സംസ്ഥാന സർക്കാരിന്റെ ആർത്തവ അവധി നന്മയിലേയ്ക്കോ …?|സർവ്വകലാശാലയിലെ വിദ്യാർത്ഥിനികൾക്ക് മാത്രം ആർത്തവ അവധി നൽകുന്നതിന് പിന്നിൽ മറഞ്ഞിരിക്കുന്ന ചിലന്തി വലകൾ കണ്ടില്ല എന്ന് നടിക്കാനാവില്ല…

Share News

ആർത്തവം ഒരു ജൈവപ്രക്രിയ ആണ് എന്നതിൽ ആർക്കും ഒരു സംശയവും ഉണ്ടാവില്ല. ഭൂമിയിൽ സ്ത്രീത്വത്തിന് എന്ന് അസ്തിത്വം ഉണ്ടായോ അന്ന് മുതൽ സ്ത്രീകളുടെ സന്തത സഹചാരിയാണ് ആർത്തവം. ആർത്തവത്തിന്റെ പേരിൽ നൂറ്റാണ്ടുകളോളം ലോകം ഒത്തിരി വേദനകളും നൊമ്പരങ്ങളും സ്ത്രീകൾക്ക് വെച്ചു വിളമ്പിയിട്ടുണ്ടെങ്കിലും അവയെ എല്ലാം ശക്തമായി അതിജീവിച്ചാണ് ഈ 21-ാം നൂറ്റാണ്ടിൽ അവൾ എത്തി നിൽക്കുന്നത്. ഈറ്റുനോവ് പോലെ തന്നെ ഈ വേദനയേയും നിശബ്ദം സഹിക്കാൻ സ്ത്രീക്ക് ജന്മനാൽ ഒരു വരം ലഭിച്ചിട്ടുണ്ട്. ആർത്തവം വേദനാജനകം ആണെങ്കിൽ പോലും അത് അവളുടെ സ്വകാര്യതയുടെ ഭാഗം കൂടിയാണ് എന്നത് ആരും മറന്ന് പോകരുത്.

ഈ ആധുനിക യുഗത്തിൽ നാലാം ക്ലാസ് മുതലുള്ള പിഞ്ചു കുഞ്ഞുങ്ങൾക്ക് ആർത്തവം ഉണ്ടാകുന്നു എന്നത് ഒട്ടും അതിശയം അല്ല. സാധാരണ ഒട്ടുമിക്ക വികസിത രാജ്യങ്ങളിലും നാലാം ക്ലാസിലെയും അഞ്ചാം ക്ലാസിലെയും സിലബസിൽ ലൈംഗിക വിദ്യാഭ്യാസം ഉൾപ്പെടുത്തിയിട്ടുണ്ട്. പക്ഷേ കേരളത്തിൽ പുരോഗമനം, വികസനം എന്നൊക്കെ വാ തോരാതെ ആവർത്തിച്ചാലും കുട്ടികൾക്ക് തങ്ങളുടെ ജീവിതത്തിന് സഹായകരമായ കാര്യങ്ങൾ പകർന്ന് നൽകേണ്ടത് നൽകാൻ സർക്കാരുകൾ ഇതുവരെയും മുന്നോട്ട് വന്നിട്ടില്ല എന്ന് ഓർക്കുന്നത് നല്ലതാണ്. ആർത്തവത്തിന്റെ ആദ്യക്ഷരം പോലും അറിയാത്ത പിഞ്ചുകുഞ്ഞുങ്ങൾ നൊമ്പരം സഹിച്ച് ഭാരമേറിയ ബാഗും തോളിലേറ്റി സ്കൂളിൽ പോയി രാവിലെ മുതൽ വൈകുന്നേരം വരെ സഹിച്ചിരിക്കുമ്പോൾ അവരെ പോലും ഒഴിവാക്കി സർവ്വകലാശാലയിലെ വിദ്യാർത്ഥിനികൾക്ക് മാത്രം ആർത്തവ അവധി നൽകുന്നതിന് പിന്നിൽ മറഞ്ഞിരിക്കുന്ന ചിലന്തി വലകൾ കണ്ടില്ല എന്ന് നടിക്കാനാവില്ല…

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ “സ്ത്രീപക്ഷ തീരുമാനം” എന്ന് കുത്തിക്കുറിച്ചിരിക്കുന്നത് കണ്ടപ്പോൾ ഉണ്ടായ ഒരു സംശയം സർക്കാർ ഈ സർവ്വകലാശാലകളിൽ ഉള്ളവരെ മാത്രം സ്ത്രീകൾ ആയിട്ട് കാണുന്നത് തന്നെ ഒരു വേർതിരിവ് അല്ലേ..? സ്ത്രീയുടെ വേദനയോട് ഇത്രയും അനുകമ്പ ഉണ്ടായിരുന്നു എങ്കിൽ നാലാം ക്ലാസ് മുതലുള്ള എല്ലാ വിദ്യാർത്ഥിനികൾക്കും അധ്യാപികമാർക്കും ഈ അവധി എന്തുകൊണ്ട് കൊടുത്തില്ല..? പിന്നെ സർക്കാർ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ഒന്നും ഈ ആർത്തവ സംബന്ധമായ വേദനകളും പ്രശ്നങ്ങളും ഒന്നും ഇല്ലേ…? അതോ അവർ ഇതൊന്നുമില്ലാതെ മാനത്തു നിന്ന് അടർന്ന് വീണതാണോ എന്ന് ഒരു സംശയം…!

സർവ്വകലാശാലയിലെ പെൺകുട്ടികൾക്ക് മാത്രമുള്ള “ആ” ആർത്തവ അവധിയെ ഒന്ന് ഭയക്കേണ്ടതുണ്ട് കേട്ടോ… 😒
തുള്ളി ചാടുന്നതിന് മുമ്പ് പാതിയിരിക്കുന്ന ചതിക്കുഴികളെ വേർതിരിച്ചറിയാൻ വിവേകം ഉണ്ടാകട്ടെ എന്ന് മാത്രം ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു.

ഒരു സംസ്ഥാനത്ത് സ്ത്രീ സമൂഹത്തിന് വേണ്ടി ആർത്തവ അവധി നിലവിൽ വന്നു കഴിയുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ പലതാണ്. ആദ്യം തന്നെ ഈ നിയമം അവളുടെ സ്വകാര്യതയിലേക്കുള്ള കൈകടത്തൽ ആണ്. ഭയം കൂടാതെ മാനംമര്യാദയ്ക്ക് സമൂഹത്തിൽ ഒന്ന് ഇറങ്ങി നടക്കാൻ പറ്റാത്ത ഒരു സമൂഹത്തിൽ ഈ നിയമം പല ചതിക്കുഴികളിലും വളരെ പെട്ടെന്ന് സ്ത്രീയെ കൊണ്ട് എത്തിക്കും. ആകെയുള്ള ശോചനീയമായ നിയമങ്ങൾ പോലും ലംഘിച്ച് മറ്റുള്ളവരുടെ സ്വകാര്യതയിലേയ്ക്ക് എത്തി നോക്കാൻ ഏറെ ആഗ്രഹിക്കുന്ന ഒരു വിഭാഗം നമ്മുടെ ചുറ്റും ഉണ്ട് എന്നത് ഒരു നഗ്നമായ സത്യമാണ്. ആ ക്യൂരിയോസിറ്റി പലപ്പോഴും പല വിഡ്ഢിത്തരങ്ങൾ ആയിട്ട് സോഷ്യൽ മീഡിയയിലും മറ്റു മീഡിയയിലും പ്രചരിക്കുവാൻ സാധ്യതയുണ്ട്. സാധാരണക്കാരെ സംരക്ഷിക്കുവാൻ (സമൂഹത്തിലെ കൊമ്പൻമാരുടെ കാര്യമല്ല) വ്യക്തവും ശക്തവുമായ ഒരു ഐ. ടി നിയമം പോലും ഇല്ലാത്ത കേരളത്തിൽ സോഷ്യൽ മീഡിയയിലും ഓൺലൈൻ മാധ്യമങ്ങളിലും വൈറൽ ആക്കുന്ന പല കെട്ടുകഥകൾക്കും ഇരയാകുന്ന നമ്മുടെ പെൺകുഞ്ഞുങ്ങളുടെ മാനസികാവസ്ഥ തകരാനും അത് ആത്മഹത്യയിലേയ്ക്ക് വരെ കൊണ്ടെത്തിക്കാനും ഇടവരുത്തും.

ഓരോ മാസവും രണ്ടും മൂന്നും ദിവസം ആർത്തവ അവധി എടുക്കുന്ന ഒരു ക്ലാസിലെ കുട്ടികളുടെ ക്ലാസുകൾ എങ്ങനെ വീണ്ടെടുക്കാൻ സാധിക്കും? പരീക്ഷാ ദിവസങ്ങളിൽ ആർത്തവ അവധി എടുക്കാൻ സാധിക്കുമോ? അതോ പരീക്ഷ എഴുതാതെ തന്നെ പാസാക്കുമോ? അതോ പരീക്ഷകൾ ഓരോ സ്ത്രീകളുടെയും സൗകര്യം അനുസരിച്ച് നടത്താൻ സർക്കാർ മുന്നോട്ട് വരുമോ?

ഭാവിയിൽ കേരളത്തിലെ സ്ത്രീകൾക്ക് മുഴുവൻ ഈ നിയമം ബാധകം ആകുമ്പോൾ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റാെരു തരത്തിൽ സ്ത്രീകളുടെ ജോലിയെ ഈ അവധി ബാധിക്കാൻ ഇടവരും. കാരണം ഒരു മാസം ആർത്തവ അവധി ഉൾപ്പെടെ വിവിധ ദിവസങ്ങൾ അവധിയാകുമ്പോൾ ജോലിക്കുള്ള ദിവസങ്ങൾ കുറഞ്ഞ് വരുന്നതിനാൽ ഭാവിയിൽ ഭൂരിഭാഗം സ്ഥാപന ഉടമകളും സ്വാഭാവികമായും സ്ത്രീകളെ മാറ്റിനിർത്തി പുരുഷന്മാർക്ക് ജോലിക്ക് മുൻഗണന നൽകും. ഈ ഒരു സാഹചര്യം സ്ത്രീകളെ വീണ്ടും അടുക്കളകളിലും പിന്നാമ്പുറങ്ങളിലും തളച്ചിടാൻ നിർബന്ധിതമാക്കും. വരുംവരായ്കകൾ ആലോചിക്കാതെ എടുത്തു ചാടിയുള്ള ഇത്തരം ഒരു നിയമം സ്ത്രീയെ സമൂഹത്തിൽ മാറ്റി നിർത്താൻ കാരണമാകും.

വിവിധ വികസിത രാജ്യങ്ങൾ പോലും പാസാക്കാൻ മടിക്കുന്ന ഇത്തരം നിയമങ്ങൾ കേരളത്തിൽ പാസാക്കുന്നതിന് മുമ്പ് കേരളത്തിൽ ഐ. ടി ക്രൈം മൂലം സ്ത്രീകൾ അനുഭവിക്കുന്ന മാനസിക വേദനകൾക്ക് എന്തെങ്കിലും പ്രതിവിധികൾ കണ്ടെത്താനും ശക്തമായ നിയമങ്ങൾ നിർമ്മിക്കാനുമാണ് പരിശ്രമിക്കേണ്ടത് എന്ന ഓർമ്മപ്പെടുത്തലോടെ..

.✍🏽 സ്നേഹപൂർവ്വം,

സി. സോണിയ തെരേസ് ഡി. എസ്. ജെ

Share News