യുഎസിൽ പൊലിഞ്ഞത് 1.34 ലക്ഷം ജീവൻ; ഒടുവിൽ മാസ്ക് ധരിച്ച് ഡോണള്‍ഡ് ട്രംപ്
വാഷിങ്ടൺ: കൊവിഡ്-19 മഹാമാരി ആരംഭിച്ച് ആറു മാസം പിന്നിടുമ്പോൾ ആദ്യമായി പൊതുവേദിയിൽ മാസ്ക് ധരിച്ച് പ്രത്യക്ഷപ്പെട്ട് യുഎസ് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ്. മാസ്ക് ധരിക്കാൻ മാസങ്ങളോളം തയ്യാറാകാതിരുന്ന ട്രംപ് ശനിയാഴ്ചയാണ് ആദ്യമായി പൊതുവേദിയിൽ ഒരു ഇരുണ്ട മാസ്ക് ധരിച്ചു പ്രത്യക്ഷപ്പെട്ടത്.
യുഎസിൽ കൊവിഡ്-19 ബാധിച്ച് 1.34 ലക്ഷം പേരോളം മരിച്ചതിനു പിന്നാലെയാണ് ട്രംപ് മാസ്ക് ധരിക്കാൻ തയ്യാറാകുന്നത്. വാള്‍ട്ടര്‍ റീഡിൽ പരിക്കേറ്റ സൈനികരെ സന്ദര്‍ശിക്കാനായി എത്തിയപ്പോഴായിരുന്നു ട്രംപ് മാസ്ക് ധരിച്ചതെന്ന് ദ ഹിൽ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം മാസ്കുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് കൊവിഡ്-19 എന്നു പരാമര്‍ശിക്കാതെയായിരുന്നു ട്രംപിൻ്റെ മറുപടി. ആശുപത്രിയിൽ പോകുമ്പോള്‍, പ്രത്യേകിച്ച് ഓപ്പറേഷൻ കഴിഞ്ഞവര്‍ ഉള്‍പ്പെടെയുള്ള വളരെയധികം സൈനികരെ സന്ദര്‍ശിക്കുമ്പോള്‍ മാസ്ക് ധരിക്കുന്നത് നല്ലതാണെന്ന് തോന്നുന്നു. വാള്‍ട്ടര്‍ റീഡിലേയ്ക്ക് പുറപ്പെടും മുൻപ് വൈറ്റ് ഹൗസിനു മുൻപിൽ വെച്ചായിരുന്നു മാധ്യമങ്ങളോടു ട്രംപിൻ്റെ പ്രതികരണം. താൻ ഒരിക്കലും മാസ്കിന് എതിരല്ലെന്നും എന്നാൽ അതിന് സമയവും സന്ദര്‍ഭവും ഉണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനങ്ങളിലും പൊതുവേദികളിൽ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോഴും ട്രംപ് ഒരിക്കലും മാസ്ക് ധരിച്ചു പ്രത്യക്ഷപ്പെട്ടിരുന്നില്ല. മാസ്ക് ധരിക്കില്ലെന്ന ട്രംപിൻ്റെ തീരുമാനത്തിനു പിന്നിൽ വൈറ്റ് ഹൗസിലെ ചില ഉപദേശകര്‍ക്ക് പങ്കുണ്ടെന്ന് മുൻപ് സിഎൻഎൻ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒക്ലഹോമയിൽ കഴിഞ്ഞ മാസം നടന്ന ഒരു പാര്‍ട്ടി റാലിയിലും പലരും മാസ്ക്ധരിച്ചിരുന്നില്ല. പ്രവര്‍ത്തകര്‍ക്ക് മാതൃകയായി ട്രംപ് മാസ്ക് ധരിക്കണമെന്ന് ചില ഉപദേശകര്‍ അന്ന് ട്രംപിനോട് ആവര്‍ത്തിച്ച് അഭ്യര്‍ഥന നടത്തിയിരുന്നതായി വാര്‍ത്താ ഏജൻസിയായ എഎൻഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കൊവിഡ്-19 മഹാമാരി ഏറ്റവും ഗുരുതരമായി ബാധിച്ച രാജ്യങ്ങളിലൊന്നായ യുഎസിൽ ഇന്നലെ മാത്രം 69,000ത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. രാജ്യത്ത് നിലവിൽ 32 ലക്ഷത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.