
ഒരു നിമിഷം വിശ്രമിക്കാൻ സമയമില്ലാത്ത, ഒരു പിഴവും പൊറുക്കപ്പെടാത്ത ഒരു ജോലിയിലേക്കാണ് ശ്രീമതി വീണ ജോർജ് പ്രവേശിക്കുന്നത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുപ്രചാരണം മൂർധന്യത്തിലെത്തി നിൽക്കുമ്പോഴാണ് വീണാ ജോർജിനെ കാണുന്നത്. അവർ പ്രകടമായി മുൻപിൽ നിൽക്കുമ്പോഴായിരുന്നു ഏഷ്യാനെറ്റ് ഒരു കുത്തിത്തിരുപ്പ് സർവ്വേയുമായി വന്നതും അവരെ മൂന്നാം സ്‌ഥാനത്തു കൊണ്ടുപോയി ഇട്ടതും. അതൊരു വലിയ തിരിച്ചടിയായി. അല്ലായിരുന്നെകിൽ ഇന്നവർ ഒരു എം പി ആയിരുന്നേനെ. വേണമെങ്കിൽ ഏഷ്യാനെറ്റിന് ഒരു നന്ദി ഇപ്പോൾ പറയാവുന്നതാണ്.
ഇക്കഴിഞ്ഞ നിയമസഭയിലെ അംഗങ്ങളിൽ ഏറ്റവും കഠിനാധ്വാനം ചെയ്യുമായിരുന്ന ഒരാളായിരുന്നു വീണ. അതുകൊണ്ടുതന്നെ അവർ ജയിക്കും എന്ന് ഞാൻ ആദ്യമേ തീരുമാനിച്ചിരുന്നു. പക്ഷെ ചില നിരീക്ഷകന്മാരോട് ചോദിച്ചപ്പോൾ അവർ ചില കണക്കുകൾ നിരത്തി:
കഴിഞ്ഞ പ്രാവശ്യത്തെപോലെയല്ല, ഇപ്പോൾ മൊത്തം സാഹചര്യവും മാറിമറിഞ്ഞു. എല്ലാ ഘടകങ്ങളും അവർക്കു എതിരാണ്.
ഒന്ന്: കഴിഞ്ഞ പ്രാവശ്യം അവർക്കു ഓർത്തഡോക്സ് വോട്ടുകൾ മുഴുവൻ കിട്ടിയിരുന്നു. ഇപ്രാവശ്യം ബി ജെ പി സ്‌ഥാനാർഥി ഓർത്തഡോക്സുകാരനാണ്; അത് കൊണ്ട് ആ വോട്ട് സ്പ്ലിറ്റ് ചെയ്യും.
രണ്ട്: കഴിഞ്ഞ പ്രാവശ്യം എം ടി രമേശ് ആയിരുന്നു ബി ജെ പി സ്‌ഥാനാർഥി; അതുകൊണ്ടു ബി ജെ പി വോട്ടുകൾ മുഴുവൻ അയാൾക്ക് കിട്ടി. ഇപ്രാവശ്യം ബി ജെ പി സ്‌ഥാനാർഥി ക്രിസ്ത്യൻ ആയതുകൊണ്ട് ബി ജെ പി വോട്ടുകൾ കുറെ ശിവദാസൻ നായർക്ക് പോകും.
അപ്പൊ കഴിഞ്ഞ പ്രാവശ്യം വീണയ്ക്കു കിട്ടിയ വോട്ടിൽ കുറവുണ്ടാകും; ശിവദാസൻ നായർക്ക് കിട്ടിയ വോട്ടു കൂടും അങ്ങിനെ അയാൾ ജയിക്കും. നിരീക്ഷകന്മാർ ജാതിയും മതവും വച്ച് കുഴച്ചു കൊണ്ടിരുന്നപ്പോൾ ആറന്മുളക്കാർ കൊള്ളാം എന്ന് അവർക്കു തോന്നിയ ഒരു സ്‌ഥാനാർത്ഥിയ്ക്കു വോട്ടുചെയ്തു.
വീണയുടെ വിജയം കഠിനാധ്വാനത്തിനും ആത്മാർത്ഥതയ്ക്കുമുള്ള അംഗീകാരമായിരുന്നു. ഒരു വേള കേരളം മുഴുവൻ സംഭവിച്ചത് അതാണ്.
ഒരു നിമിഷം വിശ്രമിക്കാൻ സമയമില്ലാത്ത, ഒരു പിഴവും പൊറുക്കപ്പെടാത്ത ഒരു ജോലിയിലേക്കാണ് ശ്രീമതി വീണ ജോർജ് പ്രവേശിക്കുന്നത്. ലോകത്തിന്റെ ശ്രദ്ധ അവരുടെമേലുണ്ടാകും. അത്തരം സമ്മർദ്ദങ്ങളെ മാറ്റിനിർത്തി ഇന്നുവരെ നടത്തിയ പ്രവർത്തനങ്ങളുടെ ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാൻ അവർക്കു സാധിക്കട്ടെ വലിയ പ്രതീക്ഷകളുണ്ട്.
നിറയെ ആശംസകൾ.

KJ Jacob