ദ്രവിച്ച പത്രക്കടലാസുകള്‍കടഞ്ഞ് ‘100 മിത്തുകള്‍’|ഫ്രാങ്കോ ലൂയിസ്

Share News

ക്രിസ്മസിന് ഒരാഴ്ച മുമ്പു മാത്രം തുറക്കുന്ന ഒരു ഷെല്‍ഫ്. പുല്‍ക്കൂടിനുള്ള അലങ്കാര വസ്തുക്കളും രൂപങ്ങളുമെല്ലാം ഈ അറയിലാണു സൂക്ഷിക്കുന്നത്. ഇക്കഴിഞ്ഞ ഡിസംബറില്‍ മകന്‍ മനു അതു തുറന്ന് ക്രിസ്മസ് അലങ്കാരങ്ങളെല്ലാം പുറത്തെടുത്തു. അതിനകത്തിരുന്ന പഴയ പത്രക്കെട്ടുകളും പുസ്തകക്കെട്ടും പുറക്കേക്കിട്ടു. പുസ്തകക്കെട്ടിനു ചിതല്‍. മുപ്പതിലേറെ വര്‍ഷം പഴയ പത്രക്കെട്ടുകള്‍ ദ്രവിച്ചു പൊടിയായിക്കൊണ്ടിരിക്കുന്നു.

പതിനൊന്നു വര്‍ഷം മുമ്പു പ്രസിദ്ധീകരിക്കുകയും തൊട്ടടുത്ത വര്‍ഷം രണ്ടാം പതിപ്പിറക്കുകയും ചെയ്ത എന്റെ ആദ്യ പുസ്തകമായ ‘അഗതിപാലക’ന്റെ രണ്ടു പതിപ്പുകളുടേയും പത്തുവീതം കോപ്പികള്‍. രണ്ടു പതിപ്പുകളിലും രണ്ടായിരം കോപ്പി വീതമാണു പ്രസിദ്ധീകരിച്ചതെന്നാണു പ്രസാധകര്‍ പറഞ്ഞിരുന്നത്. ഓരോ തവണയും 25 കോപ്പി വീതം ഓതര്‍ കോപ്പിയായി തന്നിരുന്നു. പിന്നെ അല്‍പം റോയല്‍റ്റിയും.

എന്തായാലും പുസ്തകക്കെട്ടിലെ ചിതലെല്ലാം തട്ടിക്കളഞ്ഞ് കുളിപ്പിച്ചു കുട്ടപ്പനാക്കി വീണ്ടും സുരക്ഷിതമാക്കി മറ്റൊരിടത്തേക്കു മാറ്റിവച്ചു. ദ്രവിച്ചു പൊടിഞ്ഞു തുടങ്ങിയ പത്രക്കെട്ടുകള്‍ ആക്രിക്കാര്‍പോലും വാങ്ങില്ല. അതുകൊണ്ട് തീയിട്ടു നശിപ്പിക്കാമെന്നു മനസില്‍ കരുതി. അതിനു മുമ്പേ ആ പത്രക്കെട്ടുകള്‍ ഒന്നു തുറന്നു നോക്കാ൦. പത്രക്കെട്ടുകള്‍ റോഡരികിലിട്ടു തുറന്നിട്ടു.

പത്രത്തിന്റെ പത്രാധിപസമിതി അംഗമാകാന്‍ ട്രെയിനിയായി സേവനം ആരംഭിച്ച് ആദ്യമായി സ്വന്തം പേരുവച്ചു പ്രസിദ്ധീകരിച്ച ലേഖനവും വാര്‍ത്തയും മുതൽ സാമൂഹ്യ വിഷയങ്ങളിലുള്ള ലേഖന പരമ്പരകളും പ്രമുഖരുമായുള്ള അഭിമുഖവുമെല്ലാം അക്കൂട്ടത്തിലുണ്ട്. ബൈലൈന്‍ സ്‌റ്റോറികളും ഫോട്ടോകളുമുള്ള പത്രത്തിന്റെ കോപ്പികള്‍ സൂക്ഷിക്കാനുള്ള ആവേശം ആദ്യത്തെ പത്തു വര്‍ഷത്തോളം മാത്രമേ ഉണ്ടായുള്ളൂ. പിന്നീട് ‘ഫയല്‍ ഇറ്റ്, ഫോര്‍ഗെറ്റ് ഇറ്റ്’ എന്നായി നിലപാട്. അതുകൊണ്ടു പില്‍ക്കാലത്തെ പല വാര്‍ത്താ തിരുശേഷിപ്പുകളും കൈയിലില്ലാത്ത അവസ്ഥയാണ്.

ദ്രവിച്ച പത്രക്കെട്ടുകള്‍ ഒരോന്നായി അഴിച്ച് കുടഞ്ഞിട്ടു. ഓര്‍മകള്‍ സുനാമിപോലെ ഇരമ്പിയാര്‍ത്തു. ഓരോ വാര്‍ത്തയ്ക്കും സ്‌റ്റേറിക്കും പിറകില്‍ എഴുതപ്പെടാത്ത കഥകളുണ്ട്. അവയെല്ലാം മനസില്‍ ഇളകി മറിഞ്ഞു.

അതിനിടെ വലിയൊരു പത്രക്കെട്ട് തുറന്നു. സണ്‍ഡേ സപ്ലിമെന്റുകളായിരുന്നു. മുപ്പതു വര്‍ഷംമുമ്പ്, 1994 മുതല്‍ ‘മിത്തുകള്‍, മുത്തുകള്‍’ എന്ന പംക്തിയിലൂടെ പ്രസിദ്ധീകരിച്ച പുരാണ കഥകള്‍. ‘മനു നീലങ്കാവില്‍’ എന്ന തൂലികാ നാമത്തിലാണ് എഴുതിയിരുന്നത്. രണ്ടു വയസുകാരന്‍ മകന്റെ പേരാണു മനു.

പത്തു പുരാണ ശ്രേണികളില്‍നിന്നു തെരഞ്ഞെടുത്ത കഥകള്‍. രാമായണം, മഹാഭാരതം, ഭാഗവതം, പഞ്ചതന്ത്രം, വിക്രമാദിത്യ, വടക്കന്‍പാട്ട്, അറബി, ഗ്രീക്ക്, ബൈബിള്‍, ഈസോപ്പ് എന്നിങ്ങനെയുള്ള പത്തിനം പുരാണങ്ങളില്‍നിന്നുള്ള കഥകള്‍.

രണ്ടര വര്‍ഷത്തോളം സണ്‍ഡേ സപ്ലിമെന്റില്‍ പുരാണ കഥകള്‍ പ്രസിദ്ധീകരിച്ചു. പത്രക്കെട്ടുകളില്‍നിന്നായി മൊത്തം 120 കഥകള്‍ കണ്ടെടുത്തു. അന്നത്തെ സണ്‍ഡേ എഡിറ്ററായിരുന്ന ജോണ്‍ ആന്റണി ഓരോ കഥയ്ക്കുമൊപ്പം ആര്‍ട്ടിസ്റ്റിനെക്കൊണ്ടു വരപ്പിച്ച ഓരോ ചിത്രവും ചേര്‍ത്തിരുന്നു.

ജീവിതത്തിലെ സുവര്‍ണ കാലത്തു രചിച്ച ഈ കഥകളടങ്ങിയ പത്രക്കെട്ടുകള്‍ കത്തിച്ചു കളയണോ? അവയെ അടയാളപ്പെടുത്തേണ്ടേ? ചിത്രങ്ങള്‍ സഹിതം ഒരു പുസ്തകമാക്കിയാലോ.

ഏയ്, വേണ്ട. ഇതൊരു പുനരാഖ്യാനം മാത്രമാണ്. മൗലിക രചനയൊന്നുമല്ലല്ലോ. മാത്രമല്ല, പുസ്തകം പുറത്തിറക്കുന്നതു വളരെ പണച്ചെലവുള്ള കാര്യമാണ്. ഭീമമായ തുക കൈക്കലാക്കുന്നവരാണു പ്രസാധകരെല്ലാം. ചങ്ങാതിമാരുടെ പുസ്തക പ്രസാധനത്തിനു പല പ്രസാധക സുഹൃത്തുക്കളുമായി സംസാരിച്ചപ്പോഴെല്ലാം അതു ബോധ്യമായിട്ടുണ്ട്. നല്ലൊരു വിനോദയാത്ര പോകാനുള്ളത്രയും പണം പുസ്തക പ്രസാധനത്തിനായി തുലയ്ക്കണോ? പ്രസാധകരെ ഒഴിവാക്കി സ്വന്തം നിലയില്‍ പ്രസിദ്ധീകരിച്ചാല്‍ എന്താ പ്രശ്‌നം. പ്രസാധകര്‍ തരുമെന്നു വാഗ്ദാനം ചെയ്യുന്ന പ്രശസ്തിയും റോയല്‍റ്റിയും എനിക്ക് ആവശ്യമില്ല. പുസ്തകം വിറ്റുപോകണമെന്നും കൂടുതല്‍ പേര്‍ വായിക്കണമെന്നും ആഗ്രഹവുമില്ല. എന്നെ സംബന്ധിച്ചിടത്തോളം പുസ്തകം ഒരു അടയാളപ്പെടുത്തലാണ്, ഡോക്യുമെന്റേഷനാണ്.

എന്തായാലും പഴയ കഥകളും അവയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും വീണ്ടെടുക്കാന്‍തന്നെ തീരുമാനിച്ചു. ജനുവരിയോടെ ആ പണി തുടങ്ങി. ചിത്രങ്ങള്‍ സ്‌കാന്‍ ചെയ്ത് ഫോട്ടോഷോപ്പിലിട്ടു കഴുകിയും കടുപ്പിച്ചും ലൈറ്റില്‍ മുക്കിയെടുത്തുമെല്ലാം വീണ്ടെടുത്തു. കഥകളുടെ റണ്ണിംഗ് മാറ്ററിലെ അക്ഷരമുത്തുകള്‍ പെറുക്കിക്കൂട്ടി എഡിറ്റബിള്‍ ഫയലാക്കി. വീണ്ടും എഡിറ്റു ചെയ്തു, തലക്കെട്ടുകള്‍ പരിഷ്‌കരിച്ചു. അക്ഷരപ്പിശാചുക്കളെ ആട്ടിയോടിച്ചു. പേജിനേഷനിലൂടെ ലേ ഒട്ടും ചെയ്തു. പത്രത്തിന്റെ ഒന്നാം പേജ് ഏറ്റവും മികച്ചതായി രൂപകല്‍പന ചെയ്തതിനു സംസ്ഥാന അവാര്‍ഡു നേടിയയാള്‍ക്ക് പുസ്തക ലേ ഔട്ട് പ്രയാസമുള്ള കാര്യമല്ല. പേജുകള്‍ നാനൂറിനപ്പുറത്തേക്കു കടന്നു. അച്ചടിച്ചെലവ് ഭീമമാകുമെന്നു ഭയമായി. അതുകൊണ്ട് 120 കഥകളില്‍നിന്ന് നൂറു കഥകള്‍ മാത്രം തെരഞ്ഞെടുത്തു. മൊത്തം 350 പേജുകളിലേക്ക് ഒതുക്കാന്‍ ലേ ഔട്ടില്‍ ചവിട്ടിപ്പിടിച്ചു. അങ്ങനെ പുസ്തകം ഏറെക്കുറേ തയാര്‍.

പിറക്കുന്ന പുസ്തകക്കുഞ്ഞിന് എന്തു പേരിടണം. മക്കള്‍ക്കു മനു, സുനു എന്നിങ്ങനെ പേരിടാന്‍ ഒട്ടും തലപുകയ്‌ക്കേണ്ടി വന്നിട്ടില്ല. എന്തിനാണ് ഇങ്ങനെയൊരു പേരിട്ടതെന്ന് സുനു പണ്ട് ഇടക്കിടെ ചോദിക്കുമായിരുന്നു. എന്തു പേരിട്ടാലും പുസ്തകം അങ്ങനെ ചോദിക്കില്ല. പക്ഷേ, വായനക്കാര്‍ ചോദിക്കും. എന്തായാലും ‘100 മിത്തുകള്‍’ എന്നു പേരിടാന്‍തന്നെ തീരുമാനിച്ചു.

അല്ലാ, പണ്ടു കഥകള്‍ക്കൊപ്പം പ്രസിദ്ധീകരിച്ച മനോഹരമായ ചിത്രങ്ങള്‍ ആരു വരച്ചതാണ്? ചിത്രങ്ങള്‍ക്കടിയിലെ ഇനീഷ്യല്‍ എന്താണ്? ലെന്‍സ് വച്ചു വായിച്ചുനോക്കി. പി.ജെ. ജോസഫ്. അദ്ദേഹത്തെ അറിയില്ല. ജീവിച്ചിരിപ്പുണ്ടോ ആവോ? മാതൃഭൂമിയില്‍നിന്നു വിരമിച്ച പ്രശസ്ത ആര്‍ട്ടിസ്റ്റ് വി.എം. ജോസിനോട് ആരാഞ്ഞു. ആര്‍ട്ടിസ്റ്റ് പി.ജെ.ജോസഫ് ഇപ്പോള്‍ പത്രത്തിലെ ചീഫ് ആര്‍ട്ടിസ്റ്റാണെന്നു പറഞ്ഞ് ഫോണ്‍ നമ്പര്‍ തന്നു. മുപ്പതു വര്‍ഷം മുമ്പു വരച്ച ചിത്രം വാട്‌സ്ആപില്‍ അയച്ചുകൊടുത്തപ്പോള്‍ അദ്ദേഹം ഞെട്ടി. ഈ ചിത്രങ്ങളും കഥകളും ഒരു പുസ്തകമാക്കുകയാണെന്ന് അറിയിച്ചപ്പോള്‍ പി.ജെ. ജോസഫിനും സന്തോഷം.

അങ്ങനെയിരിക്കേയാണ് ദീര്‍ഘകാലമായി സഹപ്രവര്‍ത്തകനും എഴുത്തുകാരനുമായ സി.ആര്‍. രാജനോട് ഞാന്‍ ഈ വിശേഷങ്ങളെല്ലാം പറഞ്ഞത്. അദ്ദേഹം ഒരു പബ്ലീഷറാണ്. ഈലിയ ബുക്‌സ്. ‘സ്വന്തമായി പബ്‌ളീഷ് ചെയ്യേണ്ട, ഞാന്‍ ചെയ്‌തോളാ’മെന്നായി അദ്ദേഹം. ഒകെ എന്നു ഞാനും. പുസ്തകത്തിനുവേണ്ടി അദ്ദേഹം ഐഎസ്ബിഎന്‍ തരപ്പെടുത്തി. അവതാരികയെഴുത്തിനും കവര്‍ ഡിസൈനിംഗിനും ഫൈനല്‍ അലൈന്‍മെന്റിനുമായി പുസ്തകം അവസാന മിനുക്കുപണിയിലാണ്. ഒരാഴ്ചയ്ക്കകം പ്രസില്‍ കയറും. എന്റെ മൂന്നാമത്തെ പുസ്തകമാണിത്.

ലോകത്തെ ഏറ്റവും വിഖ്യാതമായ പത്തു പുരാണകഥാ ശ്രേണികളില്‍നിന്നു തെരഞ്ഞെടുത്ത നൂറു കഥകള്‍. മിക്ക പുരാണങ്ങളുടേയും പുനരാഖ്യാനങ്ങള്‍ നേരത്തെ പലരും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ പത്തു പുരാണ ശ്രേണികളിലെ തെരഞ്ഞെടുത്ത കഥകള്‍ ചേര്‍ത്തുള്ള കഥാസമാഹാരം അത്യപൂര്‍വമാണ്. കാച്ചിക്കുറുക്കി നാടകീയതയോടെ ലളിത ഭാഷയിലാണു പുനരാഖ്യാനം.

വളരെ ലളിതമായ പ്രകാശനച്ചടങ്ങ് അടുത്ത മാസ൦ ജൂലൈ 27 ശനിയാഴ്ച വൈകുന്നേരം അഞ്ചിനു കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ നടത്തണമെന്നാണ് ആഗ്രഹം. പ്രിയപ്പെട്ടവര്‍ക്ക് ഒത്തുകൂടാനുള്ള ഒരവസരംകൂടിയാണത്.

ഫ്രാങ്കോ ലൂയിസ്

Share News