
സ്വന്തം കൈപ്പടയിൽ മാധവിക്കുട്ടി എഴുതിയ വാക്കുകൾ.
‘ഒരു കാലത്തു ദേശാഭിമാനിയായിരുന്നു ആദ്യം വീട്ടിൽ പ്രവേശിക്കുന്ന പത്രം.
അതുകൊണ്ട് അതിന്റെ സ്വാധീനം എനിക്ക് അനുഭവപ്പെട്ടിരുന്നു. ആദ്യം വായിക്കാൻ ഇച്ഛിക്കുന്നത് ദേശാഭിമാനിയാണ്.
പക്ഷേ ഇന്ന് ആദ്യം വരുന്നത് മനോരമയാണ്.’
സ്നേഹത്തോടെ
കമല സുരയ്യ.
സ്വന്തം കൈപ്പടയിൽ മാധവിക്കുട്ടി എഴുതിയ വാക്കുകൾ.
അവസാനത്തെ ആ ഒരു വരി ഇല്ലായിരുന്നുവെങ്കിൽ ദേശാഭിമാനിക്കാർക്കു ചില്ലിട്ടു സൂക്ഷിക്കാനാകുമായിരുന്ന കുറിമാനം.പക്ഷേ കുസൃതിക്കാരിയായ എഴുത്തുകാരി അവസാനത്തെ വരിയിൽ തന്നെ തമാശ ഒപ്പിച്ചുകളഞ്ഞു.
മാധവിക്കുട്ടി ‘കമല സുരയ്യ’യായി മാറിയതിനുശേഷം കൊച്ചിയിൽ നിന്നും പൂണൈയിലേക്കു താമസം മാറാനൊരുങ്ങുന്നു. ഒരു ഓണക്കാലമായിരുന്നു അത്. കൊച്ചിയിലെ മുതിർന്ന പത്രപ്രവർത്തകനും ദേശാഭിമാനിയുടെ പ്രധാന ലേഖകനും ജ്യേഷ്ഠതുല്യനുമായ രവിയേട്ടൻ (രവി കുറ്റിക്കാട്) മാധവിക്കുട്ടിയെ കണ്ട് ദേശാഭിമാനിക്കു വേണ്ടി ഒരു അഭിമുഖം നടത്താൻ ശ്രമിച്ചു.മാധവിക്കുട്ടിയമ്മയുടെ അടുത്ത സുഹൃത്തുകൂടിയാണു രവി കുറ്റിക്കാട്.

പോകാനുള്ള തിരക്കിലാണ് എഴുത്തുകാരി. കടവന്ത്രയിലെ റോയൽ മാൻഷൻ എന്ന ഫ്ളാറ്റിലാണ് താമസം.
(പ്രസ് അക്കാദമിയിൽ പഠിക്കുന്ന കാലത്തു ഞാനും അസിം മുസ്തഫയും Azim Mustafa കൂടി അവിടെ ചെന്നു മാധ്യമം വാർഷിക പതിപ്പിനു വേണ്ടി മാധവിക്കുട്ടിയെ ഇന്റർവ്യൂ ചെയ്തിട്ടുണ്ട്.)
ഫ്ളാറ്റിൽ സാധനങ്ങൾ പായ്ക്കു ചെയ്യുന്ന തിരക്ക്. പുസ്തകങ്ങളും അവര്‍ക്കു പ്രിയപ്പെട്ട കലാവസ്തുക്കളും വിഗ്രഹങ്ങളും ആഭരണപ്പെട്ടികളും വിലപിടിപ്പുള്ള പാത്രങ്ങളുമൊക്കെ ശ്രദ്ധയോടെ പായ്ക്കുചെയ്യുകയാണ്. . സഹായികൾക്ക് നിർദേശങ്ങൾ ഓരോന്നായി കൊടുത്തുകൊണ്ട് എഴുത്തുകാരി അടുത്തുണ്ട്
.‘നല്ല തിരക്കുണ്ട് രവിയേ.. കുറച്ചു കഴിഞ്ഞിട്ട് ആകാം..
തിരക്കിനിടയിൽ അഭിമുഖം നടക്കില്ലെന്നു രവിയേട്ടനു ബോധ്യമായി.കവി വിജയലക്ഷ്മി ചേച്ചി ആ സമയം മാധവിക്കുട്ടിയമ്മയുടെ ഫ്ളാറ്റിലുണ്ട്. .രവിയേട്ടൻ അഭിമുഖത്തിന്റെ കാര്യം വിജയലക്ഷ്മിയോടു പറഞ്ഞു. വിജയലക്ഷ്മി രവിയേട്ടന്റെ ആവശ്യം മാധവിക്കുട്ടിയമ്മയോടു ശുപാർശ ചെയ്തു
‘അരമണിക്കൂർ മതിയാകും ചേച്ചീ.. രവിയേട്ടൻ വന്നിട്ടു പെട്ടന്നു പൊയ്ക്കൊള്ളും.’
‘എന്നാൽ നേരം കളയാതെ രവിയോട് വരാൻ പറയൂ.,’ മാധവിക്കുട്ടി പറഞ്ഞു.
അല്പസമയത്തിനകം രവിയേട്ടനും മകളും കൂടി റോയൽ മാൻഷനിലെത്തി.മോളെ കണ്ടപ്പോൾ മാധവിക്കുട്ടിയമ്മയ്ക്കു നിറയെ വാൽസല്യം. കുറെ ചോക്കളേറ്റുകൾ എടുത്തു കൊടുത്തു.മതംമാറ്റവും സാഹിത്യവും പൂണൈയിലേക്കു താമസം മാറ്റുന്നതും മലയാളി എഴുത്തുകാരുടെ കാര്യങ്ങളുമൊക്കെ അഭിമുഖത്തിനായി വിശദമായി സംസാരിച്ചു. പൂണെയിൽ ചെന്നാൽ പിന്നെ കേരളത്തിലേക്കിനി ഇല്ലെന്നു മാധവിക്കുട്ടിയമ്മ കട്ടായം പറഞ്ഞു .
‘അയ്യോ അതു മലയാളികൾക്കു വിഷമമാകും ചേച്ചീ..’–
രവിയേട്ടൻ പറഞ്ഞു‘
അവർക്കെന്നെ വേണ്ടല്ലോ..!’ മാധവിക്കുട്ടിയമ്മ ഒട്ടു വിഷാദത്തോടെ പറഞ്ഞു.
‘അവിടെ സ്ഥിരതാമസമായാലും ചേച്ചി ഇടയ്ക്കൊക്കെ കേരളത്തിൽ വരണം. ഇവിടെ എത്ര പേരാണ് ചേച്ചിയെ സ്നേഹിക്കാൻ ഉള്ളത് ! എത്രയോ പേരുടെ ആരാധനാപാത്രമാണു ചേച്ചി.’ഇടയ്ക്കു കൊച്ചിയിലേക്കു വരണമെന്നു വിജയലക്ഷ്മിയും നിർബന്ധിച്ചു.
‘നോക്കട്ടെ കുട്ടീ..ആരോഗ്യം അനുവദിക്കുമെങ്കിൽ അപ്പോൾ നോക്കാം.’.
അവർ പറഞ്ഞു.
‘അവിടെ മലയാള പത്രങ്ങളൊക്കെ കിട്ടുമോ രവീ..?’
മാധവിക്കുട്ടിയമ്മ ചോദിച്ചു.
‘പിന്നെ ദേശാഭിമാനിയും മനോരമയും മാതൃഭൂമിയുമൊക്കെ കിട്ടും. എത്താൻ ഉച്ച കഴിയുമായിരിക്കും. വിലാസം തന്നാൽ ദേശാഭിമാനി എത്തിക്കാൻ ഏർപ്പാടു ചെയ്യാം’ –
രവിയേട്ടൻ പറഞ്ഞു.
‘ദേശാഭിമാനി എനിക്കിഷ്ടമുള്ള പത്രമാണ്. വായിക്കാൻ ഇഷ്ടമുണ്ട്..!’
മാധവിക്കുട്ടിയമ്മ പറഞ്ഞു.
ആ പ്രസ്താവന കേട്ടപ്പോൾ രവിയേട്ടന്റെ മനസ്സിലെ പത്രപ്രവർത്ത ബുദ്ധി മിന്നി. ദേശാഭിമാനി പത്രം വായിക്കാൻ ഇഷ്ടമാണെന്നു പറയുന്നത് ചില്ലറക്കാരിയല്ല, മലയാളത്തിന്റെ മാധവിക്കുട്ടിയാണ്. എക്കാലത്തെയും വലിയ എഴുത്തുകാരി. ഇംഗ്ലീഷിലും മലയാളത്തിലും ലോകമെങ്ങുമുള്ള വായനക്കാരുടെ പൂജാ വിഗ്രഹം. ദേശാഭിമാനിക്ക് ഉപയോഗിക്കാൻ ഇതിലും വലിയൊരു പരസ്യമുണ്ടോ. രവിയേട്ടൻ ആ സുന്ദരസാധ്യതകളിൽ മയങ്ങിയിരിക്കെ മാധവിക്കുട്ടിയമ്മ ചോദിച്ചു.
‘രവിയെന്താ ആലോചിച്ചിരിക്കുന്നത്..?’
കിനാവിൽ നിന്നുണർന്ന് രവിയേട്ടൻ ഒരു സ്വപ്നാടകനെപ്പോലെ ചോദിച്ചു,
‘ദേശാഭിമാനിയെപ്പറ്റി ചേച്ചി ഇപ്പോൾ പറഞ്ഞത് ഒരു കടലാസിൽ എഴുതി തരാമോ..?
’‘ഓ..അതിനെന്താ.. ?
ഒരു കടലാസും പെന്നുമിങ്ങെടുക്കൂ’
മാധവിക്കുട്ടിയമ്മ പരിചാരകയോടു നിർദേശിച്ചു. .കടലാസു കിട്ടി. പക്ഷേ എഴുതാൻ പേന നോക്കിയിട്ടു കാണുന്നില്ല. .അടുത്തിരുന്ന ഐ ബ്രോ പെൻസിലെടുത്ത് മാധവിക്കുട്ടിയമ്മ ചെറിയ ക്ലാസിൽ ടീച്ചർ ഇടുന്ന കേട്ടെഴുത്ത് ആരേയും കാണിക്കാതെ എഴുതുന്നതുപോലെ മാറോടടുക്കി എഴുതാൻ തുടങ്ങി.എഴുതിക്കഴിഞ്ഞ് ഒന്നുകൂടി വായിച്ചുറപ്പിച്ച് കടലാസിലേക്കു നോക്കി മന്ദഹസിച്ചു.
‘മനോരമ’യുടെ കാര്യം എഴുതുമെന്നു രവിയേട്ടൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല.കടലാസു വായിച്ചുനോക്കി രവിയേട്ടനും പൊട്ടിച്ചിരിച്ചു.∙.

(സൈകതം ബുക്സ് പ്രസിദ്ധീകരിക്കുന്ന എന്റെ ‘എന്താ ചന്തം ഓമനേ’ എന്ന പുസ്തകത്തിൽ നിന്നുള്ള ഒരധ്യായം. കോറോണ ഭഗവതി കനിഞ്ഞാൽ വരുന്ന സംസ്ഥാന ലൈബ്രറി കൗൺസിൽ പുസ്തക മേളയിൽ തിരുവനന്തപുരത്തു വച്ച് പുസ്തകം പ്രകാശിപ്പിക്കും)

T B Lal
Journalist at Malayala Manorama
