‘ഐസിയു കിടക്കകളുടെ എണ്ണം അടിയന്തരമായി വര്‍ധിപ്പിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകും’: വി മുരളീധരന്‍

Share News

കൊച്ചി: കോവിഡ് കുതിച്ചുയരുന്ന കേരളത്തില്‍ ഐസിയു കിടക്കകളുടെ എണ്ണം അടിയന്തരമായി വര്‍ധിപ്പിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍.

ജില്ല തിരിച്ച്‌, നിലവിലുള്ള ഐസിയു ബെഡുകളുടെയും വെന്റിലേറ്ററുകളുടെയും കണക്ക് പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്നും കോവിഡ് മാത്രമല്ല, മറ്റ് ഗുരുതര രോഗമുള്ളവരുടെ ജീവനും പ്രധാനമാണെന്നും മുരളീധരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വി മുരളീധരന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

കോവിഡ് കുതിച്ചുയരുന്ന കേരളത്തില്‍ ഐസിയു കിടക്കകളുടെ എണ്ണം അടിയന്തരമായി വര്‍ധിപ്പിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകും…
ജില്ല തിരിച്ച്‌, നിലവിലുള്ള ഐസിയു ബെഡുകളുടെയും വെന്റിലേറ്ററുകളുടെയും കണക്ക് പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ തയാറാവണം… ബഹുഭൂരിപക്ഷം ജില്ലകളിലെയും സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ വിരലില്‍ എണ്ണാവുന്ന ഐസിയു ബെഡുകള്‍ മാത്രമാണ് ഒഴിവുള്ളതെന്നാണ് വിവരം….
ഓക്‌സിജന്‍ ബെഡുകള്‍ ഉള്ള സിഎഫ്‌എല്‍ടിസികളുടെ എണ്ണവും ഉടന്‍ വര്‍ധിപ്പിക്കണം…
ഓക്‌സിജന്‍ ശേഖരമുണ്ടായിട്ട് കാര്യമില്ല, വിതരണത്തിലെ പാളിച്ചയാണ് പല സംസ്ഥാനങ്ങളിലും പ്രതിസന്ധിയുണ്ടാക്കിയത്…
സ്വകാര്യമേഖലയില്‍ 75 ശതമാനം കിടക്കകള്‍ കോവിഡ് രോഗികള്‍ക്ക് മാറ്റിവയ്ക്കണമെന്ന് നിര്‍ദേശിച്ചെങ്കിലും അതിന്റെ പ്രായോഗികത സംബന്ധിച്ച്‌ ആരോഗ്യമേഖലയ്ക്ക് സംശയമുള്ളതിനാല്‍ പുനപരിശോധിക്കാന്‍ തയാറാവണം…..
കോവിഡ് മാത്രമല്ല, മറ്റ് ഗുരുതര രോഗമുള്ളവരുടെ ജീവനും പ്രധാനമാണ്….
ഇക്കാര്യങ്ങളില്‍ മുഖ്യമന്ത്രി പ്രതിദിന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തത വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു…..

Share News