
ലോകത്തിൽ വലിയ കാര്യങ്ങൾ ചെയ്തവരെല്ലാം കനത്ത പരാജയങ്ങളുടെ ഘോഷയാത്രക്ക് അവസാനമാണ് വിജയ സോപാനത്തിൽ എത്തിയത്.
എതിർപ്പുകളെ നേരിടാൻ നമ്മുടെ കുട്ടികളെ നാം പഠിപ്പിക്കുന്നില്ല, എങ്ങനെ നേരിടണം എന്ന് നമ്മൾ കാണിച്ചുകൊടുക്കുന്നില്ല, അതിനായി അവരെ നമ്മൾ ഒരുക്കുന്നില്ല. ബുദ്ധിമുട്ടുകൾ വരുമ്പോൾ എങ്ങനെ തരണം ചെയ്യണമെന്ന് നമ്മൾ അവരെ പഠിപ്പിക്കുന്നില്ല.
നമ്മുടെ കുട്ടികൾ കെജി തുടങ്ങി പിജി ചെയ്തു കഴിയുന്നതുവരെ അവർക്കു വേണ്ടതെല്ലാം മാതാപിതാക്കളാണ് ചെയ്തുകൊടുക്കുന്നത്; സ്കൂളിൽ അഡ്മിഷൻ എടുക്കാൻ പോകുന്നത് അവരാണ്. അഡ്മിഷന് ചെല്ലുമ്പോൾ പ്രിൻസിപ്പലിന്റെയും മാനേജരുടെയും വായിലിരിക്കുന്നത് മുഴുവൻ കേൾക്കുന്നത് അവരാണ്. എന്തെങ്കിലും പഠനകാര്യത്തിലോ പെരുമാറ്റകാര്യത്തിലോ പ്രശ്നമുണ്ടായാൽ വിളിക്കപ്പെടുന്നത് മാതാപിതാക്കളാണ്; ഇപ്പോൾ മിക്കവാറും ഈ പരിപാടികൾക്കു പോകേണ്ടിവരുന്നതു അമ്മമാരാണ്. മാർക്കു കുറഞ്ഞാൽ അതിനു ഉത്തരം കൊടുക്കേണ്ടത് കുട്ടിയല്ല, അമ്മയാണ്. കുട്ടി സുഖമായി മാറി നിന്ന് അമ്മയോട് പ്രിൻസിപ്പൽ പറയുന്നതെല്ലാം കേൾക്കും, തനിക്കൊന്നും സംഭവിക്കാത്തതുപോലെ വീട്ടിലേക്കു അമ്മയുടെ കൂടെ പോവുകയും ചെയ്യും. , അമ്മ പറയുന്ന വഴക്കും സുഖമായി കേൾക്കും. പക്ഷെ ബുദ്ധിമുട്ടു നേരിട്ടത് അമ്മയാണല്ലോ. അതുകൊണ്ടു കുട്ടിക്ക് ഒരു മാനസിക പിരിമുറുക്കത്തിനും കരണമുണ്ടായില്ല.
വിദ്യാഭ്യാസകാലത്തെ എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കുന്നത് മാതാപിതാക്കളാണ്; ബുദ്ധിമുട്ടുകളൊന്നും കുട്ടികൾ അറിയരുതെന്നാണ് മാതാപിതാക്കൾ ആഗ്രഹിക്കുന്നത്. അങ്ങനെ ഒരിക്കലും ഒരു ബുദ്ധിമുട്ടും സഹിക്കാതെ, ബുദ്ധിമുട്ടുകളെല്ലാം മാതാപിതാക്കളുടെ തലയിൽ കെട്ടിവെച്ചാണ് നമ്മുടെ കുട്ടികൾ വളരുന്നത്. അതുകാരണം ബുദ്ധിമുട്ടുകളെ നേരിടാനുള്ള പരിശീലനം അവർക്കു ഒരിക്കലും കിട്ടുന്നില്ല.
ജോലി കിട്ടിക്കഴിയുമ്പോഴാണ് ജീവതത്തിന് പരുക്കൻ വശങ്ങളും ഉണ്ടെന്നു കുട്ടികൾ അറിയാൻ തുടങ്ങുന്നത്; അപ്പോഴാണ് ആദ്യമായി അവർ adult ആകുന്നതു. പക്ഷെ അപ്പോൾ അവർ തനിച്ചാണ്, ചോദിക്കാൻ ആളില്ല, ചോദിക്കുന്നത് നാണക്കേടെന്നു തോന്നും; ചിലർക്ക് ഭീരുത്വമെന്നു തോന്നും, ചിലർക്ക് കഴിവില്ലായ്മയെന്നു തോന്നും,..
അങ്ങനെ ഒന്ന് രണ്ടു മൂന്നു… പിന്നെ കണക്കില്ലാതെ പ്രശ്ന സാഹചര്യങ്ങൾ ഉണ്ടാകുന്നു. അവയെ നേരിടാൻ ആവുന്നില്ല. ചോദിക്കാൻ ആരുമില്ല. ചോദിക്കുന്നത് വഴി താൻ വൻ പരാജയമാണെന്ന് മറ്റുള്ളവരെ അറിയിക്കുകയല്ലേ എന്ന് തോന്നും. ഒരിക്കലും പരാജയമോ ബുദ്ധിമുട്ടോ അനുഭവിച്ചിട്ടില്ലാത്തവർ ആദ്യമായി ബുദ്ധിമുട്ടിനെ, പരാജയത്തെ, നേരിൽ കണ്ടുമുട്ടുമ്പോൾ പകച്ചു പോകുന്നു. പരാജയങ്ങൾ ശെരിക്കും സംഭവിക്കുമ്പോൾ അന്ധാളിച്ചുപോകുന്നു., വേറാരൊടും ഒരു ആലോചന ചോദിക്കുവാൻ അവർക്കു ധൈര്യമില്ലായിരിക്കും. ആലോചനചോദിക്കുന്നതു തന്നെ ഒരു പരാജയമാണെന്ന് അവർ കരുതും.
അങ്ങനെ പല ബുദ്ധിമുട്ടുകളുടെ മുൻപിൽ പരാജയം വരിച്ചു കഴിയുമ്പോൾ, ജീവിതം തന്നെ വൻപരാജയമെന്നു അവർ സ്വയം തീരുമാനിക്കും. പിന്നെ സ്വയം അവസാനിക്കും. ആത്മഹത്യയിൽ അവസാനിക്കും! പ്രിയ കുട്ടികളെ, ചെറുപ്പക്കാരെ, ജീവിതം പേരാടാനുള്ളതാണ്. ചെറിയ ചെറിയ ബുദ്ധിമുട്ടുകളെ നേരിടണം, ഒന്നോ രണ്ടോ കാര്യങ്ങളിൽ പരാജയപ്പെട്ടാലും ഇതിലും വലിയ കാകര്യങ്ങൾ നേടാനുള്ള കഴിവ് നമുക്കുണ്ടെന്നു മനസിലാക്കണം. ലോകത്തിൽ വലിയ കാര്യങ്ങൾ ചെയ്തവരെല്ലാം കനത്ത പരാജയങ്ങളുടെ ഘോഷയാത്രക്ക് അവസാനമാണ് വിജയ സോപാനത്തിൽ എത്തിയത്.
ലോകത്തിലെ വൻസമ്പന്നരിൽ ഒരുവനും ഓൺലൈൻ കച്ചവടസ്ഥാപനമായ Alibaba.com ന്റെ ഉടമയുമായ ജാക്ക് മ (Jack Ma), Whatsapp സ്ഥാപകനായ ജാൻ കൂം, KFC-യുടെ സ്ഥാപകനായ കേണൽ സാന്ഡേഴ്സ് ഇവരൊക്കെ പരാജയത്തിന്റെ പടുകുഴിയിൽ നിന്നാണ് വിജയത്തിന്റെ കൊടുമുടിയിൽ എത്തിയത്.
ജീവിതം എന്ന് പറയുന്നത് എത്രയോ വിലപ്പെട്ടതാണ്. അത് ഒരു ദിവസം, അല്ലെങ്കിൽ കുറെ മണിക്കൂറെങ്കിലും നീട്ടാൻ വേണ്ടി ലക്ക്ഷങ്ങൾ ചെലവാക്കാൻ നമ്മൾ തയാറാകുന്നില്ലേ? ജീവിതത്തിനു വിലയുള്ളതു കൊണ്ടാണ്.
ആ ജീവിതം ഒരു പരാജയമാക്കി ഒരു മുഴം കയറിൽ അവസാനിപ്പിക്കാനുള്ളതല്ല.
ഫാ .സിറിയക് തുണ്ടിയിൽ
Cyriac Thundiyil(Cyriac Thomas Thundiyil)
St. John the Baptist Ashram, Nooranad-690571