ജനങ്ങള്‍ക്കെതിരെയുള്ള നടപടികള്‍ അംഗീകരിക്കാനാവില്ല; ലക്ഷദ്വീപ് വിഷയത്തില്‍ മുഖ്യമന്ത്രി

Share News

ലക്ഷദ്വീപ് വിഷയത്തില്‍ പ്രതികരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ലക്ഷദ്വീപില്‍ നിന്ന് പുറത്ത് വരുന്നത് ഗൗരവമുള്ള വാര്‍ത്തകളാണെന്നും ജനങ്ങള്‍ക്കെതിരെയുള്ള നടപടികള്‍ അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളവുമായി നല്ല ബന്ധമാണ് ലക്ഷദ്വീപിനുള്ളത്. വിദ്യാഭ്യാസ കാര്യങ്ങള്‍ക്കടക്കം ദ്വീപ് നിവാസികള്‍ കേരളത്തെ ആശ്രയിക്കുന്നു.

കേരളവുമായുള്ള ബന്ധം തകര്‍ക്കാന്‍ ചില നീക്കങ്ങള്‍ നടക്കുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. ബന്ധപ്പെട്ടവര്‍ ഈ നീക്കത്തില്‍ നിന്ന് പിന്‍മാറണം- മുഖ്യമന്ത്രി പറഞ്ഞു.

ലക്ഷദ്വീപിലെ മുന്‍ അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ്മ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടതോടെയാണ് കഴിഞ്ഞ ഡിസംബറില്‍ ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി പ്രഫുല്‍ പട്ടേലിനെ പ്രധാനമന്ത്രി ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്റര്‍ ചുമതല ഏല്‍പ്പിക്കുന്നത്.

ഇതിന് പിന്നാലെയാണ് നിരവധി പുതിയ മാറ്റങ്ങള്‍ ദ്വീപില്‍ സംഭവിച്ചത്. ഡയറി ഫാമുകള്‍ അടച്ചുപൂട്ടി, ബീഫ് നിരോധിച്ചു, മദ്യശാലകള്‍ക്ക് അനുമതി നല്‍കി, ​ഗുണ്ടാ ആക്‌ട് നടപ്പിലാക്കി. പുതിയ മാറ്റങ്ങള്‍ക്കെതിരെ ദ്വീപ് നിവാസികള്‍ പ്രതിഷേധത്തിലാണ്.

Share News