
കാപ്പിറ്റോൾ കണ്ടപ്പോൾ കൊച്ചിയെ ഓർത്തതെന്തിന്?
ട്വന്റി ട്വൻറിയും, വി 4 കൊച്ചിയും കാപ്പിറ്റോളിലെ ജനാധിപത്യ സാഹസവും കൂട്ടി വായിക്കുന്നത് ശരിയാകുമോ? ഉദ്ദേശ്യശുദ്ധിയുടെപേരിൽ ജാമ്യം എടുക്കാൻ പറ്റിയേക്കാമെങ്കിലും പ്രവർത്തനം കൊണ്ട് അവ സ്വന്തം ലക്ഷ്യത്തെ തന്നെ തകർക്കുന്നില്ലേ എന്നാണു സംശയം. നിലവിലുള്ള ജനാധിപത്യ സംവിധാനങ്ങളെ ദുർബലപ്പെടുത്തുന്നു എന്നതാണ് അവയുടെ പൊതുവായ പരിമിതിയും പ്രശ്നവും.

ജനാധിപത്യത്തിൽ ഇത്തരം അതി സാഹസങ്ങൾ ചില അടയാളങ്ങളാണ്. നിലവിലുള്ള സംവിധാനങ്ങളുടെ നേരെ വളർന്നുവരുന്ന അതൃപ്തിയും, അവയുടെ കാര്യക്ഷമതയിലും വിശ്വാസ്യതയിലും ജനങ്ങൾക്ക് പൊതുവെ ആത്മവിശ്വാസം നഷ്ടമാകുന്നതും, അടിയന്തരമായി കാര്യങ്ങൾ ക്രമപ്പെടുത്തിയെ മതിയാകൂ എന്ന ചിന്ത ശക്തിപ്രാപിക്കുന്നതുമാണ് വ്യവസ്ഥാപിത സംവിധാനങ്ങൾക്കെതിരെ തിരിയാൻ വ്യക്തികളെയും സമൂഹത്തെത്തന്നെയും പ്രേരിപ്പിക്കുന്നത്. ഇതിന്റെയെല്ലാം പരിണത ഫലമാണ് കൊച്ചിമുതൽ കാപ്പിറ്റോൾ വരെ കണ്ടുകൊണ്ടിരിക്കുന്നത്.
ഇത്തരം ഇടപെടലുകൾ ശരിയോ തെറ്റോ എന്ന ചോദ്യത്തിന്, എന്ത് മാനദണ്ഡമനുസരിച് ഉത്തരം നൽകുന്നു എന്നതിനെ ആശ്രയിച്ചാണ് എന്തുകൊണ്ട് ഇങ്ങനെയെല്ലാം സംഭവിക്കുന്നു എന്നതിലേക്ക് ഉൾക്കാഴ്ച ലഭിക്കുന്നത്. സമൂഹത്തിന്റെ അസ്തിത്വപരമായ അവസ്ഥയിലേക്ക് വെളിച്ചം വീശുന്നതിന് ഒരു പക്ഷെ, അതിനു കഴിഞ്ഞെന്നും വരാം. മുൻവിധികൾ മാറ്റിവച്ചു വസ്തുതകൾ പരിശോധിച്ചാൽ, നിലവിലുള്ള സംവിധാനങ്ങളുടെ പരിമിതിയും കാര്യക്ഷമതക്കുറവും മൂല്യച്യുതിയും കണ്ടെത്തുന്നതിന് ഇത്തരം സംഭവങ്ങളും പ്രസ്ഥാനങ്ങളും ഒരു പരിധിവരെയെങ്കിലും സമൂഹത്തെ സഹായിക്കും. അവിടെയാണ് അവയുടെ മൂല്യവും പ്രസക്തിയും.
സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിൽ അസാധാരണമായ ചില ഇടപെടലുകൾ നടത്തിയവരെക്കുറിച്ചു മുൻവിധിയോടെയും നിലവിലുള്ളവയെ ആദർശവൽക്കരിക്കുക എന്ന ഉദ്ദേശ്യത്തോടെയും വിലയിരുത്തിയാൽ, ഭാവിയിലും, ഇത്തരം കാര്യങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയും സമൂഹം അരാജകാവസ്ഥയിലേക്കു ക്രമേണ കൂപ്പുകുത്തുകയും ചെയ്യാം. രോഗങ്ങളല്ല, രോഗലക്ഷണങ്ങളാണ് ഇപ്പോൾ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത് എന്ന തിരിച്ചറിവ് ഉത്തരവാദിത്വപ്പെട്ടവർക്കും പൊതു സമൂഹത്തിനും ഉണ്ടാകണം.
അമേരിക്കയിൽ, തങ്ങൾ തെരഞ്ഞെടുത്ത സ്ഥാനാർഥി പ്രസിഡന്റാകാതിരുന്നതിനു പിന്നിൽ, ജനാധിപത്യത്തെ അട്ടിമറിക്കുന്ന മറുപക്ഷമാണെന്നു വിശ്വസിച്ച റിപ്പബ്ലിക്കന്മാരിൽ കുറേയാളുകൾ നടത്തിയ കലാപതുല്യമായ പ്രതിഷേധമായിരുന്നെങ്കിൽ, കൊച്ചിയിലും പരിസര പ്രദേശങ്ങളിലും സമീപകാലത്തു കണ്ടത് നിലവിലുള്ള രാഷ്ട്രീയ പാർട്ടികളോടും അവയുടെ ജനാധിപത്യ വിരുദ്ധ രീതികളോടുമുള്ള പ്രതിഷേധമായിരുന്നു.
രാഷ്ട്രീയ പാർട്ടികൾ ജനങ്ങളുടെ താല്പര്യത്തേക്കാൾ, സ്വയം പര്യാപ്ത കോർപറേറ്റുകളായി മാറുന്നതിലുള്ള പ്രതിഷേധമാണ് രാഷ്ട്രീയ പാർട്ടികൾക്ക് ഒരു ബദൽ അന്വേഷിക്കുന്നതിന് കൊച്ചിയിലും പരിസരപ്രദേശങ്ങളിലും ഒരു പറ്റം ചെറുപ്പക്കാരെയും ആക്ടിവിസ്റ്റുകളെയും പ്രേരിപ്പിച്ചത്. പ്രാദേശിക തലത്തിൽ ആവേശകരമായ ഒരു പരീക്ഷണമായി അതിനെ കാണാമെങ്കിലും ദേശീയ പരിപ്രേക്ഷ്യത്തിൽ വിലയിരുത്തുമ്പോൾ, അത് രാഷ്ട്രീയ അരാജകത്വത്തിന്റെ ആദ്യരൂപമാണ് എന്ന് പറയാതെ വയ്യ.
എന്നാൽ, ഇന്ത്യയുടെ പ്രാധിനിത്യ ജനാധിപത്യ സംവിധാനത്തിൽ നിലവിലുള്ള രാഷ്ട്രീയ പാർട്ടികളെയും അവയ്ക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന ശൈഥില്യത്തെയും പ്രവർത്തന വൈകല്യങ്ങളെയും സംബന്ധിക്കുന്ന ഗൗരവതരമായ ചോദ്യങ്ങൾ ഉയർത്തുന്നതിന് വി 4 കൊച്ചിക്കും ട്വന്റി ട്വൻറിക്കും കഴിഞ്ഞു എന്നത് കാണാതെ പോകരുത്.
ജനാധിപത്യത്തിന്റെ നിലനിൽപ്പിനും ശാക്തീകരണത്തിനും രാഷ്ട്രീയ പാർട്ടികൾ അനിവാര്യമാണ്. വിവിധ വിഭാഗം ജനങ്ങളുടെ താല്പര്യങ്ങളും ആവശ്യങ്ങളും ശരിയായ രീതിയിൽ പ്രതിഫലിപ്പിക്കുന്നതിനും, ശരിയായ നയങ്ങളും വികസന പദ്ധതികളും ആവിഷ്കരിക്കുന്നതിനും, സർക്കാർ സംവിധാനങ്ങളുമായും ജനക്ഷേമകരമായ പദ്ധതികളുമായി ബന്ധപ്പെടുന്നതിന് ജനങ്ങളെ പ്രാപ്തരാക്കുന്നതിനും സർവോപരി, സ്വതന്ത്രവും നീതിയുക്തവുമായ ജനാധിപത്യ പ്രക്രിയ ഉറപ്പാക്കുന്നതിനും ശക്തമായ രാഷ്ട്രീയ പാർട്ടികൾ ഉണ്ടായേ തീരൂ.
സ്വാതന്ത്ര്യ പ്രാപ്തിക്കു ശേഷം, രാജ്യത്തെ ജനാധിപത്യ മാർഗത്തിൽ ഉറപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനും സ്വാതന്ത്ര്യത്തെ ലക്ഷ്യമാക്കിയുള്ള ഒരു ദേശീയ പ്രസ്ഥാനം എന്ന നിലയിൽ നിന്ന് ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയിൽ ജനാതിപത്യ ഇന്ത്യക്കു നേതൃത്വം നൽകുന്നതിനും ഇന്ത്യൻ നാഷണൽ കോൺഗ്രസ് വഹിച്ച പങ്ക് പ്രശംസനീയമാണ്. സമയ ബന്ധിതമായി രാജ്യത്തിൻറെ ഭരണഘടനക്കു രൂപം നൽകുന്നതിനും ഭരണഘടനാനുസൃതമായി തെരഞ്ഞെടുപ്പ് നടത്തുന്നതിനും ജനാധിപത്യ സംവിധാനങ്ങൾക്ക് ഭരണഘടനാപരമായ വ്യക്തിത്വവും സ്വാതന്ത്ര്യവും അനുവദിച്ചുകൊണ്ടുള്ള ഒരു ഭരണ ക്രമം രൂപപ്പെടുത്തുന്നതിലും കോൺഗ്രസ്സിന്റെ സംഭാവനകൾ വിലപ്പെട്ടതാണ്.
എന്നാൽ, ഒരു രാഷ്ട്രീയ പാർട്ടിയുടെയും താൻപോരിമാ ഭാവം ഇന്ത്യയെപ്പോലെ ഒരു ബഹു പാർടീ ജനാധിപത്യ സംവിധാനത്തിൽ അധികകാലം നിലനിൽക്കുകയില്ല. നിലനിൽക്കുന്നത് ഭൂഷണവുമല്ല. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതും വളർത്തുന്നതും ശക്തമായ രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള ആരോഗ്യപരമായ സംവാദങ്ങളും ഭരണഘടനാനുസൃതമായ മത്സരവുമാണ്.
ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം, ഭരണഘടനാനുസൃതമായി പ്രവർത്തിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ശിഥിലമായിക്കൊണ്ടിരിക്കുന്നു എന്നതും ഭരണഘടനയെയും ജനാധിപത്യത്തെത്തന്നെയും വിഭാഗീയ താല്പര്യങ്ങൾക്കനുസരിച്ചു വ്യാഖ്യാനിക്കുകയും വളച്ചൊടിക്കുകയും ഭരണഘടനാബാഹ്യമായ മാർഗ്ഗങ്ങളിലൂടെയായാലും അധികാരം കൈപ്പിടിയിൽ കൊണ്ടുവരികയാണ് പ്രധാനം എന്ന് ചിന്തിക്കുകയും ചെയ്യുന്നവരുടെ സംഖ്യയും സ്വാധീനവും വർദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു എന്നതാണ്. ദേശീയ തലം മുതൽ പ്രാദേശിക തലം വരെ ഈ പ്രവണത വർധിച്ചുകൊണ്ടിരിക്കുന്നു എന്നതിന് തെളിവുകൂടിയാണ് മേല്പറഞ്ഞ വി 4 കൊച്ചിയും ട്വന്റി ട്വൻറിയും!
രാഷ്ട്രീയ പ്രബുദ്ധം എന്ന് കരുതപ്പെടുന്ന കേരളത്തിൽപോലും അധികാരം പിടിക്കുന്നതിനായി തീവ്ര മത സംഘടനകളുമായി വരെ സഖ്യമുണ്ടാക്കുന്ന രാഷ്ട്രീയ ആഭാസം നടക്കുന്നത് ഈ ജീർണ്ണതയുടെ തോത് വെളിപ്പെടുത്തുന്നതാണ്. സംസ്ഥാന രാഷ്ട്രീയത്തിലെ മുഖ്യ കക്ഷികളും മുന്നണികളും ഈ പതനത്തിൽ ഏതാണ്ട് തുല്യ പങ്കാളികളാണ് എന്ന് പറയേണ്ടിയിരിക്കുന്നു. ഇത്തരം നിരാശാജനകമായ സാഹചര്യങ്ങളാണ് അരാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കു ജന്മംനൽകുന്നത് എന്നത് കാണാതെ പോകരുത്.
ദേശീയ രാഷ്ട്രീയം പൂർണ്ണമായിത്തന്നെ ഈ പാരിതോവസ്ഥയിൽ എത്തി നിൽക്കുന്നു എന്നത് ജനാധിപത്യത്തിന്റെ ഭാവിയെപ്പറ്റി ചിന്തിക്കുന്ന ഏതൊരാളെയും അസ്വസ്ഥതപ്പെടുത്തുകതന്നെ ചെയ്യും. ഗാന്ധിജിയുടെയും നെഹ്രുവിന്റേയും സർദാർ പട്ടേലിന്റെയും ജയപ്രകാശ് നാരായണന്റെയും വാജ്പേയിയുടെയും ഈ എം എസ്സിന്റെയും കരുണാകരന്റെയുമൊക്കെ നന്മകൾ തിരികെ പിടിക്കാനും വളർത്തിയെടുക്കാനും കഴിഞ്ഞില്ലെങ്കിൽ അത് രാജ്യത്തിൻറെ ഭാവിയെ അപകടപ്പെടുത്തും.
ജനാധിപത്യം വളർന്നുകൊണ്ടിരിക്കുന്നില്ലെങ്കിൽ, അത് ജീർണ്ണിക്കുകയും അരാജകത്വത്തിലേക്കും ഏകാധിപത്യത്തിലേക്കും സമഗ്രാധിപത്യത്തിലേക്കും രാഷ്ട്രത്തെ കൊണ്ടുചെന്നു എത്തിക്കുകയും ചെയ്യും.

ഇതൊക്കെയാണ് കൊച്ചി-കാപ്പിറ്റോൾ സംഭവങ്ങൾ കണ്ടപ്പോൾ മനസ്സിലേക്ക് വന്ന ചിതകൾ. മറക്കുന്നതിന് മുൻപ് കുറിച്ചിടാമെന്നു തോന്നി. ആർക്കും വിഷമം തോന്നരുത്.

ഫാ വർഗീസ് വള്ളിക്കാട്ട്