ഹൈക്കോടതി ഉത്തരവ് നീതിയുടെ വിജയം: യാക്കോബായ സഭ

Share News

പുത്തൻകുരിശ്: ന്യൂനപക്ഷ സ്കോളർഷിപ്പുകളിലും ആനുകൂല്യങ്ങളിലും 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് നീതിപരവും കാലങ്ങളായി കേരളത്തിലെ സഭകൾ ആവശ്യപ്പെട്ടു വരുന്നതുമാണെന്നും യാക്കോബായ സുറിയാനി സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അറിയിച്ചു. ദീർഘകാലമായി കേരളാ കൗൺസിൽ ഓഫ് ചർച്ചസ്സും കെ.സി.ബി.സി. ഉൾപ്പെടെയുള്ള മറ്റു ക്രൈസ്തവ പ്രസ്ഥാനങ്ങളും വിവിധ തലങ്ങളിൽ ഉയർത്തിവരുന്ന ആവശ്യമാണിത്.

മത്സര പരീക്ഷകളിൽ ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായുള്ള കേന്ദ്രങ്ങളിൽ ക്രൈസ്തവ വിഭാഗത്തിനു മതിയായ പങ്കാളിത്തം നൽകുന്നില്ല. ഇതുൾപ്പെടെ ക്രൈസ്തവ സമൂഹം ഉന്നയിച്ചു വരുന്ന വിവിധ വിഷയങ്ങളിലും സംസ്ഥാന സർക്കാർ നീതി നടപ്പിലാക്കി തരുമെന്നാണു പ്രതീക്ഷ. ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി തന്നെ ഏറ്റെടുത്തതിൽ വലിയ പ്രതിക്ഷയുണ്ട്. ക്രൈസ്തവരുടെ പ്രശ്നങ്ങൾ പഠിച്ചു റിപ്പോർട്ട് സമർപ്പിക്കുന്നതിന് ജസ്റ്റിസ് ബഞ്ചമിൻ കോശി അധ്യക്ഷനായി കമ്മിഷനെ നിയമിച്ച സർക്കാർ നടപടി വലിയ ചുവടുവയ്പാണ്.
യാക്കോബായ സഭ ഈ വിഷയത്തിൽ മറ്റു സഹോദര സഭകളുടെ നിലപാടിനൊപ്പം ഉറച്ചുനിൽക്കുന്നതായും മെത്രാപ്പോലീത്തൻ ട്രസ്റ്റി അറിയിച്ചു.

Share News