ന്യൂനപക്ഷ അവകാശങ്ങൾ ജനസംഖ്യാനുപാതികമാകണം:കത്തോലിക്ക കോൺഗ്രസ്.
കൊച്ചി : ന്യൂനപക്ഷ അവകാശങ്ങളെല്ലാം നീതിപൂർവം വിതരണം ചെയ്യണമെന്നും ഹൈകോടതി വിധി വേഗം നടപ്പിലാക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ബിഷപ്പ് ലഗേറ്റ് മാർ റെമിജിയുസ് ഇഞ്ചനാനിയിൽ ആവശ്യപ്പെട്ടു.കത്തോലിക്ക കോൺഗ്രസ് സംഘടിപ്പിച്ച ന്യൂനപക്ഷവകാശ സമ്മേളനം ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോടതി വിധി മറികടക്കാനുള്ള ശ്രമങ്ങൾ അംഗീകരിക്കാൻ സാധിക്കില്ല. സർക്കാർ ആരുടേയും സമ്മർദ്ദത്തിനു വഴങ്ങരുതെന്നും തുല്യ നീതി ഉറപ്പുവരുത്താൻ ബാധ്യസ്ഥമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.രാജ്യത്തിന്റെ ഭരണഘടന അനുശാസിക്കുന്ന തുല്യത ഉറപ്പു വരുത്തുമ്പോൾ മത,സമുദായ ഐക്യം വർധിക്കുകയാണ് ചെയ്യുന്നതെന്ന് മുഖ്യ പ്രഭാഷണം നിർവഹിച്ച ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ പറഞ്ഞു.
അഡ്വ ജസ്റ്റിൻ പള്ളിവാതുക്കൽ, അമൽ സിറിയക്, ഡോ ചാക്കോ കാളാപറമ്പിൽ എന്നിവർ വിഷയവതരണം നടത്തി.
ന്യൂനപക്ഷ അവകാശ സംരക്ഷണത്തിനായി വിവിധ സംഘടനകളും ഇതര സഭാ വിഭാഗങ്ങളുമായി യോജിച്ചു പ്രവർത്തിക്കുവാൻ നേതൃ സമ്മേളനം തീരുമാനിച്ചു. ഹൈകോടതി വിധി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട രാഷ്ട്രീയ പാർട്ടികളെ കത്തോലിക്ക കോൺഗ്രസ് അഭിനന്ദിച്ചു.
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ ബിജു പറയന്നിലം അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഡയറക്ടർ ഫാ ജിയോ കടവി, ജനറൽ സെക്രട്ടറി രാജീവ് ജോസഫ്, ഡോ ജോബി കാക്കശ്ശേരി, ഡോ ജോസുകുട്ടി ഒഴുകയിൽ, ബെന്നി ആന്റണി, അഡ്വ ടോണി പുഞ്ചകുന്നേൽ, ഡോ കെ പി സാജു, തോമസ് ആന്റണി,ജോർജ് കോയിക്കൽ, ജോസ് പുതിയിടം, ഇമ്മാനുവേൽ നിധിരി,അഡ്വ പി പി ജോസഫ്,അഡ്വ ബിജു കുണ്ടുകുളം തമ്പി എരുമേലിക്കര, പി വി പത്രോസ്, ഫ്രാൻസിസ് മൂലൻ, ജോമി ഡോമിനിക് എന്നിവർ പ്രസംഗിച്ചു.