
15 മണിക്കൂർ കൊണ്ട് 25 ആർത്രോസ്കോപ്പിക് ശസ്ത്രക്രിയകൾ പൂർത്തിയാക്കി അപൂർവ നേട്ടം കൈവരിച്ചിരിക്കയാണ് ഇന്ത്യയിലെ ഓർത്തോപീഡിക് സർജൻമാരിൽ മുൻനിരക്കാരനായ ഡോ. ഒ.ടി. ജോർജ്ജ് .
15 മണിക്കൂർ കൊണ്ട് 25 ആർത്രോസ്കോപ്പിക് ശസ്ത്രക്രിയകൾ പൂർത്തിയാക്കി അപൂർവ നേട്ടം കൈവരിച്ചിരിക്കയാണ് ഇന്ത്യയിലെ ഓർത്തോപീഡിക് സർജൻമാരിൽ മുൻനിരക്കാരനായ ഡോ. ഒ.ടി. ജോർജ്ജ് . പാലാ മാർ സ്ലീവാ മെഡിസിറ്റിയിലും തൊടുപുഴ സെന്റ് മേരീസ് ഹോസ്പിറ്റലിലുമായാണ് 25 ശസ്ത്രക്രിയകൾ ചുരുങ്ങിയ സമയത്തിൽ ഡോ. ജോർജ്ജ് പൂർത്തിയാക്കിയത്. 30 വർഷം കൊണ്ട് 15000 ത്തിലധികം ആർത്രോസ്കോപ്പി ശസ്ത്രക്രിയകളാണ് അദ്ദേഹം പൂർത്തിയാക്കിയിട്ടുള്ളത്.
സന്ധികൾക്കുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശസ്ത്രക്രിയയാണ് ആർത്രോസ്കോപ്പി.
സന്ധികളിൽ വീക്കമോ പരുക്കോ ഉണ്ടായാൽ അവ കാലക്രമേണ കൂടുതൽ സങ്കീർണമായി വേദന കൂടുമ്പോഴാണ് പൊതുവിൽ ആർത്രോസ്കോപ്പി നിർദേശിക്കപ്പെടുക. കാൽമുട്ട്, തോളെല്ല്, കൈമുട്ട്, കണങ്കാൽ, ഇടുപ്പ്, കൈത്തണ്ട എന്നിവയിലെ രോഗനിർണയത്തിനും ചികിത്സയ്ക്കുമാണ് ആർത്രോസ്കോപ്പി ചെയ്യുന്നത്.
ചെറിയ സുഷിരങ്ങളിലൂടെ നേർത്ത ക്യാമറ പ്രവേശിപ്പിച്ച് സന്ധിയുടെ ഉൾഭാഗം സ്‌ക്രീനിൽ കണ്ടാണ് ഈ കീ-ഹോൾ ശസ്ത്രക്രിയ ചെയ്യുന്നത്. മറ്റു സുഷിരങ്ങളിലൂടെ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഉപകരണങ്ങളും നൂലും ഗ്രാഫ്റ്റും പ്രവേശിപ്പിക്കും.
തുറന്നുള്ള ശസ്ത്രക്രിയയിൽ പലപ്പോഴും സന്ധിയുടെ ഉൾഭാഗങ്ങളിലേക്ക് എത്തിപ്പെടാനും ഉപകരണങ്ങൾ പ്രവേശിപ്പിക്കുവാനും പ്രയാസമാണ്. ഇത് സാധിക്കും എന്നതാണ് ആർത്രോസ്‌കോപ്പിയുടെ പ്രധാന പ്രയോജനം. മുറിവുകൾ ചെറുതായതിനാൽ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള വേദനയും ബുദ്ധിമുട്ടുകളും കുറവാണെന്നും ഡോ. ഒ.ടി. ജോർജ് പറഞ്ഞു.
20 വയസ്സ് മുതൽ 62 വയസ്സ് വരെ പ്രായമുള്ള, 18 പുരുഷന്മാരും 7 സ്ത്രീകളും ഉൾപ്പെടെയുള്ളവർക്കാണ് 15 മണിക്കൂറിൽ രണ്ടു ആശുപത്രികളിലായി ശസ്ത്രക്രിയ നടത്തിയത്. ഇതിൽ 25 % രോഗികളും അവധിക്കെത്തിയ വിദേശ മലയാളികൾ ആയതുകൊണ്ടുതന്നെ ചുരുങ്ങിയ സമയം കൊണ്ട് ശസ്ത്രക്രിയ പൂർത്തിയാക്കി മടങ്ങുവാൻ സാധിക്കും.
9 ആർത്രോസ്കോപിക് സിസ്റ്റവും 10 ഓർത്തോപീഡിക് സർജന്മാരും 10 അനസ്തറ്റിസ്റ്റുമാരും നഴ്സുമാരും പാരാമെഡിക്കൽ സംഘവും ചേർന്നാണ് 15 മണിക്കൂർ കൊണ്ട് ഈ നേട്ടം കൈവരിച്ചത് എന്ന് മാർ സ്ലീവാ മെഡിസിറ്റിയിയുടെ മാനേജിങ് ഡയറക്ടർ മോൺ. ഡോ. ജോസഫ് കണിയോടിക്കലും തൊടുപുഴ സെന്റ് മേരീസ് ഹോസ്പിറ്റൽ ഡയറക്ടർ ഡോ. തോമസ് എബ്രഹാമും പറഞ്ഞു.
ശസ്ത്രക്രിയയ്ക്ക് ആവശ്യമായ 9 ആർത്രോസ്കോപിക് സിസ്റ്റം, ഇംപ്ലാന്റ്, മറ്റു മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ഒരാഴ്ചകൊണ്ട് ക്രമീകരിക്കുവാൻ സഹായിച്ചത് ഇന്ത്യയിലെ വിവിധ ആർത്രോസ്കോപിക് കമ്പനികളായ സ്‌ട്രൈക്കർ ഇന്ത്യ, സ്മിത്ത് ആൻഡ് നെഫ്യു, ആർത്രക്സ് എന്നിവരാണ്.

Ignatious O M (Ignatious Kalayanthani)