കെ എസ് യു എന്നത് ഒരു വികാരവും ആവേശവും ഐക്യപ്പെടലും വിശ്വാസധാരയുമാണ്| കെ സി വേണുഗോപാൽ

Share News

കേരളത്തിന്റെ രാഷ്ട്രീയ ഗതിവിഗതികള്‍ മാറ്റിമറിച്ച കേരള വിദ്യാര്‍ത്ഥി യൂണിയന്‍ 64-ാം സ്ഥാപകദിനം ആഘോഷിക്കുമ്പോള്‍ ഒരു മുൻകാല പ്രവർത്തകൻ എന്ന നിലയില്‍ ഏറെ അഭിമാനം തോന്നുന്ന നിമിഷമാണിത്. ഉജ്ജ്വലമായ പോരാട്ടങ്ങളുടെ ഇന്നലകളില്‍ നിന്ന് വാര്‍ത്തെടുത്ത ഈ പ്രസ്ഥാനം വിദ്യാഭ്യാസ-സാമൂഹ്യമേഖലകളില്‍ വരുത്തിയ മാറ്റം ചരിത്രത്തിന്റെ ഭാഗമാണ്.

മാതമംഗലം ഗവ ഹൈസ്‌കൂളിലെ പഠനത്തിനിടെയാണ് കെ എസ് യുവിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായത്. തുടർന്ന് പയ്യന്നൂർ കോളേജിലെ പ്രീ ഡിഗ്രി -ബിരുദ കാലത്തെ ഓരോ ദിനവും മുഴുവൻസമയ രാഷ്ട്രീയ പ്രവർത്തനത്തിന്റെ സമരതീക്ഷ്ണമായ നാളുകളായിരുന്നു. കോളേജിലും പുറത്തും സഹപാഠികൾക്കും യൂത്ത് കോൺഗ്രസ് നേതാക്കന്മാർക്കുമൊപ്പം അവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടങ്ങളും നീതി തേടിയുള്ള സമരങ്ങളും ദൈനം ദിന ജീവിതത്തിന്റെ ഭാഗമായ ഒരുകാലം.

പിന്നീട് സംഘടനാ തിരഞ്ഞെടുപ്പിലൂടെയാണ് ഞാന്‍ കെ എസ് യു സംസ്ഥാന പ്രസിഡന്റായത്. കെ എസ് യുവിൽ കാൽ നൂറ്റാണ്ടിനു ശേഷം നടന്ന തിരഞ്ഞെടുപ്പായിരുന്നു അത്. അക്കാലയളവിലാണ് നന്ദാവനം പോലീസ് ക്യാമ്പ് മർദ്ദനവും കാലിക്കറ്റ് സര്‍വ്വകലാശാലയിലെ മാര്‍ക്ക് ദാനത്തിനെതിരായ സമരവും തുടങ്ങി ഓര്‍മ്മകളില്‍ എന്നും ആവേശമുണർത്തുന്ന ഒട്ടേറെ ലാത്തിചാർജുകൾക്കും സമരപരമ്പരകൾക്കും കേരളം സാക്ഷ്യം വഹിച്ചത്.

ഇടതു സർക്കാരിനെതിരായ വിദ്യാർഥിസമരത്തിന്റെ പേരിൽ 1989 ല്‍ നന്ദാവനം പോലീസ് ക്യാംപില്‍ ഞങ്ങള്‍ക്ക് നേരെ നടന്ന ക്രൂരമായ ലാത്തിച്ചാര്‍ജില്‍ കൊടിക്കുന്നില്‍ സുരേഷും ബാബുപ്രസാദും ഷാനിമോളും ചെമ്പഴന്തി അനിലും സുജയുമടക്കം നിരവധി നേതാക്കള്‍ക്കും ഒട്ടേറെ പ്രവര്‍ത്തകര്‍ക്കും ക്രൂരമായ മര്‍ദ്ദനമേറ്റിരുന്നു. പോലീസ് മര്‍ദ്ദനത്തില്‍ എന്റെ തല പൊട്ടിയൊലിച്ച രക്തത്തില്‍ കുതിര്‍ന്ന ഷര്‍ട്ടുമായാണ് അന്ന് കെ പി സി സി പ്രസിഡന്റായിരുന്ന എകെ ആന്റണി പത്രസമ്മേളനത്തിനെത്തിയത്. വിദ്യാര്‍ത്ഥി വികാരം ഒരു കൊടുങ്കാറ്റായി ആഞ്ഞടിക്കുകയും കേരളത്തിലെ എല്ലാ സര്‍വ്വകലാശാലകളിലും കെ എസ് യു വിജയിക്കുകയും ചെയ്യുന്നതാണ് പിന്നീട് കണ്ടത്. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ പതനം കുറിക്കുന്നഅന്നത്തെ ആ മുന്നേറ്റം തുടങ്ങിയത് നന്ദാവനത്തു നിന്നായിരുന്നു. ഞാനടക്കമുള്ള കെ എസ് യു പ്രവർത്തകർക്ക് വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തന കാലത്ത് സമരങ്ങളുടെയും പ്രതിഷേധങ്ങളുടേയും പ്രക്ഷോഭങ്ങളുടേയും പേരിൽ ഏറ്റമർദ്ദനങ്ങളും ലാത്തിച്ചാർജ്ജുകളും ഒരിക്കലും മായാത്ത മുറിപ്പാടുകളാണ്.

കേരളാ വിദ്യാർത്ഥി യൂണിയന്റെ നീല പതാക നെഞ്ചോടു ചേർത്ത് വിദ്യാർത്ഥികളുടെ അവകാശ പോരാട്ടങ്ങൾക്ക് ഉജ്ജ്വലമായ നേതൃത്വം നൽകി കേരള ചരിത്രത്തിന്റെ ഭാഗമായ മുൻഗാമികളെയും, ഞങ്ങൾക്ക് പിൻപേ പോരാട്ടങ്ങളുടെ നാൾവഴികൾ താണ്ടിയ തലമുറകളെയും ആവേശപൂർവം സ്മരിക്കുന്നു. ആറരപതിറ്റാണ്ടോളം നീണ്ട കെ എസ് യു ചരിത്രത്തിൽ സംഘടനക്കു വേണ്ടി രക്തസാക്ഷിത്വം വരിച്ച ധീരന്മാരായ പോരാളികൾ, അവർ ഉയർത്തിയ മുദ്രാവാക്യങ്ങൾ, അവർ രചിച്ച ചരിത്രം, അതൊക്കെയാണ് ഈ പ്രസ്ഥാനത്തിന് മുന്നോട്ടു പോകാനുള്ള ഊർജ്ജവും കരുത്തുമേകുന്നത്.

കെ എസ് യു എന്നത് ഒരു വികാരവും ആവേശവും ഐക്യപ്പെടലും വിശ്വാസധാരയുമാണ്. ഫാസിസ്റ്റ് ശക്തികള്‍ കലാലയങ്ങളില്‍ പിടിമുറുക്കുകയും രാജ്യത്തിൻറെ ജനാധിപത്യ -മതേതരത്വ മൂല്യങ്ങൾ അക്കാദമിക് മേഖലകളിൽ പോലും വെല്ലുവിളികൾ നേരിടുന്ന ഒരു കാലഘട്ടത്തിൽ പൗരബോധമുള്ള, ഒരു പുതിയ തലമുറയെ വാർത്തെടുക്കുക എന്ന ചരിത്ര ദൗത്യമാണ് ഇന്ന് ഓരോ കെ എസ് യു പ്രവര്‍ത്തകനുമുള്ളത്. പോയകാലത്തെ ത്യാഗസ്മരണകള്‍ ഊര്‍ജ്ജമാകട്ടെ.

കെ സി വേണുഗോപാൽ

Share News