നിറഞ്ഞ മനസ്സോടെ, തികഞ്ഞ തിരിച്ചറിവോടെ നമുക്ക് ആശംസിക്കാംതിരുപ്പിറവിയുടെ നന്മകൾ.

Share News

സന്തോഷവും സമാധാനവും നമ്മിൽ നിറയട്ടെ,. നമ്മിലൂടെ സമൂഹത്തിലും.

മനസ്സിലാക്കാൻ ആരുമില്ലായെന്ന് പരിതപിക്കുന്നവരുടെ ഇടയിലേക്ക് മനസ്സിലാക്കുന്ന ഒരു ദൈവമുണ്ടെന്നു ഓർമിപ്പിച്ചുകൊണ്ട് ഒരു തിരുപിറവി കൂടി.

ദേവാലയത്തെ ലക്ഷ്യമാക്കി, പുൽക്കൂട്ടിൽ ജനിച്ചവനെ ആരാധിക്കാനായി, യാത്ര നടത്തുന്നവരുടെ മനസ്സുകളിൽ ഒരു മനനവിഷയമായും ആത്മശോധനയ്ക്കുള്ള വള്ളിയായും ‘നല്ല മനസ്സുള്ളവർക്ക് സമാധാനം’ ആശംസിച്ച മാലാഖാമാരുടെ ഗാനം ഇന്നും ആവർത്തിക്കപ്പെടുന്നുണ്ട്.

ദേവാലയത്തിൽ മുട്ടുകുത്തുമ്പോൾ അനുവാദമില്ലാതെ ഉള്ളിലേക്ക് വരണം 25 ദിവസത്തെ ഒരുക്കം തന്നെ എത്രമാത്രം ദൈവത്തോടും സഹോദരങ്ങളോടും അടുപ്പിച്ചുവെന്ന ചോദ്യം; വ്യക്തിബന്ധങ്ങളിലെ പൊട്ടിപ്പോയ കണ്ണികൾ അടുപ്പിക്കുന്നതിൽ എത്രമാത്രം വിജയിച്ചുവെന്ന ചോദ്യം; മാലാഖാമാർ പാടിയ ഗാനം ഏറ്റുപാടാനുള്ള യോഗ്യത സ്വന്തമാക്കാനായോ എന്ന്. ..

കാലിതൊഴുത്തിൽ പിറന്നവന്റെ ലക്ഷ്യം ജീവൻ കൊടുക്കുകയെന്നതായിരുന്നു; കല്പന പരസ്പരം സ്നേഹിക്കുകയെന്നതായിരുന്നു ; ജീവിത ശൈലി ശുശ്രുഷയുടേതായിരുന്നു; ജീവിതാന്ത്യം മാനുഷിക കാഴ്ചപ്പാടിൽ പരാജയമായിരുന്നു. ആഘോഷങ്ങളുടെ യവനിക മാറ്റിനോക്കിയാൽ തിരുപ്പിറവി നമുക്കായി കാത്തുവച്ചിരിക്കുന്നതും ഈ സ്നേഹത്തിന്റെയും വിട്ടുകൊടുക്കലിന്റെയും പരാജയത്തിന്റെയും വെല്ലുവിളികൾ തന്നെയാണ്. എന്നാൽ സത്തയെ പുൽകാൻ ധൈര്യം കാണിക്കാത്ത മനുഷ്യൻ ബാഹ്യ ആഘോഷങ്ങളിലും ആശംസകളുടെ പ്രഹസനങ്ങളിലും തിരുപ്പിറവിയെ ഒതുക്കിക്കളയുന്നു എന്നത് വേദന നിറഞ്ഞ വിരോധാഭാസമാണ്.

മനുഷ്യത്വം നഷ്ടപ്പെട്ട് ജീവന് വില പേശുന്നവരും, താൻപോരിമയുടെ നിറവിൽ ക്രിസ്തുവിന്റെ മൗതിക ശരീരത്തെ അവഹേളിക്കുന്നവരും, നീതിയും ന്യായവും വിളമ്പി അർഹതപ്പെട്ടതിനുവേണ്ടിയുള്ള കരച്ചിലാണെന്നു ആവർത്തിച്ചു ബന്ധങ്ങളിലെ വിള്ളലുകൾ കൂട്ടുന്നവരും എല്ലാം ഇനിയും സഞ്ചരിക്കേണ്ടിയിരിക്കുന്നു ഒരുപാട് ദൂരം പുൽക്കൂട്ടിലെത്തിച്ചേരാൻ.

ജയിക്കേണ്ടത് ക്രിസ്തുവും മഹത്വപ്പെടേണ്ടത് അവന്റെ നാമവുമാണെന്ന് തിരിച്ചറിഞ്ഞു ജീവിക്കുമ്പോഴാണ് മാലാഖാമാരുടെ ഗാനത്തിന് അർത്ഥവും ആനുകാലികതയുമുണ്ടാവു; തിരുപ്പിറവിയുടെ ആഘോഷം അതിന്റെ പൂർണതയിലെത്തൂ.

നിറഞ്ഞ മനസ്സോടെ, തികഞ്ഞ തിരിച്ചറിവോടെ നമുക്ക് ആശംസിക്കാം

സ്നേഹത്തോടെ, പ്രാർത്ഥനയോടെ

Share News