരുദ്ധതക്ക് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്ന പ്രധാന സംഭവങ്ങളും വസ്തുതകളും

കേരളത്തിന്റെ പൊതു ബോധം ക്രൈസ്തവ സഭകൾക്കെതിരാണ് എന്നു തെളിയിക്കാൻ ഏറ്റവും കൂടുതൽ ഉപയോഗിച്ചുകാണുന്നത് ‘അഭയാകേസ്’ തന്നെയാണ്. 1992 മാർച്ച് 27 നാണ് കോട്ടയം പയസ് ടെൻത് ലേഡീസ് ഹോസ്റ്റലിന്റെ കിണറ്റിൽ അഭയ എന്ന കന്യാസ്ത്രീ അസ്വാഭാവികമായി മരണപ്പെട്ടതായി കണ്ടെത്തിയത്. തുടർന്ന് നടന്ന അന്വേഷണങ്ങളുടെ ഭാഗമായി 2008 നവംബർ 19 നു കത്തോലിക്കാ സഭയിലെ രണ്ടു വൈദികരെയും ഒരു കന്യാസ്ത്രീയെയും സി. ബി. ഐ. അറസ്റ്റു ചെയ്തു. 28 വർഷങ്ങൾ നീണ്ട അന്വേഷണങ്ങൾക്കും വിചാരണക്കുമൊടുവിൽ 2020 ഡിസംബർ 21 നു അവരിൽ രണ്ടുപേർ കുറ്റക്കാരെന്നു വിചാരണക്കോടതി കണ്ടെത്തുകയും 22 നു ഇരുവരെയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു.

നിഷ്പക്ഷവും കാര്യക്ഷമവുമായ അന്വേഷണം ഉറപ്പുവരുത്താൻ സി. ബി. ഐയെക്കൊണ്ടുതന്നെ അന്വേഷിപ്പിക്കണം എന്ന് ആവശ്യപ്പെട്ട സന്യാസ സമൂഹത്തെയും കത്തോലിക്കാസഭയെയും പുകമറയിൽ നിർത്തി, മാധ്യമങ്ങളും നിരീക്ഷകരും വിശകലന വിദഗ്ധരും ആക്ഷൻ കൗൺസിലും, കളം നിറഞ്ഞുനിന്ന മൂന്നു പതിറ്റാണ്ടുകാലം! സത്യം സംശയാതീതമായി സ്ഥാപിക്കപ്പെടുന്നതുവരെ, നീതി നടപ്പായി എന്നു കരുതാൻ കഴിയാത്ത സാഹചര്യം ഈ കേസിൽ ഇപ്പോഴും നിലനിൽക്കുന്നു!

കേരളം ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ വരവേറ്റത്, ഉന്നത വിദ്യാഭ്യാസ രംഗത്ത് ഒരു പരീക്ഷണത്തിന് വഴിതുറന്നുകൊണ്ടായിരുന്നല്ലോ. കേരളത്തിന്റെ അയൽ സംസ്ഥാനങ്ങൾ ഏറെക്കാലംമുമ്പേ പ്രയോഗത്തിൽ വരുത്തിയ ‘ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വാശ്രയത്വം’ എന്ന ആശയം കേരളത്തിൽ പരീക്ഷിക്കാനുള്ള തീരുമാനം കൈക്കൊണ്ടത് കോൺഗ്രസ്സ് നേതൃത്വം കൊടുത്ത യൂ. ഡി. എഫ്. സർക്കാരാണ്. അതിന്റെ ചരിത്രം ആദ്യന്തം കയ്പ്പുനിറഞ്ഞതാണ്.

ശരിയായ തീരുമാനങ്ങൾ എടുക്കാനും നടപ്പാക്കാനും ഭരണത്തിലിരുന്നവർക്കു കഴിയാതെപോയതാണ്, യഥാർത്ഥത്തിൽ ടി. എം എ. പൈ കേസിന്റെ വിധിയെത്തുടർന്ന് ഈ രംഗത്ത് പ്രതിസന്ധി രൂപപ്പെടാൻ കാരണം. ഇക്കാര്യം മറച്ചുവച്ച്, മുൻപുണ്ടായിരുന്ന ഉണ്ണികൃഷ്‌ണൻ കേസിന്റെ മറപിടിച്ചു ഫിഫ്റ്റി + ഫിഫ്റ്റി ഫോർമുലയിൽ, കേരളത്തിലെ ഇടതു വലതു മുന്നണികൾ ഉന്നത വിദ്യാഭ്യാസ രംഗത്ത് സോഷ്യലിസം നടപ്പാക്കുന്നതായി ഭാവിച്ചു. ഇതിനുപിന്നിൽ ഒളിച്ചിരുന്ന അനധികൃതവും നിയമ വിരുദ്ധവുമായ ധാരണകൾ, അങ്ങേയറ്റം അഴിമതിയുടേത് മാത്രമായിരുന്നു എന്ന് ഇപ്പോൾ ആർക്കാണ് മനസ്സിലാകാത്തത്!

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരള സമൂഹത്തിന് അനിവാര്യമാണെന്ന തിരിച്ചറിവിൽ, മുമ്പേ പറക്കുന്ന പക്ഷികളെ പോലെ സ്വാശ്രയ വിദ്യാഭ്യാസ രംഗത്തേക്ക് കടന്നുവന്ന ക്രൈസ്തവ മാനേജുമെന്റുകളെ ‘വിദ്യാഭ്യാസ കച്ചവടക്കാർ’ എന്ന് മുദ്രയടിക്കുന്നതിൽ ചാനലുകൾ തമ്മിലും നിരീക്ഷകരും വിശകലന വിദഗ്ധരും രാഷ്ട്രീയ പാർട്ടികളും തമ്മിലും മത്സരിച്ചു. ‘കച്ചവടക്കാർ’ എന്ന ലേബൽ തങ്ങൾക്കു ചേരുന്നതല്ല എന്നു ക്രൈസ്തവ മാനേജുമെന്റുകൾ അർത്ഥശങ്കക്കിടയില്ലാത്തവിധം വസ്തുനിഷ്ഠമായ കണക്കുകൾ നിരത്തി വ്യക്തമാക്കിയിരുന്നു. ഇന്നിപ്പോൾ, തിരിഞ്ഞു നോക്കുമ്പോൾ, സഭയുടെമേൽ കെട്ടിവയ്ക്കാൻ മത്സരിച്ച ലേബലുകൾ ആർക്കാണ് നന്നായി ചേരുന്നതെന്ന്, അന്ന് സമരം നടത്തി സ്ഥാപനങ്ങൾ തല്ലിത്തകർത്ത രാഷ്ട്രീയ പാർട്ടികൾക്കും കേരള സമൂഹത്തിനും അറിയാം. എങ്കിലും, ഇപ്പോഴും അവസരം കിട്ടുമ്പോഴൊക്കെ, സ്വാശ്രയ ഏണിവച്ചു ക്രൈസ്തവ സമൂഹത്തെ താറടിക്കാനാണ് മിക്ക മാധ്യമക്കാർക്കും നിരീക്ഷകർക്കും താൽപ്പര്യം!

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ രണ്ടാം ദശകത്തിന്റെ ആരംഭത്തിലുണ്ടായ മറ്റൊരു സംഭവവും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടതുതന്നെയായിരുന്നു: 2010 ജൂലൈ 4 നു തൊടുപുഴ ന്യൂമാൻ കോളേജിലെ മലയാളം പ്രൊഫസറായ ടി. ജെ. ജോസഫ് എന്ന അധ്യാപകന്റെ വലതു കൈപ്പത്തി വെട്ടിമാറ്റുകയും ഇടതു കാല്പാദം കൊത്തിയരിയുകയും ചെയ്തു. പ്രസ്തുത അധ്യാപകൻ തയ്യാറാക്കിയ ചോദ്യപേപ്പറിൽ ‘പ്രവാചകനിന്ദയും മതനിന്ദയുമുണ്ട്’ എന്നാരോപിച്ചായിരുന്നു ആക്രമണം.

2010 മാർച്ച് 23 നു തൊടുപുഴ ന്യൂമാൻ കോളേജിൽ നടന്ന രണ്ടാം സെമസ്റ്റർ ബി. കോം മലയാളം ഇന്റേണൽ പരീക്ഷയിൽ ചിഹ്നങ്ങൾ ചേർത്തെഴുതാൻ നൽകിയ ഒരു ചോദ്യത്തിൽനിന്നായിരുന്നു സംഭവങ്ങളുടെ തുടക്കം. ഇതേത്തുടർന്നു ചില മുസ്‌ലിം സംഘടനകളുടെ ഭാഗത്തുനിന്നുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ നടത്തിയ അന്വേഷണത്തിൽ, ‘അധ്യാപകന്റെ ഭാഗത്തുനിന്നു വിവേകക്കുറവുണ്ടായി’ എന്നു കണ്ടെത്തിയ കോളേജധികൃതർ, അധ്യാപകനെ സസ്പെൻഡുചെയ്യുകയും, യൂണിവേഴ്സിറ്റി നിയമങ്ങൾ അനുസരിച്ചുള്ള ശിക്ഷണ നടപടികൾ സ്വീകരിക്കുകയും, തങ്ങളുടെ സ്ഥാപനത്തിൽനിന്നുണ്ടായ അവിവേകത്തിനു മുസ്‌ലിം സമൂഹത്തോട് മാപ്പുപറയുകയും ചെയ്തു. എങ്കിലും, ഇസ്ലാമിക തീവ്രവാദികൾ ‘പ്രവാചക നിന്ദ’ക്ക് ‘മതനിയമം’ അനുശാസിക്കുന്ന ശിക്ഷ നേരിട്ട് നടപ്പാക്കി. അങ്ങനെ, സ്വതന്ത്ര ഇന്ത്യയിൽ, രാജ്യത്തിൻറെ നിയമങ്ങൾക്കു സമാന്തരമായി മറ്റൊരു നിയമവ്യവസ്ഥ നിലനിൽക്കുന്നു എന്ന് പ്രഖ്യാപിച്ചു!

അധ്യാപകന്റെ പ്രവൃത്തിയിലെ ‘അവിവേകം’ കണ്ടെത്തിയ കോളേജധികൃതരും സഭാധികാരികളും, സാമൂഹിക ഐക്യവും സമാധാനവും സമൂഹത്തിൽ നിലനിർത്താനുള്ള ബാധ്യത ഏകപക്ഷീയമായി ഏറ്റെടുക്കുകയും, അത് കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കാനുള്ള തത്രപ്പാടിൽ, അധ്യാപകന്റെമേൽ വിട്ടുവീഴ്ചയില്ലാതെ (കരുണയില്ലാതെ?) നീതി നടപ്പാക്കുകയും ചെയ്തു!

അധ്യാപകൻ ഇട്ട ചോദ്യത്തിനും, അധ്യാപകന്റെമേൽ എടുത്ത ശിക്ഷണ നടപടിക്കും, അധ്യാപകന്റെ കൈകാലുകൾ വെട്ടിയതിനുപോലും, സഭയെ പ്രതിസ്ഥാനത്തുനിർത്തിക്കൊണ്ടുള്ള വിചാരണകൾ നടത്തുന്നതിൽ മാധ്യമങ്ങൾ തമ്മിൽ മത്സരിച്ചു! ‘കേരളത്തിന്റെ പൊതുബോധത്തിൽ,’ കത്തോലിക്കാ സഭ അങ്ങനെ വീണ്ടും പ്രതിരോധത്തിലായി!

ഒരു ചോദ്യത്തെ വ്യാഖ്യാനിച്ചു മതനിന്ദയും പ്രവാചക നിന്ദയുമാക്കി, ഒരു വിദ്യാഭ്യാസ സ്ഥാപനത്തെ തല്ലിത്തകർക്കുകയും, അദ്ധാപകന്റെമേൽ മത നിയമം അനുസരിച്ചുള്ള വിധി നടപ്പാക്കുകയും ചെയ്യാൻ കഴിയുന്നത്ര റാഡിക്കലൈസ് ചെയ്യപ്പെട്ട ഒരു വിഭാഗം, ഇവിടത്തെ മുസ്‌ലിം സമൂഹത്തിൽ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന യാഥാർഥ്യത്തിനുനേരെ, മാധ്യമങ്ങളും നിരീക്ഷകരും സാംസ്‌കാരിക നായകരും രാഷ്ട്രീയ നേതാക്കളും കണ്ണടച്ചു!

ഇതേ ദശകത്തിന്റെ രണ്ടാം പാദം കൂടുതൽ കലുഷമായിരുന്നു. കത്തോലിക്കാ സഭയ്ക്കുള്ളിൽനിന്നുയർന്നുകേട്ട ചില ഭിന്ന സ്വരങ്ങളും ചിലരുടെ വ്യക്തിജീവിതത്തിലെ വീഴ്ചകളും ഉപയോഗപ്പെടുത്തി, സഭക്കെതിരെയുള്ള നീക്കം ശക്തമാക്കിയെന്നു മാത്രമല്ല, മുമ്പുകാണാത്തവിധം സംഘടിതവുമായി. മാത്രവുമല്ല, ഈ നീക്കങ്ങളിൽ മുമ്പൊരിക്കലും രംഗത്തു വരാതിരുന്നവർ പ്രത്യക്ഷമായി രംഗത്തെത്തുകയും ചെയ്തു!

ഇതേകാലത്ത്, ജലന്ധർ രൂപതയിലെ ഒരു ബിഷപ്പിനെതിരെ, അദ്ദേഹത്തിന്റെ രൂപതയിലെതന്നെ കന്യാസ്ത്രീകളിൽ ഒരു വിഭാഗത്തിനുണ്ടായിരുന്ന തർക്കങ്ങളും ഭിന്നതയും നീറിപ്പുകഞ്ഞ്, ഒരു അഗ്നിപർവതംപോലെ കേരളത്തിൽ വന്നു പൊട്ടിത്തെറിച്ചതിന്റെ പശ്ചാത്തലവും ഇതിനോടു ചേർത്തുവായിക്കാവുന്നതാണ്.

പരസ്പര ബന്ധമില്ലാതിരുന്ന പല വിഷയങ്ങളെ ബന്ധിപ്പിക്കുന്ന ആഖ്യാനങ്ങളിലൂടെ, കേരളത്തിലെ കത്തോലിക്കാ സഭാ സമൂഹങ്ങൾക്കുനേരെയുള്ള, വിശിഷ്യാ അതിന്റെ നേതൃതലത്തിലുള്ളവർക്ക് നേരെയുള്ള ഒരു സംഘടിത പ്രക്ഷോഭമാക്കി അതിനെ മാറ്റാൻ, അതിന്റെ സോഷ്യൽ എൻജിനിയറിങ്ങിന് നേതൃത്വം നൽകിയവർക്ക് കഴിഞ്ഞു. പൊതു സമൂഹത്തിൽ മാത്രമല്ല, സഭക്കുള്ളിൽപോലും അതു വലിയതോതിലുള്ള അസ്വസ്ഥതകൾ ഇളക്കിവിടുകയും ചെയ്തു. അങ്ങനെ, മൂന്നു പതിറ്റാണ്ടോളം, ‘കേരളത്തിന്റെ പൊതുബോധത്തിൽ’ ‘പ്രതിരോധത്തിൽ’ നിർത്തപ്പെട്ടിരുന്ന സഭ, ശരിക്കും ‘പ്രതി’സ്ഥാനത്തേക്കു മാറ്റപ്പെടുന്ന കാഴ്ചയാണ് തുടർന്നുകണ്ടത്!

ക്രൈസ്തവ വിരുദ്ധ പൊതുബോധ നിർമ്മിതിയുടെ ബാക്കിപത്രം

സഭയുടെ നിശബ്ദതയും, സത്യം താനേ വെളിപ്പെടുമെന്ന വിശ്വാസവും, മാറിയ സാഹചര്യത്തിൽ ഒന്നിനും പരിഹാരമല്ല, എന്ന തിരിച്ചറിവ് സഭയിലുണ്ടാക്കാൻ ഒരു പരിധിവരെ കഴിഞ്ഞു എന്നതാണ് ഇത്തരം സംഭവങ്ങളിൽനിന്നു സഭയിലെ ഉത്തരവാദിത്വപ്പെട്ടവർ പൊതുവെ ഉൾക്കൊണ്ട പാഠം.

ചില സത്യങ്ങൾ തുറന്നു പറയുമ്പോൾ, ഇപ്പോൾ ചിലർക്ക് അങ്കലാപ്പാണ്! മതത്തെയും മതരാഷ്ട്രത്തെയും കൂട്ടിക്കെട്ടുന്ന ചിന്താധാരകളും പ്രത്യയശാസ്തങ്ങളും സംഘടിത പ്രസ്ഥാനങ്ങളും മുഖ്യധാരാ രാഷ്ട്രീയപാർട്ടികളുടെതന്നെ കടിഞ്ഞാൺ കരസ്ഥമാക്കുന്ന അപകടകരമായ സ്ഥിതിവിശേഷം ചൂണ്ടിക്കാട്ടിയാൽ, അത് ഏതെങ്കിലുമൊരു മതത്തിനുനേരെയുള്ള വിദ്വേഷ പ്രചാരണമാകുന്നതെങ്ങനെ? ക്രൈസ്തവ സമൂഹത്തിൽനിന്ന് ആരെങ്കിലും ന്യൂന പക്ഷ അവകാശങ്ങളെപ്പറ്റി സംസാരിച്ചാൽ, അതിൽ മറ്റു ന്യൂനപക്ഷങ്ങൾ അസ്വസ്ഥരാകുന്നതെന്തിന്? സമൂഹത്തിൽ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ചില മാതാധിപത്യ പ്രവണതകൾ ചൂണ്ടിക്കാട്ടുന്നത്, അനാവശ്യ ഭീതി വളർത്താനാണെന്നു പറയുന്നതിന് എന്തടിസ്ഥാനമാണുള്ളത്? ഇടതുവലതു രാഷ്ട്രീയ മുന്നണികൾ തീവ്രവാദ മത രാഷ്ട്രീയത്തെ തങ്ങൾക്കു നേട്ടമുണ്ടാക്കാൻ ഒളിഞ്ഞും തെളിഞ്ഞും ഉപയോഗിച്ചു വന്നിട്ടുണ്ട് എന്നതും വാസ്തവമല്ലേ?

വാസ്തവം ഇതായിരിക്കേ, കേരളത്തിലെ ചില ദൃശ്യമാധ്യമങ്ങളും ചാനൽ ജഡ്ജിമാരും, നിരീക്ഷകരും, ഓൺലൈൻ, യൂ ട്യൂബ് വിദഗ്ധരും സമർത്ഥിക്കാൻ ശ്രമിക്കുംവിധം, കേരളത്തിന്റെ പൊതുബോധ’ത്തിൽ പ്രതിസ്ഥാനത്തു നിർത്തപ്പെടേണ്ട എന്ത് പാതകമാണ് കേരള ക്രൈസ്തവ സമൂഹം കേരളത്തിലെ ജനങ്ങളോട് ചെയ്തിട്ടുള്ളത്? യഥാർത്ഥത്തിൽ ഇവർ “കേരളത്തിന്റെ പൊതുബോധം” എന്നപേരിൽ പ്രചരിപ്പിക്കുന്നത് ഒരു വ്യാജ നിർമ്മിതിയാണ്. കളവാണ്. കേരളത്തിന്റെ പൊതുബോധം അതല്ല.

പൊതുബോധ നിർമ്മിതി ആരുടെ ചുമതലയാണ്?

“പൊതുബോധം” എന്നത് “പൊതു നന്മ” എന്ന ലക്ഷ്യത്തിലേക്കുള്ള ഒരു സമൂഹത്തിന്റെ ബോധപൂർവമായ ചുവടുവയ്‌പ്പിന്റെ പ്രതിഫലനമാണ്. അത് മാധ്യമങ്ങളുടെ മാത്രം സൃഷ്ടിയല്ല, നന്മയുള്ള മനുഷ്യരിൽനിന്നും അവരുടെ ത്യാഗോജ്വലമായ ജീവിതങ്ങളിൽനിന്നും സമൂഹ മനസാക്ഷി സ്വാംശീകരിച്ചെടുക്കുന്നതാണ് എന്ന തിരിച്ചറിവ് സമൂഹത്തിൽ വളർത്തിക്കൊണ്ടുവരേണ്ടത് അനിവാര്യമായിരിക്കുന്നു.

മനുഷ്യ സമൂഹങ്ങളിലെ നന്മ, തലമുറകളിലേക്ക് കൈമാറുന്നതിൽ ആധുനിക മാധ്യമങ്ങളെക്കാൾ ഔപചാരിക വിദ്യാഭ്യാസത്തിനു ക്രിയാത്മകമായ പങ്കു വഹിക്കാനുണ്ട്. എല്ലാ മതങ്ങളിലെയും സ്വയം നവീകരണ ശക്തിയെ ഉണർത്തുന്നതിൽ ഔപചാരിക വിദ്യാഭ്യാസത്തിനും മത വിദ്യാഭ്യാസത്തിനുമുള്ള പങ്കു കുറച്ചുകണ്ടാൽ, സമൂഹത്തിൽ നിലനിൽക്കുന്ന സമാധാന, സൗഹൃദ അന്തരീക്ഷത്തിനു പരിഹരിക്കാനാവാത്ത പിഴവ് സംഭവിച്ചു എന്നു വരും.

ഈ രംഗത്ത്, കേരളത്തിന്റെ കലാ സാഹിത്യ സാംസ്‌കാരിക രംഗങ്ങൾക്കും തനതായ പങ്കു വഹിക്കാനുണ്ട്. മതങ്ങളുടെയും മനുഷ്യന്റെയും പാരസ്പരികതക്കും മാനുഷിക മൂല്യങ്ങൾക്കും മനുഷ്യ സഹനത്തിന്റെ വിമലീകരണ ശക്തിക്കും ഊന്നൽ നൽകിക്കൊണ്ടുള്ള കലാ സാഹിത്യ സൃഷ്ടികൾ മനുഷ്യ വംശത്തിന്റെ ഈടു വയ്പ്പുകളാണ്. അതിന്റെ ശക്തി തിരിച്ചറിയുന്നിടത്താണ് സാംസ്‌കാരിക നായകർ സമൂഹത്തിന്റെ ക്രിയാത്മക പരിവർത്തനത്തിനുള്ള പാതകൾ ജനങ്ങൾക്കുമുൻപിൽ വെട്ടിത്തുറന്നു വയ്ക്കുന്നത്. നമ്മുടെ സാംസ്‌കാരിക രംഗം ഈ കർത്തവ്യം നിർവഹിക്കുന്നതിൽനിന്നു പിന്നോക്കം പോയിട്ടുണ്ടോ എന്ന് ആത്മശോധന നടത്തേണ്ടതില്ലേ?

ഉപസംഹാരം

ദൃശ്യമാധ്യമങ്ങൾ ഒരുവിധത്തിൽ സമൂഹത്തിന്റെ അനുഗ്രഹമാണ്. എന്നാൽ, അതിന്റെ തള്ളിച്ചയിൽ, സമൂഹത്തെ അതിന്റെ സന്തുലിതാവസ്ഥയിൽ നിലനിർത്തുന്ന മറ്റു തൂണുകൾ ദുർബലമായി തകർന്നുവീഴാൻ ഇടയാക്കിയാൽ, ഏതെങ്കിലും ഒരു മതത്തിനോ സമുദായത്തിനോ മാത്രമല്ല, എല്ലാ മത സമുദായ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും, അവയുടെ നന്മകൾ നിലനിർത്താനും സമൂഹത്തെ സേവിക്കാനുമുള്ള കഴിവ് നഷ്ടമാകും. ഇതു സമൂഹത്തിന് അപരിഹാര്യമായ നഷ്ടമുണ്ടാക്കും.-

ഫാ. വർഗീസ് വള്ളിക്കാട്ട്

Share News