
പുതിയ മന്ത്രിസഭയിലുള്ളവർക്ക് പരിചയസമ്പന്നതയില്ല എന്ന് പറയുന്നതിൽ കാര്യമില്ല. മനുഷ്യൻ്റെ, സാധാരണക്കാരൻ്റെ, പ്രശ്നങ്ങൾ മനസ്സിലാക്കാനും അവയ്ക്ക് പരിഹാരം കാണാനും കഴിവുള്ള അങ്ങേയറ്റം പ്രതിഭാശാലികളാണ് പുതിയ മന്ത്രിമാർ. |മുൻ മന്ത്രി സുനിൽകുമാർ
മുൻ മന്ത്രി വി എസ് സുനിൽകുമാർ ഫേസ്ബുക്കിൽ മെയ് 19 -ന് എഴുതിയ അനുഭവങ്ങളും കാഴ്ച്ചപ്പാടും ശ്രദ്ധിക്കപ്പെടുന്നു .
സഖാവ് പിണറായി വിജയൻ്റെ നേതൃത്വത്തിൽ LDF സർക്കാർ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയാണ്. കേരളത്തിൻ്റെ പ്രിയപ്പെട്ട മുഖ്യമന്ത്രി സഖാവ് പിണറായി വിജയനും എല്ലാ മന്ത്രിമാർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

രണ്ടാം പിണറായി സർക്കാരിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. കേരളീയ ജനത വൻ ഭൂരിപക്ഷം നൽകി എൽഡിഎഫിന് തുടർ ഭരണത്തിന് അവസരം നൽകിയത് കഴിഞ്ഞ അഞ്ചുവർഷം എൽഡിഎഫ് സർക്കാരിന് നേതൃത്വം നല്കിയ സ: പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഒറ്റക്കെട്ടായി ഒരു ടീം പോലെ നടത്തിയ സമാനതകളില്ലാത്ത വികസനപ്രവർത്തനങ്ങളും, തുടർച്ചയായുണ്ടായ പ്രകൃതിക്ഷോഭങ്ങളെയും ലോകം പകച്ചു പോയ നിപ, covid19 പോലുള്ള മഹാമാരികളുടെ കാലത്തും കേരളജനതയെ ചേർത്ത് നിർത്തി സംരക്ഷിച്ച സർക്കാർ എന്ന ജനങ്ങളുടെ വിശ്വാസമാണ് വീണ്ടും എൽഡിഎഫ് സർക്കാരിന് തുടർഭരണം സാധ്യമാക്കിയത്. സഖാവ് അച്യുതമേനോന് ശേഷം തുടർ ഭരണം നേടിയ എൽഡിഎഫ് മന്ത്രിസഭയാണ് ഇത്.

അങ്ങനെ പുതിയൊരു ചരിത്രവും വിരചിതമാവുന്നു.

ഈയവസരത്തിൽ എല്ലാവരോടും പ്രത്യേകം നന്ദിയും കടപ്പാടും അറിയിക്കട്ടെ. വലിയ അഭിമാനത്തോടും തികഞ്ഞ ചാരിതാർത്ഥ്യത്തോടും കൂടിയാണ് ഞാൻ മന്ത്രിപദം ഒഴിയുന്നത്. സഖാവ് പിണറായി വിജയൻ നേതൃത്വം നൽകിയ മന്ത്രിസഭയിൽ കൃഷി, മണ്ണ് സംരക്ഷണ വകുപ്പ് മന്ത്രിയായി പ്രവർത്തിക്കുവാൻ സാധിച്ചതിൽ അങ്ങേയറ്റം അഭിമാനവും സന്തോഷവുമുണ്ട്. കഴിഞ്ഞ 15 വർഷമായി കേരള നിയമസഭയിൽ ചേർപ്പ്, കൈപ്പമംഗലം, തൃശൂർ നിയോജക മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് എംഎൽഎയായും മന്ത്രിയായും പ്രവർത്തിക്കാൻ എന്റെ പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം അങ്ങേയറ്റം ആത്മാർത്ഥമായും സത്യസന്ധമായും നിറവേറ്റാൻ ശ്രമിച്ചിട്ടുണ്ട്.
2016ൽ LDF സ്ഥാനാർത്ഥിയായി തൃശൂരിൽ നിന്ന് വിജയിച്ച എനിക്ക് 5 വർഷം സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയായി പ്രവർത്തിക്കുന്നതിന് അവസരം ലഭിച്ചത് ഏറ്റവും വലിയ അംഗീകാരമായി കാണുന്നു. മുൻഗാമികളായ സ: എം എൻ, സ: വി വി, സ: വി കെ രാജേട്ടൻ, സ: കൃഷ്ണേട്ടൻ, സ: മുല്ലക്കര തുടങ്ങിയ മുൻ കൃഷി വകുപ്പ് മന്ത്രിമാർ തെളിച്ച പാതയിലൂടെ, ഇടതുപക്ഷ ജനാധിപത്യ മുന്നണി വിഭാവനം ചെയ്ത ജനപക്ഷ – കർഷകപക്ഷ വികസന പരിപാടികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കാൻ ശ്രമിച്ചത്. ആ പരിശ്രമത്തിൽ ഏറെ ദൂരം മുന്നോട്ട് പോകുവാനും കഴിഞ്ഞു.
കഴിഞ്ഞ അഞ്ചുവർഷം കാർഷിക രംഗത്ത് നടത്തിയ പ്രവർത്തനങ്ങൾ സ്വയം വിലയിരുത്തുന്നില്ല. വരൾച്ചയും മഹാ പ്രളയങ്ങളും ഓഖിയും നിപയും ഇപ്പോൾ ഒന്നരവർഷത്തോളമായുള്ള കോവിഡ് മഹാമാരിയും മന്ത്രിയെന്ന നിലയിലുള്ള പ്രവർത്തനത്തിനു കടുത്ത വെല്ലുവിളികളും പ്രതിസന്ധികളും സൃഷ്ടിച്ചിരുന്നു. കോവിഡ് കാലത്ത് ഒന്നരവർഷമായി ജില്ലകൾതോറും സഞ്ചരിച്ചുള്ള പ്രവർത്തനം തന്നെ പരിമിതപ്പെട്ടു. 2016 -17 കാലത്തെ കടുത്ത വരൾച്ചയും 2018ലെ മഹാ പ്രളയവും 2019 ലെ പ്രളയവും കാർഷികരംഗത്ത് വൻ നാശനഷ്ടത്തിന് ഇടവരുത്തി. എങ്കിലും തിരിഞ്ഞുനോക്കുമ്പോൾ സന്തോഷവും സംതൃപ്തിയും ചാരിതാർത്ഥ്യവും തോന്നുന്ന ഒരുപാട് കാര്യങ്ങളുണ്ട്. നമ്മുടെ നെല്ല് നമ്മുടെ അന്നം, ഓണത്തിനൊരു മുറം പച്ചക്കറി, കേര കേരളം സമൃദ്ധ കേരളം, നാളികേര കൗൺസിൽ രൂപീകരണം, കർഷക ക്ഷേമനിധി ബോർഡ് രൂപീകരണം, അഗ്രിക്കൾച്ചർ കൗൺസിൽ രൂപീകരണം, 16 ഇനം പച്ചക്കറികൾക്ക് താങ്ങുവില പ്രഖ്യാപിച്ചത്, അട്ടപ്പാടി മില്ലെറ്റ് വില്ലേജ്, അതിരപ്പിള്ളി ട്രൈബൽ വാലി പ്രോജക്ട്, പാഠം 1 എല്ലാവരും പാടത്തേക്ക്, പ്രളയാനന്തരം ആരംഭിച്ച പുനർജ്ജനി പദ്ധതി, ജീവനി – നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം, സുഭിക്ഷ കേരളം പദ്ധതി, സുഭിക്ഷ നഗരം കാർഷിക പദ്ധതി, വൈഗ, സീ പ്രോട്ടോക്കോൾ അനുസരിച്ച് വിദേശ രാജ്യങ്ങളിലേക്കുള്ള നേന്ത്രപ്പഴ കയറ്റുമതി, SFAC യുടെ നേതൃത്വത്തിൽ പുതിയ സംരംഭങ്ങൾ ആരംഭിച്ചത്, അഗ്രോ ഇക്കോളജിക്കൽ സോണുകളുടെ രൂപീകരണം, ജൈവകൃഷി പ്രോത്സാഹനം, പരമ്പരാഗത കൃഷി പ്രോത്സാഹനം തുടങ്ങി സംസ്ഥാന കൃഷി വകുപ്പ് ആരംഭിച്ച എല്ലാ പദ്ധതികളും വിദ്യാർത്ഥികളും യുവജനങ്ങളും സ്ത്രീകളും കർഷകരുമടങ്ങുന്ന പൊതുസമൂഹം വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇതെല്ലാം വ്യക്തിപരമായ നേട്ടങ്ങളേക്കാൾ ഉപരി LDF സർക്കാർ മുന്നോട്ടു കൊണ്ടുവന്ന പ്രവർത്തനങ്ങളാണ്.
നെൽകൃഷി മുതൽ ആപ്പിളും സ്ട്രോബറിയും വെളുത്തുള്ളിയും വരെ വൈവിധ്യമാർന്ന വിളകൾ വിജയകരമായി കൃഷി ചെയ്യുന്ന നമ്മുടെ കർഷകൻ ആയിരിക്കും നാളത്തെ കേരളത്തിന്റെ വരുമാനത്തിന്റെ നട്ടെല്ല്. വരാനിരിക്കുന്ന പതിറ്റാണ്ട് കേരളത്തിലെ കാർഷിക മേഖലയുടെതായിരിക്കുമെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. കൃഷി കേരളത്തെ മുന്നോട്ടു നയിക്കും. വ്യവസായം, ടൂറിസം, ഐടി മേഖലയെക്കാൾ മുന്നിലാകും ഭാവി കേരളത്തിൽ കൃഷിയുടെ സ്ഥാനം എന്നതിന് സംശയം വേണ്ട. അഞ്ചു വർഷത്തെ അനുഭവം സാക്ഷി.

കഴിഞ്ഞ 5 വർഷം മന്ത്രിയെന്ന നിലയിലുള്ള പ്രവർത്തനങ്ങൾക്ക് കലവറയില്ലാത്ത പിന്തുണയും പ്രോത്സാഹനവും നല്കിയ കേരളത്തിൻ്റെ പൊതുസമൂഹത്തോട് തീർത്താൽ തീരാത്ത നന്ദിയും കടപ്പാടുമുണ്ട്. 2006 ൽ ചേർപ്പിൽ നിന്നും 2011ൽ കയ്പമംഗലത്തു നിന്നും 2016ൽ തൃശൂർ നിയോജക മണ്ഡലത്തിൽ നിന്നും എന്നെ വിജയിപ്പിച്ച വോട്ടർമാരോടും സഖാക്കളോടുമുള്ള നന്ദിയും കടപ്പാടും എൻ്റെ മനസ്സിൽ എപ്പോഴും ഉണ്ടാകും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് എനിക്ക് ചുമതല ലഭിച്ച എറണാകുളം ജില്ലയിൽ എനിക്കൊപ്പം നിന്ന മുഴുവൻ പേരെയും പേരെടുത്ത് പറയാതെ തന്നെ നന്ദി അറിയിക്കുന്നു.
കഴിഞ്ഞ മന്ത്രിസഭയുടെ തലവനായിരുന്ന പ്രിയപ്പെട്ട സഖാവ് പിണറായി വിജയനോടുള്ള സ്നേഹവും ആദരവും നന്ദിയും വാക്കുകളിൽ ഒതുക്കാവുന്നതല്ല. അദ്ദേഹത്തിൻ്റെ നേതൃപാടവമാണ് മികച്ച ഭരണം കാഴ്ചവെക്കാൻ സഹായിച്ചത്. 15 വർഷത്തെ പാർലമെന്ററി പ്രവർത്തന രംഗത്തുനിന്നും പടിയിറങ്ങുമ്പോൾ എന്നോടൊപ്പം പ്രവർത്തിച്ചവർ, കൂടെപ്പിറപ്പിനെ പോലെ നിന്ന് സഹായിച്ചവർ, പാർട്ടിയിലെയും എൽഡിഎഫിലെയും ജനസമൂഹം, കഴിഞ്ഞ നിയമസഭയുടെ സ്പീക്കർ സ: ശ്രീരാമകൃഷ്ണൻ, ക്യാബിനറ്റിൽ എൻ്റെ സഹപ്രവർത്തകരായിരുന്ന പ്രിയപ്പെട്ട മുൻമന്ത്രിമാർ, പ്രതിപക്ഷ നേതാവ്, പന്ത്രണ്ട്, പതിമൂന്ന്, പതിനാല് നിയമസഭകളിലെ എൻ്റെ സഹപ്രവർത്തകരായ മുൻ MLA മാർ, കാർഷികോൽപ്പാദന കമ്മീഷണർമാർ, കൃഷിവകുപ്പ്, മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടർമാരായ IAS, IFS ഉദ്യോഗസ്ഥർ, കൃഷി വകുപ്പിലെ സെക്രട്ടറിമാർ, കേരള കാർഷികസർവ്വകലാശാല, കൃഷി വകുപ്പ് ഡയറക്ടറേറ്റ്, കൃഷിവകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ, കൃഷി ഓഫീസർമാർ ഉൾപ്പെടെയുള്ള വിവിധ തലങ്ങളിലെ ഉദ്യോഗസ്ഥർ, കൃഷി വകുപ്പിലെ ഉദ്യോഗസ്ഥ സംഘടനകളുടെ ഭാരവാഹികൾ, എന്റെ ഓഫീസിലെ പി എസ് സഖാവ് പി. വി. മനോജിന്റെ നേതൃത്വത്തിലുള്ള ഓഫീസ് ടീം, മാധ്യമ പ്രവർത്തകർ, സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ, ഔദ്യോഗിക വസതിയിലെ ജീവനക്കാർ, തുടങ്ങി മുഴുവൻ പേരോടുമുള്ള നിസ്സീമമായ നന്ദിയും സ്നേഹവും കടപ്പാടും രേഖപ്പെടുത്തുന്നു. കേരളത്തിന്റെ കൃഷിഭൂമിയിൽ കൃഷി ചെയ്തു നമ്മെ അന്നമൂട്ടുന്ന കർഷകർ നൽകിയ കാപട്യമില്ലാത്ത സ്നേഹത്തിനും കരുതലിനും അങ്ങേയറ്റം ബഹുമാനവും കടപ്പാടും സ്നേഹവും എന്നുമുണ്ടാകും.
2021 ഏപ്രിൽ 30 ന് തന്നെ ഔദ്യോഗിക ഓഫീസിൽ നിന്നും പടിയിറങ്ങിയിരുന്നു. അന്ന് അവസാനത്തെ ഫയലിലും ഒപ്പിട്ടു. മെഡിക്കൽ കൗൺസിൽ മാതൃകയിൽ അഗ്രികൾച്ചർ കൗൺസിൽ രൂപീകരിക്കണം എന്നതായിരുന്നു അവസാനം ഒപ്പിട്ട ഫയൽ. പെന്റിങ് ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ പ്രമോഷനുകൾ എല്ലാം നൽകിയുമായിരുന്നു പടിയിറക്കം. അഞ്ചുകൊല്ലം താമസിച്ച കൻ്റോൺമെന്റ് കോമ്പൗണ്ടിലെ ‘ഗ്രേസിലെ’ താമസവും ഒഴിഞ്ഞു. മെയ് രണ്ടിന് അവസാന മന്ത്രിസഭാ യോഗം ചേർന്ന് മെയ് നാലിന് മുഖ്യമന്ത്രി രാജി സമർപ്പിച്ചു. ഗവർണർ ആവശ്യപ്പെട്ടപ്രകാരം ഞങ്ങൾ കാവൽ മന്ത്രിമാരായി തുടരുകയായിരുന്നു. നാളെ, മെയ് 20ന് പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുന്നതോടെ അധികാര കൈമാറ്റം പൂർത്തിയാകും. വളരെ സന്തോഷവും സംതൃപ്തിയും സമാധാനവും തോന്നുന്നു.
പുതിയ ആളുകൾ മന്ത്രിമാർ ആകുമ്പോൾ എന്തോ വലിയ പ്രശ്നമാണ് ഉണ്ടാകുവാൻ പോകുന്നുവെന്ന് വിളിച്ചുകൂവി നടക്കുന്നവർ ഒന്ന് ഓർക്കണം. സ: പിണറായി വിജയൻ നേതൃത്വം നൽകിയ കഴിഞ്ഞ LDF സർക്കാരിൻ്റെ നേട്ടങ്ങളെല്ലാം എല്ലാവർക്കുമുള്ളതാണ്. അതൊരു വലിയ ടീം വർക്കായിരുന്നു. വ്യക്തികളേക്കാൾ കൂടുതലായി പരസ്പര വിശ്വാസത്തോടും കൂട്ടായി ചർച്ച ചെയ്തും സഹകരിച്ചും LDF നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നുണ്ടോ എന്ന് പരസ്പരം പരിശോധിച്ചും സൂക്ഷ്മതയോടു കൂടി വിലയിരുത്തിയുമാണ് ഈ നേട്ടങ്ങൾ കൈവരിച്ചത്. മന്ത്രിമാർ എന്ന നിലയിൽ സ്വാതന്ത്ര്യം നൽകുന്നതോടൊപ്പം ഓരോ വകുപ്പും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കുന്നുണ്ടോയെന്ന് ടീം ലീഡർ എന്ന നിലയിൽ സ: പിണറായി വിജയൻ്റെ ഔപചാരികവും അല്ലാത്തതുമായ മേൽനോട്ടം ഒരു പുതിയ അനുഭവമായിരുന്നു. ഔദ്യോഗികമായി മന്ത്രിസഭ ചേരുന്നതോടൊപ്പം അനൗപചാരികമായി മന്ത്രിമാർ കുടുംബസമേതം ഒത്തു ചേരുകയും കാര്യങ്ങൾ തുറന്നു സംസാരിക്കാനും ചർച്ചകൾക്കും വേദിയൊരുക്കിയിരുന്നതും കൂടുതൽ ഫലപ്രദമായ ഭരണം കാഴ്ചവെക്കാൻ ഞങ്ങളെ സഹായിച്ചു. എന്നെപ്പോലെയുള്ളവർക്കും ആദ്യമായി വിജയിക്കുമ്പോൾ ഒരു പരിചയവും ഉണ്ടായിരുന്നില്ല. ഒരു സഖാവിന് എംഎൽഎ ആകാമെങ്കിൽ മന്ത്രിയും ആകാൻ പറ്റും. മറിച്ചുള്ള ആശങ്കകളെല്ലാം അസ്ഥാനത്താണെന്ന് പുതിയ എൽഡിഎഫ് മന്ത്രിസഭയിലെ സഖാവ് പിണറായി ടീം വരുംനാളുകളിൽ തെളിയിക്കുക തന്നെ ചെയ്യും. വിദ്യാർത്ഥി യുവജന സംഘടന പ്രവർത്തനകാലത്ത് AISF-AIYF, SFI-DYFI തുടങ്ങിയ ഇടതുപക്ഷ വിദ്യാർത്ഥി യുവജന പ്രവർത്തനകാലത്ത് ഒപ്പം പ്രവർത്തിച്ചവരും തൊട്ടു മുമ്പുണ്ടായിരുന്നവരും പിന്നീട് വന്നവരും ആയ സാമൂഹ്യരംഗത്ത് കഴിവും പ്രതിബദ്ധതയും തെളിയിച്ച സത്യസന്ധരായവരാണ് പുതിയ മന്ത്രിസഭയിൽ ഉള്ളവർ. ലഭിക്കുന്ന അവസരങ്ങൾ ജനങ്ങൾക്കായി സേവനം ചെയ്യാനുള്ള സന്ദർഭം ആയിരിക്കും ഇവർക്ക് മന്ത്രിപദവി എന്ന് ഉറപ്പാണ്. പുതിയ മന്ത്രിസഭയ്ക്ക് കൂടുതൽ വിപുലവും വൈവിധ്യപൂർണ്ണവും ഭാവനാസമ്പന്നവുമായ ജനക്ഷേമപദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ സാധിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. പുതിയ മന്ത്രിസഭയിലുള്ളവർക്ക് പരിചയസമ്പന്നതയില്ല എന്ന് പറയുന്നതിൽ കാര്യമില്ല. മനുഷ്യൻ്റെ, സാധാരണക്കാരൻ്റെ, പ്രശ്നങ്ങൾ മനസ്സിലാക്കാനും അവയ്ക്ക് പരിഹാരം കാണാനും കഴിവുള്ള അങ്ങേയറ്റം പ്രതിഭാശാലികളാണ് പുതിയ മന്ത്രിമാർ. അത് അവർ പൂർവകാല പ്രവർത്തനങ്ങളിലൂടെ തെളിയിച്ചവരാണ്. അവരുടെ പ്രവർത്തനങ്ങൾ സംബന്ധിച്ചുള്ള ആശങ്കകളെല്ലാം അസ്ഥാനത്തായിരിക്കും.

ഐതിഹാസികമായ സമരങ്ങളാൽ കേരളത്തിൻ്റെ നവോത്ഥാന ചരിത്രത്തിൽ രക്താഭമായ ചരിത്രം രചിച്ച അന്തിക്കാട് ഗ്രാമത്തിലെ ഒരു ചെത്തുതൊഴിലാളി കുടുംബത്തിൽ കമ്യൂണിസ്റ്റ്കാരനായ ഒരു സാധാരണ തൊഴിലാളിയുടെ മകനായി ജനിച്ച ഒരാൾക്ക് നൽകാവുന്ന വലിയ അവസരമാണ് എന്റെ പാർട്ടി എനിക്ക് നൽകിയത്. ഇനിയും എൻ്റെ പാർട്ടിയുടെ തീരുമാനപ്രകാരം പാർട്ടി പ്രവർത്തനവും പൊതു പ്രവർത്തനവും കൂടുതൽ ഊർജ്ജസ്വലതയോടെ നടത്താനാകും. എല്ലാവർക്കും നന്ദി, സ്നേഹം, കടപ്പാട്.

Adv. V S Sunil Kumar