ദീപികയുടെ സങ്കടവെള്ളി
ഒരു കൈയില്‍ മടക്കിവച്ച ചെറിയ പ്ലാസ്റ്റിക് കവറില്‍ ഏജന്റുമാരുടെ കളക്ഷന്‍ തുകയടക്കിപ്പിടിച്ചും, മറുകൈയുയര്‍ത്തി എല്ലാവരോടും ഹായ് പറഞ്ഞും രണ്ടര പതിറ്റാണ്ടോളമായി ദീപികയുടെ പടികയറിവന്ന പ്രിയ സഹപ്രവര്‍ത്തകന്‍ രാജീവ് ഇനി ഒരിക്കലും വരില്ല!!!
*ആരോടും പറയാതെ…* പ്രിയപ്പെട്ട രാജീവ്,നിനച്ചിരിക്കാത്ത നേരത്തു നീ യാത്ര പറഞ്ഞകന്നത് ഇനിയും വിശ്വസിക്കാനാവുന്നില്ല. രോഗാതുരനായ നിന്നെ സന്ദര്‍ശിക്കാനാവാതെ, മരണശേഷവും ഒരുനോക്കു കാണാനാവാതെ… അങ്ങനെയൊരു കെട്ടകാലത്താണല്ലൊ നീ പറന്നകലുന്നത്.രാജീവിന്റെ മരണവാര്‍ത്തയുടെ സൂചന കിട്ടിയപ്പോള്‍, അതു തെറ്റായ വാര്‍ത്തയാകണേ എന്നായിരുന്നു മനസില്‍ പ്രാര്‍ഥന. ആകുലതയോടെ വിളിച്ചന്വേഷിച്ചവരുടെയും മനസില്‍ അതു തന്നെ. സര്‍ക്കുലേഷന്‍ വിഭാഗത്തിലെ പലരും വിളിക്കുമ്പോള്‍ വാക്കുകള്‍ ഇടറുന്നതും അറിഞ്ഞു…!!! ഒടുവില്‍ രാജീവിന്റെ പിതൃസഹോദര പുത്രനിൽ നിന്നു തന്നെ അതു കേട്ടു. രാജീവ് പോയി. *കുടുംബത്തിനൊപ്പം..* രാജീവ് മിക്ക ദിവസവുമെത്തുന്ന ദീപികയുടെ ആലുവ സബ് ഓഫീസിനു നേരെ എതിര്‍വശത്തുള്ള സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തിന്റെ കോവിഡ് മുക്തയായ ഭാര്യ ഗീതുവും കോവിഡ് രോഗിയായ ഏക മകന്‍ ഒന്നര വയസുകാരന്‍ സിദ്ധാര്‍ഥ് ആദിത്യനുമുണ്ട്. ചുറ്റുമുള്ളവരെ നോക്കി രാജീവേട്ടന്‍ മരിച്ചിട്ടില്ലെന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ് ഗീതു… എങ്ങനെ സഹിക്കും. ആ കുടുംബത്തെ നമ്മള്‍ ചേര്‍ത്തു പിടിക്കുക തന്നെ വേണം.ആലുവ ലേഖകന്‍ ബോബനൊപ്പം അവിടെ ചെല്ലുമ്പോഴും സങ്കടമടക്കനാവാത്ത, രാജീവിന്റെ മരണം വിശ്വസിക്കാനാവാത്ത ബന്ധുക്കളുടെ ഇടറുന്ന വാക്കുകള്‍ക്കും സാക്ഷി.
*ഞങ്ങളിലുണ്ട് നീ..* ഷര്‍ട്ട് ഇന്‍ ചെയ്തുള്ള മാന്യമായ വസ്ത്രധാരണം. സൗമ്യമായ ഇടപെടലുകള്‍. സൗഹൃദം രൂപപ്പെടുത്താനും വളര്‍ത്താനും പര്യാപ്തമായ വ്യക്തിത്വം… ദീപികയുടെ, രാഷ്ട്രദീപികയുടെ ശബ്ദവും മുഖവുമായി എത്രയോ കാലമായി നാടും നഗരവും ചുറ്റുന്നവരുടെ ഗണത്തിലായിരുന്നു രാജീവ്. ഒരര്‍ഥത്തില്‍ വല്ലാത്ത അലച്ചിലുതന്നെ. ഞങ്ങളറിയുന്നു രാജീവ്; നീ അലഞ്ഞത് ഞങ്ങള്‍ക്കുകൂടി വേണ്ടിയായിരുന്നു.
‘ *കോവിഡ് കവര്‍ന്നെടുത്ത ദീപികയിലെ ആദ്യ ജീവനക്കാരനാകുന്നു രാജീവ്. അതും 44-ാം വയസില്‍!’* ഇതു കുറിക്കുമ്പോള്‍ ഉള്ളില്‍ തീയാണ്. എഴുതുന്ന ഈയുള്ളവനും വായിക്കുന്ന സഹപ്രവര്‍ത്തകരും നമുക്കു ചുറ്റുമുള്ളവരുമെല്ലാം കോവിഡിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്നകന്നു നില്‍ക്കാനുള്ള തീവ്രശ്രമങ്ങളിലുമാണ്.
ഈ തീവ്രപ്രയത്‌നത്തില്‍ നമ്മള്‍ തളര്‍ന്നുപോകരുതെന്നും രാജീവ് നമ്മെ ഓര്‍മിപ്പിക്കുന്നുണ്ടാവണം.
ഈ *സങ്കടവെള്ളിയില്‍* *പറയാതെ പറന്നകന്ന പ്രിയ കൂട്ടുകാരാ, നീ ജീവിക്കുന്നു ഞങ്ങളുടെ ഹൃദയങ്ങളില്‍* *സ്‌നേഹാഞ്ജലികളോടെ യാത്രാമൊഴി*
–പൈനാടത്ത്