
യുവത്വം: സാമ്പത്തിക സുരക്ഷയും സാമ്പത്തിക സാക്ഷരതയും| ഞായറാഴ്ച ഉച്ചക്ക് നാലുമുതൽ ക്ലബ്ബ് ഹൗസിൽ. |മുരളി തുമ്മാരുകുടി
കഴിഞ്ഞ വർഷം കൊറോണ കാരണം നാട്ടിൽ ഇരുന്നപ്പോൾ ഞാൻ എൻ്റെ മരുമക്കളോട് സാമ്പത്തിക വിഷയങ്ങളെ പറ്റി സംസാരിക്കാൻ തുടങ്ങി. ഒരു കാര്യം ആദ്യമേ മനസ്സിലായി. മുപ്പത് വർഷം മുൻപ് ഞാൻ ജോലി കിട്ടി പുറത്തിറങ്ങുമ്പോൾ ആരും സാമ്പത്തിക വിഷയങ്ങളെ പറ്റി ഒരു കാര്യവും പറഞ്ഞു തന്നിരുന്നില്ല. ഇപ്പോഴും അതിലൊന്നും ഒരു മാറ്റവും ഇല്ല.
ഇതൊരു നിസ്സാര കാര്യമല്ല. കോളേജിൽ പോവുക, ജോലി സമ്പാദിക്കുക ഇതൊക്കെ മാത്രം ചെയ്താൽ പോരാ. ജോലി ചെയ്തു കിട്ടുന്ന പണം എങ്ങനെ നിക്ഷേപിക്കണം, എന്തൊക്കെ സാദ്ധ്യതകൾ ആണ് ഉള്ളത്, ഏതൊക്കെ വായ്പകൾ ശരിയായ രീതിയാണ് ?, ഇതൊക്കെ അറിഞ്ഞാൽ മാത്രമേ നമുക്ക് സാമ്പത്തിക സുരക്ഷ ഉണ്ടാകൂ. സാമ്പത്തിക സുരക്ഷ ഉണ്ടെങ്കിൽ അത് ജീവിതത്തിൽ ആത്മവിശ്വാസം നൽകും. സാമ്പത്തിക സുരക്ഷയുടെ അഭാവമാണ് ഓരോ വർഷവും നൂറു കണക്കിന് മലയാളികളെ ആത്മഹത്യയിലേക്ക് നയിക്കുന്നത്.
ഇത് മനസ്സിലാക്കി കഴിഞ്ഞ വർഷം മെയ് മാസം മുതൽ ഓരോ ആഴ്ചകളിൽ ഓരോ വിഷയം എടുത്ത് മരുമക്കളോട് ചർച്ച ചെയ്യാൻ തുടങ്ങി. ബാങ്ക് നിക്ഷേപം, സ്റ്റോക്ക് എക്സ്ചേഞ്ച്, റിയൽ എസ്റ്റേറ്റ്, സ്വർണ്ണം, വായ്പ, ഇൻഷുറൻസ്, ചിട്ടി, ബിറ്റ് കോയിൻ എന്നിങ്ങനെ അനവധി വിഷയങ്ങൾ മരുമക്കളുമായി ചർച്ച ചെയ്തു. അവരുടെ വീക്ഷണങ്ങൾ മനസ്സിലാക്കി.
ഈ സാഹചര്യത്തിലാണ് ഇത്തരത്തിൽ സാമ്പത്തിക സുരക്ഷയും സാമ്പത്തിക സാക്ഷരതയും എന്ന വിഷയത്തെ പറ്റി കേരളത്തിലെ യുവാക്കളുമായി സംവദിക്കാം എന്ന് തീരുമാനിച്ചത്.
അപ്പോൾ നാളെ ജൂലൈ പതിനൊന്ന് ഞായറാഴ്ച ഉച്ചക്ക് നാലുമുതൽ ക്ലബ്ബ് ഹൗസിൽ.
പതിവ് പോലെ Neyyan Rasheed ആണ് മോഡറേറ്റർ.അപ്പോൾ നാളെ കാണണം

മുരളി തുമ്മാരുകുടി